image

20 Feb 2022 11:02 PM GMT

People

ക്രിപ്റ്റോ കറൻസി: സമ്പദ് വ്യവസ്ഥയെ തകിടം മറിക്കുമോ?

Raj Kumar Nair

ക്രിപ്റ്റോ കറൻസി: സമ്പദ് വ്യവസ്ഥയെ തകിടം മറിക്കുമോ?
X

Summary

ഭാവിയിലെ കറൻസി എന്നൊക്കെ ഡെലോയിറ്റ് (Delloite) പോലെയുള്ള ആഗോള കമ്പനികൾ പോലും വിളംബരം ചെയ്ത ക്രിപ്റ്റോ കറൻസി യഥാർത്ഥത്തിൽ എന്താണെന്ന് അറിയേണ്ടത് വളരെ അത്യാവശ്യമാണ്. യുവതലമുറ ഒന്നടങ്കം ക്രിപ്റ്റോയുടെ മാസ്മരിക വലയത്തിൽ ആകൃഷ്ടരായിരിക്കയാണ്. മലയാളികളും ഒട്ടും പിന്നിലല്ല. ഇക്കഴിഞ്ഞ ബഡ്‌ജറ്റിൽ കേന്ദ്ര സർക്കാർ അതിന്റെ ലാഭത്തിൽ 30 ശതമാനം നികുതി ഏർപ്പെടുത്തിയതിനെക്കുറിച്ചും വിവാദങ്ങൾ തുടരുന്നു. ഈ സാഹചര്യത്തിൽ അരൂപിയായ ഈ കറൻസിയെ കുറിച്ച് അറിയുന്നത് നല്ലതായിരിക്കും. ലീഗൽ ടെൻഡർ/ഫോറിൻ എക്സ്ചേഞ്ച് ഇപ്പോൾ എല്ലാ രാജ്യങ്ങളുടെയും കറൻസികൾ, നോട്ടിന്റെയും […]


ഭാവിയിലെ കറൻസി എന്നൊക്കെ ഡെലോയിറ്റ് (Delloite) പോലെയുള്ള ആഗോള കമ്പനികൾ പോലും വിളംബരം ചെയ്ത ക്രിപ്റ്റോ കറൻസി യഥാർത്ഥത്തിൽ എന്താണെന്ന് അറിയേണ്ടത് വളരെ അത്യാവശ്യമാണ്. യുവതലമുറ ഒന്നടങ്കം ക്രിപ്റ്റോയുടെ മാസ്മരിക വലയത്തിൽ ആകൃഷ്ടരായിരിക്കയാണ്. മലയാളികളും ഒട്ടും പിന്നിലല്ല. ഇക്കഴിഞ്ഞ ബഡ്‌ജറ്റിൽ കേന്ദ്ര സർക്കാർ അതിന്റെ ലാഭത്തിൽ 30 ശതമാനം നികുതി ഏർപ്പെടുത്തിയതിനെക്കുറിച്ചും വിവാദങ്ങൾ തുടരുന്നു. ഈ സാഹചര്യത്തിൽ അരൂപിയായ ഈ കറൻസിയെ കുറിച്ച് അറിയുന്നത് നല്ലതായിരിക്കും.

ലീഗൽ ടെൻഡർ/ഫോറിൻ എക്സ്ചേഞ്ച്
ഇപ്പോൾ എല്ലാ രാജ്യങ്ങളുടെയും കറൻസികൾ, നോട്ടിന്റെയും നാണയത്തിന്റെയും രൂപത്തിലാണല്ലോ. ഇവ അതാതു സെൻട്രൽ ബാങ്ക്‌കൾ അച്ചടിക്കുകയും, വിതരണം ചെയ്യുകയും, നിയന്ത്രിക്കുകയും ചെയ്യുന്നു. ഓരോ രാജ്യത്തിനും ഓരോ കറൻസിയാണ്. ഇവയെ ഓരോ രാജ്യത്തിന്റെയും ലീഗൽ ടെൻഡർ ആയാണ് അംഗീകരിക്കപ്പെട്ടിട്ടുള്ളത്. അതായത്, ഒരു രാജ്യത്തിനുള്ളിൽ അവരവരുടെ കറൻസികൾ മാത്രമേ ക്രയവിക്രയം ചെയ്യാൻ പാടുള്ളു. ലീഗൽ ടെൻഡർ ഒഴിച്ച്, മറ്റുള്ള രാജ്യങ്ങളുടെ കറൻസിയെ ഫോറിൻ എക്സ്ചേഞ്ച് എന്നും കണക്കാക്കപ്പെടുന്നു. ഇത് മറ്റു രാജ്യങ്ങളുമായുള്ള വ്യാപാരങ്ങൾക്കും, വിദേശ യാത്രകൾ നടത്തുമ്പോഴും മറ്റു ആവശ്യങ്ങൾക്കും, ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് അനുവദിച്ചിട്ടുള്ള ചട്ട പ്രകാരം, ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

ക്രിപ്റ്റോ കറൻസി എന്നാൽ ഒരു ഡിജിറ്റൽ കറൻസി അഥവാ വേർച്ചുൽ കറൻസി ആണ്‌. ബ്ലോക്ക്‌ ചെയിൻ ടെക്നോളജി ഉപയോഗിച്ച് അങ്ങേയറ്റം വികേന്ദ്രികരിച്ചിട്ടുള്ള സൂപ്പർ കമ്പ്യൂട്ടറുക്‌ളിൽ വളരെ സങ്കീർണമായ പ്രോഗ്രാം പ്രോസസ്സിൽ കൂടിയാണ് ഇവ "ഖനനം" ചെയ്തെടുക്കുന്നത്. ഇത് ആരാണ് വിപണിയിലിറക്കുന്നതെന്നും ആർക്കും അറിയില്ല. ഒരു സ്പെക്കുലേറ്റീവ് കറൻസി ആയതിനാൽ, ഇതിന്റെ വില, നിശ്ചിതമല്ല. ഡിമാൻഡ്-സപ്ലൈ അനുസരിച്ചു, സ്റ്റോക്ക് മാർക്കറ്റിനേക്കാൾ വളരെ കയറ്റിറക്കങ്ങളുള്ള (volatality) ഒരു കറൻസിയാണിത്.

ലോകത്തെ ഒരു സെൻട്രൽ ബാങ്കുകൾക്കും ഇതിന്റെ മേൽ യാതൊരു വിധ നിയന്ത്രണവും ഇല്ല. ഇത് എത്രമാത്രം പ്രചാരത്തിൽ ഉണ്ടെന്നോ എന്തിനൊക്കെ ഉപയോഗിക്കുന്നെന്നോ സെൻട്രൽ ബാങ്കുകൾക്ക് അറിയില്ല. രാജ്യാന്തര ക്രയ വിക്രത്തിനു ഉപയോഗിക്കുമ്പോഴും, അതു ഒരു പ്രൈവറ്റ് ചാനൽ വഴി നടക്കുന്നതു കൊണ്ട് ഒരു രാജ്യത്തിനും യാതൊരുവിധ നികുതിയും ഇവർ കൊടുക്കാറില്ല. ആയതിനാൽ, ഇതിനെ ഒരു സമാന്തര ഇക്കോണമി സൃഷ്ടിക്കാൻ കഴിയുന്ന കള്ളപ്പണം (black money) എന്ന് വിശേഷിപ്പിച്ചാലും തെറ്റില്ല.

ആഗോളതലത്തിൽ, ഇപ്പോൾ ഏതാണ്ട് 1.8 ട്രില്യൺ ഡോളറിന്റെ ക്രിപ്റ്റോ കറൻസി ഉണ്ടെന്നാണ് പറയുന്നത്. ഇതിൽ ബിറ്റ് കോയിൻ എന്നറിയപ്പെടുന്ന ക്രിപ്റ്റോ ആണ്‌ ഏറ്റവും കൂടൽ പ്രചാരത്തിൽ ഉള്ളതും അറിയപ്പെടുന്നതും. അതിന് ഒരെണ്ണത്തിന് ഇപ്പോൾ 43,000 ഡോളർ (32,25,000 രൂപ) വരെ വില ഉണ്ട്. വലിയ വ്യാപാരങ്ങൾ വരെ ഇതിലൂടെ നടക്കുന്നതായാണ് റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്. ആയിരത്തിനു മേൽ ക്രിപ്റ്റോ കറൻസികൾ ഉണ്ട്. താഴെ കൊടുത്തിരിക്കുന്നവയാണ് പ്രധാനപ്പെട്ട ക്രിപ്റ്റോ കറൻസികൾ.

ഏതാണ്ട് 10 കോടി ഇന്ത്യക്കാർ ക്രിപ്റ്റോ കറൻസി സ്വന്തമാക്കിയിട്ടുണ്ട് എന്നാണ് അറിയുന്നത്, ചെറുകിട നിക്ഷേപകരുൾപ്പടെ. സ്വർണത്തിൽ നിന്നും ക്രിപ്റ്റോയിലേക്കുള്ള ചുവടു മാറ്റം നടത്തിയവരും ധാരാളം. പെട്ടെന്ന് ലാഭമുണ്ടാക്കിയവർ ഉണ്ട്. നഷ്ടം വരുത്തിയവരും.

പ്രമുഖ കാർ-വ്യോമയാന നിർമാതാക്കളായ ടെൽസ കാർ ബുക്കിങ്ങിനു ബിറ്റ്‌കോയിൻ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ ക്രിപ്റ്റോയുടെ വില കുതിച്ചു കയറി. എന്നാൽ ഏതോ കാരണത്താൽ ബുക്കിങ് പറ്റില്ല എന്ന് വന്നപ്പോൾ, വില തിരിച്ചിറങ്ങി.

ഡിജിറ്റൽ കറൻസി
ക്രിപ്റ്റോയുടെ ആഗമനത്തോടെ പല സെൻട്രൽ ബാങ്കുകളും ഡിജിറ്റൽ കറൻസി ഒരു അനിവാര്യതയായി ചിന്തിച്ചു തുടങ്ങി. ചൈന പരീക്ഷണാർത്ഥത്തിൽ ഒരെണ്ണം ഇറക്കി കഴിഞ്ഞു. ഇന്ത്യയും മറ്റു ചില രാജ്യങ്ങളും ഇതിനുള്ള തയ്യാറെടുപ്പിലുമാണ്. ഉടനെ തന്നെ ഒരു ഡിജിറ്റൽ കറൻസി ഇറക്കുമെന്നു ആർബിഐ വ്യക്തമാക്കിക്കഴിഞ്ഞു.

എന്നാൽ സെൻട്രൽ ബാങ്കുകൾ ഇറക്കുന്ന ഡിജിറ്റൽ കറൻസി, തികച്ചും വ്യത്യസ്തമാണ്. നോട്ട് കറൻസിക്ക് പകരം, ഡിജിറ്റൽ ഫോമിൽ ആണെന്ന് മാത്രം. ബ്ലോക്ക്‌ ചെയിൻ ടെക്നോളജി തന്നെ പ്ലാറ്റഫോം ആക്കി, ക്രിപ്റ്റോക്ക്‌ ഒരു ചാലൻജ് കൊടുക്കുക എന്ന ഉദ്ദേശ്യവും ഉണ്ടാകും. നോട്ട് അടിക്കുന്നതുപോലെ തന്നെ നിശ്ചിത അനുപാതത്തിൽ മാത്രം, സെൻട്രൽ ബാങ്കിന്റെ പൂർണ അധികാരത്തിലും കൺട്രോളിലും ഇറക്കുന്ന ഡിജിറ്റൽ കറൻസിക്കു നിശ്ചിത വില ആയിരിക്കും. ഒന്നുകിൽ സെൻട്രൽ ബാങ്ക് തന്നെയോ, അല്ലെങ്കിൽ ബാങ്കുകൾ മുഖേനെയോ ആയിരിക്കും ഇതിന്റെ കസ്റ്റഡിയും ലെഡ്‌ജർ മെയിന്റെനൻസും നടക്കുക. അതായത്, ഏതാണ്ട് ഓഹരി-ഡിമാറ്റ് അക്കൗണ്ട്കൾ പോലെ. എല്ലാ ക്രയ വിക്രയങ്ങൾക്കും രാജ്യത്തിന്റെ നിയമ വിധേയമായി തന്നെ ഡിജിറ്റൽ കറൻസി ഉപയോഗിക്കാവുന്നതാണ്. ഇപ്പോൾ നമ്മൾ ഉപയോഗിക്കുന്ന ക്രെഡിറ്റ് കാർഡ്, പ്രീപൈഡ് കാർഡ് ( ഗൂഗിൾ പേ, പേടിയേം എന്നിവയും) ഡിജിറ്റൽ കറൻസിയുടെ ഒരു വകഭേദമെന്നു പറഞ്ഞാലും തെറ്റില്ല. എല്ലാ ഇടപാടുകളും സുതാര്യവും ആയിരിക്കും.

ക്രിപ്റ്റോ കറൻസി vs ഡിജിറ്റൽ കറൻസി
മേൽ വിവരണത്തിൽ നിന്നും, മനസ്സിലാക്കേണ്ടത്, ഇത് തികച്ചും രണ്ടാണെന്നതാണ്.

ആദ്യത്തേത് ഒറിജിനറ്റർ അറിയാത്തതും, സെൻട്രൽ ബാങ്കിന് നിയന്ത്രണം ഇല്ലാത്തതും, നിയമപരമല്ലാത്ത രാജ്യ താല്പര്യങ്ങൾക്കെതിരായുള്ള കാര്യത്തിനും ഉപയോഗിക്കാവുന്നതും , നികുതി നിയമങ്ങൾക്ക് അതീതമായും പ്രവർത്തിക്കുന്നതും,

രണ്ടാമത്തേത്, തികച്ചും രാജ്യത്തിന്റെ നിയമങ്ങൾ അനുസരിച്ചുള്ള ഇപ്പോഴുള്ള കറൻസി നോട്ടുകൾക്കു പകരമുള്ള ഒന്നും. മൊത്തം ഉള്ള കറൻസിയുടെ ഒരു ശതമാനം ഡിജിറ്റൽ ആക്കിയാൽ, അത്രയും പ്രിന്റിംഗ് കോസ്റ്റ് കുറക്കാനും, പൗരന്മാർക് സൂക്ഷിക്കാൻ എളുപ്പവും ആകും.

എന്നാൽ, ഡിജിറ്റൽ എന്ന വാക്കിൽ തെറ്റിധരിച്ചു, ഇവ രണ്ടും ഒന്നാണെന്ന വ്യാജേന, തെറ്റിധരിപ്പിക്കുന്ന പല ലേഖനങ്ങളും കാണുന്നുണ്ട്. യൂറോപ്പിലെ മൂന്നോ നാലോ വലിയ ബാങ്കുകൾ ക്രിപ്റ്റോ കൈകാര്യം ചെയ്യുന്നുണ്ട് എന്നും, ഇതാണ് ഭാവിയിലെ ആഗോള കറൻസി എന്നും മറ്റുമുള്ള Delloiitte പോലെയുള്ള അന്തരാഷ്ട കമ്പനികളുടെ പഠനങ്ങളും കാണുന്നുണ്ട്.

പിന്നീടൊരു ലേഖനത്തിൽ കണ്ടത്, യൂറോപ്യൻ ബാങ്കുകൾ ഏതോ ചെറിയ രീതിയിൽ കസ്റ്റോഡിയൽ സർവീസ് മാത്രമേ ചെയ്യുന്നുള്ളൂ എന്നാണ്. എങ്ങനെയാണു ബാങ്കുകൾ ക്രിപ്റ്റോ വിനിമയം നാടത്തുന്നതെന്നോ അഥവാ ഏതെങ്കിലും ബാങ്കുകൾ ഇത് ചെയ്യുന്നുണ്ടോ എന്നുപോലും വ്യക്തമല്ല.

മറ്റൊരു വിചിത്രമായ കാര്യം, ഒരു സമാന്തര സമ്പദ്ഘടന തന്നെ ഉണ്ടാവാൻ സാധ്യത ഉണ്ടെന്നറിഞ്ഞിട്ടും എന്തുകൊണ്ടാണ് സെൻട്രൽ ബാങ്കുകൾ ക്രിപ്റ്റോ കറൻസികളെ നിർത്തലാക്കാനുള്ള ഒരു ശ്രമവും എടുക്കാത്തത് എന്നാണ്. ഏതാണ്ട് ഒരു വർഷം മുൻപ്, ഏൽസൽവഡോർ എന്ന ഒരു ലാറ്റിൻ അമേരിക്കൻ രാജ്യമേ ഇതുവരെയായി ഇതു നിയമാനുസൃതമാക്കി അംഗീകരിച്ചിട്ടുമുള്ളു.

ക്രിപ്റ്റോ കറൻസി ബാൻ ചെയ്തു കൊണ്ട് 2018-ൽ ആർബിഐ ഒരു സർക്കുലർ ഇറക്കിയതിനെ, ഇപ്പോഴത്തെ നിയമമനുസരിച്ചു ഇല്ലീഗൽ അല്ലാത്തതിനാൽ, സാങ്കേതിക പശ്ചാത്തലത്തിൽ, സുപ്രീം കോടതി അസാധുവാക്കി. ചൈന, ഈജിപത്, ഇറാഖ്, ഖത്തർ, ഒമാൻ, മൊറൊക്കോ, അൽജീരിയ, തുണിഷ്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ ക്രിപ്റ്റോയെ നിരോധിച്ചതായിട്ടാണ് അറിയുന്നത്.

ദോഷ വശങ്ങൾ:

സമ്പദ്ഘടനക്ക്:
ഒരു സമാന്തര കറൻസിയായും, സമാന്തര സമ്പദ്ഘടനയായും തീരാൻ സാധ്യതയുള്ളതിനാൽ ഇത് ഒരു സെൻട്രൽ ബാങ്കിന്റെ പല പ്രവർത്തനങ്ങൾക്കും വിഘാതമുണ്ടാക്കാം. അതായത്, മണി ഇൻ സർക്കുലേഷൻ, മോണിറ്ററി /ഇക്കോണിമിക് സ്റ്റബിലിറ്റി, വിലക്കയറ്റം, റുപീ വാല്യൂ എന്നിവ കണ്ട്രോൾ ചെയ്യുന്നതിൽ തടസ്സങ്ങൾ നേരിട്ടേക്കാം.

നിക്ഷേപകർക്ക്:
ഓഹരികളുടെയോ കറൻസിയുടെയോ പോലെ, ക്രിപ്റ്റോക്ക്‌ ഒരു ആസ്തി യുടെയോ, വരുമാന സ്രോതസ്സിന്റെയോ പിൻബലമില്ല. വേറെ ഒരു മാർക്കറ്റിലും ഇല്ലാത്ത വിധത്തിലുള്ള ചാഞ്ചട്ടം, വൻ നഷ്ടത്തിനുള്ള സാധ്യത ഉണ്ടാക്കുന്നു. പിന്നിൽ പ്രവർത്തിക്കുന്ന ഒരു ഉടമസ്ഥനോ, റെഗുലേറ്ററോ ഇല്ലാത്തതിനാൽ, ചതിക്കപ്പെട്ടാൽ ഒരു പരാതി കൊടുക്കാൻ ആരുമില്ല എന്ന സ്ഥിതിയാണ് നിലവിലുള്ളത്.

മനുഷ്യരാശിക്ക്:
ഖനനം ചെയ്തെടുക്കുന്നതിൽ വിജയിക്കുന്നവർക്കു പാരി തോഷികമായാണ് ആദ്യം ക്രിപ്റ്റോ കറൻസി കിട്ടുന്നത്. വളരെ ശ്രമകരമായ പ്രോസസ്സ് ആയതിനാൽ, അങ്ങേയറ്റം മത്സരബുദ്ധിയോടെ, ദിനം പ്രതി വലിയ വലിയ സൂപ്പർ കമ്പ്യൂട്ടറുകൾ രംഗത്ത് കൊണ്ടുവരികയാണ്. ഒരു കറൻസി ഉൽപാദിപ്പിക്കാൻ 2008 ൽ ഒരു ഹോം കമ്പ്യൂട്ടറിൽ സാധിച്ചിരുന്നു എങ്കിൽ, ഇപ്പോൾ, അതി ഭീമാകാരങ്ങളായ സൂപ്പർ കമ്പ്യൂട്ടറുകൾ വേണമെന്നാണ് പറയുന്നത്. അതായതു കൂടുതൽ സമയവും കൂടുതൽ എനർജിയും.

കെംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ ഒരു പഠനത്തിൽ വെളിപ്പെടുത്തിയത്, ബിറ്റ്ഒ കോയിൻ ഖനനത്തിന് ഒരു വർഷത്തേക്ക് 122.87 ടെറ വാട്ട് വൈദ്യുതി വേണ്ടി വരുമെന്നാണ്. നെതെർലാൻഡ്‌, യുഎഇ, അര്ജന്റീന എന്നീ മൂന്നു രാജ്യങ്ങളുടെ ഒരു വർഷത്തെ ഉപഭോഗത്തിന് തുല്യം. അല്ലെങ്കിൽ, മൈക്രോസോഫ്റ്റ്, ഫേസ്ബുക്, ഗൂഗിൾ, ആപ്പിൾ എന്നിവയുടെ ഒരു വർഷത്തെ ഉപയോഗത്തിന് തുല്യമായ വൈദ്യുതി ക്രിപ്റ്റോ തന്നെ ഉപയോഗിക്കും. ചുരുക്കത്തിൽ, ലോകത്തെ എല്ലാ ജനങ്ങൾക്കും അവകാശപ്പെട്ട വൈദ്യുതിയും, ശുദ്ധ വായുവും കുറച്ചു ക്രിപ്റ്റോ നിക്ഷേപകർക്കു പണക്കാരാകാൻ വേണ്ടി വിട്ടു കൊടുക്കേണ്ടി വരുന്ന അവസ്ഥ.

45% ക്രിപ്റ്റോ പ്രോസസ്സിംഗ് ചെയ്തിരുന്ന ചൈന 2020 മെയ്‌ മാസം, പൂർണമായും ഇതിന്റെ പ്രോസസ്സിംഗ് നിരോധിച്ചു. കാരണം, അമിതമായ വൈദുതി ഉപയോഗം മൂലം, മറ്റുള്ള വ്യവസായങ്ങൾക്ക് വൈദ്യുതി കിട്ടാതെ വരുന്നു. കൂടാതെ അമിതമായ കാർബൻ എമിഷൻ കാരണം, വളരെ വലുതായ രീതിയിൽ അന്തരീക്ഷ മലിനീകരണം നടക്കുന്നു. അതിനു ശേഷം, ഖസാക്സ്ഥാൻ, അമേരിക്ക, കാനഡ എന്നിവിടങ്ങളെക്ക് പ്രോസസ്സിംഗ് മാറ്റി. ഭാവിഷ്യത്തുകൾ അറിഞ്ഞു തുടങ്ങിയപ്പോൾ അവിടെയും എതിർപ്പുകൾ ശക്തമാവുകയും, എല്ലാ രാജ്യങ്ങളും ചേർന്നു ഒന്നിച്ചു നിരോധിക്കണമെന്ന ആശയവും അവിടത്തെ ബുദ്ധി ജീവികൾ ഉയർത്തി തുടങ്ങിയിട്ടുണ്ട്.

ഇതുവരെ ബിറ്റ്‌കോയിൻ 90% ഉത്പാദിപ്പിച്ചു എന്നും ഇനിയുള്ള 10% ന് 118 വർഷം വേണമെന്നും പറയുമ്പോൾ, നമ്മുടെ അടുത്ത ജനറേഷന് ശ്വസിക്കുവാനുള്ള അന്തരീക്ഷ വായു കിട്ടുമോ എന്നും സംശയം ഉണർത്തുന്നു.

ഇന്ത്യൻ ബജറ്റിൽ 30% നികുതി
കഴിഞ്ഞ 6 മാസത്തിനുള്ളിൽ റിസർവ് ബാങ്ക് രണ്ടു തവണ ജാഗ്രത നിർദേശം ചെയ്തിരുന്നുവെങ്കിലും പ്രതീക്ഷിച്ചതു പോലെ കേന്ദ്ര സർക്കാർ ക്രിപ്റ്റോ നിരോധിക്കാനുള്ള നിയമം കൊണ്ടുവന്നില്ല. മറിച്ച്, ബജറ്റിൽ കൈമാറ്റം ചെയ്തുണ്ടാവുന്ന ലാഭത്തിൽ 30% നികുതി ഏർപ്പെടുത്തി. പരോക്ഷമായ അംഗീകാരം എന്ന് ആഹ്ളാദിച്ചു ഇൻവെസ്റ്റേഴ്സ് ആഘോഷിക്കുമ്പോഴും, ഇതിലെ കെണികൾ കാണുമ്പോൾ ഇതു നിരുത്സാഹപെടുത്തുന്നതിനല്ലേ സർക്കാർ ഈ നിലപാടെടുത്തതെന്നു കരുതേണ്ടിയിരിക്കുന്നു.

അതായതു 1) ഒറ്റ സ്ലാബ് 30%, 2) നഷ്ടത്തിൽ തട്ടികഴിക്കാൻ പറ്റില്ല/ അടുത്ത വർഷങ്ങളിലേക്ക് ക്യാരി ഫോർവേഡ് പറ്റില്ല 3) കൈമാറ്റം ചെയ്യുമ്പോൾ / ഗിഫ്റ്റ് ആയി കൊടുക്കുമ്പോൾ 1% TDS പിടിക്കണം.
(IT Act, 1961 ഇൽ Sec 194S, മാറ്റം വരുത്തി )

കള്ളക്കടത്തു ചെയ്യുന്നത് നിയമവിരുദ്ധമാണെങ്കിലും അതിൽ നിന്നുള്ള വരുമാനത്തിനും 30% നികുതി നിലവിലുണ്ട്. അതെ കാറ്റഗറിയിൽ കൊണ്ട് വരുമ്പോൾ, ക്രിപ്റ്റോ പരോക്ഷമായി നിയമപരമായി എന്ന് കരുതുന്നത് തെറ്റല്ലേ എന്നും ചിന്തിച്ചു പോകുന്നു. അതുപോലെ, എത്ര മാത്രം വ്യാപാരം നടക്കുന്നു എന്നറിയാനുള്ള ഒരു ഉപായം ആണെന്നും, ദിവസവ്യാപാരം ചെയ്താലുള്ള നഷ്ടം, ലാഭത്തിൽ കിഴക്കാനുള്ള സാധ്യത ഇല്ലാത്തതിനാലും ചെറുകിട നിക്ഷേപകരെ നിരുത്സാഹപ്പെടുത്താൻ വേണ്ടിയാണെന്നും തോന്നുന്നു.

ക്വാണ്ടം കമ്പ്യൂട്ടർ ഉപയോഗിച്ച് ക്രിപ്റ്റോ എൻക്രിപ്ഷൻ ഹാക്ക് ചെയ്യാൻ സാധിക്കുമെന്ന് പുതിയ ഒരു കണ്ടുപിടുത്തവും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

.ഇതൊക്കെയായാലും, മറുവശത്തു ക്രിപ്റ്റോ വ്യാപാരം മുന്നോട്ടു തന്നെയാണ് പോകുന്നത്. 10 കോടി ഇന്ത്യക്കാർ 15,000 കോടി രൂപയോളം നിക്ഷേപിച്ചുട്ടുണ്ടെന്നു പറയുന്നു. അമേരിക്കയിൽ വ്യവസ്ഥാപിതാ എക്സ്ചേജുകൾ വഴി ക്രിപ്റ്റോ ക്രയ വിക്രയം നടക്കുന്നുണ്ട്. ആരാലും തടുക്കാൻ പറ്റാത്തവിധം തകൃതിയായി വളർന്നു പോയെന്നും റിപ്പോർട്ട്‌കൾ സൂചിപ്പിക്കുന്നു.

നികുതി പിരിച്ചെടുക്കാൻ വളരെ ബുദ്ധിമുട്ടാണെന്നു പറയുമ്പോഴും, എന്നെങ്കിലും ഇതു നിർത്തലാക്കി കഴിഞ്ഞും, തുടരുന്നവരെ കണ്ടു പിടിക്കുവാനുള്ള ടെക്നോളജി ഉണ്ടായാൽ, അവരെ നിയമം ഭേദിച്ചവരായി കണക്കാക്കി നിയമ നടപടികൾക്ക് വിധേയരാക്കാനും സാധിക്കും. എല്ലാ റിസ്ക്കും കണക്കാക്കി ഇതിൽ തുടരണമോ എന്ന് രണ്ടാമത് ഒന്ന് ആലോചിക്കുന്നത് നല്ലതായിരിക്കും.

എഴുതി തള്ളാൻ പറ്റാത്തവിധം ക്രിപ്റ്റോ മുന്നോട്ടു പോയി എന്ന് പറയുന്നവർ ആരും മേൽ വിവരിച്ച സമ്പദ് ഘടന വിഷയത്തെ കുറിച്ച് ഒരക്ഷരം പറയുന്നില്ല, അല്ലെങ്കിൽ ചിന്തിച്ചിട്ടേയില്ല എന്നതും, ഒരു ലൈസൻസ് പോലും ഇല്ലാതെ കോടി കണക്കിന് രൂപയുടെ വിനിമയം ചെയ്യുന്ന ക്രിപ്റ്റോ എക്‌സ്‌ചെഞ്ചുകൾ കൂണ് പോലെ തുറക്കുന്നതും, ഇടപാടുകൾ നിർബാധം തുടരുന്നതും, എല്ലാ രാജ്യങ്ങളും ഒന്നിച്ചു ചേർന്ന് തടയണമെന്ന് ഇക്കണോമിസ്റ്റ്കൾ പറയാൻ തുടങ്ങിയിട്ടും എല്ലാ രാജ്യങ്ങളും അക്ഷമരായി കയ്യും കെട്ടി നോക്കി നില്കുന്നത് നിയന്ത്രിക്കാൻ പറ്റാത്തതിനാലാണോ, പുതിയ ടെക്നോളജിയെ നിർത്തലാക്കി എന്ന ചീത്ത പേരുണ്ടാക്കാതിരിക്കാനാണോ, അതോ പൂർണമായിട്ട് മനസ്സിലാക്കി എടുക്കാതെയുള്ള തീരുമാനം വിഡ്ഢിത്തമാകുമെന്നതിനാലാണോ എന്ന് അറിയാൻ പറ്റുന്നില്ല എന്നതാണ് ധർമസങ്കടം.

(ലേഖകൻ. ജി രാജ് കുമാർ നായർ, മുൻ സിഇഒ, പിഎൻബി, ഡിഐഎഫ്‌സി, ദുബായ്)

(ഈ ലേഖനത്തിൽ പ്രകടിപ്പിച്ചിട്ടുള്ള ആശയങ്ങളും അഭിപ്രായങ്ങളും ലേഖകന്റെ മാത്രമാണ്. ഇത് വായിച്ചിട്ടു നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾക്ക് മൈഫിൻ പോയിന്റ്.കോം ഉത്തരവാദിയായിരിക്കുന്നതല്ല. വായനക്കാർ താന്താങ്ങളുടെ സാമ്പത്തിക ഉപദേഷ്ടാക്കളുടെ അഭിപ്രായം ആരാഞ്ഞ ശേഷം മാത്രം നിക്ഷേപങ്ങൾ നടത്തുക.).