image

29 Oct 2022 4:34 AM GMT29 Oct 2022 4:34 AM GMT

Opinion

പണപ്പെരുപ്പവും ഡോളർ-രൂപ വിനിമയ നിരക്കിലെ സങ്കീർണതകളും

Sriram Iyer

പണപ്പെരുപ്പവും ഡോളർ-രൂപ വിനിമയ നിരക്കിലെ സങ്കീർണതകളും
X

Summary

(ഡോളറിനെതിരെ രൂപയുടെ ചലനത്തെ ബാധിക്കുന്ന ഘടകങ്ങളെ കുറിച്ചും പ്രാദേശിക കറൻസി എങ്ങോട്ടാണ് നീങ്ങുന്നത് എന്നതിനെക്കുറിച്ചുമാണ് ലേഖകൻ ഇതിൽ പ്രതിപാദിക്കുന്നത്). 2022 ൽ ഇന്നിതുവരെ രൂപയുടെ മൂല്യം 10 ശതമാനമാണ് ഇടിഞ്ഞത്. പല കാരണങ്ങൾ കൊണ്ടാണ് ഇത് സംഭവിച്ചത്. അതിൽ ഏറ്റവും പ്രധാന കാരണം ഡോളർ ശക്തിയാർജ്ജിച്ചതും, ബോണ്ട് യിൽഡ് ഉയർന്നതുമാണ്. അമേരിക്കൻ ഫെഡറൽ റിസേർവും മറ്റു കേന്ദ്ര ബാങ്കുകളും തുടർച്ചയായി പലിശ നിരക്ക് ഉയർത്തുന്നതാണ് ഡോളറും ബോണ്ട് യിൽഡും ഉയരാൻ കാരണം. പണപ്പെരുപ്പം നിയന്ത്രണാതീതമായി വർധിക്കുന്നത് യുഎസ്സിനും […](ഡോളറിനെതിരെ രൂപയുടെ ചലനത്തെ ബാധിക്കുന്ന ഘടകങ്ങളെ കുറിച്ചും പ്രാദേശിക കറൻസി എങ്ങോട്ടാണ് നീങ്ങുന്നത് എന്നതിനെക്കുറിച്ചുമാണ് ലേഖകൻ ഇതിൽ പ്രതിപാദിക്കുന്നത്).

2022 ൽ ഇന്നിതുവരെ രൂപയുടെ മൂല്യം 10 ശതമാനമാണ് ഇടിഞ്ഞത്. പല കാരണങ്ങൾ കൊണ്ടാണ് ഇത് സംഭവിച്ചത്. അതിൽ ഏറ്റവും പ്രധാന കാരണം ഡോളർ ശക്തിയാർജ്ജിച്ചതും, ബോണ്ട് യിൽഡ് ഉയർന്നതുമാണ്. അമേരിക്കൻ ഫെഡറൽ റിസേർവും മറ്റു കേന്ദ്ര ബാങ്കുകളും തുടർച്ചയായി പലിശ നിരക്ക് ഉയർത്തുന്നതാണ് ഡോളറും ബോണ്ട് യിൽഡും ഉയരാൻ കാരണം.

പണപ്പെരുപ്പം നിയന്ത്രണാതീതമായി വർധിക്കുന്നത് യുഎസ്സിനും മറ്റു രാജ്യങ്ങൾക്കും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. അത് മൂലമാണ് പണപ്പെരുപ്പത്തിൽ അല്പം അയവു വരുന്നത് വരെ പലിശ നിരക്ക് കർശനമായി വർധിപ്പിക്കുക എന്ന നയം ഫെഡ് സ്വീകരിച്ചിരിക്കുന്നത്.
.
ക്രൂഡ് ഓയിലിന്റെ വിലക്കയറ്റമാണ് രൂപയുടെ മൂല്യമിടിയുന്നതിനുള്ള മറ്റൊരു കാരണം. ഇന്ധന ആവശ്യകതയിലെ കുറവ് എണ്ണയെ സാരമായി ബാധിക്കുന്നുണ്ട്. ഇതിനു തടയിടാൻ ഒപെക് (OPEC) രാജ്യങ്ങളും, അവരുടെ സഖ്യ കക്ഷികളും ഉത്പാദനം വെട്ടിക്കുറക്കുക, കയറ്റുമതി പിന്തുണക്കാനായി ഏഷ്യൻ ഹബ്ബുകളിലേക്കുള്ള നിരക്ക് സ്ഥിരമായി നിലനിർത്തുക തുടങ്ങിയ നടപടികൾ സ്വീകരിച്ചു. അത് വില വർധിപ്പിക്കുകയും രൂപയ്ക്കു ഒരാശങ്കയായി നിലനിൽക്കുകയും ചെയ്യുന്നു..

ഉയർന്ന ആഭ്യന്തര പണപ്പെരുപ്പവും, റഷ്യൻ-യുക്രെയ്ൻ സംഘർഷ൦ മൂലമുള്ള ആഗോള സാമ്പത്തിക വെല്ലുവികളും രൂപയുടെ മൂല്യമിടിയുന്നതിനുള്ള മറ്റു കാരണങ്ങളിൽ പെടുന്നു.

മുന്നോട്ടു നോക്കിയാൽ, അടുത്ത രണ്ട്, മൂന്നു മാസത്തേക്ക് രൂപ ദുർബലമായി തുടരാനാണ് സാധ്യത. ഭാവിയിൽ യുഎസ് ഫെഡ് നിരക്ക് വർധന മന്ദഗതിയിലാക്കുമെന്ന പ്രതീക്ഷകൾ നിലനിൽക്കുമ്പോഴും ഈയടുത്ത് യു എസിൽ പുറത്തു വിട്ട സാമ്പത്തിക ഡാറ്റ ദുർബലമായത് നിക്ഷേപകർ, വ്യാപാരികൾ മുതലായവർ ഡോളറിന്മേൽ നടത്തുന്ന ബുള്ളിഷ് ബെറ്റുകൾ കുറക്കുന്നതിന് കാരണമായി. എന്നിരുന്നാലും ഭാവിയിലെ നിരക്ക് വർദ്ധനവ് സമീപ ഭാവിയിൽ വരാനുള്ള കണക്കുകളെ ആശ്രയിച്ചിരിക്കും.

യുഎസ് ജി ഡി പി കണക്കുകൾ, വ്യക്തിഗത ഉപഭോഗ ചെലവിന്റെ (Personal Consumption Expenditure) സൂചികകൾ, പണപ്പെരുപ്പത്തിന്റെ നിരക്ക് എന്നിവയായിരിക്കും മുന്നോട്ടുള്ള ചാലക ശക്തികൾ. പണപ്പെരുപ്പം ഉയർന്നു തന്നെ നിലനിന്നാൽ, സാമ്പത്തിക മാന്ദ്യം തുടരുന്ന അവസ്ഥയിലും കൂടുതൽ കർശനമായ നടപടികൾ ഫെഡ് സ്വീകരിക്കുന്നതിന് നാം സാക്ഷ്യം വഹിക്കേണ്ടി വരും. ഇത് തുടർന്നും ഡോളർ ശക്തിയാർജിക്കുന്നതിനും പ്രാദേശിക കറൻസികളുടെ മൂല്യം ഇടിയുന്നതിനും കാരണമാകും.

മറിച്ച്, ആഭ്യന്തര സാമ്പത്തിക വളർച്ച ദുർബലമാകുന്നത് പരിഗണിച്ച് ഫെഡ് പണ നയത്തിൽ ഇളവ് വരുത്തുകയെങ്കിൽ മാത്രമേ രൂപയുടെ മൂല്യത്തിൽ വർധനവുണ്ടാകു. അതിനുള്ള സാധ്യതയും നിലവിലുണ്ട്.

ആഭ്യന്തര തലത്തിൽ ഫെഡിന്റെ നിരക്ക് വർധനക്കനുസൃതമായി, ആർ ബി ഐക്കും കർശന നടപടികൾ തുടരേണ്ടി വന്നേക്കാം. ഇന്ത്യയിൽ നിന്നുള്ള നിക്ഷേപം പിൻവലിക്കുന്നത് തടയാൻ യുഎസും ഇന്ത്യയും തമ്മിലുള്ള നിരക്ക് വ്യത്യാസം കുറക്കേണ്ടത് അത്യാവശ്യമാണ്. ആഭ്യന്തര സമ്പദ് വ്യവസ്ഥയിലേക്കുള്ള പണമൊഴുക്ക് നില നിർത്തുന്നത്തിനാവശ്യമായ കർശനമായ പണ നയങ്ങൾ കറൻസിക്ക് സഹായകരമായേക്കാം.

അതിനാൽ ഫെഡ് ഇതേ കർശന നയങ്ങൾ തുടർന്നാൽ, രൂപ ഡോളറിനു 84.50 - 85 വരെ ഇടിയുന്നതിനു സാധ്യതയുണ്ട്. ഫെഡിന്റെ നയത്തിൽ അയവു വരികയും ആഭ്യന്തര തലത്തിൽ വേണ്ട നടപടികൾ എടുക്കുകയും ചെയ്താൽ രൂപയുടെ ഇടിവ് പിടിച്ചു നിർത്താനും മൂല്യം ഡോളറിനു 80 -79 രൂപ വരെ ഉയർത്താൻ കഴിയും.

(റിലയൻസ് സെക്യുരിറ്റീസിലെ സീനിയർ റീസേർച്ച് അനലിസ്റ്റായ ലേഖകന് ചരക്ക്, കറൻസി വിപണികളിൽ ഉപദേശിക്കുന്നതിൽ 12 വർഷത്തെ പരിചയമുണ്ട്.)