image

28 Nov 2025 2:57 PM IST

Lifestyle

ഫാഷൻ അല്ല ഈ പോക്കറ്റ്, ജീൻസിൽ കാണുന്ന ചെറിയ പോക്കറ്റ് എന്തിനാണ് ?

MyFin Desk

ഫാഷൻ അല്ല ഈ പോക്കറ്റ്, ജീൻസിൽ കാണുന്ന ചെറിയ പോക്കറ്റ്  എന്തിനാണ് ?
X

Summary

19-ാം നൂറ്റാണ്ടുമായി ബന്ധപ്പെടുന്നതാണ് ഈ പോക്കറ്റ്


പുരുഷന്മാരും സ്ത്രീകളും ഒരുപോലെ ഉപയോഗിക്കുന്ന വസ്ത്രമാണ് ജീൻസ്. ധരിക്കാൻ വളരെ എളുപ്പവും സുഖപ്രദവുമാണ്. ധരിച്ചാൽ നല്ല ലുക്കും കിട്ടും. അതിനാൽ ദിവസവും ജീൻസ് ധരിക്കാൻ പലരും ഇഷ്ടപ്പെടുന്നു. ജീൻസിലെ ചെറിയ പോക്കറ്റ് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ. എന്തിനാണ് ഇത്തരത്തിൽ ഒരു ചെറിയ പോക്കറ്റ് ജീൻസിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് അറിയാമോ. വെറുമൊരു പോക്കറ്റല്ല. 19-ാം നൂറ്റാണ്ടുമായി ബന്ധപ്പെടുന്നതാണ് ഈ പോക്കറ്റ്.

1870ൽ ലെവി സ്‌ട്രോസ് ആൻഡ് കമ്പനിയാണ് ആദ്യമായി ജീൻസിൽ ഈ ചെറിയ പോക്കറ്റ് പരിചയപ്പെടുത്തുന്നത്. അക്കാലത്ത് കെെയിൽ കെട്ടുന്ന വാച്ച് ഉപയോഗത്തിലില്ലായിരുന്നു. പകരം ചെയിനുകളിലും മറ്റും ഘടിപ്പിച്ചിരുന്ന വാച്ചാണ് പലരും ഉപയോഗിച്ചിരുന്നത്. എന്നാൽ ഖനി തൊഴിലാളികൾ, കൗബോയ്സ്, റെയിൽവേ തൊഴിലാളികൾ എന്നിവർക്ക് ഈ വാച്ചുകൾ സുരക്ഷിതായി സൂക്ഷിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അങ്ങനെ ഈ വാച്ചുകൾ സൂക്ഷിക്കാനാണ് മിനി പോക്കറ്റുള്ള ജീൻസുകൾ രൂപകല്പന ചെയ്തത്.

ചിലർ വാച്ച് പോക്കറ്റിനെ 'അഞ്ചാം പോക്കറ്റ്' എന്നും വിളിച്ചു. വലതുവശത്ത് മുൻവശത്തെ പോക്കറ്റിന് മുകളിലാണ് വാച്ച് പോക്കറ്റ് വയ്ക്കുന്നത്. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കെെയിൽ കെട്ടുന്ന വാച്ചുകൾ കൂടുതൽ പ്രചാരത്തിലാകുമ്പോൾ വാച്ച് പോക്കറ്റിന്റെ ആവശ്യകത കുറഞ്ഞു. എന്നാൽ വാച്ച് പോക്കറ്റിനെ ജീൻസിൽ നിന്ന് ആരും ഒഴിവാക്കിയില്ല. ജീൻസിന്റെ സവിശേഷ ഘടകമായി അത് തുടർന്നു. 150 വർഷങ്ങൾക്കുശേഷവും ലെവീസിൽ ആ ചെറിയ പോക്കറ്റ് ജീൻസിന്റെ സവിശേഷ ഘടകമായി തുടരുകയാണ്. ചില്ലറ, യുഎസ്ബി ഡ്രെെവുകൾ, ടിക്കറ്റ് എന്നിവ സൂക്ഷിക്കാനാണ് ഇപ്പോൾ കൂടുതലും ആളുകൾ ഈ പോക്കറ്റ് ഉപയോഗിക്കുന്നത്.