image

2 Dec 2022 1:27 PM GMT

People

പ്രവാസിപ്പണം നിലച്ചാല്‍ കേരളത്തില്‍ എന്തുസംഭവിക്കും?

Mary George

expatriates different states india
X

Summary

  • പ്രവാസിപ്പണത്തിന്റെ മേനിയില്‍ നമ്പര്‍ വണ്‍ എന്ന് അഭിമാനിക്കുന്ന നമ്മള്‍ മലയാളികള്‍ക്ക് അത്രനല്ല വര്‍ത്തമാനമല്ല കേള്‍ക്കുന്നത്
  • കേരളത്തില്‍ ആര് മൂലധനം നിക്ഷേപിക്കുന്നുവോ ആരുടെ കൈവശം അതിന്റെ അധികാരം ഇരിക്കുന്നുവോ അവര്‍ തൊഴിലാളികളുടെ ശത്രുക്കളാണ് എന്ന രീതിയിലാണ് തൊഴിലാളി യൂണിയനുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.
  • 2,29,636 കോടി രൂപ നിക്ഷേപമായി കിടക്കുമ്പോഴും അത് പ്രത്യുല്‍പ്പാദനപരമായി കേരളത്തില്‍ ചെലവഴിക്കപ്പെടുന്നില്ല. കാരണം, ഇവിടെ വരുന്ന പണത്തിന്റെ ഭൂരിഭാഗവും പോകുന്നത് റിയല്‍ എസ്‌റ്റേറ്റ്, കണ്‍സ്ട്രക്ഷന്‍ മേഖലകളിലേക്കാണ്.


എന്തുകൊണ്ടാണ് കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ എന്ന് ആലോചിച്ചിട്ടുണ്ടോ? പ്രധാനകാരണം അവകാശ സമരങ്ങളാണ്. ഒരുപക്ഷേ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആരംഭകാലം തൊട്ട് ജനങ്ങളെ അവരുടെ അവകാശങ്ങളെ കുറിച്ച് അവബോധമുള്ളവരാക്കി, ഇതിന്റെ ഫലമായി ഉത്തരവാദിത്തത്തില്‍ തീരെ അവബോധമില്ലാത്തവരുമായി. ഇതുമൂലം അവകാശസമരങ്ങള്‍ കേരളത്തില്‍ സജീവമായി. കേരളത്തില്‍ ആര് മൂലധനം നിക്ഷേപിക്കുന്നുവോ ആരുടെ കൈവശം അതിന്റെ അധികാരം ഇരിക്കുന്നുവോ അവര്‍ തൊഴിലാളികളുടെ ശത്രുക്കളാണ് എന്ന രീതിയിലാണ് തൊഴിലാളി യൂണിയനുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ഇതിന്റെ ഫലമായി 1940 കളിലും 60 കളിലും കേരളത്തിലുണ്ടായിരുന്ന, പച്ചപിടിച്ചിരുന്ന കശുവണ്ടി, കൈത്തറി, കയറ് പോലുള്ള വ്യവസായങ്ങളൊക്കെ അയല്‍സംസ്ഥാനങ്ങളിലേക്ക് ചേക്കേറുകയായിരുന്നു


അന്തര്‍ദേശീയ തൊഴില്‍ സംഘടന (ഐഎല്‍ഒ) യുടെ കണക്ക് അനുസരിച്ച് 13.4 ദശലക്ഷം ഇന്ത്യക്കാരാണ് വിദേശരാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്നത്. പ്രവാസി തൊഴിലാളികളുടെ എണ്ണത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. അതായത്, ലോകത്തുള്ള ആകെ പ്രവാസികളുടെ 22 ശതമാനവും ഇന്ത്യയില്‍നിന്നാണെന്ന് അര്‍ത്ഥം. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ളത് കേരളത്തില്‍നിന്നാണ്. ഇന്ത്യയില്‍നിന്നുള്ള ആകെ പ്രവാസികളുടെ 19 ശതമാനം കേരളത്തില്‍നിന്നുള്ളവരാണ്. 16.7 ശതമാനവുമായി മഹാരാഷ്ട്രയാണ് രണ്ടാമതുള്ളത്. ഇന്ത്യയില്‍നിന്നുള്ള പ്രവാസികളില്‍ 64 ശതമാവും ജിസിസി രാജ്യങ്ങളിലാണ് ജോലി ചെയ്യുന്നത്. അതില്‍ തന്നെ യുഎഇയാണ് ഒന്നാം സ്ഥാനത്ത്. സഊദി അറേബ്യ, കുവൈറ്റ് എന്നിവ യഥാക്രമം ഇന്ത്യന്‍ പ്രവാസികളില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്. 64 ശതമാനം കഴിഞ്ഞ് ബാക്കിയുള്ള പ്രവാസികള്‍ മാത്രമാണ് അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ മറ്റ് രാജ്യങ്ങളിലായി ഉള്ളത്.


ഇന്ത്യയുടെ മൊത്ത ആഭ്യന്തര വരുമാനത്തിന്റെ 3 ശതമാനം എന്‍ആര്‍ഐ റെമിറ്റന്‍സസില്‍നിന്നാണുണ്ടാകുന്നത്. അതേസമയം നേപ്പാളിന്റെ ജിഡിപിയുടെ 24.8 ശതമാനവും പാകിസ്താന്റെ 12.6 ശതമാനവും ശ്രീലങ്കയുടെ 8.3 ശതമാനവുമാണ് എന്‍ആര്‍ഐ വരുമാനം. പക്ഷേ ഈ രാജ്യങ്ങളില്‍നിന്നൊക്കെ കുറച്ചുപേര്‍ മാത്രമേ വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. അവരുടെ ജിഡിപിയും ചെറുതാണ് എന്ന് നമ്മള്‍ ഓര്‍ക്കണം.ഗവണ്‍മെന്റ് ഓഫ് ഇന്ത്യ 2015ല്‍ ഇന്റഗ്രേറ്റ് ഗ്രിവന്‍സ് റിഡ്രസല്‍ പോര്‍ട്ടല്‍ തുടങ്ങിയിരുന്നു. അതിന് ശേഷം 78,000 ഗ്രിവന്‍സ്് ലഭിച്ചു. ഇതില്‍ 95 ശതമാനവും പരിഹരിച്ചുവെന്നാണ് പറയുന്നത്. കേന്ദ്രബജറ്റ് 2022-23 പ്രവാസികള്‍ക്കുവേണ്ടി വളരെ കുറച്ച് നടപടികളെങ്കിലും സ്വീകരിച്ചിട്ടുണ്ട്. അതായത്, 2022-23 ന്റെ ബജറ്റ് കാലം വരെയും രണ്ടോ അതിലധികം പ്രവാസികള്‍ ചേര്‍ന്നാല്‍ മാത്രമേ ഒരുമൂലധന നിക്ഷേപമോ വ്യവസായമോ ആരംഭിക്കാന്‍ ഇന്ത്യയില്‍ സാധിക്കുമായിരുന്നുള്ളൂ. ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് എന്നതായിരുന്നു ആ സമ്പ്രദായത്തിന്റെ പേര്. കഴിഞ്ഞ ബജറ്റില്‍ അത് മാറ്റി ഒരു വ്യക്തിക്ക് തന്നെ മൂലധന പരിധിയില്ലാതെ വ്യവസായം തുടങ്ങാം എന്ന നിയമം കൊണ്ടുവന്നു. അത് ഇന്ത്യയില്‍ വ്യവസായം തുടങ്ങാന്‍ താല്‍പ്പര്യമുള്ളവരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസകരമായ കാര്യമാണ്. മാത്രവുമല്ല അത് തൊഴില്‍ സൃഷ്ടിക്കുന്നതിന് സഹായിക്കുകയും ചെയ്യും.

2021-22 ബജറ്റിലും സമാനമായി നല്ലൊരു നടപടി കേന്ദ്രസര്‍ക്കാര്‍ എടുത്തിരുന്നു. നേരത്തെ ദ്വിമുഖ നികുതിയായിരുന്നു ചുമത്തിയിരുന്നത്. അതായത് പ്രവാസികള്‍ അവര്‍ ജോലി ചെയ്യുന്ന രാജ്യത്തും ഇന്ത്യയിലും നികുതി നല്‍കേണ്ടി വന്നിരുന്നു. എന്നാല്‍ ആ നിയമം എടുത്തുമാറ്റി ഏതെങ്കിലും ഒരിടത്ത് നികുതി നല്‍കിയാല്‍ മതിയെന്നാക്കി.

കേരളവും പ്രവാസികളും

1980 മുതല്‍ ആരോഗ്യവും വിദ്യാഭ്യാസവും ഉള്‍പ്പെടെയുള്ള ഭൂരിഭാഗം മേഖലകളിലും കേരളമാണ് ഒന്നാമതുള്ളത്. മനുഷ്യവിഭവ ശേഷി ഏറ്റവും ഫലപ്രദമായി വളര്‍ത്തിയെടുക്കുന്ന ഒരു സംസ്ഥാനമാണ്, സമൂഹമാണ് കേരളം. എന്നിട്ടും എന്തുകൊണ്ടാണ് കേരളത്തില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ എന്ന് ആലോചിച്ചിട്ടുണ്ടോ? ഇതിന് പ്രധാനകാരണം അവകാശ സമരങ്ങളാണ്. ഒരുപക്ഷേ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആരംഭകാലം തൊട്ട് ജനങ്ങളെ അവരുടെ അവകാശങ്ങളെ കുറിച്ച് അവബോധമുള്ളവരാക്കി, ഇതിന്റെ ഫലമായി ഉത്തരവാദിത്തത്തില്‍ തീരെ അവബോധമില്ലാത്തവരുമായി. ഇതുമൂലം അവകാശസമരങ്ങള്‍ കേരളത്തില്‍ സജീവമായി. കേരളത്തില്‍ ആര് മൂലധനം നിക്ഷേപിക്കുന്നുവോ ആരുടെ കൈവശം അതിന്റെ അധികാരം ഇരിക്കുന്നുവോ അവര്‍ തൊഴിലാളികളുടെ ശത്രുക്കളാണ് എന്ന രീതിയിലാണ് തൊഴിലാളി യൂണിയനുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ഇതിന്റെ ഫലമായി 1940 കളിലും 60 കളിലും കേരളത്തിലുണ്ടായിരുന്ന, പച്ചപിടിച്ചിരുന്ന കശുവണ്ടി, കൈത്തറി, കയറ് പോലുള്ള വ്യവസായങ്ങളൊക്കെ അയല്‍സംസ്ഥാനങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. മാത്രവുമല്ല, പുതിയ വ്യവസായങ്ങള്‍ കേരളത്തിന് അന്യമാവുകയും ചെയ്തു. ഇങ്ങനെ കലുഷിതമായ വ്യവസായ അന്തരീക്ഷത്തില്‍ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടാതെ ആയതോടെയാണ് കേരളത്തിലെ വിദ്യാഭ്യാസവും ആരോഗ്യവുമുള്ള ജനത തൊഴില്‍ തേടി വിദേശരാജ്യങ്ങളിലേക്ക് പോകേണ്ടിവന്നത്.

സാധാരണ വര്‍ഷങ്ങളില്‍ കേരളത്തിന്റെ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ 30-35 ശതമാനം വരെ പ്രവാസികളില്‍നിന്നാണ്. പക്ഷേ, പ്രവാസികള്‍ അയക്കുന്ന പണം പോലും ശരിയായ രീതിയില്‍ വിനിയോഗിക്കാന്‍ കേരളത്തിന് കഴിയുന്നില്ലെന്നാണ് വസ്തുത. കാരണം ഇവിടെ വ്യവസായം നടത്താന്‍ ആരും തയ്യാറാകുന്നില്ല. എന്നാല്‍ പ്രവാസികളില്‍നിന്ന് പണം വരുന്നത് കൊണ്ട് ഇവിടത്തെ സേവന മേഖല വളരെയധികം വളര്‍ന്നു. സംസ്ഥാനത്തിന്റെ വരുമാനത്തില്‍ 69-70 ശതമാനവും വരുന്നത് ഈ മേഖലയില്‍നിന്നാണ്.

2003ല്‍ 28,686 കോടി രൂപയായിരുന്നു വിവിധ ബാങ്കുകളില്‍ പ്രവാസികളുടെ നിക്ഷേപം. ഇത് വളര്‍ന്ന് വളര്‍ന്ന് 2021 ആയപ്പോള്‍, കോവിഡ് മഹാമാരിയായിട്ട് പോലും 2,29,636 കോടി രൂപയായി ഉയര്‍ന്നു. അതായത് 2003 നും 2021നുമുണ്ടായ വര്‍ധനവ് 700 ശതമാനമാണ്. ഈ പണമൊഴുക്ക് കേരളത്തിന്റെ ഉപഭോക്തൃനിലവാരം ഉയർത്തിയതോടൊപ്പം തന്നെ ഉപഭോക്തൃ സംസ്ഥാനമാക്കി മാറ്റിയെന്നതും എടുത്തുപറയേണ്ട കാര്യമാണ്. ഉപഭോക്തൃ സംസ്ഥാനം എന്ന് പറയുമ്പോള്‍ ഉല്‍പ്പാദന രംഗത്ത് ഒന്നും തന്നെയില്ലെന്ന ചീത്തപ്പേര് കൂടി അതിനകത്തുണ്ട്.


പ്രവാസികളുടെ തിരിച്ചുവരവ്

കുവൈത്ത് യുദ്ധത്തിന്റെ തുടക്കത്തോടെയാണ് പ്രവാസികളുടെ തിരിച്ചുവരവ് കേരളം ചര്‍ച്ച ചെയ്ത് തുടങ്ങിയത്. പിന്നീട് 2008 ലെ ആഗോളമാന്ദ്യത്തിന്റെ സമയത്ത് ലോകത്ത് വിവിധയിടങ്ങളിലായുള്ള മലയാളികളെ തിരിച്ചുവരുന്നതിന് പ്രേരിപ്പിച്ചു. ഇക്കാലത്താണ് കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്കായി സ്റ്റാറ്റിയൂട്ടറി വെല്‍ഫെയര്‍ ആക്ട് പാസാക്കുകയും അങ്ങനെ സ്റ്റാറ്റിയൂട്ടറി വെല്‍ഫെയര്‍ ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തത്. കോവിഡ് കാരണം 2020ല്‍ പ്രവാസികളുടെ തിരിച്ചുവരവിന്റെ വലിയൊരു ഒഴുക്കാണുണ്ടായത്. 1,26,443 പേരാണ് തൊഴില്‍രഹിതരായി സംസ്ഥാനത്ത് മടങ്ങിയെത്തിയത്. കുടുംബാംഗങ്ങളെയും കണക്കാക്കുമ്പോള്‍ 17,48,431 പേര്‍. കോവിഡ് അത്ര വലിയ ആഘാതമാണ് ഗള്‍ഫ് മേഖലയില്‍ സൃഷ്ടിച്ചത്. അതിന്റെ അനുരണനങ്ങള്‍ കേരളത്തിലും ശക്തമായ രീതിയിലുണ്ടായി.

ഇങ്ങനെ തിരിച്ചുവരുന്ന വെല്‍ഫെയര്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത പ്രവാസികള്‍ക്കായി വിവിധ ആനുകൂല്യങ്ങള്‍ വെല്‍ഫെയര്‍ ബോര്‍ഡ് നല്‍കിവരുന്നുണ്ട്. പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍, ഇന്‍വാലിഡ് പെന്‍ഷന്‍, മരണ ധനസഹായം, വിദ്യാഭ്യാസ സഹായം, വിവാഹ സഹായം തുടങ്ങിയവയൊക്കെ തിരിച്ചുവന്ന പ്രവാസികള്‍ക്ക് ബോര്‍ഡ് നല്‍കിവരുന്നു. 2016-17 ല്‍ വെല്‍ഫെയര്‍ ബോര്‍ഡ് 4.4 കോടി രൂപയായിരുന്നു സഹായധനമായി ഇത്തരത്തില്‍ നല്‍കിയിരുന്നതെങ്കില്‍ 2019-20 ല്‍ അത് 41.13 കോടി രൂപയായി വര്‍ധിച്ചു. അതായത്, ക്രമാനുഗതമായി അല്ല, ഉയര്‍ന്നതോതിലാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവാസികള്‍ക്കായി ധനസഹായ ഫണ്ട് വര്‍ധിപ്പിച്ചത്.

വെല്‍ഫെയര്‍ ബോര്‍ഡ് വഴിയുള്ള ആനുകൂല്യങ്ങള്‍ക്ക് പുറമെ പ്രവാസികള്‍ക്കായി ആവിഷ്‌കരിച്ച പദ്ധതിയാണ് പ്രവാസി ഡിവിഡന്റ് സ്‌കീം. ഇന്‍വെസ്റ്റ്‌മെന്റ് തിരിച്ചുവന്ന പ്രവാസികള്‍ക്ക് മൂന്ന് ലക്ഷം രൂപ മുതല്‍ 51 ലക്ഷം രൂപ വരെ കിഫ്ബിയുടെ ബോണ്ടുകളില്‍ നിക്ഷേപിക്കാം. അങ്ങനെ നിക്ഷേപിക്കുന്നവര്‍ക്ക് 10 ശതമാനം പലിശയാണ് സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. ബാങ്ക് നിക്ഷേപത്തേക്കാള്‍ ഉയര്‍ന്ന പലിശനിരക്ക് ആയതിനാല്‍ പ്രവാസികള്‍ക്ക് നിക്ഷേപത്തിനുള്ള നല്ലൊരു മാര്‍ഗം കൂടിയാണിത്.പ്രവാസി പണം; വിനിയോഗം ഇങ്ങനെ

2,29,636 കോടി രൂപ നിക്ഷേപമായി കിടക്കുമ്പോഴും അത് പ്രത്യുല്‍പ്പാദനപരമായി കേരളത്തില്‍ ചെലവഴിക്കപ്പെടുന്നില്ല. കാരണം, ഇവിടെ വരുന്ന പണത്തിന്റെ ഭൂരിഭാഗവും പോകുന്നത് റിയല്‍ എസ്‌റ്റേറ്റ്, കണ്‍സ്ട്രക്ഷന്‍ മേഖലകളിലേക്കാണ്. ഈ രണ്ട് മേഖലകളും ഒരു തരത്തിലും പ്രത്യുല്‍പ്പാദനപരമായ മേഖലകളല്ല. പ്രവാസികളില്‍ പലരും വലിയ കെട്ടിടങ്ങളാണ് നിര്‍മിക്കുന്നത്. ഇതിലെ ഏറ്റവും ദു:ഖകരമായ കാര്യം, ഇത്തരം നിര്‍മാണങ്ങള്‍ക്കാവശ്യമായ വസ്തുക്കള്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നാണ് കൊണ്ടുവരുന്നതെന്നാണ്. ഉല്‍പ്പാദന സാമഗ്രികള്‍ മാത്രമല്ല, തൊഴിലാളകള്‍ പോലും മറ്റ് സംസ്ഥാനങ്ങളില്‍നിന്നാണ് വരുന്നത്. അതായത്, പ്രവാസികള്‍ കേരളത്തില്‍ ചെലവഴിക്കുന്ന പണത്തിന്റെ വലിയൊരു ഭാഗവും പോകുന്നത് മറ്റ് സംസ്ഥാനങ്ങളിലേക്കാണ്.


(സാമ്പത്തിക വിദഗ്ധയാണ് ലേഖിക)