image

10 Dec 2022 11:30 AM GMT

Opinion

എന്താണ് ജി 20? ഇന്ത്യയ്‌ക്കെന്തു നേട്ടം?

Murali Thummarukudi

G 20 countries
X

Summary

  • ലോകത്തെ 80 ശതമാനം സമ്പദ്‌വ്യവസ്ഥയും, 75 ശതമാനം കയറ്റുമതിയും 66 ശതമാനം ജനസംഖ്യയും 60 ശതമാനം ഭൂവിസ്തൃതിയും ഈ ജി 20 അംഗങ്ങളില്‍ ഉള്‍പ്പെട്ടതാണ്
  • 2008 മുതല്‍ ജി 20 അംഗങ്ങളുടെ രാഷ്ട്രത്തലവന്മാര്‍ വര്‍ഷത്തില്‍ ഒരിക്കല്‍


ഈ ഡിസംബര്‍ ഒന്നാം തിയതി മുതല്‍ ഇന്ത്യയാണല്ലോ ജി 20 യുടെ അധ്യക്ഷ പദവി അലങ്കരിക്കുന്നത്. ഇതാദ്യമായിട്ടാണ് ഇന്ത്യ ജി 20 അധ്യക്ഷ പദവിയില്‍ എത്തുന്നത്, അതുകൊണ്ട് തന്നെ എന്താണ് ജി 20, അതിന്റെ അധ്യക്ഷ പദവിയില്‍ ഇന്ത്യ എത്തുന്നതിന്റെ പ്രാധാന്യമെന്ത് എന്നൊക്കെ അറിയാന്‍ ആളുകള്‍ക്ക് താല്‍പര്യമുണ്ടാകും.

കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജി 20 യുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നതിനാല്‍ എന്താണ് ജി 20 യുമായി എനിക്കുള്ള ബന്ധം, ഇന്ത്യയില്‍ ജി 20 സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ അതില്‍ എനിക്ക് എന്തെങ്കിലും പങ്കുണ്ടോ, കേരളത്തില്‍ സമ്മേളനങ്ങള്‍ നടക്കുമോ എന്നൊക്കെയുള്ള കാര്യങ്ങളും കൂടി വ്യക്തമാക്കാം.

1997 98 കാലഘട്ടത്തില്‍ ലോകം ഒരു വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോയിരുന്നു. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ജപ്പാന്‍ മുതല്‍ ഇന്‍ഡോനേഷ്യ വരെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ അന്ന് നട്ടംചുറ്റി. അത് ലോക സനമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന സ്ഥിതി ഉണ്ടായി. അന്ന് സാമ്പത്തികരംഗത്ത് സ്ഥിരത കൈവരിക്കാന്‍ ധനകാര്യമന്ത്രിമാരുടെയും റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍മാരുടെയും ഒക്കെ കൂട്ടായ്മയായിട്ടാണ് ലോകത്തെ 19 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും കൂടി ജി 20 എന്ന സംവിധാനം ഉണ്ടാക്കിയത്. അർജന്റീന, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കിയെ, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്യൻ യൂണിയൻ ഇവരാണ് ജി 20 അംഗങ്ങള്‍. ലോകത്തെ 80 ശതമാനം സമ്പദ്‌വ്യവസ്ഥയും, 75 ശതമാനം കയറ്റുമതിയും 66 ശതമാനം ജനസംഖ്യയും 60 ശതമാനം ഭൂവിസ്തൃതിയും ഈ ജി 20 അംഗങ്ങളില്‍ ഉള്‍പ്പെട്ടതാണ് (യൂറോപ്യന്‍ യൂണിയന്‍ കൂടി അംഗം ആയതിനാല്‍ ജി 20 രാജ്യങ്ങള്‍ എന്ന പ്രയോഗം തെറ്റാണ്).

2008 ല്‍ വീണ്ടും ലോകം സാമ്പത്തിക വെല്ലുവിളി നേരിടുകയും കാലാവസ്ഥ വ്യതിയാനത്തെ കൂട്ടായി നേരിടേണ്ട ആവശ്യം വരികയും ചെയ്തതോടെ ഒരു സാമ്പത്തികകാര്യ സംവിധാനം എന്നതില്‍ നിന്നും മറ്റുള്ള അനവധി മേഖലകളില്‍, നയങ്ങളില്‍, സമന്വയം ഉണ്ടാക്കാനുള്ള ഒരു സംവിധാനമായി ജി 20 മാറി. അതോടെ ജി 20 ക്ക് ഫിനാന്‍സ് ട്രാക്ക് എന്നും ഷെര്‍പ്പ ട്രാക്ക് എന്നും രണ്ട് ഗ്രൂപ്പിലായി നയചര്‍ച്ചകള്‍ തുടങ്ങി. കാലാവസ്ഥ വ്യതിയാനവും സംസ്‌കാരവും ടൂറിസവും ഊര്‍ജ്ജവും എല്ലാം ഷെര്‍പ്പ ട്രാക്കില്‍ ആണ് വരുന്നത്.

2008 മുതല്‍ ജി 20 അംഗങ്ങളുടെ രാഷ്ട്രത്തലവന്മാര്‍ വര്‍ഷത്തില്‍ ഒരിക്കല്‍ കൂടുന്ന രീതി വന്നു. അതോടെ ജി 20 എന്നത് അത്യധികം ആദരിക്കപ്പെട്ട ഒരു കൂട്ടായ്മയും സമ്മേളനവും ആയി മാറി. കഴിഞ്ഞ വര്‍ഷം ഇന്തോനേഷ്യയിലും അതിന് മുന്‍പ് ഇറ്റലിയിലും ആയിരുന്നു ജി 20 പ്രസിഡന്‍സി. അടുത്ത വര്‍ഷം (23 ഡിസംബര്‍ മുതല്‍) ബ്രസീലിലും അതിനടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയിലും പ്രസിഡന്‍സി എത്തും.

പ്രസിഡന്‍സി കാലഘട്ടത്തിലെ ഏറ്റവും പ്രധാനമായ സമ്മേളനം രാഷ്ട്രത്തലവന്മാരുടേതാണെന്ന് പറഞ്ഞല്ലോ. ജി 20 രാജ്യങ്ങള്‍ കൂടാതെ സ്‌പെയിന്‍, യു.എ.ഇ., സിംഗപ്പൂര്‍, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങള്‍ സ്ഥിരം ക്ഷണിതാക്കള്‍ ആണ്. പ്രസിഡന്റ് ആകുന്ന ഓരോ രാജ്യത്തിനും ചില അതിഥി രാജ്യങ്ങളെ കൂടി സമ്മേളനത്തിന് വിളിക്കാം. ഇന്ത്യ വിളിച്ചിരിക്കുന്നത് ബംഗ്ലാദേശ്, ഈജിപ്ത്, നൈജീരിയ, ഒമാന്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങളെ ആണ്.

സാധാരണ ഗതിയില്‍ നവംബറില്‍ ആണ് ഉച്ചകോടി നടക്കുന്നത്, പക്ഷേ, ഇന്ത്യയില്‍ അത് 2023 സെപ്റ്റംബര്‍ 9, 10 ആയിരിക്കും. ഇത്രയും പ്രധാനപ്പെട്ട രാജ്യങ്ങളുടെ പ്രസിഡന്റുമാര്‍ ഒരുമിച്ച് ഇന്ത്യയില്‍ എത്തുന്നതും ആദ്യമായിട്ടായിരിക്കും. ഡല്‍ഹിയിലാണ് സമ്മേളനം നടക്കുന്നത്. പതിനായിരത്തിലേറെ പ്രതിനിധികള്‍ സമ്മേളനത്തിന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രസിഡന്‍സിയുടെ പ്രമേയം തന്നെ ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നതാണ് ('Vasudhaiva Kutumbakam' or 'One Earth, One Family, One Future'). കൂടാതെ സുസ്ഥിര വികസനത്തിനായി LiFE (Lifetsyle for Environment) എന്ന പദ്ധതിയും ഇന്ത്യ മുന്നോട്ട് വെക്കുന്നുണ്ട്.

ഉച്ചകോടി കൂടാതെ സാമ്പത്തികം മുതല്‍ ടൂറിസം വരെ 32 വിഷയങ്ങളില്‍ 50 നഗരങ്ങളിലായി 200, മന്ത്രിതല, ഉദ്യോഗസ്ഥതല മീറ്റിങ്ങുകള്‍ നടക്കും. ഓരോ മന്ത്രിതല സമ്മേളനത്തില്‍ നിന്നും ഒരു Ministerial Communique ഉണ്ടാകും. ഇതിലെ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് അത് രാഷ്ട്രത്തലവന്മാര്‍ ചര്‍ച്ച ചെയ്ത് ഒരു ലീഡേഴ്‌സ് ഡിക്ലറേഷന്‍ അടുത്ത സെപ്റ്റംബറില്‍ ഉണ്ടാകും. ബാലിയിലെ ഡിക്ലറേഷന്‍ ഇവിടെ വായിക്കാം. https://bit.ly/3Fx1Kvv

ഔദ്യോഗികമായ സമ്മേളനങ്ങള്‍ കൂടാതെ ജി 20 എന്‍ഗേജ്‌മെന്റ് ഗ്രൂപ്പ് എന്നൊരു സംവിധാനം കൂടി ഉണ്ട്. ശാസ്ത്രജ്ഞന്മാര്‍, സ്വകാര്യമേഖല, സ്ത്രീകള്‍, യുവാക്കള്‍ എന്നിവരുടെ കൂട്ടായ്മകള്‍ S20, B20, W20, Y20 എന്നിങ്ങനെ. ഇവരും സമ്മേളനങ്ങളും പ്രഖ്യാപനങ്ങളും നടത്തും.

ഡിക്ലറേഷനുകളുടെ പ്രസക്തി

ലോകത്തെ അഞ്ചില്‍ നാലു സമ്പദ്‌വ്യവസ്ഥയും മൂന്നില്‍ രണ്ടു ജനസംഖ്യയും ഉള്ള രാജ്യങ്ങള്‍ കൂടിയിരുന്ന് ഓരോ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും അതില്‍ ചില കാര്യങ്ങളില്‍ എങ്കിലും തീരുമാനം ആവുകയും ചെയ്യുന്നത് നിസ്സാര കാര്യമല്ല. ഈ തീരുമാനങ്ങള്‍ അതിന് ശേഷം വരുന്ന കാലാവസ്ഥ വ്യതിയാനം പോലുള്ള സുപ്രധാന കാര്യങ്ങളില്‍ ലോക സമ്മേളനങ്ങളില്‍ പ്രതിഫലിക്കും.

പ്രഖ്യാപനങ്ങള്‍ക്ക് അപ്പുറം

ഇത്തരം തീരുമാനങ്ങള്‍ക്ക് അപ്പുറം എന്തെങ്കിലും പദ്ധതികള്‍ ഈ സമ്മേളനങ്ങളില്‍ നിന്നും ഉണ്ടാകാറുണ്ടോ എന്ന ചോദ്യം സ്വാഭാവികമാണ്. ഇത് ഓരോ വര്‍ഷവും വ്യത്യസ്തമാണ്. ഉദാഹരണത്തിന് 2020 ല്‍ സൗദിയില്‍ നടന്ന പരിസ്ഥിതി മന്ത്രിമാരുടെ സമ്മേളനത്തിലാണ് ആഗോളമായി നാശോന്മുഖമാകുന്ന ഭൂമിയും ആവാസവ്യവസ്ഥയും വീണ്ടെടുക്കാനുള്ള ഒരു പദ്ധതി ആസൂത്രണം ചെയ്യുന്നത്. 2040 ആകുമ്പോഴേക്ക് ലോകത്തെ ലാന്‍ഡ് ഡിഗ്രഡേഷന്‍ (land degradation) അന്പത് ശതമാനം കുറയ്ക്കുമെന്ന് അവര്‍ തീരുമാനിച്ചു. അതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെടുകയും അതിനുള്ള പണം സൗദി സര്‍ക്കാര്‍ നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ആ പദ്ധതി ഏകോപിപ്പിക്കുന്നതിനാണ് ഞാന്‍ ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്. വരും വര്‍ഷങ്ങളില്‍ ലക്ഷക്കണക്കിന് കോടി രൂപ ഈ രംഗത്തേക്ക് വരാനുള്ള അവസരമാണ് ഇതൊരുക്കിയത്.

ഇന്ത്യന്‍ ജി 20 യില്‍ ഞങ്ങളുടെ പങ്ക് എന്താണ്?

ഓരോ ജി 20 പ്രസിഡന്‍സിക്കും അവരുടേതായ ചില പ്രധാന വിഷയങ്ങള്‍ ഉണ്ടായിരിക്കും. ആവാസ വ്യവസ്ഥയുടെ പുനഃസ്ഥാപനവുമായി ബന്ധപ്പെട്ട ഏതെങ്കിലും വിഷയങ്ങള്‍ ഒരു സര്‍ക്കാര്‍ ഏറ്റെടുക്കുന്നുണ്ടെങ്കില്‍ അതിന് പിന്തുണ നല്‍കുക എന്നതാണ് ഞങ്ങളുടെ ഉത്തരവാദിത്തം. ഇന്തോനേഷ്യയില്‍ കണ്ടല്‍ക്കാടുകളുടെ സംരക്ഷണവും പീറ്റ് വനങ്ങളുടെ പുനഃസ്ഥാപനവും ആയിരുന്നു അവര്‍ പ്രധാന വിഷയങ്ങളായി കണ്ടിരുന്നത്. ഇന്ത്യയിലെ പരിസ്ഥിതി മന്ത്രാലയം കാലാവധി കഴിഞ്ഞ ഖനികളുടെ പരിസ്ഥിതി പുനഃസ്ഥാപനവും കാട്ടുതീ ഉണ്ടായതിന് ശേഷം വനങ്ങളുടെ പുനഃസ്ഥാപനവും ആണ് അവരുടെ പ്രധാന വിഷയങ്ങള്‍ ആയി എടുത്തിരിക്കുന്നത്. ഈ വിഷയത്തില്‍ ആഗോളമായ അറിവുകള്‍ ക്രോഡീകരിക്കുക, അത്തരം വിഷയത്തില്‍ ജി 20 രാജ്യങ്ങള്‍ക്കുള്ള അറിവുകള്‍ മറ്റു രാജ്യങ്ങളുമായി പങ്കിടാന്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ പരിശീലന പദ്ധതികള്‍ ആസൂത്രണം ചെയ്യുക, ഇന്ത്യയിലും ലോകത്തും ഇത്തരം പുതിയ പദ്ധതികള്‍ തുടങ്ങുക ഇതൊക്കെ ഈ വര്‍ഷത്തെ ചര്‍ച്ചാവിഷയം ആണ്. അതിനൊക്കെയുള്ള സാങ്കേതിക അറിവുകള്‍ നല്‍കുക, മീറ്റിംഗുകള്‍ സംഘടിപ്പിക്കുക ഇവയൊക്കെയാണ് എന്റെ സംഘം ചെയ്യുന്നത്. ഇന്ത്യ പ്രസിഡന്‍സിക്ക് ശേഷവും അടുത്ത ഇരുപത് വര്‍ഷത്തേക്ക് ഇത്തരം പരിശീലന പരിപാടികള്‍ ഇന്ത്യയിലെ സ്ഥാപനങ്ങളും സ്വകാര്യമേഖലയുമായി ചേര്‍ന്ന് നടത്തിക്കൊണ്ട് പോകണമെന്നും ഈ വിഷയത്തില്‍ ആഗോളമായ സ്റ്റാന്‍ഡേര്‍ഡുകള്‍ ഉണ്ടാക്കണം എന്നും ചര്‍ച്ചയില്‍ അംഗീകരിച്ചാല്‍ വലിയ കാര്യമായി. 2023 ഫെബ്രുവരി എട്ടാം തിയതി ബാംഗ്‌ളൂരിലാണ് മീറ്റിംഗുകള്‍ തുടങ്ങുന്നത്. പിന്നീട് മാര്‍ച്ചില്‍ ഗാന്ധി നഗര്‍, മെയ് മാസത്തില്‍ മുംബൈ എന്നിവിടങ്ങളില്‍ ഉദ്യോഗസ്ഥ തല സമ്മേളനത്തിന് ശേഷം ജൂലൈയില്‍ ചെന്നൈയിലാണ് മന്ത്രിതല സമ്മേളനം. ഇത് കൂടാതെ അസിം പ്രേംജി യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് ഒരു അക്കാദമിക്ക് സെമിനാര്‍, ഡല്‍ഹിയില്‍ ഒരു കോര്‍പ്പറേറ്റ് റൗണ്ട് ടേബിള്‍ എന്നിവയും പ്ലാന്‍ ചെയ്തിട്ടുണ്ട്. 2023 ആദ്യ പകുതിയില്‍ കൂടുതല്‍ സമയവും ഇന്ത്യയിലായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

കേരളത്തില്‍ ജി 20 മീറ്റിംഗുകള്‍ ഉണ്ടോ?

കേരളത്തില്‍ തിരുവനന്തപുരം ആണ് ജി 20 സമ്മേളനങ്ങള്‍ക്ക് വേദിയാകുക. എന്റെ അറിവ് ശരിയാണെങ്കില്‍ ടൂറിസത്തിന്റെ ഒരു സമ്മേളനം കേരളത്തിലാണ്, മറ്റേതെങ്കിലും വിഷയത്തില്‍ സമ്മേളനം ഉണ്ടോ എന്ന് ഇപ്പോള്‍ അറിയില്ല. ഏതൊരു ജി 20 മീറ്റിങ്ങിലും മുന്‍പ് പറഞ്ഞ മുപ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ കാണും, മന്ത്രിമാര്‍ മുതല്‍ ഉദ്യോഗസ്ഥര്‍ വരെ. ഓരോ മീറ്റിങ്ങിലും 200 മുതല്‍ 500 വരെ ആളുകള്‍ ഉണ്ടാകും. മാധ്യമ സംഘങ്ങളും ഉണ്ടാകും. ഓരോ മീറ്റിംഗിലും അനുബന്ധ പരിപാടികള്‍ (ഒരുപക്ഷേ, നാട്ടുകാര്‍ക്ക് കാണാനുള്ള സംവിധാനം ഉണ്ടായേക്കും), നാട്ടുകാരുടെ കലയും കരകൗശല വസ്തുക്കളും ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കാനുള്ള സംവിധാനവും ഉണ്ടാകും.

ഇന്ത്യക്ക് എന്താണ് നേട്ടം ഉണ്ടാകാന്‍ പോകുന്നത്?

ആദ്യമേ പറഞ്ഞത് പോലെ ജി 20 ചരിത്രത്തില്‍ ആദ്യമായിട്ടാണ് അതിന്റെ ഉച്ചകോടി ഇന്ത്യയില്‍ നടക്കുന്നത്. ലോകത്തെ മുഖ്യ സാമ്പത്തിക ശക്തികളുടെ നേതൃത്വം മൊത്തമായി ഇന്ത്യയില്‍ ഒരുമിച്ച് എത്തുന്നതും ആദ്യമായിട്ടായിരിക്കും. ഇതിന് മുന്‍പും പിന്‍പും ഏറെ മാധ്യമ ശ്രദ്ധ ഇന്ത്യക്ക് ലഭിക്കും. ഇന്ത്യ മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ ലോകത്തെ ശാസ്ത്രജ്ഞര്‍, നയതന്ത്രവിഗ്ധര്‍, സ്വകാര്യ മേഖല മുതല്‍ രാഷ്ട്രീയ നേതൃത്വം വരെ ചര്‍ച്ച ചെയ്യും. നമ്മുടെ പുരോഗതി ലോകത്തെ കാണിക്കാനും നമ്മുടെ കലയും, കരകൗശലവും, ലോകത്തിന് മുന്‍പില്‍ അവതരിപ്പിക്കാനുമുള്ള വലിയ അവസരമാണിത്. മറ്റു രാജ്യങ്ങള്‍ നാലോ അഞ്ചോ നഗരങ്ങളില്‍ മാത്രമാണ് ഇത്തരം മീറ്റിംഗുകള്‍ നടത്താറുള്ളത്. ഇന്ത്യ അമ്പത് നഗരങ്ങളിലേക്ക് അത് വ്യാപിപ്പിച്ചത് വലിയ കാര്യമാണ്. കൂടാതെ ഇത് ഏറെ ജനപങ്കാളിത്തമുള്ള ഒന്നാകണമെന്ന് സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ഇതും ലോകശ്രദ്ധ ആകര്‍ഷിക്കുകയും ഇനി വരുന്ന ജി 20 സമ്മേളനങ്ങള്‍ക്ക് മാതൃകയാവുകയും ചെയ്യും.

ഈ പ്രസിഡന്‍സിക്ക് അപ്പുറം നിലനില്‍ക്കുന്ന എന്തെങ്കിലും പദ്ധതികള്‍ ഇന്ത്യ മുന്നോട്ടുവെക്കുകയും മറ്റു രാജ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്യുമോ എന്നതാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്.

(യുനൈറ്റഡ് നേഷന്‍സ് എന്‍വിയോണ്‍മെന്റ് പ്രോഗ്രാമില്‍ ക്രൈസിസ് മാനേജ്‌മെന്റ് ബ്രാഞ്ച് ഓപ്പറേഷന്‍സ് മാനേജറാണ് ലേഖകന്‍)