image

26 Jan 2022 4:47 AM GMT

Banking

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പടെ കുറഞ്ഞ നിരക്കില്‍ വിസ നല്‍കാന്‍ ഓസ്ട്രേലിയ

MyFin Desk

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പടെ കുറഞ്ഞ നിരക്കില്‍ വിസ നല്‍കാന്‍ ഓസ്ട്രേലിയ
X

Summary

  കാന്‍ബറ : കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറി വരുന്ന വേളയില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പടെ കുറഞ്ഞ നിരക്കില്‍ വിസ നല്‍കാന്‍ ഒരുങ്ങുകയാണ് ഓസ്ട്രേലിയ. കോവിഡ് വ്യാപനം മൂര്‍ച്ഛിച്ച് നിന്ന മാസങ്ങളില്‍ ഒട്ടനവധി പേര്‍ക്ക് തൊഴില്‍ വിടേണ്ട സാഹചര്യമുണ്ടായിരുന്നു. അവയില്‍ നിയമനം പുനരാരംഭിക്കുന്നതിനുള്ള നീക്കവും ഇപ്പോള്‍ പുരോഗമിക്കുന്നുണ്ട്. സ്റ്റുഡന്റ് വിസയിലും, വര്‍ക്കിങ് ഹോളിഡേ വിസയിലും എത്തുന്നവര്‍ക്ക് ആപ്ലിക്കേഷന്‍ നിരക്ക് ഉള്‍പ്പടെ ഇളവുകള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ വ്യക്തമാക്കിയിരുന്നു. ഹോസ്പിറ്റാലിറ്റി - കൃഷി മേഖലകളിലായുള്ള ഒഴിവുകള്‍ […]


കാന്‍ബറ : കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറി വരുന്ന വേളയില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പടെ കുറഞ്ഞ നിരക്കില്‍...

 

കാന്‍ബറ : കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറി വരുന്ന വേളയില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പടെ കുറഞ്ഞ നിരക്കില്‍ വിസ നല്‍കാന്‍ ഒരുങ്ങുകയാണ് ഓസ്ട്രേലിയ. കോവിഡ് വ്യാപനം മൂര്‍ച്ഛിച്ച് നിന്ന മാസങ്ങളില്‍ ഒട്ടനവധി പേര്‍ക്ക് തൊഴില്‍ വിടേണ്ട സാഹചര്യമുണ്ടായിരുന്നു. അവയില്‍ നിയമനം പുനരാരംഭിക്കുന്നതിനുള്ള നീക്കവും ഇപ്പോള്‍ പുരോഗമിക്കുന്നുണ്ട്. സ്റ്റുഡന്റ് വിസയിലും, വര്‍ക്കിങ് ഹോളിഡേ വിസയിലും എത്തുന്നവര്‍ക്ക് ആപ്ലിക്കേഷന്‍ നിരക്ക് ഉള്‍പ്പടെ ഇളവുകള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ വ്യക്തമാക്കിയിരുന്നു.

ഹോസ്പിറ്റാലിറ്റി - കൃഷി മേഖലകളിലായുള്ള ഒഴിവുകള്‍ അതിവേഗത്തില്‍ നികത്തുന്ന പ്രക്രിയയാണ് ഇപ്പോള്‍ നടക്കുന്നത്. ഒമിക്രോണ്‍ വ്യാപനം രൂക്ഷമായിരുന്ന വേളയില്‍ തൊഴിലാളികള്‍ കൂട്ടത്തോടെ പിരിഞ്ഞു പോയതോടെ രാജ്യത്തെ ഭക്ഷ്യവിതരണമുള്‍പ്പടെ അവതാളത്തിലായിരുന്നു. ഈ വേളയില്‍ ഭക്ഷ്യ- ലോജിസ്റ്റിക്സ് മേഖലയില്‍ തൊഴിലാളികളുടെ അഭാവം 50 ശതമാനം വരെയായി ഉയര്‍ന്നിരുന്നു. വിസ നിരക്കില്‍ ഇളവ് വരുത്തുന്ന പദ്ധതിയ്ക്കായി ഏകദേശം 55 മില്യണ്‍ ഓസ്ട്രേലിയന്‍ ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്നുണ്ടെന്ന് ട്രഷറര്‍ ജോഷ് ഫ്രിഡെന്‍ബര്‍ഗ് അറിയിച്ചിരുന്നു. ഇത് 1,75,000 ആളുകള്‍ക്ക് ഗുണപ്രദമാകുമെന്നാണ് സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍.

ഇതിനിടെ, മാര്‍ച്ച് 19 ന് അകം ഓസ്‌ത്രേല്യയില്‍ എത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വിസ ചെലവില്‍ 630 ഡോളറിന്റെ കിഴിവ് നല്‍കുമെന്ന് മുംബൈയിലെ ഓസ്‌ട്രേലിയ സീനിയര്‍ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കമ്മീഷണര്‍ മോണിക്ക കെന്നഡി വെളിപ്പെടുത്തി. ആ രാജ്യത്ത് പഠിക്കുന്ന വിദേശ വിദ്യാര്‍ഥികളില്‍ രണ്ടാമതുള്ളതാണ് ഇന്ത്യയില്‍ നിന്നുള്ളവര്‍. 2021 അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം നാലു ലക്ഷം തസ്തികകളാണ് അവിടെ നികത്താന്‍ കഴിയാതെ കിടന്നത്. എന്നാല്‍ ഓസ്ട്രേലിയന്‍ പൗരന്മാരായ ആളുകളില്‍ തൊഴില്‍ നൈപുണ്യം വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആന്റണി അല്‍ബാനീസ് അഭിപ്രായപ്പെട്ടിരുന്നു. പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന വാക്സിനേഷന്‍ നിരക്കും കുറഞ്ഞ മരണ നിരക്കും രേഖപ്പെടുത്തിയ രാജ്യമാണ് ഓസ്ട്രേലിയ.

മലയാളികള്‍ക്കും പ്രതീക്ഷ നല്‍കി ഗ്ലോബല്‍ ടാലന്റ് വിസ

വിസ നിരക്ക് ഇളവിനൊപ്പം തന്നെ ഓസ്ട്രേലിയന്‍ സ്വപ്നം മനസിലുള്ളവര്‍ക്ക് പ്രതീക്ഷയാകുകയാണ് ഗ്ലോബല്‍ ടാലന്റ് വിസ. ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയില്‍സിലെ മെറ്റീരിയല്‍ സയന്‍സ് വിഭാഗം ഗവേഷകയായ കൊച്ചുറാണി കെ ജോണ്‍സണിന് അടുത്തിടെ ഗ്ലോബല്‍ ടാലന്റ് വിസ ലഭിച്ചിരുന്നു. അര്‍ബുദ കോശങ്ങളെ പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടെത്തുന്നതിനും നശിപ്പിക്കുന്നതിനും സാധിക്കുന്ന നാനോ തെറാനോസ്റ്റിക്ക് ഗവേഷണം നടത്തുകയാണ് കൊച്ചുറാണി. പ്രഗത്ഭരായവര്‍ക്ക് ഓസ്ട്രേലിയയില്‍ സ്ഥിരതാമസം അനുവദിക്കുന്നതാണ് ഗ്ലോബല്‍ ടാലന്റ് വിസ. കൂടുതല്‍ ആളുകള്‍ക്ക് ഗ്ലോബല്‍ ടാലന്റ് വിസ ലഭിച്ചു തുടങ്ങിയതോടെ തൊഴില്‍ പ്രാഗത്ഭ്യമുള്ള മലയാളികള്‍ക്കും പ്രതീക്ഷയേറുകയാണ്.