20 May 2026 3:47 PM IST
Summary
ജിഎസ്ടി ബില്ലിംഗ് , സർക്കാർ കോൺട്രാക്ടർമാർ ഇപ്പോഴും ആശ്രയിക്കുന്നത് പഴയ അക്കൗണ്ടിംഗ് രീതികളെ. പോർട്ടലിലെ അപാകതകളാണ് കാരണം.
2017 ജൂൺ മുതൽ ഇന്ത്യയിൽ ജിഎസ്ടി പ്രാബല്യത്തിൽ വന്നതിനെ തുടർന്ന് റിട്ടേൺ സമർപ്പിക്കുന്ന രീതി തന്നെ മാറി. പോർട്ടലിൽ വിവരങ്ങൾ വെളിപ്പെടുത്തുന്ന രീതിയിലും മാറ്റമുണ്ട്. എന്നാൽ കേരളത്തിൽ സർക്കാർ ജോലികൾ ചെയ്യുന്ന കോൺട്രാക്ടർമാർ ഈ മാറ്റത്തിനനുസരിച്ചല്ല റിട്ടേൺ ഫയൽ ചെയ്യുന്നത്. സർക്കാർ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കെ.എസ്.ഇ.ബി., ദേവസ്വം ബോർഡ് അധികാരികൾ തുടങ്ങിയവ നൽകുന്ന ടെൻഡറുകളും വർക്ക് ഓർഡറുകളും ഇപ്പോഴും പഴയ അക്കൗണ്ടിംഗ് രീതികളെയാണ് ആശ്രയിക്കുന്നത്. ജിഎസ്ടി പ്രകാരം വന്ന മാറ്റങ്ങൾ അനുസരിച്ചല്ല പ്രവർത്തിക്കുന്നത് . ഇതിന് കാരണമുണ്ട്.
സർക്കാർ കോൺട്രാക്ടർമാർക്ക് ഇത്തരത്തിലുള്ള റിട്ടേൺ സമർപ്പിക്കൽ പ്രായോഗികമായി സാധ്യമാകുന്ന പ്രവർത്തന രീതി നിലവിലില്ല.
ഉദാഹരണത്തിന് സി എന്ന കോൺട്രാക്ടർക്ക് കേരള വാട്ടർ അതോറിറ്റി ഒരു കോടി രൂപയുടെ പൈപ്പുകളുടെ വിതരണവും സ്ഥാപിക്കലും ഉൾപ്പെടുന്ന ഒരു കരാർ നൽകി എന്ന് കരുതുക. മൂന്ന് മാസത്തിനുള്ളിൽ കോൺട്രാക്ടർ 30% പ്രവൃത്തി പൂർത്തിയാക്കി. തുടർന്ന് സർക്കാർ അധികാരികൾ പരിശോധന നടത്തി എം-ബുക്കിൽ അളവുകൾ രേഖപ്പെടുത്തി സർക്കാർ പോർട്ടലിൽ അപ്‍ലോഡ് ചെയ്യും. സാധാരണയായി ഇതിന് പിന്നെയും ആറുമാസം വരെ സമയം എടുക്കുന്നു. അതിന് ശേഷമാണ് അധികാരികൾ അംഗീകരിച്ച യഥാർത്ഥ തുക കോൺട്രാക്ടർക്ക് അറിയാൻ കഴിയുന്നത്.
ചില ഓയിൽ കമ്പനികൾ കോൺട്രാക്ടർമാർ നൽകുന്ന റണ്ണിംഗ് ബിൽ/ടാക്സ് ഇൻവോയിസുകൾ ശരിയായ രീതിയിൽ രേഖപ്പെടുത്താത്തതിനാൽ അംഗീകരിക്കുന്നില്ല. അങ്ങനെ, അവാർഡ് നൽകിയ സ്ഥാപനത്തിന്റെ പോർട്ടലിൽ വിവരങ്ങൾ അപ്‍ലോഡ് ചെയ്യുന്നതുവരെ ഇൻവോയിസിന്റെ യഥാർത്ഥ മൂല്യം കോൺട്രാക്ടർമാർക്ക് അറിയാൻ കഴിയില്ല.
ഇവിടെ ജി.എസ്.ടി. നിയമപ്രകാരം പരിഗണിക്കേണ്ട പ്രധാന വിഷയമാണ് സേവനം പൂർത്തിയാകുന്ന സമയവും ബില്ലിംഗ് സമയപരിധിയും.
സിജിഎസ്ടി റൂൾസ്, 2017-ലെ റൂൾ 47 പ്രകാരം സേവനങ്ങൾക്ക് ടാക്സ് ഇൻവോയിസ് നൽകേണ്ടത് സേവനം നൽകിയതിന്റെ 30 ദിവസത്തിനുള്ളിലാണ്. ബാങ്കുകൾ, സാമ്പത്തിക സ്ഥാപനങ്ങൾ, എൻ.ബി.എഫ്.സി.കൾ, ഇൻഷുറൻസ് കമ്പനികൾ എന്നിവയ്ക്ക് ഇത് 45 ദിവസമായി നീട്ടിയിട്ടുണ്ട്. റൂൾ 47 പ്രധാനമായും സേവനങ്ങൾക്ക് ബാധകമാണ്. സാധനങ്ങളുടെ വിതരണത്തിന് CGST ആക്റ്റ് സെക്ഷൻ 31(1) പ്രകാരം സാധനങ്ങൾ നീക്കം ചെയ്യുമ്പോഴോ ഡെലിവറി ചെയ്യുമ്പോഴോ ഇൻവോയിസ് നൽകണം.
മുകളിൽ പറഞ്ഞതുപോലെ, സേവനം നൽകിയ ശേഷം 30 ദിവസത്തിനുള്ളിൽ കോൺട്രാക്ടർ അവാർഡ് നൽകിയ സ്ഥാപനത്തിന് ടാക്സ് ഇൻവോയിസ് നൽകേണ്ടതാണ്. ഉദാഹരണത്തിൽ 30% പ്രവൃത്തി പൂർത്തിയായതിനാൽ, ഒരു മാസത്തിനുള്ളിൽ കോൺട്രാക്ടർ ഇൻവോയിസ് നൽകി 18% ജി.എസ്.ടി. അടയ്ക്കേണ്ടതും ജിഎസ്ടിആർ-1 സമർപ്പിക്കുകയും ജിഎസ്ടിആർ-3B വഴി നികുതി അടയ്ക്കുകയും വേണം.
എന്നാൽ ,സംക്ഷിപ്തമായി പറഞ്ഞാൽ, ഇത്തരം നികുതിദായകർക്ക് ‘അക്ക്രൂവൽ’ അടിസ്ഥാനത്തിൽ അല്ലാതെ ‘റസീറ്റ്’ അടിസ്ഥാനത്തിൽ ഇൻവോയിസ് നൽകി നികുതി അടയ്ക്കേണ്ടി വരുന്ന സാഹചര്യമാണുണ്ടാകുന്നത്. അടുത്തിടെ ഒരു സർക്കാർ കോൺട്രാക്ടറുടെ അക്കൗണ്ടിൽ സി.ജി.എസ്.ടി. അധികാരികൾ ഓഡിറ്റ് നടത്തി, പ്രവൃത്തി പൂർത്തീകരണത്തെ അടിസ്ഥാനമാക്കി നികുതിയും പലിശയും ആവശ്യപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്.
ഈ അപാകത എങ്ങനെ പരിഹരിക്കാം? ജിഎസ്ടി ബില്ലിംഗ് സംവിധാനത്തിൽ ഭേദഗതി വരുത്തി, റൂൾ 47 വായിച്ചാൽ റൂൾ 46 അനുസരിച്ച് സമയബന്ധിതമായ ബില്ലിംഗ് ഉറപ്പാക്കുന്ന വ്യക്തമായ അവസാന തീയതി നിശ്ചയിക്കേണ്ടതാണ്. പോർട്ടലും സമയബന്ധിതമായി പരിഷ്കരിക്കണം.
( സ്റ്റാൻലി ജെയിംസ് എഫ്സിഎ , മാനേജിംഗ് പാർട്ണർ, സാജു ആൻഡ് കമ്പനി)
പഠിക്കാം & സമ്പാദിക്കാം
Home
