22 Feb 2022 12:24 PM IST
Summary
മുംബൈ: ആഗോള വിപണികളിലെ വൻതോതിലുള്ള വിൽപ്പന ഇന്ത്യൻ വിപണിയേയും ബാധിച്ചു. ബിഎസ്‌ഇ സെൻസെക്സ് 383 പോയിന്റ് ഇടിഞ്ഞ് 57,300 ലെവലിൽ ചൊവ്വാഴ്ച ക്ലോസ് ചെയ്തു. ആദ്യ ഇടപാടുകളിൽ ഏകദേശം 1,300 പോയിന്റ് താഴ്ന്നതിന് ശേഷം, സെൻസെക്സ് കുത്തനെ വീണ്ടെടുക്കൽ ശ്രമം നടത്തിയെങ്കിലും അത് 382.91 പോയിന്റിൽ വരെ എത്തി നിന്നു. സൂചിക 0.66 ശതമാനം താഴ്ന്ന് 57,300.68 ൽ അവസാനിച്ചു . എൻഎസ്ഇ നിഫ്റ്റിയും വിപണിയിൽ തിരിച്ചടി നേരിട്ടെങ്കിലും പിന്നീട് ചെറുതായൊരു മടങ്ങി വരവുണ്ടായി. ഇതോടെ 114.45 […]
മുംബൈ: ആഗോള വിപണികളിലെ വൻതോതിലുള്ള വിൽപ്പന ഇന്ത്യൻ വിപണിയേയും ബാധിച്ചു. ബിഎസ്‌ഇ സെൻസെക്സ് 383 പോയിന്റ് ഇടിഞ്ഞ് 57,300 ലെവലിൽ ചൊവ്വാഴ്ച ക്ലോസ് ചെയ്തു.
ആദ്യ ഇടപാടുകളിൽ ഏകദേശം 1,300 പോയിന്റ് താഴ്ന്നതിന് ശേഷം, സെൻസെക്സ് കുത്തനെ വീണ്ടെടുക്കൽ ശ്രമം നടത്തിയെങ്കിലും അത് 382.91 പോയിന്റിൽ വരെ എത്തി നിന്നു. സൂചിക 0.66 ശതമാനം താഴ്ന്ന് 57,300.68 ൽ അവസാനിച്ചു .
എൻഎസ്ഇ നിഫ്റ്റിയും വിപണിയിൽ തിരിച്ചടി നേരിട്ടെങ്കിലും പിന്നീട് ചെറുതായൊരു മടങ്ങി വരവുണ്ടായി. ഇതോടെ 114.45 പോയിന്റ് (0.67 ശതമാനം) താഴ്ന്ന് 17,092.20 ൽ ക്ലോസ് ചെയ്തു.
സെൻസെക്‌സിൽ ടാറ്റ സ്റ്റീൽ, ടിസിഎസ്, എസ്ബിഐ എന്നിവ 3.64 ശതമാനം വരെ നഷ്ടം നേരിട്ടു. സൂചികയിലെ 30 കമ്പനികളിൽ 20 ഉം നഷ്ടത്തിലവസാനിച്ചു.
"റഷ്യൻ അനുകൂലമായ രണ്ട് വിമത പ്രദേശങ്ങളെ റഷ്യ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട് യുക്രെയിനിലെ സംഘർഷങ്ങൾ രൂക്ഷമാകുന്നത് സ്ഥിതി വഷളാക്കി. അസംസ്‌കൃത എണ്ണയുടെയും, സ്വർണത്തിന്റെയും വില ഉയർന്നതിൽ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഇതിനകം തന്നെ ദൃശ്യമാണ്,” ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ആയ വികെ വിജയകുമാർ പറഞ്ഞു.
ക്രൂഡിന്റെ വിലക്കയറ്റം ബാരലിന് 97 ഡോളറിലേക്കെത്തുന്നത് ഇന്ത്യൻ വിപണിയിൽ വലിയ ആഘാതമായിരിക്കും ഉണ്ടാക്കുക. ഇതിന്റെ ഭാഗമായി ഉണ്ടായേക്കാവുന്ന പണപ്പെരുപ്പം ആർബിഐയെ ‘ഡോവിഷ്’ നിലപാട് സ്വീകരിക്കുന്നതിൽ നിന്നും മാറ്റി ചിന്തിപ്പിച്ചേക്കാം.
വിദേശ സ്ഥാപന നിക്ഷേപകരുടെ വിൽപ്പന വിപണിയിൽ തുടരുകയാണ്. എക്സ്ചേഞ്ച് ഡാറ്റ പുറത്തു വിട്ട കണക്കു പ്രകാരം രാജ്യത്ത് 2,261.90 കോടി രൂപയുടെ ഓഹരികളാണ് തിങ്കളാഴ്ച വിറ്റത്.
കിഴക്കൻ യൂറോപ്പിലെ ഭൗമരാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നതിന്റെ സൂചനയായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ കിഴക്കൻ ഉക്രെയ്നിലെ വിഘടനവാദി പ്രദേശങ്ങളുടെ സ്വാതന്ത്ര്യം അംഗീകരിച്ചു. പ്രസിഡൻഷ്യൽ സെക്യൂരിറ്റി കൗൺസിൽ യോഗത്തിന് ശേഷമാണ് പുടിന്റെ ഈ പ്രഖ്യാപനമുണ്ടായത്. ഇതോടെ റഷ്യയ്ക്ക് സൈന്യത്തെയും ആയുധങ്ങളെയും പരസ്യമായി യുക്രേനിയൻ സേനയിൽ മോസ്‌കോ പിന്തുണയ്ക്കുന്ന വിമതർക്കു നേരെ അയയ്ക്കാനുള്ള വഴി തുറന്നിരിക്കുകയാണ്.
അതിനിടെ, റഷ്യ-യുക്രൈൻ സംഘർഷം രൂക്ഷമായതിൽ ഇന്ത്യയും ആശങ്ക പ്രകടിപ്പിച്ചു. അതിർത്തിയിലെ സംഭവവികാസങ്ങൾക്ക് സമാധാനവും, സുരക്ഷയും തകർക്കാൻ കഴിയുമെന്നും രാജ്യം അഭിപ്രായപ്പെട്ടു. യുക്രൈൻ പ്രതിസന്ധിയിൽ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 4 ശതമാനം ഉയർന്ന് 97.35 ഡോളറിലെത്തി. 2014 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
പഠിക്കാം & സമ്പാദിക്കാം
Home
