Summary
റീപോ നിരക്ക് 5.25 ശതമാനത്തിൽ തന്നെ നിലനിർത്തിയിരിക്കുകയാണ്. പോളിസി സ്റ്റാൻസിലും മാറ്റമില്ല. ന്യൂട്രൽ തന്നെ. അതിനാൽ സാമ്പത്തിക രംഗത്ത് കാര്യമായ പുതിയ ചലനമൊന്നും ഇന്നത്തെ തീരുമാനങ്ങൾ ഉണ്ടാക്കില്ല.
ഇന്നത്തെ ധനനയ അവലോകനത്തിൽ റീപോ നിരക്കിൽ മാറ്റമുണ്ടാകില്ല എന്ന് തന്നെയാണ് ഏവരും പ്രവചിച്ചത്. അതിനാൽ കമ്മിറ്റിയുടെ തീരുമാനത്തിൽ ആശ്ചര്യം ഇല്ല. റീപോ നിരക്ക് 5.25 ശതമാനത്തിൽ തന്നെ നിലനിർത്തിയിരിക്കുകയാണ്. പോളിസി സ്റ്റാൻസിലും മാറ്റമില്ല. ന്യൂട്രൽ തന്നെ. അതിനാൽ സാമ്പത്തിക രംഗത്ത് കാര്യമായ പുതിയ ചലനമൊന്നും ഇന്നത്തെ തീരുമാനങ്ങൾ ഉണ്ടാക്കില്ല.
ആഭ്യന്തര മൊത്ത ഉത്പാദനം ഈ സാമ്പത്തിക വർഷം 7.4 ശതമാനത്തിൽ തന്നെ എസ്റ്റിമേറ്റ് ചെയ്യുന്നുണ്ടെങ്കിലും അടുത്ത വർഷം ഒന്നാം പാദത്തിൽ അത് 6.9 ശതമാനമായും രണ്ടാം പാദത്തിൽ 7 ശതമാനമായും കുറയുമെന്നാണ് വിലയിരുത്തൽ. വിലക്കയറ്റമാകട്ടെ മുകളിലേക്കായിരിക്കും. ഈ വർഷം നാലാം പാദത്തിൽ അത് 2.1 ശതമാനത്തിൽ എത്തും. അടുത്ത വർഷം ഒന്നാം പാദത്തിൽ തന്നെ അത് 4 ശതമാനത്തിലേക്കും രണ്ടാം പാദത്തിൽ 4.2 ശതമാനത്തിലേക്കും ഉയരുമെന്ന് കണക്കു കൂട്ടുന്നു.
അന്തർദേശീയ തലത്തിൽ വെല്ലുവിളികൾ തുടരുന്നുവെങ്കിലും യൂറോപ്യൻ യൂണിയനുമായി ഇന്ത്യ ഒപ്പുവെച്ചിരിക്കുന്ന വ്യാപാര കരാറും അമേരിക്കൻ തീരുവയിൽ വന്നിരിക്കുന്ന മാറ്റവും അത് ലഘൂകരിക്കും എന്ന് റിസർവ് ബാങ്ക് കരുതുന്നു. മാത്രമല്ല രാജ്യത്തെ ഉത്പാദന സേവന കാർഷിക മേഖലകൾ തുടർന്നും നല്ല നിലയിൽ തുടരുമെന്ന് കരുതുന്നു. ഗ്രാമ പ്രദേശങ്ങളിൽ മാത്രമല്ല, പട്ടണങ്ങളിലും ഉപഭോഗവും സാധനങ്ങളുടെ ആവശ്യവും വർദ്ധിക്കും. അതിനാൽ സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ ആശങ്കയില്ല.
വായ്പ നിരക്ക് 13.8 വളർച്ച ഇതിനകം തന്നെ കൈവരിച്ചിട്ടണ്ട്. അതിനാൽ ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും വായ്പ വിതരണത്തിന്റെ കാര്യത്തിൽ മുന്നോട്ടുപോകുന്നു.
ഇത് പറയുമ്പോഴും സാമ്പത്തിക രംഗം പ്രതീക്ഷിച്ചിരുന്ന പണലഭ്യതയുടെ കാര്യത്തിൽ പുതിയ തീരുമാനങ്ങൾ ഒന്നും ഇന്ന് പറഞ്ഞിട്ടില്ല എന്നത് ബാങ്കുകളെ സംബന്ധിച്ചേടത്തോളം ആശങ്ക ഉണ്ടാക്കുന്ന ഒന്നാണ്. ക്യാഷ് റിസർവ് റേഷ്യോ കുറച്ചും ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻസ് വഴിയും ഫോറെക്സ് സ്വാപ്പ് വഴിയും 10 ലക്ഷം കോടിയുടെ ലിക്വിഡിറ്റി ഇതിനകം തന്നെ നൽകിയിട്ടുണ്ട് എന്നതാവാം റിസർവ് ബാങ്കിന്റെ നിലപാട്. മാത്രമല്ല, ശരാശരി എഴുപതിനായിരം കോടി രൂപ സർപ്ലസ് ഉണ്ട് എന്നും കണക്കുകൾ പറയുന്നു.
കണക്കുകൾ ഇങ്ങനെ ഇരിക്കുമ്പോഴും സാമ്പത്തിക വർഷം അവസാനിക്കാനിനിരിക്കുന്ന ഈ സമയത്ത്, ബാങ്ക് വായ്പകൾ കൂടുതലായി വേണ്ടിവരുമെന്നതും ഈ ആവശ്യം നിറവേറ്റുവാൻ ബാങ്കുകൾക്ക് കൂടുതൽ പണം വേണ്ടിവരുമെന്നതും ഉറപ്പാണ്. ഇക്കാര്യം മനസ്സിൽ കണ്ടുകൊണ്ടാകാം, ലിക്വിഡിറ്റി സാഹചര്യം വീക്ഷിച്ച് ആവശ്യമായ തീരുമാനങ്ങൾ എടുക്കും എന്ന് ഗവർണർ പറഞ്ഞത്.
കെ എ ബാബു
ലേഖകൻ ഫെഡറൽ ബാങ്കിലെ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബാങ്കിങ് ധനകാര്യ വിദഗ്ദ്ധനുമാണ്
kallarakkalbabu@gmail.com
പഠിക്കാം & സമ്പാദിക്കാം
Home
