1 March 2022 7:08 AM IST
Summary
ഡെല്‍ഹി : ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയ്ക്ക് മുന്‍പ് തന്നെ രാജ്യത്തെ യുവജനതയെ 'തൊഴിലിലാലയ്മ' എന്ന വിപത്ത് തുടര്‍ച്ചയായി വേട്ടയാടുകയാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കോവിഡ് 19 എന്ന മഹാമാരി ഈ പ്രതിസന്ധിയുടെ ആക്കം വര്‍ധിപ്പിച്ചുവെന്ന് മാത്രം. വരും മാസങ്ങളില്‍ ഈ പകര്‍ച്ച വ്യാധിയില്‍ നിന്നും പൂര്‍ണമായി മോചനം ലഭിച്ചാലും തൊഴിലില്ലായ്മ എന്നത് മുന്‍പുള്ളതിനേക്കാള്‍ സാരമായി ഉയര്‍ന്നേക്കാം എന്ന സൂചനയും നിലവിലുള്ള പഠനങ്ങളില്‍ നിന്നും ലഭിക്കുന്നു. സെന്റര്‍ ഫോര്‍ ഇക്കണോമിക്ക് […]
ഡെല്‍ഹി : ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയ്ക്ക് മുന്‍പ് തന്നെ രാജ്യത്തെ യുവജനതയെ 'തൊഴിലിലാലയ്മ' എന്ന വിപത്ത് തുടര്‍ച്ചയായി വേട്ടയാടുകയാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കോവിഡ് 19 എന്ന മഹാമാരി ഈ പ്രതിസന്ധിയുടെ ആക്കം വര്‍ധിപ്പിച്ചുവെന്ന് മാത്രം. വരും മാസങ്ങളില്‍ ഈ പകര്‍ച്ച വ്യാധിയില്‍ നിന്നും പൂര്‍ണമായി മോചനം ലഭിച്ചാലും തൊഴിലില്ലായ്മ എന്നത് മുന്‍പുള്ളതിനേക്കാള്‍ സാരമായി ഉയര്‍ന്നേക്കാം എന്ന സൂചനയും നിലവിലുള്ള പഠനങ്ങളില്‍ നിന്നും ലഭിക്കുന്നു.
സെന്റര്‍ ഫോര്‍ ഇക്കണോമിക്ക് ഡാറ്റാ ആന്‍ഡ് അനാലിസിസും (സിഇഡിഎ) സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമിയും (സിഎംഐഇ) ചേര്‍ന്ന് നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരം 2015 മുതല്‍ 2021 വരെ രാജ്യത്തെ 15നും 29നും ഇടയില്‍ പ്രായമുള്ള തൊഴിലെടുക്കുന്ന യുവാക്കളുടെ എണ്ണത്തില്‍ 30 ശതമാനം ഇടിവ് രേഖപ്പെടുത്തി.
രാജ്യത്ത് പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിലും സാരമായ കുറവ് സംഭവിച്ചിട്ടുണ്ട്. പഠന റിപ്പോര്‍ട്ട് പ്രകാരം 2016ലെ ആദ്യപാദത്തില്‍ 15നും 29നും ഇടയില്‍ പ്രായമുള്ള തൊഴില്‍ ചെയ്യുന്ന യുവജനതയുടെ എണ്ണം 10.38 കോടിയായിരുന്നു. എന്നാല്‍ 2021 മൂന്നാം പാദമായപ്പോഴേയ്ക്കും ഇത് 7.25 കോടിയായി കുറഞ്ഞു. 2020ലെ കണക്കുകള്‍ വെച്ചു നോക്കുമ്പോള്‍ 2021ല്‍ നേരിയ ഉണര്‍വ് രേഖപ്പെടുത്തിയെങ്കിലും 2019ലെ സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 13 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു.
'യുവ ജനത' തളരുമ്പോള്‍
2016ലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് തൊഴില്‍ ചെയ്യുന്ന മൊത്തം ആളുകളിലെ 25.6 ശതമാനവും യുവാക്കളായിരുന്നു. എന്നാല്‍ 2019 ആയപ്പോഴേക്കും ഇത് 21 ശതമാനമായി. കോവിഡ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് ഉയരുകയായിരുന്നുവെന്ന് ചുരുക്കം. 2021ല്‍ കോവിഡ് പ്രതിസന്ധി ശക്തമായതോടെ ആകെ തൊഴില്‍ ചെയ്യുന്നവരിലെ 18.2 ശതമാനം മാത്രമായി യുവ ജനതയുടെ എണ്ണം ഒതുങ്ങി. എന്നാല്‍ 50നും 59നും ഇടയില്‍ പ്രായമുള്ള തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം 2016ല്‍ 16 ശതമാനം ആയിരുന്നത് 2021 ആയപ്പോഴേക്കും 24.6 ശതമാനമായി ഉയര്‍ന്നു.
2016ലെ കണക്കുകളുമായി താരതമ്യം ചെയ്താല്‍ 2021ല്‍ രാജ്യത്ത് തൊഴിലുള്ള യുവാക്കളുടെ എണ്ണത്തില്‍ 30 ശതമാനം കുറവ് രേഖപ്പെടുത്തി. 2019- 2020 കാലയളവില്‍ രാജ്യത്ത് ഏറ്റവുമധികം യുവാക്കള്‍ തൊഴില്‍ രഹിതരായത് രാജ്യ തലസ്ഥാനത്താണ്. 2016ല്‍ ഡെല്‍ഹിയില്‍ തൊഴില്‍ ചെയ്യുന്ന യുവാക്കളുടെ എണ്ണം 16 ലക്ഷമായിരുന്നു. 2020 ആയപ്പോഴേക്കും ഇത് 10 ലക്ഷമായി കുറഞ്ഞു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നിട്ടും പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല എന്നതും അവശ്യ വസ്തുക്കളുടെ വിലക്കയറ്റവും യുവജനതയേയും അവരെ ആശ്രയിച്ച് കഴിയുന്നവരേയും ആശങ്കയിലാഴ്ത്തുകയാണ്.
സംരംഭങ്ങള്‍ക്കും തിരിച്ചടി, കൃഷിയില്‍ മാത്രം ഉണര്‍വ്
കോവിഡ് മഹാമാരി മൂലം രാജ്യത്തെ മിക്ക മേഖലകളും സാമ്പത്തികമായി തകര്‍ന്നെങ്കിലും കാര്‍ഷിക മേഖലയില്‍ തുടര്‍ച്ചയായ വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ രാജ്യത്തെ യുവ ജനതയില്‍ നല്ലൊരു ഭാഗവും തൊഴില്‍ എടുത്തിരുന്നത് വ്യാപാര- വാണിജ്യ മേഖലയിലാണ്. ഇവര്‍ക്കും സ്വന്തം സംരംഭം എന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ ഇറങ്ങിയവര്‍ക്കും കോവിഡ് വലിയ തിരിച്ചടിയായി.
ബാങ്ക് ലോണ്‍ തിരിച്ചടവിനുള്ള വഴി കണ്ടെത്താന്‍ സാധിക്കാത്ത നിലയിലേക്ക് രാജ്യത്തെ യുവജനത എത്തി. 2021 ഡിസംബര്‍ ആപ്പോഴേക്കും ഉപഭോക്തൃവില സൂചികയില്‍ 5.61 ശതമാനം വര്‍ധനവുണ്ടായതും പ്രതിസന്ധിയുടെ കാഠിന്യം വര്‍ധിപ്പിച്ചിരിക്കുകയാണ്. സമ്പന്ന വിഭാഗത്തിന് ഉപഭോക്തൃ വില സൂചികയിലെ ഗുണഫലങ്ങള്‍ ലഭിച്ചെങ്കിലും രാജ്യത്തെ സാധാരണക്കാരായ ആളുകളുടെ ഉപജീവനത്തെ തന്നെ ഇത് സാരമായി ബാധിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
