image

2 Dec 2022 10:38 AM GMT

People

5ജി നാളെയുടെ വേഗത വര്‍ധിപ്പിക്കുമോ: നമ്മെ കാത്തിരിക്കുന്നത് വിസ്മയ ലോകം

Sujith Kumar

5g technology 02
X

Summary

എവിടെ പോയാലും വൈഫൈ നെറ്റ്വര്‍ക്ക് ലഭിക്കുകയും അവ ഫോണുമായി സ്വയമേവ കണക്റ്റ് ആയി ഫോണ്‍വിളി ഉള്‍പ്പെടെയുള്ള ഡാറ്റാ സര്‍വീസുകള്‍ മുടക്കമില്ലാതെ സാധ്യമാവുകയും ചെയ്യുന്ന ഒരു സാഹചര്യത്തെക്കുറിച്ച് മനസിലാക്കാന്‍ കഴിയുന്നില്ലേ? അതിനു സമാനമായ ഒന്നാണ് 5-ജിയില്‍ വന്നിരിക്കുന്നത്.


സെല്ലുലാര്‍ കമ്യൂണിക്കേഷന്റെ നാലാം തലമുറയായ 4ജി വന്നതോടെ മൊബൈലിലെ ഡയലര്‍ ആപ്ലിക്കേഷന്‍ എന്നത് നമ്മള്‍ പോലും അറിയാതെ വാട്‌സപ്പും സ്‌കൈപ്പുമൊക്കെ പോലെ ഒരു VoIP ആപ്ലിക്കേഷന്‍ മാത്രമായി മാറിക്കഴിഞ്ഞിട്ടുണ്ട്. അതായത് പഴയ സര്‍ക്യൂട്ട് സ്വിച്ചിംഗ് സാങ്കേതികവിദ്യയില്‍ നിന്നും പാക്കറ്റ് സ്വിച്ചിംഗ് സാങ്കേതിക വിദ്യയിലേക്ക് 4ജിയിലൂടെ മാറിക്കഴിഞ്ഞിരിക്കുന്നു. ഇവിടെ 3ജി വരെ ഫോണ്‍ വിളി സമയത്ത് വിളിക്കുന്ന ആളിലേക്ക് മാത്രമായി അനുവദിക്കപ്പെട്ടിട്ടൂള്ള ഒരു പാതയായ സര്‍ക്യൂട്ട് ആധുനിക മൊബൈല്‍ കമ്യൂണിക്കേഷന്‍ സാങ്കേതിക വിദ്യയില്‍ ഇല്ല. എല്ലാം പാക്കറ്റ് ഡേറ്റ ആണ്. ഈ മെയില്‍ ഐഡി പോലെ ഒരു യുണീക് ഐഡന്റിറ്റി എന്നതിലപ്പുറത്തേക്ക് മൊബൈല്‍ നമ്പറുകള്‍ക്ക് ഇക്കാലത്ത് യാതൊരു സ്ഥാനവുമില്ല. സാങ്കേതികമായി മൊബൈല്‍ സേവന ദാതാവിന്റെ ടവറില്‍ റേഞ്ച് ഇല്ലെങ്കിലും ഏതെങ്കിലും തരത്തില്‍ വൈഫൈ വഴിയുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ വേണമെങ്കില്‍ നിങ്ങളുടെ ഫോണ്‍ നമ്പറിനെ 'ഔട് ഓഫ് കവറേജ് ഏരിയ' യില്‍ ആകുന്ന പ്രശ്‌നം ഒഴിവാക്കാന്‍ കഴിയുന്നതാണ്. അതായത് ഫോണ്‍ നെറ്റ്വര്‍ക്ക് ഇല്ലെങ്കിലും ഏതെങ്കിലും ഒരു വൈഫൈ കണക്ഷനുണ്ടെങ്കില്‍ വാട്‌സപ്പ് വഴിയും സ്‌കൈപ്പ് വഴിയുമൊക്കെ വിളിക്കാന്‍ കഴിയുന്നതുപോലെ തന്നെ. സര്‍വീസ് പ്രൊവൈഡര്‍മാര്‍ 'വൈഫൈ കാളിംഗ് ' എന്ന് വിളിക്കപ്പെടുന്ന ഈ സംവിധാനം സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങളുടെ ഫോണിലും ഇത് സാധ്യമാണ്. നിങ്ങളുടെ സര്‍വീസ് പ്രൊവൈഡര്‍ വൈഫൈ കാളിംഗ് സംവിധാനം നല്‍കുന്നുണ്ടെങ്കില്‍ ഫോണിന്റെ ഡയലര്‍ ആപ്പിലെ അഡ്വാന്‍സ്ഡ് സെറ്റിംഗ്‌സില്‍ അത് കാണാന്‍ കഴിയുന്നതാണ്. പറഞ്ഞു വരുന്നത് മറ്റൊരു വിഷയത്തിലേക്കാണ്. മൊബൈല്‍ ഫോണ്‍ കണക്ഷന്‍ എന്നതില്‍ നിന്നു മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ എന്ന നിലയിലേക്ക് 4ജി വന്നതോടെ സെല്ലുലാര്‍ സാങ്കേതിക വിദ്യ മാറിക്കഴിഞ്ഞു.

5ജിയിലേക്ക് ചുവടുവയ്ക്കുമ്പോള്‍

5ജിയിലേക്ക് പോകുന്നതിനു മുന്‍പ് ഒരു ഉദാഹരണം പറയാം. നിങ്ങളുടെ വീട്ടില്‍ വൈഫൈ ഉണ്ട്. തൊട്ടടുത്ത എല്ലാ വീടുകളിലും വൈഫൈ ഉണ്ട്. അണ്‍ലിമിറ്റഡ് കണക്ഷന്‍ ആയതിനാലും എല്ലാവരും പരസ്പരം നന്നായി പരിചയമുള്ളവര്‍ ആയതിനാലും എല്ലാവരുടേയും വൈഫൈ ആക്‌സസ് പോയന്റുകളും അവയൂടെ പാസ്‌വേഡുകളും പരസ്പരം ഷെയര്‍ ചെയ്യപ്പെട്ടിരിക്കുന്നു. വൈഫൈ കാളിംഗ് വഴി നിങ്ങള്‍ സംസാരിച്ചുകൊണ്ട് റോഡിലൂടെ നടക്കുകയാണെന്ന് കരുതുക. നിങ്ങളുടെ വൈഫൈയുടെ റേഞ്ച് ഏതാനും മീറ്ററുകള്‍ മാത്രം ആയിരിക്കും. നടന്ന് നടന്ന് അയല്‍വാസിയുടെ വീടിനു മുന്നിലേത്തുമ്പോഴേക്കും നിങ്ങളുടെ ഫോണ്‍ അയല്‍വാസിയുടെ നെറ്റ്വര്‍ക്കിലേക്ക് കണക്റ്റ് ആയിട്ടുണ്ടാകും. ഇത്തരത്തില്‍ എവിടെ പോയാലും വൈഫൈ നെറ്റ്വര്‍ക്ക് ലഭിക്കുകയും അവ ഫോണുമായി സ്വയമേവ കണക്റ്റ് ആയി ഫോണ്‍വിളി ഉള്‍പ്പെടെയുള്ള ഡാറ്റാ സര്‍വീസുകള്‍ മുടക്കമില്ലാതെ സാധ്യമാകുന്ന ഒരു സാഹചര്യത്തെക്കുറിച്ച് ഇപ്പോള്‍ മനസിലാക്കാന്‍ കഴിയുന്നില്ലേ? അതിനു സമാനമായ ഒന്നാണ് ഇനി 5ജിയില്‍ വരാന്‍ പോകുന്നത്. ഇവിടെ നിങ്ങളുടെ വൈഫൈ റൗട്ടറുകള്‍ക്ക് പകരമായി മൊബൈല്‍ സര്‍വീസ് പ്രൊവൈഡര്‍മാരാല്‍ സ്ഥാപിക്കപ്പെടുന്ന കൊച്ചുകൊച്ച് മൊബൈല്‍ ടവറുകള്‍ ആയിരിക്കുമെന്നുമാത്രം.

എന്തിനാണിങ്ങനെ വൈഫൈ റൗട്ടറുകള്‍ പോലെ ഇത്രയധികം ചെറിയ ചെറിയ മൊബൈല്‍ ടവറുകള്‍ ആവശ്യമായി വരുന്നത്? എന്തെല്ലാമായിരിക്കും 5ജിയില്‍ ഉപയോഗിക്കുന്ന നമുക്ക് ഇതുവരെ പരിചിതമല്ലാത്ത സാങ്കേതിക വിദ്യകള്‍? അവയെക്കുറിച്ചെല്ലാം വിശദമായിത്തന്നെ പറയാം.




ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റി

1ജി മുതല്‍ ഉള്ള എല്ലാ മൊബൈല്‍ സാങ്കേതിക വിദ്യകളെയും നമുക്ക് ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റി ആയി കണക്കാക്കാം. എന്താണ് ഈ ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റി? റെയില്‍വേ സ്‌റ്റേഷനുകളില്‍ നിന്നും വിമാനത്താവളങ്ങളില്‍ നിന്നും ബസ് സ്റ്റാന്‍ഡുകളില്‍ നിന്നുമൊക്കെ നമ്മുടെ വീട്ടിലേക്കുള്ള ഗതാഗത സംവിധാനങ്ങൾ ഇല്ലേ? അതു തന്നെയാണ് ഈ പറഞ്ഞ ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റി. ലോകത്തെവിടെയും ഏറ്റവും ശ്രമകരമായ ഒരു ജോലിയാണ് ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുക എന്നത്. 2800 കിലോമീറ്റര്‍ ദൂരെ കിടക്കുന്ന ദുബായില്‍ നിന്നു രണ്ടോ മൂന്നോ മണിക്കൂറുകള്‍ക്കകം വിമാനത്തില്‍ കൊച്ചിയില്‍ എത്താം. പക്ഷേ ഏതാനും കിലോമീറ്ററുകള്‍ മാത്രം ദൂരമുള്ള നെടുമ്പാശേരിയില്‍ നിന്നും വൈറ്റില വരെ എത്തണമെങ്കില്‍ എത്ര മണിക്കൂറുകള്‍ എടുക്കുമെന്ന് യാതൊരു ഉറപ്പുമില്ല. അതുപോലെ തന്നെയാണ് നമ്മുടെ വയര്‍ലെസ് കമ്യൂണിക്കേഷന്‍ സാങ്കേതികവിദ്യകളുടെ കാര്യവും.

3ജിയ്ക്ക് ശേഷം ഫോണ്‍ വിളി എന്നതിനുപരി ഇന്റര്‍നെറ്റ് ആണ് സെല്ലുലാര്‍ സാങ്കേതിക വിദ്യകളൂടെ അടിസ്ഥാനമെന്നതിനാല്‍ ഡേറ്റയുടെ കാര്യം തന്നെ എടുത്ത് പരിശോധിച്ചു നോക്കിയാല്‍ രസകരമായ ഒരു വസ്തുത മനസ്സിലാക്കാന്‍ കഴിയും. ഇനി വരാന്‍ പോകുന്ന 5ജി നെറ്റ്വര്‍ക്ക് നമുക്ക് തരുവാന്‍ ഉദ്ദേശിക്കുന്ന ഡാറ്റാ സ്പീഡും സൗകര്യങ്ങളുമെല്ലാം പത്തൊ പതിനഞ്ചോ കിലോമീറ്ററുകള്‍ ദൂരെയുള്ള നമ്മുടെ മൊബൈല്‍ ടവറുകള്‍ വരെ 2ജി/3ജി കാലഘട്ടങ്ങളില്‍ തന്നെ നിലനിന്നിരുന്നു. പക്ഷേ അത് വയര്‍ലെസ് ആയിട്ടുള്ളതല്ല ഹൈസ്പീഡ് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ വഴി ഉള്ളതായിരുന്നു എന്നു മാത്രം. 3ജിയിലും 4ജിയിലുമൊക്കെ ശ്രമിച്ചത് ഇതിനെ ഉപഭോക്താക്കളിലേക്ക് വയര്‍ ഇല്ലാതെ എത്തിക്കുക എന്ന ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റി ഉറപ്പാക്കാന്‍ ആയിരുന്നു. ഇത്തരത്തില്‍ ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റി മെച്ചെപ്പെടുത്തുക എന്നത് വലിയ വെല്ലുവിളികള്‍ ഉള്ള ഒന്നാണ്.

നമ്മുടെ ഗതാഗത സൗകര്യങ്ങളുടെ കാര്യം തന്നെ ഉദാഹരണമായി എടുത്ത് പരിശോധിച്ചു നോക്കുക. എന്തെല്ലാം വെല്ലുവിളികള്‍ ആണ് നേരിടേണ്ടി വരുന്നത് ? റോഡുകളുടെ വീതിക്കുറവ്, റോഡുകളിലെ വളവുകളും തിരിവുകളും കുണ്ടും കുഴികളും. വാഹനങ്ങളുടെയും സഞ്ചാരികളുടെയും ആധിക്യം. എന്നുവേണ്ട പെട്ടെന്ന് പരിഹരിക്കാന്‍ കഴിയാത്തതും ധാരാളം പണച്ചിലവുള്ളതുമാണ് ഈ പറഞ്ഞ ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റി എന്നത്.

വയര്‍ലെസ് കമ്യൂണിക്കേഷനിലും ഇതുപോലെ ധാരാളം വെല്ലുവിളികള്‍ ഉണ്ട്. റോഡുകളുടെ വീതിക്കുറവിനോട് താരതമ്യപ്പെടുത്താവുന്നതാണ് ഇലക്ട്രോമാഗ്‌നറ്റിക് സ്‌പെക്ട്രത്തിന്റെ വീതിക്കുറവും. അതായത് വയര്‍ലെസ് കമ്യൂണിക്കേഷനിലെ റോഡുകള്‍ ആണ് ഇലക്ട്രോ മാഗ്‌നറ്റിക് സ്‌പെക്ട്രം. വായുവും വെള്ളവും ഭൂമിയും പോലെ ഇലക്ട്രോ മാഗ്‌നറ്റിക് സ്‌പെക്ട്രവും ഒരു പ്രകൃതി വിഭവം ആണ്. അതുകൊണ്ട് തന്നെ അതിന്റ് ഉപയോഗത്തിലും വിതരണത്തിലുമെല്ലാം ശക്തമായ നിബന്ധനകളും ധാരാളം പ്രായോഗിക സാങ്കേതിക പരിമിതികളും ഉണ്ട്.

എന്തായിരിക്കും അഞ്ചാം തലമുറ?

ഇപ്പോള്‍ നമ്മള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന നാലാം തലമുറ സെല്ലുലാര്‍ കമ്യൂണിക്കേഷന്‍ സാങ്കേതിക വിദ്യകളില്‍ നിന്നും വ്യത്യസ്തമായി എന്തായിരിക്കും അഞ്ചാം തലമുറയില്‍ നമുക്ക് ലഭിക്കാന്‍ പോകുന്നത്? ഇപ്പോള്‍ 10 Mbps വേഗതയില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന സിനിമ ഇനി 100 Mbps വേഗതയില്‍ ഡൗണ്‍ ലോഡ് ചെയ്യാന്‍ കഴിയും എന്നത് മാത്രമാണോ? നമ്മള്‍ ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന 4ജിയുടെ ശരാശരി ഡാറ്റാ റേറ്റ് അല്ലെങ്കില്‍ സ്പീഡ് പ്രായോഗിക തലത്തില്‍ 3ജിയുടെ പരമാവധി ഡാറ്റാ റേറ്റ് ആയിരുന്നു എന്ന് മനസിലാക്കാമല്ലോ. അതുപോലെ തന്നെ ആണ് 5ജി യുടെ കാര്യവും. 4ജിയുടെ പരമാവധി ഡേറ്റാ റേറ്റ് 100 Mbps ആണെങ്കില്‍ 5 ജിയുടേത് 10 Gbps ആണ്. അതായത് 4ജിയേക്കാള്‍ നൂറു മടങ്ങ് അധികവേഗത. പ്രായോഗിക തലത്തിലും ഇപ്പോള്‍ 4ജിയില്‍ കിട്ടുന്നതിന്റെ നൂറിരട്ടി വേഗത എങ്കിലും 5ജിയില്‍ പ്രതീക്ഷിക്കാവുന്നതാണ്.

വേഗതയ്ക്ക് അപ്പുറത്തും 5ജിയ്ക്ക് മറ്റു പല പ്രത്യേകതകള്‍ വിഭാവനം ചെയ്തിട്ടുണ്ട്. അതില്‍ പ്രധാനമാണ് 'ലാറ്റന്‍സി'. നമ്മള്‍ ഒരു പന്ത് ചുവരിലേക്ക് അടിച്ചാല്‍ അത് അവിടെ ചെന്ന് തട്ടി തിരിച്ചു വരാന്‍ എടുക്കുന്ന സമയം ഉണ്ടല്ലോ അതിനെ ലാറ്റന്‍സിയോട് ഉപമിക്കാം. 4ജിയില്‍ ഇത് 10 മില്ലി സെക്കന്റ് ആണെങ്കില്‍ 5ജിയില്‍ 1 മില്ലി സെക്കന്റില്‍ താഴെ ആണ് വിഭാവനം ചെയ്തിരിക്കുന്നത്. എന്തുകൊണ്ടാണ് ഈ ലാറ്റന്‍സി ഇത്രയധികം പ്രാധാന്യമര്‍ഹിക്കുന്നത്? 4ജി എന്നത് അടിസ്ഥാനപരമായി ഒരു മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സംവിധാനം ആണെങ്കില്‍ 5ജി അതിലും അപ്പുറത്താണ്. അതായത് വിര്‍ച്വല്‍ റിയാലിറ്റിയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും പൂക്കാലമായിരിക്കും 5ജിയുടേത്.

ലാറ്റന്‍സിയുടെ കാര്യം മനസിലാക്കാന്‍ ചില ഉദാഹരണങ്ങള്‍ പറയാം. ഇപ്പോള്‍ ഇന്റര്‍നെറ്റിലൂടെ ലോകത്ത് പലഭാഗത്തുമിരിക്കുന്ന ആളുകളുമായി ചേര്‍ന്ന് കളിക്കുന്ന ഉഗ്രന്‍ കമ്പ്യൂട്ടര്‍ / മൊബൈല്‍ ഗേമുകള്‍ ഇല്ലേ. ഇതിലൊക്കെ ലാറ്റന്‍സി ഒരു വലിയ വിഷയമാണ്. അതായത് ഒരു ആക്ഷന്‍ ഗെയ്മാണെങ്കില്‍ നിങ്ങള്‍ എതിരാളിയെ വെടിവയ്ക്കുമ്പോള്‍ ക്ഷണ നേരം കൊണ്ട് തന്നെ ഒട്ടും തന്നെ സമയവ്യത്യാസം ഇല്ലാതെ എതിരാളിക്ക് അത് കൊള്ളുവാനോ അല്ലെങ്കില്‍ മനസിലാക്കി ഒഴിഞ്ഞ് മാറാനോ ഉള്ള അവസരം ഉണ്ടായിരിക്കണം. നെറ്റ്‌വര്‍ക്കില്‍ ലേറ്റന്‍സി മൂലം ഉണ്ടാകുന്ന സമയ വ്യത്യാസം ഇപ്പോള്‍ വെടി വച്ചാല്‍ പത്തു സെക്കന്റിനു ശേഷം കൊള്ളുന്ന അവസ്ഥ ഉണ്ടാകുന്നത് കളിയുടെ രസം കൊല്ലുന്നതല്ലേ. അതില്‍ സ്വാഭാവികത തീര്‍ച്ചയായും നഷ്ടപ്പെടുന്നു. അതുപോലെ തന്നെ മറ്റൊരു ഉദാഹരണമാണ് റോബോട്ടിക് സര്‍ജറി. അമേരിക്കയില്‍ ഇരിക്കുന്ന ഒരു വിദഗ്ധ ഡോക്ടര്‍ കമ്പ്യൂട്ടര്‍ സ്‌ക്രീനിലൂടെ ഇന്ത്യയിലെ ആശുപത്രിയിലെ റോബോട്ട് നടത്തുന്ന സര്‍ജറി തത്സമയം കണ്ടുകൊണ്ട് അതിനെ നിയന്ത്രിക്കുന്ന ഒരു സംവിധാനത്തെക്കുറിച്ച് ചിന്തിച്ചു നോക്കുക. ഇവിടെ നെറ്റ്‌വര്‍ക്കില്‍ ഉള്ള ഡിലേ വളരെ പ്രധാനപ്പെട്ടതാണ്. റോബോട്ടിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാനുള്ള കമാന്‍ഡ് നല്‍കിയ ഉടന്‍ തന്നെ ഒട്ടും തന്നെ സമയമെടുക്കാതെ ആ സന്ദേശം റോബോട്ടിലേക്ക് എത്തുകയും അതിന്റെ പ്രതികരണം കമാന്‍ഡ് നല്‍കിയ ഡോക്ടറിലേക്ക് തിരിച്ച് എത്തുകയും ചെയ്യുക ഒരു വിദൂര നിയന്ത്രിത റോബോട്ടിക് സര്‍ജറിയെ സംബന്ധിച്ചിടത്തോളം പരമ പ്രധാനമാണ്. ഇവിടെ ലേറ്റന്‍സി എത്രത്തോളം കുറഞ്ഞിരിക്കുന്നുവോ അത്രത്തോളം നല്ലതാണെന്ന് മനസിലാക്കാം. ഇപ്പോള്‍ വാട്‌സപ്പിലും മറ്റും വീഡിയോ ചാറ്റ് നടത്തുന്നവര്‍ക്ക് അറിയാം എത്ര വേഗതയുള്ള 4ജി നെറ്റ്‌വര്‍ക്ക് ആണെങ്കിലും അത്യാവശ്യം നല്ല ഡിലേ തന്നെ വീഡിയോയില്‍ കാണാവുന്നതാണ്. ആ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുക എന്ന ലക്ഷ്യവും അഞ്ചാം തലമുറ സെല്ലുലാര്‍ നെറ്റ് വര്‍ക്കുകള്‍ക്ക് ഉണ്ട്.




നിബന്ധനകളില്ലാതെ കണക്ഷനുകൾ

4ജിയോട് താരതമ്യെപ്പെടുത്തുമ്പൊള്‍ അടുത്ത പ്രധാന വ്യത്യാസമാണ് ഒരു നിശ്ചിത ദൂരപരിധിക്കുള്ളില്‍ സാധ്യമാകുന്ന പരമാവധി ഉപകരണങ്ങളുടെ എണ്ണം എന്നത്. നിലവില്‍ 4ജി നെറ്റ്‌വര്‍ക്കില്‍ ഉപകരണങ്ങള്‍ എന്നാല്‍ മൊബൈല്‍ ഫോണുകളും ഡാറ്റാ ഡോംഗിളുകളും മാത്രമാണല്ലോ പ്രധാനമായിട്ടുമുള്ളത്. ഇവയുടെ എണ്ണം പരിമിതമാണെങ്കില്‍ 5ജിയുടെ കാര്യത്തില്‍ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (IoT) എന്ന ഓമനപ്പേരിട്ടു വിളിക്കുന്ന കൊച്ചു കൊച്ച് ഇന്റര്‍നെറ്റ് കണക്റ്റഡ് ആയിട്ടുള്ള ഉപകരണങ്ങള്‍ കൂടി വരുന്നതോടെ ഒരു ചതുരശ്ര കിലോമീറ്ററില്‍ പരമാവധി പത്തുലക്ഷം കണക്ഷനുകള്‍ വരെ യാതൊരു പ്രശ്‌നവുമില്ലാതെ കണക്റ്റ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. അതോടൊപ്പം തന്നെ നിലവില്‍ 4ജിയില്‍ മൊബൈല്‍ ഉപകരണങ്ങള്‍ പിന്തുണയ്ക്കപ്പെടുന്ന പരമാവധി വേഗത ഒരു മണിക്കൂറിൽ 350 കിലോമീറ്റര്‍ ആണെങ്കില്‍ 5ജിയില്‍ ഇത് 500 കിലോമീറ്റര്‍ പ്രതി മണിക്കൂര്‍ ആയി വര്‍ധിപ്പിച്ചിരിക്കുന്നു.

അടുത്ത എടുത്തു പറയേണ്ട ഒരു പ്രത്യേകത ഊര്‍ജ്ജക്ഷമതയാണ്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചാം തലമുറ മൊബൈല്‍ ഉപകരണങ്ങള്‍ വളരെ ഊര്‍ജ്ജക്ഷമം ആയിരിക്കും. ഇവിടെ മൊബൈല്‍ ഉപകരണങ്ങള്‍ എന്നതുകൊണ്ട് മൊബൈല്‍ ഫോണുകള്‍ മാത്രമാണെന്ന് തെറ്റിദ്ധരിക്കരുത്. മൊബൈല്‍ നമ്പറുകളെ പോലെത്തന്നെ സ്വന്തമായി വിലാസമുള്ള കൊച്ചു കൊച്ച് ഇന്റര്‍നെറ്റ് കണക്റ്റഡ് ആയുള്ള ഉപകരണങ്ങള്‍ ഉയര്‍ന്ന ഊര്‍ജ്ജക്ഷമത ഉള്ളതായിരിക്കുമെന്നതിനാല്‍ അതിലെ ബാറ്ററികള്‍ ഇടയ്ക്കീടെ മാറ്റേണ്ടതിനെക്കുറിച്ചോ റീ ചാര്‍ജ്ജ് ചെയ്യേണ്ടതിനെക്കുറിച്ചോ ചിന്തിക്കേണ്ട ആവശ്യമുണ്ടാകില്ല.

ഇതിനെല്ലാം അപ്പുറമായി ഇക്കാലത്ത് ഏറ്റവും വിലപിടിപ്പുള്ള ഒരു പ്രകൃതി വിഭവം ആയി കണക്കാക്കപ്പെടുന്ന ഇലക്ട്രോ മാഗ്‌നറ്റിക് സ്‌പെക്ട്രത്തിനെ ഒട്ടും പാഴാക്കാതെ അതിന്റെ പരമാവധി സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന ആധുനിക സാങ്കേതിക വിദ്യകള്‍ ആയിരിക്കും അഞ്ചാം തലമുറ സെല്ലുലാര്‍ നെറ്റ് വര്‍ക്കുകളിലേത്.

നിലവില്‍ വലിയ വെല്ലുവിളികളെ ആണ് 5ജി സാങ്കേതിക വിദ്യകള്‍ക്ക് നേരിടാനുള്ളത്. നിലവിലെ 4ജി നെറ്റ് വര്‍ക്കുകള്‍ ചവിട്ടുപടിയായി ഉപയോഗിച്ചുകൊണ്ട് ഒരു പടിപടിയായുള്ള മാറ്റമാണ് 5ജിയിലേക്ക് ഉണ്ടാവുക.