image

5 March 2022 5:05 AM IST

Banking

റിലയന്‍സിന്‍റെ സാംസ്ക്കാരിക മുഖമാകാൻ 'ജിയോ വേൾഡ് സെന്‍റർ'

MyFin Desk

റിലയന്‍സിന്‍റെ സാംസ്ക്കാരിക മുഖമാകാൻ ജിയോ വേൾഡ് സെന്‍റർ
X

Summary

മുംബൈ :  രാജ്യത്തെ ഏറ്റവും വലിയ ബിസിനസ്-സാംസ്‌കാരിക കേന്ദ്രം നിര്‍മ്മിച്ച് ഇരട്ടി തിളക്കം ആര്‍ജ്ജിക്കാനുള്ള ശ്രമത്തിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. മുംബൈയിലെ ബാന്ദ്ര കോംപ്ലക്‌സില്‍ 18.5 ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിക്കുന്ന കേന്ദ്രത്തിന് 'ജിയോ വേള്‍ഡ് സെന്റര്‍'  എന്നാണ് പേരിട്ടിരിക്കുന്നത്. 2023നകം നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് നീക്കം. ധീരുഭായ് അംബാനി സ്‌ക്വയര്‍, മ്യൂസിക്കല്‍ ഫൗണ്ടെയ്ന്‍ ഓഫ് ജോയ്, ദി ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവയാകും ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കുക. ബാക്കിയുള്ള വിഭാഗങ്ങള്‍ ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കും. സാംസ്‌കാരിക കേന്ദ്രം, മ്യൂസിക്കല്‍ ഫൗണ്ടെയിന്‍, റീട്ടെയില്‍ […]


മുംബൈ : രാജ്യത്തെ ഏറ്റവും വലിയ ബിസിനസ്-സാംസ്‌കാരിക കേന്ദ്രം നിര്‍മ്മിച്ച് ഇരട്ടി തിളക്കം ആര്‍ജ്ജിക്കാനുള്ള ശ്രമത്തിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. മുംബൈയിലെ ബാന്ദ്ര കോംപ്ലക്‌സില്‍ 18.5 ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിക്കുന്ന കേന്ദ്രത്തിന് 'ജിയോ വേള്‍ഡ് സെന്റര്‍' എന്നാണ് പേരിട്ടിരിക്കുന്നത്. 2023നകം നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് നീക്കം. ധീരുഭായ് അംബാനി സ്‌ക്വയര്‍, മ്യൂസിക്കല്‍ ഫൗണ്ടെയ്ന്‍ ഓഫ് ജോയ്, ദി ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവയാകും ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കുക.

ബാക്കിയുള്ള വിഭാഗങ്ങള്‍ ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കും. സാംസ്‌കാരിക കേന്ദ്രം, മ്യൂസിക്കല്‍ ഫൗണ്ടെയിന്‍, റീട്ടെയില്‍ സ്റ്റോര്‍ വിഭാഗം, കഫേ, ഡൈനിംഗ് റസ്റ്ററന്റുകള്‍, സര്‍വീസ്ഡ് അപ്പാര്‍ട്ട്‌മെന്റ്, ഓഫീസ്, കണ്‍വന്‍ഷന്‍ ഹാള്‍ എന്നിവയും ജിയോ വേള്‍ഡ് സെന്ററില്‍ സജ്ജീകരിക്കും. സെന്റര്‍ ഉദ്ഘാടനത്തിന് മുംബൈയിലെ ബിഎംസി ഉള്‍പ്പടെയുള്ള സ്‌കൂളുകളില്‍ നിന്നും 250ല്‍ അധികം അധ്യാപകരെ ക്ഷണിച്ചിട്ടുണ്ട്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ബിസിനസ് - സാംസ്‌കാരിക കേന്ദ്രമാകും 'ജിയോ വേള്‍ഡ് സെന്റര്‍' എന്നും കമ്പനി വ്യക്തമാക്കുന്നു.

5ജിയിലും മുന്നേറാന്‍ ജിയോ

രാജ്യത്തെ 5 ജി സ്പെക്ട്രം ലേലം നടക്കാന്‍ ഏതാനും മാസം മാത്രം ബാക്കി നില്‍ക്കേ 5ജി ടെലികോം നെറ്റ് വര്‍ക്ക് ഉപകരണങ്ങളുടെ നിര്‍മ്മാണത്തില്‍ കമ്പനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന്റെ ഭാഗമായി യുഎസ് ആസ്ഥാനമായ സാന്‍മിനാ കോര്‍പ്പറേഷനും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉപവിഭാഗമായ റിലയന്‍സ് സ്ട്രാറ്റജിക്ക് ബിസിനസ് വെഞ്ച്വേഴ്സും (ആര്‍എസ്ബിവിഎല്‍) സഹകരിച്ച് സംയുക്ത സംരംഭം ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

പദ്ധതിയുടെ ഭാഗമായി 1670 കോടി രൂപയാണ് റിലയന്‍സ് നിക്ഷേപിക്കുക. അന്താരാഷ്ട്ര മാര്‍ക്കറ്റ് ലക്ഷ്യമിട്ട് ടെലികോം നെറ്റ്വര്‍ക്ക് ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് സാന്‍മിന. നിലവില്‍ 4ജി, 5ജി ടെലികോം നെറ്റ്വര്‍ക്ക് ഉപകരണങ്ങള്‍ കമ്പനി നിര്‍മ്മിക്കുന്നുണ്ട്. റിലയന്‍സും സാന്‍മിനയും ഒന്നിക്കുന്നതോടെ നിലവിലെ നെറ്റ്വര്‍ക്ക് ഉപകരണ നിര്‍മ്മാതാക്കളായ എറിക്സണ്‍, നോക്കിയ, വാവേയ് എന്നീ കമ്പനികള്‍ക്ക് തിരിച്ചടിയായേക്കും