31 March 2026 7:35 PM IST
'ഒന്നുകില്‍ അമേരിക്കയില്‍ നിന്ന് വാങ്ങുക, അല്ലെങ്കില്‍ ഹോര്‍മുസില്‍ പോയി പിടിച്ചെടുക്കുക';ട്രംപ്
MyFin Desk
Summary
'ജെറ്റ് ഇന്ധനം കിട്ടാത്തവര്‍ക്ക് മുന്നില്‍ രണ്ട് വഴികളാണുള്ളത്; ഒന്നുകില്‍ അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങുക, അല്ലെങ്കില്‍ സ്വന്തം ധൈര്യത്തില്‍ ഹോര്‍മുസ് കടലിടുക്കില്‍ പോയി അത് പിടിച്ചെടുക്കുക' എന്നായിരുന്നു ട്രംപിന്റെ പരിഹാസം കലര്‍ന്ന സോഷ്യല്‍ മീഡിയ പോസ്റ്റ്
പശ്ചിമേഷ്യയില്‍ സംഘര്‍ഷം മുറുകുമ്പോള്‍, ലോകരാജ്യങ്ങള്‍ക്ക് കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ഉടലെടുത്ത ആഗോള ഇന്ധനപ്രതിസന്ധി പരിഹരിക്കാന്‍ തങ്ങളെ ആശ്രയിക്കാത്ത സഖ്യകക്ഷികള്‍ക്കെതിരെയാണ് ട്രംപിന്റെ രൂക്ഷവിമര്‍ശനം. 'ജെറ്റ് ഇന്ധനം കിട്ടാത്തവര്‍ക്ക് മുന്നില്‍ രണ്ട് വഴികളാണുള്ളത്; ഒന്നുകില്‍ അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങുക, അല്ലെങ്കില്‍ സ്വന്തം ധൈര്യത്തില്‍ ഹോര്‍മുസ് കടലിടുക്കില്‍ പോയി അത് പിടിച്ചെടുക്കുക' എന്നായിരുന്നു ട്രംപിന്റെ പരിഹാസം കലര്‍ന്ന സോഷ്യല്‍ മീഡിയ പോസ്റ്റ്. യുഎസിനൊപ്പം യുദ്ധത്തില്‍ ചേരാത്തവര്‍ ഇനി സ്വന്തമായി പോരാടാന്‍ പഠിക്കണമെന്നും അദ്ദേഹം ആഞ്ഞടിച്ചു.
ഫെബ്രുവരി അവസാനം അമേരിക്ക നടത്തിയ സൈനിക നടപടിക്ക് തിരിച്ചടിയായാണ് ലോകത്തെ എണ്ണവിതരണത്തിന്റെ 20 ശതമാനവും നിയന്ത്രിക്കുന്ന ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചുപൂട്ടിയത്. ഇതോടെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 75 ഡോളറില്‍ നിന്ന് 100 ഡോളറിന് മുകളിലേക്ക് കുതിച്ചുയര്‍ന്നു. പാത തുറക്കാന്‍ സഖ്യകക്ഷികളുടെ സഹായം തേടിയെങ്കിലും ആരും അനുകൂലമായി പ്രതികരിക്കാത്തതാണ് ട്രംപിനെ ചൊടിപ്പിച്ചത്. 'നിങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി ഇല്ലാതിരുന്നതുപോലെ, ഇനി നിങ്ങളെ സഹായിക്കാന്‍ യുഎസ് ഉണ്ടാകില്ല' എന്ന ട്രംപിന്റെ പ്രഖ്യാപനം സഖ്യകക്ഷികളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
അതേസമയം, കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് ഇറാന്റെ സ്വന്തം കറന്‍സിയില്‍ ടോള്‍ ഈടാക്കാനുള്ള നീക്കത്തിലാണ് ടെഹ്റാന്‍. അമേരിക്കയെയും ഇസ്രയേലിനെയും പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും ഇറാന്‍ പാര്‍ലമെന്റ് ആലോചിക്കുന്നുണ്ട്. ഏപ്രില്‍ 6-നകം സമാധാന കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ്ജനിലയങ്ങളും ഖാര്‍ഗ് ദ്വീപും തകര്‍ക്കുമെന്നാണ് ട്രംപിന്റെ അന്ത്യശാസനം. എന്നാല്‍ അമേരിക്കയുടെ ആവശ്യങ്ങള്‍ യുക്തിരഹിതമാണെന്ന് പറഞ്ഞ് തള്ളിയ ഇറാന്‍, ഗള്‍ഫിലെ യുഎസ് താവളങ്ങള്‍ക്ക് നേരെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുമെന്ന് മുന്നറിയിപ്പ് നല്‍കി.
യുദ്ധം കൂടുതല്‍ രൂക്ഷമായാല്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ മൈനുകള്‍ വിരിക്കുമെന്നും ഗള്‍ഫ് അറബ് രാജ്യങ്ങള്‍ക്കെതിരെ കരയുദ്ധം ആരംഭിക്കുമെന്നും ഇറാന്‍ ഭീഷണി മുഴക്കിയതോടെ മേഖല വന്‍ സ്‌ഫോടനത്തിന്റെ വക്കിലെത്തിയിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനെച്ചൊല്ലിയുള്ള ഈ തര്‍ക്കം ആഗോള സമ്പദ് വ്യവസ്ഥയെ തന്നെ തകിടം മറിക്കുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍. ഏപ്രില്‍ 6 എന്ന സമയപരിധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ലോകം ഉറ്റുനോക്കുന്നത് ട്രംപിന്റെ അടുത്ത നീക്കത്തിലേക്കും പശ്ചിമേഷ്യയിലെ യുദ്ധഭൂമിയിലേക്കുമാണ്.
പഠിക്കാം & സമ്പാദിക്കാം
Home
