image

21 Feb 2022 10:10 AM IST

People

സമ്മർദമാകുന്ന പണപ്പെരുപ്പം, പലിശ നിരക്ക് കൂട്ടിയേക്കും

Summary

വിപണിയിലെ പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ പരിണമിച്ചുവെങ്കിലും തിരിച്ചുവരവിന്റെ പാതയിലായ സമ്പദ്വ്യവസ്ഥയെ തല്ക്കാലം അലോസരപ്പെടുത്തേണ്ടതില്ല എന്ന നിലപാടാണ് ഫെബ്രുവരി എട്ട് മുതല്‍ പത്ത് വരെ നടന്ന റിസര്‍വ് ബാങ്ക് മോണിറ്ററി പോളിസി കമ്മറ്റി ( എം പി സി ) യോഗം കൈക്കൊണ്ടത്. റിപ്പോ നിരക്ക് നാല് ശതമാനത്തിലും റിവേഴ്സ് റിപ്പോ 3 .35 ശതമാനത്തിലും മാറ്റമില്ലാതെ തുടരാന്‍ കാരണമായത് അതാണ്. എം പി സി ഏകകണ്ഠമായല്ല ഈ തീരുമാനമെടുത്തത് എന്നതാണ് ശ്രദ്ധേയമായ കാര്യം. പ്രഫസര്‍


ജോർജ്ജ് ജോസഫ്

വിപണിയിലെ പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ പരിണമിച്ചുവെങ്കിലും തിരിച്ചുവരവിന്റെ പാതയിലായ സമ്പദ്വ്യവസ്ഥയെ തല്ക്കാലം അലോസരപ്പെടുത്തേണ്ടതില്ല എന്ന നിലപാടാണ് ഫെബ്രുവരി എട്ട് മുതല്‍ പത്ത് വരെ നടന്ന റിസര്‍വ് ബാങ്ക് മോണിറ്ററി പോളിസി കമ്മറ്റി ( എം പി സി ) യോഗം കൈക്കൊണ്ടത്. റിപ്പോ നിരക്ക് നാല് ശതമാനത്തിലും റിവേഴ്സ് റിപ്പോ 3 .35 ശതമാനത്തിലും മാറ്റമില്ലാതെ തുടരാന്‍ കാരണമായത് അതാണ്. എം പി സി ഏകകണ്ഠമായല്ല ഈ തീരുമാനമെടുത്തത് എന്നതാണ് ശ്രദ്ധേയമായ കാര്യം. പ്രഫസര്‍ ജയന്ത് ആര്‍. വര്‍മ്മ ഇതിനോട് വിയോജിക്കുന്ന നിലപാടാണ് യോഗത്തില്‍ സ്വീകരിച്ചത്. അതുകൊണ്ട് ഏപ്രില്‍ ആറ് മുതല്‍ എട്ട് വരെ നടക്കുന്ന അടുത്ത എം പി സി യോഗം വിപണിയിലെ പലിശ നിരക്കുകളുടെ കാര്യത്തില്‍ ഏറെ നിര്‍ണ്ണായകമാകും.

ഇതിന് ചില പ്രത്യേക സാമ്പത്തിക ഘടകങ്ങളുണ്ട്. കഴിഞ്ഞ യോഗത്തില്‍ എം പി സി അനുമാനിക്കുന്നത് ചില്ലറ വില്പന വിലയെ ( സി പി ഐ ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 2021 -22 സാമ്പത്തിക വര്‍ഷത്തില്‍ 5 .3 ശതമാനത്തില്‍ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ്. നാലാം പാദത്തില്‍ ( 2022 ജനുവരി - മാര്‍ച്ച് ) ഇത് 5 .7 ശതമാനമാകുമെന്നും വിലയിരുത്തുന്നുണ്ട്. ഈ വര്‍ഷം സാധാരണ രീതിയിലുള്ള മണ്‍സൂണ്‍ ലഭിക്കുമെന്നും അതുകൊണ്ട് 2022 -23 ല്‍ സി പി ഐ ആധാരമായുള്ള പണപ്പെരുപ്പം 4 .5 ശതമാനമായി ചുരുക്കാന്‍ കഴിയുമെന്നും കണക്കുകൂട്ടുന്നു. ഈ അനുമാനങ്ങളാണ് അടിസ്ഥാന പലിശ നിരക്കുകളില്‍ മാറ്റം വരുത്താതിരിക്കാന്‍ മുഖ്യകാരണമായത്.

പക്ഷെ പണപ്പെരുപ്പ നിരക്കില്‍ ഈയിടെ വന്ന മാറ്റം ഏറെ ശ്രദ്ധേയമാണ്. 2022 ജനുവരിയില്‍ പണപ്പെരുപ്പ നിരക്ക് 6 .01 ശതമാനമായി ഉയര്‍ന്നു. 5 .66 ശതമാനമായിരുന്നു ഡിസംബറില്‍ ഇത്. കഴിഞ്ഞ ഏഴു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ജനുവരിയില്‍ രേഖപ്പെടുത്തിയത്. ഒപ്പം ഭക്ഷ്യസാധനങ്ങളുടെ പണപ്പെരുപ്പ നിരക്ക് 2020 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കായ 5 .43 ശതമാനത്തിലേക്കും ഉയര്‍ന്നു. തുടര്‍ച്ചയായി നാലു മാസം ഭക്ഷ്യ പണപ്പെരുപ്പം ഉയരുന്നു എന്നതാണ് ശ്രദ്ധേയം. പണപ്പെരുപ്പ നിരക്ക് പിടി തരാതെ ഉയരുന്നത് എം പി സിയെ സമ്മര്‍ദ്ദത്തിലാക്കും എന്ന് അനുമാനിക്കേണ്ടതായി വരും. അതുകൊണ്ട് ഏപ്രില്‍ മാസത്തില്‍ അടിസ്ഥാന പലിശ നിരക്കുകളില്‍ വര്‍ധന വരുന്നതിന് ശക്തമായ സാധ്യതയാണ് കാണുന്നത്. റിപ്പോ നിരക്കില്‍ 0 .25 മുതല്‍ 0 .50 ശതമാനം വരെയുള്ള വര്‍ധന സാമ്പത്തിക ലോകം പ്രതീക്ഷിക്കുന്നുണ്ട്.

എന്നാല്‍, സാമ്പത്തിക മേഖലയുടെ നിലവിലെ കുതിപ്പിന് മങ്ങലേല്‍ക്കുമോ എന്ന ആശങ്കയില്‍ തല്‍സ്ഥിതി തുടരാന്‍ തീരുമാനിക്കുമോ എന്നത് മാത്രമാണ് അറിയാനുള്ളത്. 2022 -23 ല്‍ 7 .8 ശതമാനം വളര്‍ച്ചയാണ് ആര്‍ ബി ഐ പ്രതീക്ഷിക്കുന്നത്. 'ടൈറ്റ് മണി' പോളിസിയിലേക്ക് ചുവട് മാറുന്നത് വളര്‍ച്ചക്ക് വിഘാതമാകുമെന്ന് വിലയിരുത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അടുത്ത എം പി സി യോഗം ഇന്ത്യന്‍ സാമ്പത്തിക മേഖലക്ക് ഏറെ നിര്‍ണ്ണായകമാകുന്നതും.

അന്താരഷ്ട്ര സാമ്പത്തിക സാഹചര്യങ്ങളും എം പി സി തീരുമാനത്തെ സ്വാധീനിക്കുന്ന ഘടകമാണ്. മാര്‍ച്ച് മാസത്തില്‍ യു എസ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനമായിരിക്കും ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. പണപ്പെരുപ്പ നിരക്ക് ഏഴു ശതമാനത്തിലേക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ അമേരിക്ക പലിശ നിരക്കില്‍ വര്‍ധന വരുത്തുമെന്ന നിഗമനങ്ങള്‍ ശക്തമാണ്. ഈ വര്‍ഷം പല തവണകളായി ഫെഡ് റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്ന് നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള സാദ്ധ്യതകള്‍ ശക്തമാണ്. പ്രത്യേകിച്ച് ഡോളറിലുള്ള നിക്ഷേപങ്ങളെ ഇത് കാര്യമായി സ്വാധീനിക്കുന്ന ഘടകമാണ്. ഇത് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ലിക്വിഡിറ്റി കുറയ്ക്കുമോ എന്ന ഘടകവും എം പി സിക്ക് പരിഗണിക്കാതിരിക്കാനാകില്ല. നീണ്ട ഇടവേളക്ക് ശേഷം 100 ഡോളറിലേക്ക് അടുക്കുന്ന ക്രൂഡ് ഓയില്‍ വിലയും ഏറെ നിര്‍ണ്ണായകമാണ്. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് ശേഷം പെട്രോള്‍, ഡീസല്‍ വില ഉയര്‍ത്തുമ്പോള്‍ പണപ്പെരുപ്പവും വിലക്കയറ്റവും കൂടുതല്‍ രൂക്ഷമാകുമെന്ന് ഉറപ്പിക്കാം.

ഇത്തരം ചില സുപ്രധാന ഘടകങ്ങള്‍ എം പി സി യോഗത്തെ നിര്‍ണ്ണായകമായി സ്വാധീനിക്കുന്നതാകയാല്‍ ഒരു തവണ കൂടി 'അക്കോമഡേറ്റിവ്' നയത്തിന് തുടര്‍ച്ച ഉണ്ടാകുമോ എന്നതാണ് സാമ്പത്തിക ലോകം ഉറ്റുനോക്കുന്നത് . ഏതായാലും ഏപ്രിലിലെ എം പി സി യോഗം വിപണിയിലെ പണത്തിന്റെ ഒഴുക്കിന്റെ കാര്യത്തിലും സാമ്പത്തിക മേഖലയുടെ വളര്‍ച്ചയുടെ കാര്യത്തിലും വലിയ സ്വാധീനം ചെലുത്തുന്ന ഒരു കാര്യമാണ്. പണപ്പെരുപ്പം നിയന്ത്രണത്തില്‍ വരാതിരിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ 10 തവണയും സ്വീകരിച്ച തല്‍സ്ഥിതി തുടരുക എന്ന നയത്തിന് മാറ്റം വരുന്നതിനാണ് ഇക്കുറി സാധ്യത ഏറെയും.