28 July 2026 2:40 PM IST
Summary
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന സാങ്കേതികവിദ്യ സാധാരണക്കാരായ ഐ.ടി ജീവനക്കാരുടെ, പ്രത്യേകിച്ച് ഡാറ്റാ എൻട്രി, കോഡിങ്, മെഡിക്കൽ കോഡിങ് തുടങ്ങിയ മേഖലകളിലെ തൊഴിലുകളെ എത്രത്തോളം ബാധിച്ചു തുടങ്ങി? എഐക്കായി പുതുതലമുറയെ എങ്ങനെ സജ്ജരാക്കണം.
കേരളത്തിന്റെ ഐ.ടി മേഖലയിൽ അടുത്തിടെ കേട്ട വാർത്തകൾ അത്ര ശുഭകരമല്ല. യു.എസ് മെഡിക്കൽ കോഡിങ് കമ്പനിയായ കോറോഹെൽത്തിൽ നിന്ന് ആയിരത്തോളം ജീവനക്കാരെ പിരിച്ചുവിട്ടതിന് തൊട്ടുപിന്നാലെ, കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഇക്കോസിസ്റ്റം കമ്പനിയായ ടാൽറോപ്പും തങ്ങളുടെ കമ്പനി പൂട്ടുന്നതായി പ്രഖ്യാപിച്ചു. മുന്നൂറിലധികം ജീവനക്കാരാണ് പെട്ടെന്ന് അനിശ്ചിതത്വത്തിലായത് . കമ്പനികൾ ഇതിന് കാരണമായി പറയുന്നത് ഒരൊറ്റ കാര്യമാണ് . എഐ (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്).
തങ്ങൾ എഐ യുഗത്തിന് അനുയോജ്യരല്ലെന്നും, സാങ്കേതികവിദ്യ മാറിയതാണ് പ്രതിസന്ധിക്ക് കാരണമെന്നുമാണ് ടാൽറോപ്പ് മാനേജ്മെന്റ് അവകാശപ്പെടുന്നത്. ഇത് കേരളത്തിലെ മാത്രം പ്രശ്നമാണോ? അതോ ആഗോളതലത്തിൽ മനുഷ്യന്റെ തൊഴിലുകളെ എ.ഐ വിഴങ്ങുന്നതിന്റെ ലക്ഷണങ്ങളോ? നമ്മുടെ വിദ്യാഭ്യാസ രംഗം ഈ മാറ്റങ്ങളെ ഉൾക്കൊള്ളാൻ പ്രാപ്തമാണോ എന്നത് ഈ അവസരത്തിൽ പ്രധാനമാണ്.
രണ്ട് കമ്പനികളുടെയും പ്രതിസന്ധിക്ക് പിന്നിൽ ചില പ്രധാന ഘടകങ്ങളുണ്ട്. ഒന്ന് സാമ്പത്തിക പ്രതിസന്ധി, രണ്ട് സാങ്കേതികവിദ്യയിലുണ്ടായ കുതിച്ചുചാട്ടം. ടാൽറോപ്പ് മാനേജ്മെന്റ് ഔദ്യോഗികമായി വ്യക്തമാക്കുന്നത്, പ്രതിവർഷം 100 കോടിയോളം രൂപ ചെലവഴിച്ചു മുന്നോട്ട് കൊണ്ടുപോയിരുന്ന ഈ ഇക്കോസിസ്റ്റം മോഡൽ പുതിയ എ.ഐ യുഗത്തിന് അനുയോജ്യമല്ല എന്നാണ്. പശ്ചിമേഷ്യയിലെ യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും ഫണ്ട് ഒഴുക്കിനെ ബാധിച്ചെന്നും അവർ പറയുന്നു.
എന്നാൽ ജീവനക്കാർ ചോദിക്കുന്നത് മറ്റൊന്നാണ്. എ.ഐ സാങ്കേതികവിദ്യ ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല, മാസങ്ങളായി ശമ്പളം നൽകാതെ കമ്പനി തങ്ങളെ ചൂഷണം ചെയ്യുകയായിരുന്നു എന്നാണ് അവരുടെ പരാതി. നിലവിൽ കേരള ലേബർ ഡിപ്പാർട്ട്മെന്റ് വിഷയത്തിൽ ഇടപെടുകയും സമഗ്രമായ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
നെക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെയും സേജ് യൂണിവേഴ്സിറ്റിയുടെയും പഠന റിപ്പോർട്ടുകൾ പ്രകാരം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് തൊഴിലുകളെ പുനർനിർവചിക്കും. വേൾഡ് ഇക്കണോമിക് ഫോറം വ്യക്തമാക്കുന്നത് പ്രകാരം, വരും വർഷങ്ങളിൽ കോടിക്കണക്കിന് തൊഴിലുകൾ ഇല്ലാതാകുമെങ്കിലും, അതിനേക്കാൾ കൂടുതൽ പുതിയ തൊഴിലവസരങ്ങൾ എ.ഐ വഴി സൃഷ്ടിക്കപ്പെടും. ഇവിടെ നമ്മൾ ചർച്ച ചെയ്യേണ്ടത് ഇതിന്റെ വേറൊരു വശത്തെക്കുറിച്ചാണ്.
എ.ഐ എല്ലാ തൊഴിലുകളും ഇല്ലാതാക്കില്ല. എന്നാൽ ചില പ്രത്യേക മേഖലകളെ അത് കടുത്ത രീതിയിൽ ബാധിക്കും. ഉദാഹരണത്തിന്: ഡാറ്റാ എൻട്രി, കസ്റ്റമർ സപ്പോർട്ട്, ബേസിക് കോഡിങ്, ലീഗൽ ഡോക്യുമെന്റ് പരിശോധന എന്നിവ എ.ഐ വേഗത്തിലും, കുറഞ്ഞ ചെലവിലും ചെയ്യും. ടാൽറോപ്പിലും കോറോഹെൽത്തിലും സംഭവിച്ചത് ഇതിന്റെ പ്രതിഫലനമാണ്.
തൊഴിൽ മേഖലയിൽ വരുന്ന പ്രധാന മാറ്റം ഇതാണ്
ഇന്ന് വിപണിക്ക് വേണ്ടത് പരമ്പരാഗത ഐ.ടി ജീവനക്കാരെയല്ല, മറിച്ച് എഐ സ്കിൽഡ് പ്രൊഫഷണലുകളെയാണ്. ഡാറ്റാ അനലിറ്റിക്സ്, മെഷീൻ ലേണിംഗ്, സൈബർ സെക്യൂരിറ്റി, പ്രോംപ്റ്റ് എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിലാണ് ഇനി അവസരങ്ങൾ.
അതായത്, എ.ഐ മനുഷ്യനെ പൂർണ്ണമായി മാറ്റിവെക്കില്ല, പകരം “എ.ഐ ഉപയോഗിക്കാൻ അറിയാവുന്ന മനുഷ്യൻ, എ.ഐ ഉപയോഗിക്കാൻ അറിയാത്ത മനുഷ്യന്റെ ജോലി കവരും” എന്നതാണ് യാഥാർത്ഥ്യം.
തൊഴിൽ വിപണിയിലെ ഈ മാറ്റങ്ങളെ നേരിടണമെങ്കിൽ നമ്മുടെ വിദ്യാഭ്യാസ രംഗം മാറിയേ തീരൂ. യുനെസ്കോ (UNESCO) പുറത്തുവിട്ട പഠന റിപ്പോർട്ട് പ്രകാരം, വിദ്യാഭ്യാസ രംഗത്ത് എ.ഐ വലിയ വിപ്ലവമാണ് സൃഷ്ടിക്കുന്നത്. എന്നാൽ അതിനൊപ്പം ചില ഗുരുതരമായ പ്രതിസന്ധികളും അത് മുന്നോട്ട് വെക്കുന്നുണ്ട്.
വിദ്യാഭ്യാസ രംഗത്തെ എ.ഐയുടെ സ്വാധീനത്തെക്കുറിച്ച് 21k സ്കൂൾ, യൂണിവേഴ്സിറ്റി ഓഫ് കാനഡ വെസ്റ്റ് എന്നിവ നടത്തിയ ആഴത്തിലുള്ള പഠനങ്ങൾ വിരൽ ചൂണ്ടുന്നത് ഇതിന്റെ ഗുണദോഷങ്ങളിലേക്കാണ്; സാങ്കേതികമായി നോക്കിയാൽ, ഓരോ കുട്ടിയുടെയും ബൗദ്ധിക നിലവാരവും പഠനവേഗതയും തിരിച്ചറിഞ്ഞ് അവർക്കായി പാഠ്യപദ്ധതികൾ വ്യക്തിഗതമായി പുനഃക്രമീകരിക്കാൻ എ.ഐക്ക് സാധിക്കും. പരീക്ഷാ പേപ്പർ മൂല്യനിർണ്ണയവും അഡ്മിനിസ്ട്രേറ്റീവ് ജോലികളും എ.ഐ ഏറ്റെടുക്കുന്നതിലൂടെ അധ്യാപകർക്ക് കുട്ടികളിലേക്ക് കൂടുതൽ ശ്രദ്ധ നൽകാൻ സമയം ലഭിക്കും. ഭൂമിശാസ്ത്രപരമായ അതിരുകളില്ലാതെ മികച്ച അറിവുകൾ ആഗോളതലത്തിൽ ലഭ്യമാക്കാമെന്നതും ഇതിന്റെ വലിയ ഗുണങ്ങളാണ്.
എന്നാൽ ഇതിന്റെ മറുപുറം പരിശോധിച്ചാൽ, ഒരു അധ്യാപകനും വിദ്യാർത്ഥിയും തമ്മിലുള്ള വൈകാരികമായ ആശയവിനിമയത്തിലൂടെയും മനുഷ്യബന്ധങ്ങളിലൂടെയും മാത്രം പകർന്നുനൽകാൻ കഴിയുന്ന ധാർമ്മിക മൂല്യങ്ങളും ജീവിതപാഠങ്ങളും ഡിജിറ്റൽ സ്ക്രീനുകൾക്ക് നൽകാനാവില്ല. അസൈൻമെന്റുകൾക്കും പഠനത്തിനും ചാറ്റ് ജിപിറ്റി പോലുള്ള ടൂളുകളെ അമിതമായി ആശ്രയിക്കുന്നത് കുട്ടികളുടെ സ്വാഭാവികമായ ചിന്താശേഷിയെയും മൗലികമായ സർഗ്ഗാത്മകതയെയും തളർത്തുമെന്നതും കടുത്ത വെല്ലുവിളിയാണ്. ഇതിനെല്ലാം പുറമെ, ഇത്തരം അത്യാധുനിക എ.ഐ സാങ്കേതികവിദ്യകൾ സാമ്പത്തികമായി മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയങ്ങൾക്കും കുടുംബങ്ങൾക്കും മാത്രം പ്രാപ്യമാകുമ്പോൾ, സാധാരണക്കാരായ വിദ്യാർത്ഥികൾ വീണ്ടും പാർശ്വവൽക്കരിക്കപ്പെടുന്ന ഒരു ഡിജിറ്റൽ അസമത്വം വിദ്യാഭ്യാസ രംഗത്ത് സൃഷ്ടിക്കപ്പെടുമെന്ന മുന്നറിയിപ്പുകളുമുണ്ട്.
എഐ ടൂളുകൾ ക്രിയാത്മകമായി ഉപയോഗിക്കാം
നമ്മുടെ സർവ്വകലാശാലകൾ ഇപ്പോഴും പഴയ സിലബസുകളാണ് പിന്തുടരുന്നതെങ്കിൽ, അവിടെനിന്ന് ഇറങ്ങുന്ന ഉദ്യോഗാർത്ഥികൾക്ക് നാളെ ജോലി ഉണ്ടാകില്ല. സ്കൂൾ തലം മുതൽ എ.ഐ ടൂളുകളെ ക്രിയാത്മകമായി എങ്ങനെ ഉപയോഗിക്കാം എന്ന് പഠിപ്പിക്കണം.
നിലവിലുള്ള ജീവനക്കാരെ പിരിച്ചുവിടുന്നതിന് പകരം, പുതിയ സാങ്കേതികവിദ്യകളിൽ അവർക്ക് പരിശീലനം നൽകാൻ കമ്പനികളും സർക്കാരും മുൻകൈ എടുക്കണം. എ.ഐ കാരണം ജനങ്ങൾക്ക് തൊഴിൽ നഷ്ടപ്പെടാതിരിക്കാനും തൊഴിൽ സുരക്ഷ ഉറപ്പാക്കാനും ലേബർ നിയമങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.
മാറ്റങ്ങൾ അനിവാര്യമാണ്. സാങ്കേതികവിദ്യയെ ഭയപ്പെടുകയല്ല, മറിച്ച് അതിനെ നമ്മുടെ വളർച്ചയ്ക്കായി എങ്ങനെ ഉപയോഗിക്കാം എന്ന് പഠിക്കുകയാണ് വേണ്ടത്. കേരളത്തിലെ യുവതലമുറയെ ഈ പുതിയ യുഗത്തിലേക്ക് നയിക്കാൻ നമ്മൾ എത്രത്തോളം സജ്ജമാണ് എന്നതിനെ ആശ്രയിച്ചിരിക്കും നമ്മുടെ ഭാവി.
പഠിക്കാം & സമ്പാദിക്കാം
Home
