image

7 Dec 2022 10:33 AM GMT

People

പണം ഒരു പ്രശ്‌നമോ? സമ്പാദിക്കാന്‍ പഠിക്കാം

Dr. Kochurani Joseph

പണം ഒരു പ്രശ്‌നമോ? സമ്പാദിക്കാന്‍ പഠിക്കാം
X

Summary

  • പണത്തെക്കുറിച്ച് എന്തിനാണധികം പറയുകയും എഴുതുകയും ചെയ്യുന്നത്? പണം ഏറ്റവും വലിയ തിന്മയല്ലേ? ലോകത്തിലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം പണമല്ലേ?
  • ആവശ്യത്തിലധികം അടുത്ത തലമുറക്കായി കരുതരുത്. അവര്‍ മടിയന്മാരായി മാറും.


സമ്പത്തുണ്ടാക്കാന്‍ കൊതിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാലോ, അത്യാവശ്യം നിറവേറ്റാന്‍ പോലും സമ്പത്തില്ലാത്തവര്‍ അനവധി....

സമ്പത്തുണ്ടാക്കാന്‍ കൊതിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാലോ, അത്യാവശ്യം നിറവേറ്റാന്‍ പോലും സമ്പത്തില്ലാത്തവര്‍ അനവധി. പണമുണ്ടാക്കുകയെന്ന ആഗ്രഹത്തിനപ്പുറം, അതിനുള്ള വഴികള്‍ പഠിച്ചെടുക്കാനാവാത്തതാണ് പലരുടെയും പ്രശ്‌നം. പണ സമ്പാദനത്തിനൊരു വഴികാട്ടി...

ജോണ്‍ ഡി റോക്ക് ഫെല്ലര്‍ ലോകത്തിലെ പ്രശസ്തനായ ബിസിനസുകാരനായ കോടീശ്വരന്മാരില്‍ ഒരുവനാണ്. എണ്ണകമ്പനിയുടെ കുലപതി എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തി. ബാല്യകാലം അത്രമാത്രം സാമ്പത്തിക ഭദ്രതയൊന്നുമില്ലാതിരുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. തന്റെ പതിനാറാം വയസില്‍ അദ്ദേഹം ഓഫീസ് ജോലിക്ക് പോയിത്തുടങ്ങി. വലിയ സംരംഭങ്ങളിലേക്ക് എടുത്ത് ചാടാന്‍ ധൈര്യമില്ലാതിരുന്നതിനാല്‍ 20-ാം വയസില്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ ചെറിയ ബിസിനസ് ചെയ്യുവാന്‍ തുടങ്ങി. ക്രമേണ വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയായി.
 


ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ തന്റെ സമ്പാദ്യം മുഴുവന്‍ മാനവസ്‌നേഹത്തിനായി നല്‍കിയ വലിയ മനസിന്റെ ഉടമയായി മാറി. അദ്ദേഹം സ്ഥാപിച്ച റോക്ക് ഫെല്ലര്‍ ഫൗണ്ടേഷനിലൂടെ ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് വിദ്യഭ്യാസത്തിനും രോഗചികില്‍സക്കും ഗവേഷണത്തിനുമായി കോടിക്കണക്കിന് രൂപയാണ് ചെലവിട്ടുകൊണ്ടിരിക്കുന്നത്. റോക്ക് ഫെല്ലറുടെ അഭിപ്രായത്തില്‍ അതിന് പ്രചോദനമായത് ബാല്യത്തില്‍ ഹൃദയത്തില്‍ വേരൂന്നിയ ജീവിതദര്‍ശനമാണ്. തന്റെ മാതാപിതാക്കള്‍ കുഞ്ഞുന്നാള്‍ മുതല്‍തന്നെ പരിശീലിപ്പിച്ചത് മൂന്ന് കാര്യങ്ങള്‍ക്കാണ്. അധ്വാനിക്കണം, പണം സമ്പാദിക്കണം, ഉള്ളതില്‍നിന്ന് മറ്റുള്ളവര്‍ക്ക് നല്‍കണം എന്നതാണ് അവ.

പണ സമ്പാദനം നല്ലതോ? ചീത്തയോ?

പണത്തെക്കുറിച്ച് എന്തിനാണധികം പറയുകയും എഴുതുകയും ചെയ്യുന്നത്? പണം ഏറ്റവും വലിയ തിന്മയല്ലേ? ലോകത്തിലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം പണമല്ലേ? പലരും എന്നോട് ചോദിച്ചിട്ടുള്ള ചോദ്യങ്ങളാണ്. പണം അധികമായാലും തീരെ ഇല്ലാതായാലും അത് കുറ്റവാളികളെ സൃഷ്ടിക്കുന്നു എന്നതാണ് സത്യം? അപ്പോള്‍ പണമല്ല പ്രശ്‌നം. പണത്തോടുള്ള കാഴ്ചപ്പാടും ആഭിമുഖ്യവുമാണ് വിഷയം. 30 വര്‍ഷത്തിലധികം വരുന്ന സാമ്പത്തികശാസ്ത്ര അ്യാപനപരിചധയവും, രണ്ട് പതിറ്റാണ്ടിന്റെ സാമ്പത്തിക ഗവേഷണ പരിചയവും അതിലേറെ വര്‍ഷങ്ങളിലെ സാമ്പത്തിക പരിശീലനാനുഭവങ്ങളും, പങ്കെടുത്ത വിവിധ സെമിനാറുകളും ചെയ്ത പ്രഭാഷണങ്ങളും നേതൃത്വം നല്‍കിയ ചര്‍ച്ചകളും സാമ്പത്തിക പരാജയ കൗണ്‍സിലിംഗുകളുടെ അസ്വസ്ഥപ്പെടുത്തിയ നേര്‍കാഴ്ചകളും എല്ലാമെല്ലാം എന്നിലുണര്‍ത്തിയ ദൗത്യബോധത്തില്‍ നിന്നാണ് സാമ്പത്തിക രചനകള്‍ രൂപം കൊള്ളുന്നത്.

ജീവിതത്തില്‍ സാമ്പത്തികമായി മെച്ചപ്പെടണമെന്ന് ആഗ്രഹമില്ലാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ സമ്പത്തിനോട് നിയതമായ ആഭിമുഖ്യവും മനോഭാവവും വച്ചുപുലര്‍ത്തുന്നവര്‍ വിരളമാണ്. സമ്പത്ത് മാന്യമായ രീതിയില്‍ ഉണ്ടാക്കുന്നതും അത് കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതും സമ്പത്തിനെ വളര്‍ത്തുന്നതും ഒരുവന്‍ ശാസ്ത്രീയമായി അഭ്യസിച്ചെടുക്കേണ്ട കലയാണ്. ഈ കല നിയതമായ രീതിയില്‍ അഭ്യസിച്ചിട്ടുള്ളവര്‍ വിരളമാണ്.

ഗാര്‍ഹികസമ്പത്ത് കൈകാര്യംചെയ്യുക എന്നര്‍ത്ഥമാക്കുന്ന ഒയിക്കണോമിയ എന്ന ഗ്രീക്ക് പദത്തില്‍നിന്നാണ് ഇക്കണോമിക്‌സ് അഥവാ സാമ്പത്തികശാസ്ത്രം എന്ന പദം ഉടലെടുത്തത്. പണവും മറ്റു സാമ്പത്തിക സ്രാതസുകളും എങ്ങനെ സമാഹരിക്കുന്നു, എപ്രകാരം ചിലവാക്കുന്നു, ഏതു വിധത്തില്‍ പരിപാലിക്കുന്നു, വളര്‍ത്തുന്നു, വികേന്ദ്രീകൃതമാവുന്നു, അടുത്ത തലമുറക്കായി എപ്രകാരം കൈമാറ്റം ചെയ്യപ്പെടുന്നു എന്നിവ ഈ പഠനമേഖലയുടെ അടിസ്ഥാനമാണ്. സാമ്പത്തികാസൂത്രണത്തില്‍ പണം നിര്‍മിക്കുക, ചിലവാക്കുക, സംരക്ഷിക്കുക, വളര്‍ത്തുക, കൈമാറ്റം ചെയ്യുക എന്നിങ്ങനെ അഞ്ച് പടവുകള്‍ ഉള്‍ക്കൊണ്ടിരിക്കുന്നു.

പണം നിര്‍മിക്കുക

മനുഷ്യന് പണം സമ്പാദിക്കുവാനുള്ള മനുഷ്യവിഭവശേഷി (Human Resource) ചില വ്യത്യസ്ത കഴിവുകളുടെ രൂപത്തിലോ സാധ്യതകളുടെ രൂപത്തിലോ ബുദ്ധിവൈഭവമായോ വിവിധ രീതിയിലും അളവിലുമാണ് വ്യക്തികളില്‍ അന്തര്‍ലീനമായിരിക്കുന്നത്. അതിനെ കണ്ടെത്തി ഉപയോഗിക്കുന്നതുവഴി പണം സൃഷ്ടിക്കപ്പെടുന്നു. അതായത് കായികശേഷി പോലുള്ള ശാരീരിക ശക്തിയുടെ വിനിയോഗത്തിലൂടെയാവാം, സംഗീതം, നൃത്തം, അഭിനയം തുടങ്ങിയ കലാപരമായ കഴിവുകള്‍ ഉപയോഗിച്ച് ആവാം, പഠിച്ച് ജോലിചെയ്യുന്നതുപോലെ ബുദ്ധിശക്തിയും ഓര്‍മശക്തിയും ഉപയോഗിച്ചുള്ളതാവാം, ബിസിനസ് പോലെ സംഘാടനമികവിന്റെയും റിസ്‌ക് ഏറ്റെടുക്കാന്‍ തയ്യാറാവുന്നതിന്റെയും ഫലവുമാവാം, പണം വളരുന്ന രീതി കൃത്യവും വ്യക്തവുമായി മനസിലാക്കി നിക്ഷേപിക്കുന്നതു വഴിയുമാവാം. ചിലര്‍ക്ക് പണം പാരമ്പര്യമായോ പിതൃസ്വത്തായോ ലഭിച്ചെന്ന് വരാം. ന്യായമായ രീതിയില്‍ പണം സ്വരൂപിക്കണമെന്നുള്ള തീരുമാനവും അതിനുള്ള ആന്മബലവും പരിശ്രമവുമാണ് പ്രധാനപ്പെട്ടത്. പണം ഒരു വസ്തുവായി കണ്ട് അതിനെ സൃഷ്ടിക്കുവാനുള്ള ഇച്ഛാശക്തിയാണ് വേണ്ടത്. ഒരു പ്രാഥമികവരുമാനമാര്‍ഗവും മറ്റൊരു സെക്കന്ററി ഉറവിടവും ഉണ്ടാവണം. ആദ്യത്തേത് നിശ്ചിതവരുമാനം തരുന്നതും രണ്ടാമത്തേത് പാഷന്‍ അഥവാ അഭിരുചിയുമായി ബന്ധപ്പെട്ടതുമാവാം.

പണം ചെലവാക്കുക

ഒരു സാമ്പത്തികവ്യസ്ഥിതിയെ ചലനാന്മകമാക്കുന്നതും വളര്‍ത്തുന്നതും ഉപഭോഗം അഥവാ കണ്‍സപ്ഷന്‍ ആണ്. സാമൂഹ്യ, മനശാസ്ത്രജ്ഞന്മാര്‍ ഉപഭോഗസംസ്‌കാരത്തെ നിഷേധാത്മകമായി പറയുമെങ്കിലും സാമ്പത്തികശാസ്ത്രജ്ഞന്മാര്‍ എന്നും ഉപഭോഗത്തിന് അനുകൂലമാണ്. കാരണം ഉപഭോഗം ഉല്‍പാദനത്തെയും ഉല്‍പാദനം തൊഴിലിനെയും തൊഴില്‍ വരുമാനത്തെയും വരുമാനം ഉപഭോഗത്തെയും സൃഷ്ടിക്കുന്നു. ഈ ചംക്രമണമാണ് സാമ്പത്തികവളര്‍ച്ചക്ക് നിദാനമാകുന്നത്. 1930കളില്‍ ലോകത്തെ പിടിച്ചുകുലുക്കിയ ആഗോള സാമ്പത്തിക മഹാമാന്ദ്യത്തിന്റെ (The Great Depression) പ്രധാന കാരണമായി സാമ്പത്തികശാസ്ത്രജ്ഞനായ ജോണ്‍ മെയ്‌നാര്‍ഡ് കെയിന്‍സ് ചൂണ്ടികാണിച്ചത് മൊത്ത ഉപഭോഗത്തില്‍വന്ന കുറവായിരുന്നു.

അതുപോലെതന്നെ ഏതൊരു സാമ്പത്തികവ്യവസ്ഥിയുടെയും പ്രധാനഘടകമാണ് വസ്തുക്കള്‍ക്ക് ചോദനമുണ്ടാകുക (Demand) എന്നത്. തന്മൂലം പുതിയ വസ്തുക്കള്‍ എന്നും വിപണിയിലെത്തുന്നു. ഇവയില്‍ അവശ്യവസ്തുക്കളുണ്ടാകാം; അത്യാവശ്യവസ്തുക്കളുണ്ടാവാം, സുഖഭോഗവസ്തുക്കളുണ്ടാകാം; ആഡംബരവസ്തുക്കളുണ്ടാകാം. ഏതൊരു വസ്തുവും ഇതുപോലെ വേര്‍തിരിക്കപ്പെടുന്നത് ഉപയോഗിക്കുന്ന വ്യക്തിയെയും സ്ഥലകാലസാഹചര്യങ്ങളെയും ആശ്രയിച്ചാണ്. ആവശ്യവും അത്യാവശ്യവും അനാവശ്യവും ആഡംബരവും തിരിച്ചറിഞ്ഞ് വിവേകത്തോടെ ചിലവാക്കുന്നതാണ് ഉചിതം. ഇത് തികച്ചും വ്യക്തിപരമാണ്. മറ്റൊരാളിന്റേത് കോപ്പിയടിക്കരുത്. പണം ചെലവാക്കുമ്പോള്‍ എന്ത് മിച്ചം പിടിക്കാനായി എന്ന് കണ്ടെത്തുന്നതും നല്ലതാണ്. ഓര്‍ക്കുക, ഒരാളുടെ ചെലവാണ് മറ്റൊരാളിന്റെ വരുമാനം.

പണം സമ്പാദിക്കുക

പണം സംരംക്ഷിക്കുന്നതിന്റെ ഭാഗമായാണ് സമ്പാദ്യത്തെ മനസിലാക്കേണ്ടത്. വരവും ചെലവും കൂട്ടിമുട്ടിക്കാനാവുന്നില്ല, പിന്നെയല്ലേ സമ്പാദ്യം. സ്ഥിരം കേള്‍ക്കുന്ന പല്ലവിയാണത്. നിശ്ചിതവരുമാനമുള്ളവനല്ലേ സമ്പാദിക്കേണ്ടത് എന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാല്‍ നമ്മള്‍ ഓര്‍ക്കേണ്ട വസ്തുതയാണ് 'ചെലവ് കഴിഞ്ഞ് മിച്ചം വരുന്നതല്ല സമ്പാദ്യം; മറിച്ച് സമ്പാദ്യം കഴിഞ്ഞ് മിച്ചമുള്ളതാണ് ചെലവ്.' ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക. ആവശ്യത്തിലധികം ഒന്നും ആഗ്രഹിക്കാതിരിക്കുക എന്നതാണ് ശരിയെന്നും വാദിക്കുന്നവരുണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഒരുപക്ഷേ അത് ശരിയായിരിക്കാം. എന്നാല്‍ എല്ലാവരും ഇങ്ങനെ ചിന്തിച്ചുകൊണ്ടിരുന്നാല്‍ ലോകത്തിന്റെ സ്ഥിതിയെന്താവുമെന്ന് ചിന്തിക്കുക. അതുകൊണ്ട് സ്വപ്നം കാണുവാനും അധ്വാനിക്കുവാനും കഴിവും മനസുമുള്ളവരെയാണ് ലോകത്തിനാവശ്യമായിരിക്കുന്നത്.

ആരെങ്കിലുമൊക്കെ പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കുന്നതുകൊണ്ടാണ് ഇവിടെ തൊഴിലും വരുമാനവും ഉണ്ടാവുന്നത്. വളരെ കുറച്ച് വരുമാനമുള്ളവര്‍ക്കും അവര്‍ക്കാവുന്ന വിധത്തില്‍ സമ്പാദിക്കാനാവും. അത് ഒരു തീരുമാനമാണ്.

പണം നിക്ഷേപിക്കുക

പണം ഒരു സ്രോതസാണ്. ഉല്‍പാദനകരമായ സമ്പാദ്യത്തെയാണ് നിക്ഷേപം എന്ന് പറയുന്നത്. ഭാവിയില്‍ ലഭ്യമാവാന്‍ പോവുന്ന പണത്തിനായി ഇന്നേ നിക്ഷേപിക്കുന്നതാണിത്. ചിട്ടി, ഭൂമി, സ്വര്‍ണം, ഓഹരികള്‍, ഇന്‍ഷുറന്‍സ് എന്നിങ്ങനെ നമുക്ക് പ്രാപ്യമായ നിക്ഷേപമാര്‍ഗങ്ങള്‍ വിവേകത്തോടെ കണ്ടെത്തുക. ക്രെഡിറ്റ് ഇക്കോണമിയുടെ വളര്‍ച്ചമൂലം പണം വായ്പയെടുത്ത് നിക്ഷേപിക്കുന്നവര്‍ ഉണ്ട്. ഉല്‍പാദനകരമായ കാര്യങ്ങള്‍ക്ക് വായ്പയെടുക്കുന്നതില്‍ ഒരു കുഴപ്പവുമില്ല. ഒരാളുടെ ആസ്തി കടത്തേക്കാള്‍ കൂടിയിരുന്നാല്‍ കടം ഒരു വിഷയമേയല്ല. വമ്പന്‍ ബിസിനസുകാരെല്ലാംതന്നെ കടമെടുത്താണ് ബിസിനസ് സാമ്രാജ്യം വിപുലപ്പെടുത്തുന്നത്. എവിടെ നിക്ഷേപിക്കണം എങ്ങനെ നിക്ഷേപിക്കണമെന്നത് വിപണി പഠിച്ച് എടുക്കേണ്ട തീരുമാനമാണ്. എല്ലാ മുട്ടകളും ഒരു കൂട്ടില്‍തന്നെ വിരിയാന്‍ വക്കരുത് എന്ന നിക്ഷേപ സമവാക്യവും ഓര്‍ക്കാം.

പണം കൈമാറ്റം ചെയ്യുക

അധ്വാനിച്ച് ഉണ്ടാക്കിയ പണത്തിന് മറ്റൊരു അവകാശി ഉണ്ടെന്നുള്ളത് ഓര്‍ത്തുകൊണ്ടുള്ള ജീവിതരീതിയാണിത്. ആവശ്യത്തിലധികം അടുത്ത തലമുറക്കായി കരുതരുത്. അവര്‍ മടിയന്മാരായിമാറും. വിദ്യാഭ്യാസം പോലെ പ്രാഥമികസംവിധാനങ്ങള്‍ ക്രമപ്പെടുത്തി കൊടുക്കുക എന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. അടുത്ത തലമുറക്ക് മാത്രമല്ല, ചുറ്റുപാടുമുള്ള ആവശ്യക്കാരനും പണം നല്‍കാനാവുക ശ്രേഷ്ടമാണ്. കൊടുക്കുമ്പോഴാണ് ഒരുവന്‍ സമ്പന്നനാവുന്നത്. കൊടുക്കുന്നത് സമയമാവാം, കഴിവുകളാവാം, അറിവാകാം, ശാരീരിക അധ്വാനമാകാം. പബ്ലിസിറ്റിക്കുവേണ്ടി മാത്രമാവരുത്. കോര്‍പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി (CSR) ഫണ്ടുകള്‍ മാത്രമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന നിരവധി സര്‍ക്കാരിതര സന്നദ്ധ സ്ഥാപനങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. സത്യത്തില്‍ ലോകത്തിനാവശ്യായുള്ള പണം ഇവിടെ തന്നെയുണ്ട്. പോക്കറ്റുകള്‍ മാറുന്നുവെന്നേയുള്ളൂ. പണത്തിനോടുള്ള അതിമോഹം മൂലം നിത്യദരിദ്രനായി കഴിയുന്ന പലരും നമുക്ക് ചുറ്റുമുള്ളപ്പോള്‍ ഈ ആശയത്തിന് പ്രസക്തിയേറുന്നു. കൊടുക്കുന്നവന്‍ എന്നും കൊടുത്തുകൊണ്ടേയിരിക്കും, മേടിക്കുന്നവന്‍ എന്നും മേടിച്ചുകൊണ്ടേയിരിക്കും എന്നതും ശ്രദ്ധേയമാണ്. ചെറിയ ക്ലാസിലെ കണക്കുപുസ്തകത്തില്‍ എളുപ്പവഴിയില്‍ ക്രിയ ചെയ്യാന്‍ പഠിപ്പിക്കുന്നതുപോലെ എളുപ്പവഴിയില്‍ ജീവിക്കാന്‍ പ്രോല്‍സാഹിപ്പിക്കരുത്.

ലയോണല്‍ റോബിന്‍സ് എന്ന സാമ്പത്തികശാസ്ത്രജ്ഞന്റെ അഭിപ്രായത്തില്‍ സാമ്പത്തികശാസ്ത്രമെന്നത് മുന്‍ഗണനാനുസൃതമായുള്ള വിവേകപൂര്‍വമായ തിരഞ്ഞെടുപ്പിന്റെ ശാസ്ത്രമാണ്. കാരണം മനുഷ്യന്റെ ആവശ്യങ്ങള്‍ നിരവധിയാണ്. ഒരാവശ്യം സാധിച്ചുകഴിയുമ്പോള്‍ മറ്റൊന്ന് വന്നുകൊണ്ടിരിക്കും. എന്നാല്‍ എല്ലാ ആവശ്യങ്ങളും സാധ്യമാക്കാനുതകുന്ന വിഭവങ്ങള്‍ പരിമിതമാണ്. അതിനാല്‍ ലഭ്യമായ വിഭവങ്ങളെ ആവശ്യങ്ങളുടെ ക്രമമനുസരിച്ച് തെരഞ്ഞെടുക്കുക എന്നതാണ് പ്രധാനപ്പെട്ടത്. കാരണം പണം പ്രാഥമികമായും ഒരു വിനിമയ മാര്‍ഗമാണ് (A Medium of Exchange).

ജീവിതം വാദ്യോപകരണം പോലെയാണ്. ഒത്തിരി മുറുക്കിയാല്‍ തന്ത്രികള്‍ പൊട്ടിപ്പോകും; അയഞ്ഞാല്‍ വല്ലാത്ത അപസ്വരമായിരിക്കും ഫലം. അതുകൊണ്ട് ജീവിതമെന്ന വാദ്യോപകരണത്തെ കൃത്യമായി ട്യൂണ്‍ ചെയ്യാന്‍ സാധിക്കുക ഒരു കലയാണ്. പണസമ്പാദനവും അതിന്റെ വിനിയോഗവും ഇതുപോലെ തന്നെയാണ്. അതുകൊണ്ട് പണം ഒരു പ്രശ്‌നമല്ലാതെ സാധ്യതയായി കണ്ട് മാന്യമായ രീതിയില്‍ വളര്‍ത്തുന്നതും കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതും ആവശ്യക്കാരുമായി പങ്കുവെക്കുന്നതും വിവേകപൂര്‍വം അടുത്ത തലമുറക്ക് കൈമാറുന്നതും ഒരുവന്‍ ശാസ്ത്രീയമായി അഭ്യസിച്ചെടുക്കേണ്ട കല തന്നെയാണ്. പണത്തെ നമുക്ക് കൈകാര്യം ചെയ്യാനായില്ല എങ്കില്‍ പണം നമ്മളെ കൈകാര്യം ചെയ്യും എന്നതാണ് സ്ഥിതി. ഓര്‍ക്കുക, ഒരാള്‍ ദരിദ്രനായി ജനിക്കുന്നത് അയാളുടെ കുറ്റമല്ല. എന്നാല്‍ ഒരുവന്‍ ദരിദ്രനായി മരിക്കുന്നത് അയാളുടെ കുറ്റംകൊണ്ടും കൂടിയാണ്.

(സാമ്പത്തികശാസ്ത്രത്തില്‍ അസോസിയേറ്റ് പ്രൊഫസറും (റിട്ട.) റിസേര്‍ച്ച് ഗൈഡുമാണ് ഡോ. കൊച്ചുറാണി ജോസഫ്. വിഷ്വല്‍ മീഡിയയില്‍ കണ്‍സള്‍ട്ടന്റും സാമ്പത്തിക വിഷയങ്ങളില്‍ രചയിതാവുമായ ലേഖിക സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ക്ക് പേഴ്‌സണല്‍ ഫിനാന്‍സ് പരിശീലനവും നല്‍കിവരുന്നു)