image

18 Feb 2022 4:26 AM IST

News

ഹൃദയമില്ലാത്ത, അതിബുദ്ധിയുള്ള യന്ത്രങ്ങൾ ​ഭാവിയിലെ വിപത്ത്: യുവാൽ ഹരാരി

PTI

ഹൃദയമില്ലാത്ത, അതിബുദ്ധിയുള്ള യന്ത്രങ്ങൾ ​ഭാവിയിലെ വിപത്ത്: യുവാൽ ഹരാരി
X

Summary

മുംബൈ: ഡാറ്റാധിഷ്ഠിത സാങ്കേതികവിദ്യയുടെ ആശ്രയത്വത്തിൽ ആശങ്ക പ്രകടിപ്പിച്ച് ലോകപ്രശസ്ത എഴുത്തുകാരനായ യുവാൽ നോഹ ഹരാരി. ഈ പ്രവണത ഡാറ്റ കൊളോണിയലിസത്തിന് കാരണമാകുന്നതോടൊപ്പം സ്വേച്ഛാധിപത്യ ഗവൺമെന്റുകളുടെയും, കുത്തക കോർപ്പറേഷനുകളുടെയും സൃഷ്ടിയിലേക്കാവും നയിക്കുകയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാപിയൻസ്: എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമൻ കൈൻഡ്, ഹോമോ ഡ്യൂസ്: എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടുമോറോ, 21 ലെസൺസ് ഫോർ 21സ്റ്റ് സെഞ്ചുറി എന്നീ മൂന്ന് പുസ്തകങ്ങളിലൂടെ ആഗോള പ്രശസ്തി നേടിയ ഇസ്രായേലിയൻ എഴുത്തുകാരനാണ് യുവാൽ നോഹ ഹരാരി. ചരിത്രകാരൻ […]


മുംബൈ: ഡാറ്റാധിഷ്ഠിത സാങ്കേതികവിദ്യയുടെ ആശ്രയത്വത്തിൽ ആശങ്ക പ്രകടിപ്പിച്ച് ലോകപ്രശസ്ത എഴുത്തുകാരനായ യുവാൽ നോഹ ഹരാരി. ഈ പ്രവണത ഡാറ്റ കൊളോണിയലിസത്തിന് കാരണമാകുന്നതോടൊപ്പം സ്വേച്ഛാധിപത്യ ഗവൺമെന്റുകളുടെയും, കുത്തക കോർപ്പറേഷനുകളുടെയും സൃഷ്ടിയിലേക്കാവും നയിക്കുകയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സാപിയൻസ്: എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമൻ കൈൻഡ്, ഹോമോ ഡ്യൂസ്: എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടുമോറോ, 21 ലെസൺസ് ഫോർ 21സ്റ്റ് സെഞ്ചുറി എന്നീ മൂന്ന് പുസ്തകങ്ങളിലൂടെ ആഗോള പ്രശസ്തി നേടിയ ഇസ്രായേലിയൻ എഴുത്തുകാരനാണ് യുവാൽ നോഹ ഹരാരി. ചരിത്രകാരൻ എസ് എൻ ഗോയങ്ക സ്ഥാപിച്ച വിപാസന സ്കൂൾ ഓഫ് യോഗയിലെ വിദ്യാർത്ഥിയുമാണ് ഇദ്ദേഹം.

ധ്യാനമാണ് തന്റെ ഏറ്റവും വലിയ പ്രചോദനമെന്ന് ജറുസലേമിലെ ഹീബ്രു സർവകലാശാലയിലെ ചരിത്ര പ്രൊഫസറായ ഹരാരി സമ്മതിക്കുന്നു. ചരിത്രം എന്നത് ഭൂതകാലത്തെക്കുറിച്ചുള്ള പഠനമല്ല, വർത്തമാനകാലത്തെക്കുറിച്ചുള്ള പഠനമാണ്. ഇപ്പോൾ അത് എങ്ങനെ മാറുന്നുവെന്നാണ് പഠിക്കേണ്ടതെന്ന് നാസ്‌കോം ലീ‍ഡർഷിപ്പ് സമ്മിറ്റ് അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഡാറ്റാ കൊളോണിയലിസത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് മനുഷ്യരാശിക്ക് മുന്നിലുള്ള ഏറ്റവും വലിയ ഭീഷണിയാണ്. 'ബി​ഗ് ഡാറ്റ' രൂപത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും, മെഷീൻ ലേണിംഗും സർക്കാരുകൾക്കും, പൊതുജനങ്ങൾക്കും മുന്നിലുള്ള വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

'ബി​ഗ് ഡാറ്റ' യുടെ രണ്ട് പ്രധാന പ്രശ്‌നങ്ങൾ ദേശീയ, ആഗോള തലങ്ങളിലായാണ്. ദേശീയ തലത്തിൽ ചില ഗ്രൂപ്പുകളിലാണ് അപകടമുള്ളത്. ഗവൺമെന്റുകളോ വലിയ കോർപ്പറേറ്റ് കുത്തകകളോ ആവാമിത്. സമൂഹത്തിൽ
അന്തരം സൃഷ്ടിക്കുന്നതിനോ ഏകാധിപത്യ ഭരണകൂടങ്ങൾ ഉണ്ടാവുന്നതിനോ ഇതൊരു കാരണമാവുന്നു, അദ്ദേഹം പറഞ്ഞു.

മനുഷ്യചരിത്രത്തിൽ ആദ്യമായി, എല്ലാവരെയും എല്ലായ്‌പ്പോഴും പിന്തുടരാനും ഒരു വ്യക്തിക്ക് ആ വ്യക്തിയെ തന്നെ നന്നായി അറിയാനും കഴിയും. നമ്മുടെ പൂർവികർക്കോ മുൻകാലങ്ങളിലെ സ്വേച്ഛാധിപതികൾക്കും ഇതിനാവശ്യമായ സാങ്കേതിക വിദ്യകൾ ഇല്ലായിരുന്നു. ഇത്തരം ഭരണകൂടങ്ങളെയും അതിലേക്ക് വഴിവയ്ക്കുന്ന സാഹചര്യങ്ങളും തടയുകയെന്നതാണ് ഏക പോംവഴി, ഹരാരി പറഞ്ഞു​.

രണ്ടാമത്തെ അപകടം ആഗോള തലത്തിലുള്ളതാണ്. ഡാറ്റ കൊളോണിയലിസത്തിന്റെ രൂപത്തിൽ പുതിയ തരത്തിലുള്ള കൊളോണിയലിസവും സാമ്രാജ്യത്വവും രൂപപ്പെടുന്നത് നമുക്ക് കാണാൻ കഴിയും. പണ്ടൊക്കെ കപ്പലുകളും സൈനികരേയും കൊണ്ട് ഒരു രാജ്യത്തിന് കോളനിവത്കരിക്കരണം നടപ്പിലാക്കാൻ എളുപ്പമായിരുന്നു. പിന്നീടവരെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന രീതി. ബ്രിട്ടൻ ഇന്ത്യയോട് ചെയ്തത് പോലെ. എന്നാൽ 21-ാം നൂറ്റാണ്ടിൽ, ഒരു രാജ്യം മറ്റൊരു രാജ്യത്തെ കീഴടക്കാൻ സൈനികരെ അയക്കേണ്ടതില്ല. നേതാക്കളുടെയും ജനങ്ങളുടെയും വിവരങ്ങൾ പുറത്തെടുക്കുകയാണ് ഇവിടെ ചെയ്യുന്നത്.

ചൈനയോ, അമേരിക്കയോ പോലെയുള്ള ഒരു രാജ്യത്തിലെ രാഷ്ട്രീയക്കാർ, പത്രപ്രവർത്തകർ, ജഡ്ജിമാർ, സൈനിക നേതാക്കൾ എന്നിവരുടെയൊക്കെ വ്യക്തിഗത രേഖകൾ മുഴുവൻ ലഭിക്കുന്ന ഒരു സാഹചര്യം സങ്കൽപ്പിച്ചു നോക്കുക. അവർ പറയുന്ന തമാശകളും, അവരുടെ രോഗങ്ങളും ഒക്കെ അറിയുന്നതോടെ സമൂ​ഹമവരെ വിലയിരുത്താൻ തുടങ്ങുന്നു. അതോടെ അതൊരു സ്വതന്ത്ര രാജ്യമായിരിക്കില്ല, ഒരു ഡാറ്റ കോളനി ആയിരിക്കുമെന്നും ഹരാരി ഊന്നിപ്പറഞ്ഞു.

സാമ്പത്തികമായി ആണെങ്കിൽ ലോകമെമ്പാടുമുള്ള എല്ലാ ഡാറ്റയും ശേഖരിക്കുക എന്നത് അപകടം നിറഞ്ഞ ഒന്നാണ്. ഒരു സ്വകാര്യ കോർപ്പറേഷനാണിത് ചെയ്യുന്നതെങ്കിൽ പ്രവർത്തിക്കുന്ന മേഖലയെ കുത്തക സ്വഭാവമുള്ളതാക്കുന്നു.
ഏതൊരു 'ഡീപ്-ടെക്' വ്യവസായത്തിനും, അത് മെഷീൻ ലേണിംഗ് ആയാലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആയാലും, കോളനിവൽക്കരിക്കുന്നത് എളുപ്പമാണ്. എല്ലാ രാജ്യങ്ങളുടെയും വെല്ലുവിളി ഇത്തരം അപകടങ്ങളിൽ നിന്ന് സ്വയം തടയുക എന്നതാണ്, അദ്ദേഹം പറഞ്ഞു

അതിനാൽ ഡാറ്റ കോളനിവൽക്കരണത്തിലേക്കുള്ള വഴിയെന്ന കാരണത്താൽ ഓരോ രാജ്യവും ഒരു തരത്തിലുമുള്ള 'ഡാറ്റാ കോൺസന്റ്രേഷൻ' അനുവദിക്കുന്നില്ലെന്ന് ഉറപ്പാക്കുക. നമ്മിൽ ഓരോരുത്തരിലും അഭൂതപൂർവമായ ഡാറ്റാ ലഭ്യത ഉള്ളതിനാൽ ആളുകളെ വൈകാരികമായും, ബുദ്ധിപരമായും കൈകാര്യം ചെയ്യാൻ എളുപ്പമാണ്. ഇതിൽ വലിയ മാറ്റമുണ്ടായെന്ന് ഹരാരി പറഞ്ഞു.

ഇതിനർത്ഥം ഡാറ്റ ഉപയോഗിച്ച് നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട തീരുമാനങ്ങൾ അൽ‌ഗോരിതങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്നു എന്നാണ്. ഇതിന്റെ ഉടമകൾ പോലും ആരാണെന്ന് നമ്മൾ അറിയുന്നില്ല. ​
ഉദാഹരണത്തിന്, ഒരാൾ ജോലിക്ക് അപേക്ഷിക്കുകയോ, ബാങ്ക് വായ്പ അന്വേഷിക്കുകയോ ചെയ്യുമ്പോൾ. രണ്ടിന്റെയും തീരുമാനങ്ങൾ മനുഷ്യരല്ല ചെയ്യുന്നത് മറിച്ച് അൽഗോരിതങ്ങളാണ്. ഒരു വ്യക്തിയുടെ കാര്യത്തിൽ തീരുമാനങ്ങൾ എടുക്കുന്നതിന് അൽഗോരിതങ്ങൾ ആയിരക്കണക്കിന് ഡാറ്റാ സെറ്റുകളാണ് എടുക്കുന്നത്. നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുന്ന തീരുമാനങ്ങളിൽ നമുക്ക് നമ്മുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുക മാത്രമല്ല, മനസ്സിലാക്കാനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്യുന്ന ഘട്ടത്തിലാണ് എത്തി നിൽക്കുന്നത്, ഹരാരി പറഞ്ഞു.

'ഡാറ്റാ കോൺസന്റ്രേഷൻ' നിയന്ത്രിക്കുന്നതിനും, ദുരുപയോഗം നിയന്ത്രിക്കുന്നതിനുമുള്ള ഒരു പ്രധാന മാർ​ഗം താഴെ തട്ടിലുള്ള നിരീക്ഷണം ഗവൺമെന്റ് ഒരിക്കലും വർദ്ധിപ്പിക്കാതെ കോർപ്പറേറ്റുകളിലും അതിലെ ഉദ്യോഗസ്ഥരിലും ഒരേ അളവിലുള്ള നിരീക്ഷണം ഉപയോഗപ്പെടുത്തലാണ്. രണ്ട് തലത്തിലൂടെയും തുല്യമായ നിരീക്ഷണം നടത്തുകയാണ് ഏക പോംവഴി. ചുരുക്കത്തിൽ, ഡാറ്റ ശേഖരണത്തിനായി സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനു പകരം ഓരോരുത്തരുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാവണം ഇത് ഉപയോ​ഗിക്കുന്നത്.

ഭാവിയിലെ ഏറ്റവും വലിയ വിപത്തുകളിൽ ഒന്ന് ഹൃദയമില്ലാത്ത, ബോധ്യങ്ങളില്ലാത്ത, അതിബുദ്ധിയുള്ള യന്ത്രങ്ങളുടെ ആധിപത്യമാണ്. ഈ വലിയ വിപ്ലവം ഭയപ്പെടുത്തുന്നതാണ്. സാങ്കേതിക നവീകരണത്തിന്റെ ഭാ​ഗമായി കൃത്രിമ ബുദ്ധി കൂട്ടിച്ചേർക്കപ്പെട്ടതിലാണ് ഹരാരി ഏറ്റവും കൂടുതൽ വിഷമം പങ്കുവയ്ക്കുന്നത്.