image

4 Feb 2026 4:03 PM IST

Opinion

കേന്ദ്ര ബജറ്റ്: സൂഷ്മ - ചെറുകിട - ഇടത്തരം മേഖലക്ക് ഇത് മതിയോ?

K A Babu

msme sector faces challenges, report says
X

Summary

കേന്ദ്ര ഗവണ്മെന്റ് മുന്നോട്ടുവെക്കുന്ന ആൽമനിർഭർ ഭാരത്, സ്വദേശി തുടങ്ങിയ ആശയങ്ങളുടെ പൂർത്തീകരണം സാധ്യമാകുക സൂഷ്മ - ചെറുകിട - ഇടത്തരം സംരംഭങ്ങളുടെ വളർച്ചയിലൂടെ മാത്രമാണ്. ബജറ്റിൽ എംഎസ്എംഇ മേഖലക്ക് ഈ വിഹിതം മതിയോ?


ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിൽ ആണ് എന്ന് നാമെല്ലാം ആവർത്തിച്ച് പറയുകയും വിശ്വസിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയുടെ വളർച്ച, അത് സാമൂഹിക മേഖലയിലാകട്ടെ, രാഷ്ട്രീയ കാഴ്ചപ്പാടുകളിലാകട്ടെ, നിലപാടുകളിലാകട്ടെ, സാമ്പത്തിക സാഹചര്യങ്ങളിലാകട്ടെ, വിദ്യാഭ്യാസ രംഗത്താകട്ടെ, പ്രതിഫലിക്കേണ്ടത് പ്രധാനമായും ഗ്രാമങ്ങളിൽ ആകണം. ഈ വളർച്ചക്ക് ഏറ്റവും ആവശ്യമായിട്ടുള്ളത്, അല്ലെങ്കിൽ പ്രാഥമികമായി ആവശ്യമായത്, ഗ്രാമീണ ജനതക്ക് ഉപജീവനമാർഗം ഉണ്ടായിരിക്കുക എന്നതാണ്.

അത്, കൃഷിയിലൂടെയാകാം, സംരംഭങ്ങളിലൂടെയാകാം, തൊഴിലൂടെയാകാം. ഇക്കാര്യത്തിൽ സൂഷ്മ - ചെറുകിട - ഇടത്തരം സംരംഭങ്ങളുടെ പങ്ക് വലുതാണ്. മാത്രമല്ല, കേന്ദ്ര ഗവണ്മെന്റ് മുന്നോട്ടുവെക്കുന്ന ആൽമനിർഭർ ഭാരത്, സ്വദേശി തുടങ്ങിയ ആശയങ്ങളുടെ പൂർത്തീകരണം സാധ്യമാകുക സൂഷ്മ - ചെറുകിട - ഇടത്തരം സംരംഭങ്ങളുടെ വളർച്ചയിലൂടെ മാത്രമാണ്.

ബജറ്റ് - അഭിലാഷങ്ങളുടെ ക്രിയാത്‌മകമായ പരിവർത്തനം

ഒരു ജനതയുടെ അഭിലാഷങ്ങളുടെ ഭാവനാപൂർണ്ണവും ക്രിയാത്‌മകവുമായ പരിവർത്തനമാണ് ബജറ്റ് എന്ന് എടുത്തു പറഞ്ഞുകൊണ്ടാണ് ധനകാര്യമന്ത്രി ഇത്തവണ ബജറ്റ് പ്രസംഗം ആരംഭിച്ചത്. അങ്ങനെയെങ്കിൽ തീർച്ചയായും ബജറ്റ് ഏറ്റവും കൂടുതൽ ഊന്നൽ നൽകേണ്ടത് സൂഷ്മ - ചെറുകിട - ഇടത്തരം മേഖലയുടെ വളർച്ചയിലാണ്. ഈ മേഖലക്ക് ആ രീതിയിൽ, വേണ്ടത്ര ഊന്നൽ നൽകുവാൻ ഈ ബജറ്റിന് കഴിഞ്ഞിട്ടുണ്ടോ?

സൂഷ്മ - ചെറുകിട - ഇടത്തരം മേഖലക്ക് ബജറ്റ് എന്ത് നൽകി?

രണ്ടു പ്രധാനപ്പെട്ട പ്രഖ്യാപനങ്ങളാണ് ഈ മേഖലക്ക് ബജറ്റിൽ ഉള്ളത്. ഒന്ന്, തുടക്കക്കാരായ സൂഷ്മ - ചെറുകിട സംരംഭങ്ങൾക്ക് കൂടുതലായി രണ്ടായിരം കോടി രൂപ റിസ്ക് മൂലധനമായി ലഭിക്കും. മറ്റൊന്ന്, സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സൂഷ്മ - ചെറുകിട - ഇടത്തരം സംരംഭങ്ങൾക്കു പുതുജീവൻ നൽകുവാനായി, വായ്പ ലഭ്യമാക്കുക, സാങ്കേതിക മികവ് കൊണ്ടുവരിക, മറ്റു രീതിയിൽ ആവശ്യമായ ശാക്തീകരണം നൽകുക എന്നിവ ലക്ഷ്യമാക്കി വകയിരുത്തിയിരിക്കുന്ന പതിനായിരം കോടി രൂപയുടെ ഫണ്ട്. ബജറ്റ് പ്രഖ്യാപനങ്ങളിൽ ഇത് കൂടാതെ പറഞ്ഞ കാര്യങ്ങളാണ്, ഇരുനൂറ് പരമ്പരാഗത വ്യവസായങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും, നൂതന സാങ്കേതിക സംവിധാനങ്ങളിലൂടെ അവയെ മെച്ചപ്പെടുത്തുമെന്നും.

പൊതുമേഖല സ്ഥാപനങ്ങൾ സൂഷ്മ - ചെറുകിട - ഇടത്തരം സംരംഭകരുടെ ഉത്പന്നങ്ങൾ വാങ്ങാനും ഇതുവഴി ഈ മേഖലക്ക് വേഗത്തിൽ അവരുടെ ഉത്പന്നങ്ങളുടെ വിറ്റുവരവ് സാധ്യമാക്കുവാനും വേണ്ടി കൊണ്ടുവന്നിട്ടുള്ള ട്രേഡ് റീസിവബിൾസ് ഡിസ്‌കൗണ്ടിങ് സിസ്റ്റം (TReDS) ശക്തിപ്പെടുത്തുമെന്നുമാണ് ബജറ്റിൽ ഉണ്ടായിരുന്നത്..

53.5 ലക്ഷം കോടിയിൽ 12000 കോടി

ഇന്ത്യയെ സംബന്ധിച്ചേടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഈ മേഖലയുടെ വളർച്ചക്ക് ബഡ്ജറ്റിൽ കൊണ്ടുവന്നിട്ടുള്ള ഈ പ്രത്യേക പദ്ധതികളെ ശ്ലാഘിക്കുമ്പോഴും, 53.5 ലക്ഷം കോടി രൂപചെലവ് ലക്ഷ്യമിടുന്ന കേന്ദ്ര ബഡ്ജറ്റിൽ 12000 കോടി രൂപ മാത്രമാണ് ഇതിലേക്ക് വിശേഷിച്ച് വകയിരുത്തിയിരിക്കുന്നത് എന്നത് ഒറ്റനോട്ടത്തിൽ തന്നെ നിരാശാജനകമാണ്.

2025 ലെ കണക്കനുസരിച്ച്, ആറര കോടിയോളം സൂഷ്മ -ചെറുകിട - ഇടത്തരം സംരംഭങ്ങൾ ഇന്ത്യയിലുണ്ട്. ഇവയിൽ ആറേകാൽ കോടിയോളം സൂഷ്മ സംരംഭങ്ങളും ബാക്കി ചെറുകിട - ഇടത്തരം സംരംഭങ്ങളുമാണ്. ഇതിൽ പകുതിയിലധികം ഗ്രാമീണ മേഖലയിലാണ്. ഇവയെല്ലാം കൂടി ഏകദേശം 28 കോടി ആളുകൾക്ക് തൊഴിൽ നൽകുന്നുണ്ട്. ഇന്ത്യയുടെ കയറ്റുമതിയിൽ 45 ശതമാനത്തിന് മേൽ പങ്ക് ഈ മേഖലക്കുണ്ട്. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 30 ശതമാനം ഈ മേഖലയിൽ നിന്നാണ്.

സുരക്ഷ പോലെ തന്നെ പ്രധാനമാണ് ഉത്പാദനവും

അന്തർദേശീയ തലത്തിൽ വ്യാപാര രംഗത്ത് പുതിയ വെല്ലുവിളികൾ നേരിടുന്ന സമയത്താണ് ഇന്ത്യ 2026-27 ലെ കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. എല്ലാ രംഗത്തും, വിശേഷിച്ച് ഉത്പാദന രംഗത്ത്, സ്വയം പര്യാപ്തത കൈവരിക്കുക എന്നതാണ് ലോകത്തെല്ലായിടത്തും ഇന്ന് സ്വീകരിക്കുന്ന സുപ്രധാന രാഷ്ട്രീയ - സാമ്പത്തിക നിലപാട്.

മറ്റെല്ലാറ്റിനുമുപരി 140 കോടിയിലധികം ജനങ്ങളാണ് ഇന്ന് ഇന്ത്യയുടെ ശക്തി. ഇതിൽ തന്നെ 35 വയസ്സിന് താഴെയുള്ളവർ 90 കോടിയിൽ മേലെയാണ്. സേവന രംഗത്തെന്നവിധം ഉത്പാദനരംഗത്തും അത്ഭുതങ്ങൾ സൃഷ്ടിക്കുവാൻ നമ്മുടെ യുവാക്കൾക്ക് കഴിയും. അതിനുള്ള കഴിവും ക്രിയാശക്തിയും അവർക്കുണ്ട്. ഈ ക്രിയാശക്തി ഉചിതമായി, ഭാവനാപൂർണമായി, ഉപയോഗിക്കുവാൻ ആവശ്യമായ ബൗദ്ധികവും രാഷ്ട്രീയവുമായ പ്രതിബദ്ധത നമുക്ക് വേണം

ഇന്ത്യൻ ജനതയുടെ സ്വപ്നങ്ങൾ രാജ്യത്തിന്റെ സർവ്വതോൻമുഖമായ വളർച്ചയിലേക്ക് പരിവർത്തനം ചെയ്യുവാൻ ബഡ്ജറ്റിന് കഴിയണമെങ്കിൽ, സൂഷ്മ - ചെറുകിട - ഇടത്തരം മേഖലക്ക് തൊട്ടും തൊടാതെയുമുള്ള തീരുമാനങ്ങൾ പോരാ, മറിച്ച് തുടർച്ചയായ, ശക്തമായ, തീരുമാനങ്ങളും നിലപാടുകളും വേണം. രാജ്യത്തിന്റെ സുരക്ഷക്ക് ഈ ബഡ്ജറ്റിൽ ചെലവിന്റെ 14.67 ശതമാനം ആണ് വകയിരിത്തിയിട്ടുള്ളത്. രാജ്യ സുരക്ഷ ഏറ്റവും പ്രധാനമാണ്. അതിനാൽ ഇത് തീർച്ചയായും നല്ലതാണ്. അതുപോലെ തന്നെ പ്രധാനപ്പെട്ടതല്ലേ രാജ്യത്തെ ഉത്പാദനവും അത് വഴി സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളും ജനങ്ങളുടെ, വിശേഷിച്ച് ഗ്രാമീണ ജനതയുടെ, സാമ്പത്തിക ഭദ്രതയും, മെച്ചപ്പെട്ട വിദ്യാഭ്യാസവും, ജീവിതനിലവാരവും?

(ലേഖകൻ ഫെഡറൽ ബാങ്കിലെ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബാങ്കിങ് ധനകാര്യ വിദഗ്ദ്ധനുമാണ്)

kallarakkalbabu@gmail.com