image

17 Oct 2023 7:50 AM GMT

People

അനന്ത് അംബാനിക്കെതിരേ വോട്ട് ചെയ്യാന്‍ ഓഹരിയുടമകള്‍ക്ക് ഉപദേശം

MyFin Desk

shareholders advised to vote against ananth ambani
X

Summary

  • അനന്തിന്‍റെ അനുഭവ സമ്പത്ത് മതിയായതല്ലെന്ന് ഉപദേശക സ്ഥാപനങ്ങള്‍
  • ഇഷ അംബാനിയുടെയും ആകാശ് അംബാനിയുടെയും നിയമനങ്ങളെ പിന്തുണച്ച് ഐഎസ്എസും ഐ‌ഐ‌എ‌എസും


ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ബോർഡിൽ നിയമിക്കുന്നതിനുള്ള നിർദ്ദേശത്തിനെതിരെ ഓഹരിയുടമകള്‍ വോട്ട് ചെയ്യണമെന്ന് അന്താരാഷ്ട്ര പ്രോക്സി ഉപദേശക സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂഷണൽ ഷെയർഹോൾഡർ സർവീസസ് ഇൻക് (ഐഎസ്എസ്) ശുപാർശ ചെയ്തു.

"നേതൃസ്ഥാനങ്ങളില്‍/ ബോര്‍ഡുകളില്‍ ആറു വര്‍ഷത്തെ പരിമിതമായ അനുഭവ പരിചയം മാത്രമാണ് അനന്ത് അംബാനിക്കുള്ളത്. ഇത് ബോർഡില്‍ അദ്ദേഹത്തിന് സാധ്യമായ സംഭാവനയെക്കുറിച്ച് ആശങ്കകൾ ഉയർത്തുന്നു" ഐഎസ്എസ് ഒക്ടോബർ 12-ന് ബ്ലൂംബെർഗുമായി പങ്കിട്ട കുറിപ്പിൽ വിശദീകരിക്കുന്നു. അതേസമയം അനന്തിന്‍റെ മൂത്ത സഹോദരങ്ങളായ ഇഷയുടെയും ആകാശിന്‍റെയും ബോർഡ് നിയമനങ്ങളെ ഐഎസ്എസ് പിന്തുണച്ചിട്ടുണ്ട്. ഒക്‌ടോബർ 26 വരെയാണ് ഈ പ്രമേയത്തില്‍ ഓഹരിയുടമകള്‍ക്ക് വോട്ട് ചെയ്യുന്നതിന് അവസരമുള്ളത്.

മുംബൈ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റർ അഡൈ്വസറി സർവീസസും (ഐ‌ഐ‌എ‌എസ്) സമാനമായ നിര്‍ദേശമാണ് ഓഹരിയുടമകള്‍ക്ക് നല്‍കിയിട്ടുള്ളത്. 28 വയസ്സുള്ള അനന്ത് അംബാനിയുടെ നിയമനം തങ്ങളുടെ വോട്ടിംഗ് മാർഗ്ഗനിർദ്ദേശങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഐ‌ഐ‌എ‌എസ് ഓഹരിയുടമകളെ അറിയിച്ചു. ഇഷയെയും ആകാശിനെയും തിരഞ്ഞെടുക്കാനുള്ള നിർദ്ദേശങ്ങളെ ഐഐഎഎസും പിന്തുണച്ചിട്ടുണ്ട്.

കമ്പനിയുടെ ബിസിനസ്സുകളിലെ പങ്കാളിത്തവും മുതിർന്ന നേതൃത്വത്തിൽ നിന്ന് വർഷങ്ങളായി ലഭിച്ച പരിശീലനവും കണക്കിലെടുത്ത് അനന്തിന് “ബോർഡ് ചർച്ചകൾക്ക് മൂല്യം കൂട്ടാനുള്ള പ്രസക്തമായ അനുഭവവും പക്വതയും ഉണ്ടെന്നാണ് പ്രോക്സി കമ്പനികളോട് റിലയന്‍സ് പ്രതികരിച്ചിട്ടുള്ളത്. ഐഎസ്എസും ഐഐഎഎസും തങ്ങളുടെ റിപ്പോർട്ടുകളില്‍ ഈ പ്രതികരണവും ചേര്‍ത്തിട്ടുണ്ട്.