image

12 March 2026 2:33 PM IST

Opinion

റിസർവ് ബാങ്കിൻ്റെ പുതിയ കരട് നിർദ്ദേശങ്ങൾ ഇലക്ട്രോണിക് ബാങ്കിങ് ഇടപാടുകളിലെ നഷ്ടം നികത്താൻ പര്യാപ്തമോ?

K A Babu

റിസർവ് ബാങ്കിൻ്റെ പുതിയ കരട് നിർദ്ദേശങ്ങൾ ഇലക്ട്രോണിക്  ബാങ്കിങ് ഇടപാടുകളിലെ നഷ്ടം നികത്താൻ പര്യാപ്തമോ?
X

Summary

ഇലക്ട്രോണിക് , ബാങ്കിങ് ഇടപാടുകൾ ചെയ്ത് പണം നഷ്ടപ്പെട്ടോ? റിസർവ് ബാങ്കിൻ്റെ പുതിയ കരട് നിർദേശങ്ങൾ നേട്ടമാകുമോ എന്നറിയാം.


ബാങ്കുകളുടെ മൊബൈൽ ആപ്പുകൾ, ഓൺലൈൻ, ഇന്റർനെറ്റ്, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, യുപി ഐ തുടങ്ങിയ സൗകര്യങ്ങൾ ഉപയോഗിച്ച്ഇടപാടുകാർ നേരിട്ട് ചെയ്യുന്ന സാമ്പത്തിക ഇടപാടുകളെയാണ് ഇലക്ട്രോണിക് ബാങ്കിങ് ഇടപാടുകൾ എന്ന് പൊതുവെ പറയുന്നത്. പാസ്സ്‌വേർഡ്, പിൻ, ഒടിപി എന്നിവ ഉപയോഗിച്ചാണ് ഇത്തരം ഇടപാടുകൾ പൂർത്തീകരിക്കുന്നത്. ഇടപാടുകാർ നേരിട്ട് തന്നെ ചെയ്യുന്നതിനാൽ ഉത്തരവാദിത്തവും ഇടപാടുകാർക്ക് തന്നെയാണ്.

പണം നഷ്ടപ്പെടുന്ന വഴികൾ

എന്നാൽ ഇത്തരം ഇടപാടുകളിലൂടെ പണം നഷ്ടപ്പെടുന്ന സാഹചര്യങ്ങൾ ഇപ്പോൾ വ്യാപകമാണ്. ഇലക്ട്രോണിക് ബാങ്കിങ് സൗകര്യങ്ങൾ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട അടിസ്ഥാന നിയമങ്ങളെ കുറിച്ചുള്ള അറിവില്ലായ്‍മയാണ് പലപ്പോഴും പണം നഷ്ടപ്പെടാൻ കാരണം.

അശ്രദ്ധയാണ് മറ്റൊരു കാരണം. കാര്യങ്ങൾ നേരെ ചൊവ്വേ മനസ്സിലാക്കാതെ എടുത്തുചാടി ഇടപാടുകൾ നടത്തുന്നതും പണം നഷ്ടപ്പെടാൻ കാരണമാകുന്നു.വളരെ പെട്ടെന്ന് പണം വർദ്ധിപ്പിക്കാൻ കഴിയും എന്ന സാമൂഹ്യ മാധ്യമങ്ങളിലെ പരസ്യവും വാഗ്‌ദാനങ്ങളും കണ്ട് പണം അയച്ച് കുടുങ്ങുന്നവർ വേറെ. ഇതിനൊക്കെ പുറമെ ബാങ്കിടപാടുകാരെ തെറ്റിദ്ധരിപ്പിച്ചും പേടിപ്പെടുത്തിയും പണം തട്ടിയെടുക്കുന്ന സംഘങ്ങൾ രാജ്യത്തിനകത്തും പുറത്തും വ്യാപകമായി പ്രവർത്തിക്കുന്നു.

പണം നഷ്ടപ്പെട്ടാൽ ഇടപാടുകാരുടെ ബാങ്കിലെ പണം തങ്ങളുടെ അറിവോ സമ്മതമോ കൂടാതെ ഈ വിധം നഷ്ടപ്പെട്ടാൽ, അതിന് കാരണം ഇടപാടുകാരുടെ ഭാഗത്തുള്ള തെറ്റോ, വീഴ്ചകളോ അല്ലെങ്കിൽ, നഷ്ടം നികത്തിക്കൊടുക്കുവാനുള്ള ഉത്തരവാദിത്തം ബാങ്കുകൾക്കാണ് എന്ന് 2017 ൽ തന്നെ റിസർവ് ബാങ്ക്

തീരുമാനിച്ചിട്ടുണ്ട്. എന്നാൽ അറിവില്ലായ്‍മ മൂലം തങ്ങളുടെ മൊബൈൽ ഫോണിലേക്ക് വരുന്ന സന്ദേശങ്ങളിലെ ലിങ്കുകൾ ക്ലിക്ക് ചെയ്തും,ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്തും ഇടപാടുകാരുടെ പണം നഷ്ടപ്പെടുന്ന അവസരങ്ങൾ കുറയുകയല്ല, കൂടുകയാണ് ചെയ്തത്.

തട്ടിപ്പുകാരുടെ ഫോൺ വിളികളിൽ വഞ്ചിതരായി പാസ്സ്‌വേർഡ്, പിൻ, ഒടിപി എന്നിവ പറഞ്ഞു കൊടുത്ത് പണം നഷ്ടപ്പെടുന്ന ധാരാളം സംഭവങ്ങൾ നടന്നു കൊണ്ടേയിരിക്കുന്നു. ഇവിടെയെല്ലാം ഇടപാടുകാരുടെ ഭാഗത്തു തെറ്റോ, വീഴ്ചയോ ഉണ്ടെന്ന് കണ്ടെത്താൻ ബാങ്കുകൾക്ക് കഴിയും. അങ്ങനെയെങ്കിൽ പണനഷ്ടം ഇടപാടുകാരൻ തന്നെ വഹിക്കണം.

പുതിയ കരട് നിർദ്ദേശങ്ങൾ

ഈ വിഷമകരമായ സാഹചര്യം മനസ്സിലാക്കികൊണ്ടാണ് റിസർവ് ബാങ്ക് പുതിയ കരട് നിർദ്ദേശങ്ങൾ ഇക്കാര്യത്തിൽ ഇറക്കിയിരിക്കുന്നത്. ഇതനുസരിച്ച് ഇലക്ട്രോണിക് ബാങ്കിങ് ഇടപാടുകളിലൂടെ ഇടപാടുകാർക്ക് പണം നഷ്ടപ്പെട്ടാൽ, അത് ഇടപാടുകാരുടെ തെറ്റുമൂലമാണെങ്കിൽ കൂടി, പരാതി യഥാർത്ഥവും സത്യസന്ധവും ആണെന്ന് കണ്ടാൽ ഇടപാടുകാരുടെ നഷ്ടം റിസർവ് ബാങ്കും ബന്ധപ്പെട്ട ബാങ്കുകളും ചേർന്ന് നികത്തിക്കൊടുക്കും. 50000 രൂപ വരെയുള്ള ഇടപാടുകളിലാണ് ഈ വിധംനഷ്ടം നികത്തിക്കൊടുക്കുകയുള്ളൂ. മാത്രമല്ല, പരമാവധി നഷ്ടപരിഹാര തുക 25000 രൂപ ആണ്. ആകെ നഷ്ടത്തിന്റെ 85 ശതമാനമാണ് നഷ്ടപരിഹാരമായി നൽകുക.

ഇതിൽ 65 ശതമാനം റിസർവ് ബാങ്ക് നിക്ഷേപകരുടെ വിദ്യാഭ്യാസത്തിനും ബോധവത്കരണത്തിനും ഉള്ളനിധിയിൽ നിന്നും വഹിക്കും. ബാക്കി 20 ശതമാനം, പണം പോയ ബാങ്കും പണം സ്വീകരിച്ച ബാങ്കും ചേർന്ന് തുല്യമായി വഹിക്കണം. ഒരു ഇടപാടുകാരന് ഒരു തവണ മാത്രമേ ഈ വിധം നഷ്ടപരിഹാരം ലഭിക്കൂ. ബാങ്കിന്റെയോ പണം അയക്കുന്നത് കൈകാര്യം ചെയ്യുന്ന മറ്റു സംവിധാനങ്ങളുടെയോ പിഴവുമൂലമാണ് നഷ്ടം ഉണ്ടായതെങ്കിൽ,

ഇടപാടുകാരുടെ നഷ്ടം ബാങ്കുകൾ തന്നെ നികത്തിക്കൊടുക്കണം.ഇതിനായി ഇടപാടിന്റെ വിവരം അറിഞ്ഞാൽ അഞ്ചു ദിവസത്തിനുള്ളിൽ ബാങ്കിൽ പരാതി നൽകണം.

നടപ്പിലാക്കുവാൻ കടമ്പകൾ ഏറെ

ഒറ്റ നോട്ടത്തിൽ പുതിയ നിർദ്ദേശം ലളിതമായി തോന്നുമെങ്കിലും പ്രാവർത്തിക തലത്തിൽ ചില നൂലാമാലകൾക്ക് ഇടം നൽകുന്നതാണ് ഇത്.ഏറ്റവും പ്രധാനപ്പെട്ടത് ഇടപാടുകാരുടെ പരാതിയും പണം നഷ്ടപ്പെട്ടതിന്റെ കാരണവും യഥാർത്ഥവും സത്യസന്ധവും ആണെന്ന് ബാങ്കിന്റെ തന്നെ അന്വേഷണത്തിൽ തെളിയണം എന്നതാണ്. നിലവിലുള്ള നിർദ്ദേശങ്ങൾ അനുസരിച്ച് പണം അയച്ചത് ഇടപാടുകാരൻ, അറിഞ്ഞോ അറിയാതെയോ,തന്റെ പാസ്സ്‌വേർഡ്, പിൻ, ഓ ടി പി എന്നിവ ഉപയോഗിച്ച് നടന്നിട്ടുള്ള ഇടപാട് ആണെന്ന് ബാങ്കിന്റെ അന്വേഷണത്തിൽ തെളിഞ്ഞാൽ, ആ നഷ്ടംഇടപാടുകാരൻ തന്നെ വഹിക്കണം.

പുതിയ നിർദേശമനുസരിച്ച് ഇക്കാര്യം തെളിഞ്ഞു കഴിഞ്ഞാലും ഇടപാടുകാരന് നഷ്ടപരിഹാരം ലഭിക്കും. എന്നാൽ ഇതിന് പരാതി യഥാർത്ഥമോ സത്യസന്ധമോ എന്ന് ബാങ്ക് തീരുമാനിക്കണം.നഷ്ടപരിഹാരം നൽകുന്ന തുകയിൽ ഒരു ഭാഗം ബാങ്കുകൾ വഹിക്കണം എന്നതിനാൽ പരാതിയുടെ സത്യസന്ധത തീരുമാനിക്കുന്ന കാര്യത്തിൽ ബാങ്കുകൾ കർശനമായ നിലപാടുകൾ സ്വീകരിച്ചേക്കാം. പ്രത്യേകിച്ചും, ഇത്തീരുമാനിക്കാനുള്ള അധികാരം ബാങ്കുകൾക്ക് തന്നെ നൽകിയിരിക്കുന്നു എന്നതിനാൽ. ഓരോ ബാങ്കിനും ഇത് സംബന്ധിച്ച നയങ്ങളും നിലപാടുകളും തനിയെ തീരുമാനിക്കാം.

ഇത് ഒരേ കാര്യത്തിൽ ബാങ്കുകൾ തമ്മിൽ ഭിന്ന നിലപാടുകൾക്ക് വഴിവെക്കും. ഒരു ബാങ്ക് എടുക്കുന്ന

തീരുമാനം മറ്റൊരു ബാങ്കിനും കൂടെ ബാധകമായതിനാൽ, ഇതിന്റെ നടത്തിപ്പിൽ അഭിപ്രായ വിത്യാസങ്ങൾക്ക് ഇടമുണ്ടായേക്കാം. ഒരേ കാര്യത്തിൽ രണ്ടു ബാങ്കുകളും അഭിപ്രായ ഐക്യത്തിൽ

എത്തിയതിനുശേഷം മാത്രമേ നഷ്ടം വഹിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാവൂ എന്ന നിലവന്നാൽ അത് കാര്യങ്ങൾ കൂടുതൽ കുഴച്ചു മറിക്കും. റിസർവ് ബാങ്ക് നൽകുന്ന തുക ഡെഫിൽ നിന്നായതിനാൽ, ബാങ്കിന്റെ തീരുമാനത്തിൽ റിസർവ് ബാങ്കിന് മറ്റൊരു തീരുമാനം ഉണ്ടാകാൻ ഇടയില്ല.

നഷ്ടപരിഹാരം നൽകുന്ന രീതിയിൽ വ്യക്തത വേണം

മറ്റൊന്ന്, നഷ്ടപരിഹാരം നൽകുന്ന രീതിയാണ്. 25000 രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചാൽ, അതിൽ റിസർവ് ബാങ്കിന്റെ ഷെയറും ആദ്യമേ ബാങ്ക് നൽകണം. ഈ തുക മൂന്ന് മാസം കൂടുമ്പോൾ റിസർവ് ബാങ്കിൽ നിന്നും ലഭിക്കും. ഇതിന് ഇത് സംബന്ധിച്ച റിപ്പോർട്ട് ബാങ്കുകൾ റിസർവ്

ബാങ്കിന് നൽകണം. പണം അയച്ച ബാങ്കിന്റെ ഷെയർ ആ ബാങ്ക് ഇതിനോടൊപ്പവും നൽകുമെന്ന് കരുതാം. എന്നാൽ പണം സ്വീകരിച്ച ബാങ്കിന്റെ ഷെയർ നൽകാൻ, പരാതി ലഭിച്ച ബാങ്ക് അതിന്റെ വിവരങ്ങളും അതിൽ എടുത്ത തീരുമാനവും ആ ബാങ്കിനെ അറിയിക്കണം. അങ്ങനെ

അറിയിച്ചാൽ, ആ തീരുമാനത്തിൽ ആ ബാങ്കിന് മറിച്ച് എന്തെങ്കിലും പറയാൻ അധികാരമുണ്ടോ അതോ ആ തീരുമാനം അങ്ങനെതന്നെ സ്വീകരിക്കുകയാണോ വേണ്ടത് എന്ന കാര്യത്തിലും വ്യക്തത വേണം.

പരാതി പരിശോധിച്ച ബാങ്കിന്റെ തീരുമാനം അനുസരിച്ച് ഇടപാടുകാരന് നഷ്ടപരിഹാരം നൽകണമെങ്കിൽ, ആ തുക ആദ്യമേ മുഴുവനായും പരാതി പരിശോധിച്ച ബാങ്ക് ഇടപാടുകാരന് നല്കിയതിനുശേഷം, രണ്ടാമത്തെ ബാങ്കിന്റെ ഷെയർ വാങ്ങുയാണോ വേണ്ടത് എന്നും അറിയേണ്ടതുണ്ട്.

നഷ്ടപ്പെട്ട തുക തിരിച്ചു കിട്ടിയാൽ തുക മുഴുവനുമോ കുറച്ചോ പിന്നീട് തിരിച്ചു കിട്ടിയാൽ, ഇടപാടുകാരന്റെ യഥാർത്ഥ നഷ്ടം അതനുസരിച്ച് കുറച്ച്, ഇടപാടുകാരന് അർഹമായ നഷ്ടപരിഹാര തുക വീണ്ടും കണക്കാക്കണം. ഇതനുസരിച്ച് തിരിച്ചു കിട്ടിയ തുകയിൽ നിന്ന്, നേരത്തെ അധികം നൽകിയ നഷ്ടരിഹാര തുക തിരിച്ചു പിടിച്ച് നഷ്ടപരിഹാരം നൽകിയ റിസർവ് ബാങ്കും ബന്ധപ്പെട്ട മറ്റു രണ്ടു ബാങ്കുകളും തമ്മിൽ വീതിച്ചെടുക്കണം. ഇതിന്റെ രേഖകൾ സൂക്ഷിക്കലും, കണക്കുകൾ സൂക്ഷിക്കലും മറ്റും എളുപ്പമല്ല.

അതുപോലെ തന്നെയാണ്, ഒരു ഇടപാടുകാരന് നഷ്ടപരിഹാരം ഒരു തവണ മാത്രമേ നൽകൂ എന്ന തീരുമാനം. രണ്ടാളുകളുടെ പേരിലുള്ള അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടപ്പെട്ടതെങ്കിൽ അതിൽ ആരെങ്കിലും ഒരാൾ ഇത് സംബന്ധിച്ച് നഷ്ടപരിഹാരം കൈപറ്റിയിട്ടുണ്ടെങ്കിൽ, ഈ രണ്ടാൾക്കും

പിന്നീട് അവരുടെ ഒറ്റയ്ക്കൊറ്റയ്ക്കുള്ള അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടാലും നഷ്ടപരിഹാരം ലഭിക്കില്ല. ഇതിന്റെയെല്ലാം രേഖകൾ സൂക്ഷിക്കലും സ്ഥിരീകരണവും എളുപ്പമായിരിക്കില്ല.ഈ രേഖകളും കണക്കുകളും സൂക്ഷിക്കാനും തെറ്റുകൂടാതെ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യാനും ബാങ്കുകൾ പുതിയ സാങ്കേതിക സംവിധാനങ്ങൾ ഒരുക്കേണ്ടി വരും.

അഭിപ്രായം അറിയിക്കാൻ ഏപ്രിൽ 6 വരെ സമയം

2026 ജൂലൈ മാസം ഒന്നാം തീയതി മുതലാണ് പുതിയ നിർദ്ദേശങ്ങൾ നിലവിൽ വരിക. കരട് നിർദ്ദേശങ്ങളിൽ അഭിപ്രായം അറിയിക്കാൻ ഏപ്രിൽ മാസം ആറാം തീയതി വരെ സമയമുണ്ട്.

ഇലക്ട്രോണിക് ബാങ്കിങ് ഇടപാടുകളിൽ ഇടപാടുകാർ നേരിടുന്ന ആശങ്കകൾ കുറക്കുവാനും അറിവില്ലായ്‍മ മൂലമോ തട്ടിപ്പിന് ഇരയായോ പണം നഷ്ടപ്പെടുന്ന ഇടപാടുകാർക്ക് നഷ്ടപരിഹാരം നൽകുവാനും വേണ്ടി റിസർവ് ബാങ്ക് കൊണ്ടുവന്നിരിക്കുന്ന കരട് നിർദ്ദേശങ്ങൾ അതിന്റെ

ഉദ്ധേശശുദ്ധിയിൽ ശ്ലാഘനീയമാണ്. എന്നാൽ അതിന്റെ നടത്തിപ്പിൽ വരാവുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുവാൻ ഈ നിർദ്ദേശങ്ങളിൽ ചില മാറ്റങ്ങളും വ്യക്തതയും വരാനുണ്ട്. കരട് നിർദ്ദേശങ്ങളിൽ ലഭിക്കുന്ന അഭിപ്രായങ്ങൾ ഇക്കാര്യത്തിൽ റിസർവ് ബാങ്കിനെ സഹായിക്കും എന്ന്പ്രതീക്ഷിക്കാം.

(ലേഖകൻ ഫെഡറൽ ബാങ്കിലെ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബാങ്കിങ് ധനകാര്യ വിദഗ്ദ്ധനുമാണ്.

Mail : kallarakkalbabu@gmail.com )