image

11 March 2022 7:59 AM IST

News

പഴയ വണ്ടി കൂടുതല്‍ ഭാരമാകും, ഇരുചക്ര വാഹനം വില കൂടും

MyFin Desk

പഴയ വണ്ടി കൂടുതല്‍ ഭാരമാകും, ഇരുചക്ര വാഹനം വില കൂടും
X

Summary

തിരുവനന്തപുരം : ഇരുചക്ര വാഹനങ്ങളുടെ നികുതി ഒരു ശതമാനം വര്‍ധിപ്പിച്ച് സംസ്ഥാന ബജറ്റ്. രണ്ട് ലക്ഷം രൂപ വരെയുള്ള ഇരു ചക്രവാഹനങ്ങള്‍ക്ക് ഒറ്റത്തവണ നികുതി ഒരു ശതമാനം വര്‍ധിപ്പിക്കുമെന്നാണ് ബജറ്റില്‍ പ്രഖ്യാപനമുണ്ടായത്. നികുതി വര്‍ധനയിലൂടെ പ്രതിവര്‍ഷം 60 കോടി രൂപയുടെ വരുമാനം നേടാനാകുമെന്നാണ് പ്രതീക്ഷ. പഴയ വാഹനങ്ങള്‍ക്ക് 50 ശതമാനം ഹരിത നികുതി കൂട്ടുമെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. മോട്ടോര്‍ സൈക്കിളുകളെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവിലുള്ള കണക്കുകള്‍ നോക്കിയാല്‍ ഒരു ലക്ഷം […]


തിരുവനന്തപുരം : ഇരുചക്ര വാഹനങ്ങളുടെ നികുതി ഒരു ശതമാനം വര്‍ധിപ്പിച്ച് സംസ്ഥാന ബജറ്റ്. രണ്ട് ലക്ഷം രൂപ വരെയുള്ള ഇരു ചക്രവാഹനങ്ങള്‍ക്ക് ഒറ്റത്തവണ നികുതി ഒരു ശതമാനം വര്‍ധിപ്പിക്കുമെന്നാണ് ബജറ്റില്‍ പ്രഖ്യാപനമുണ്ടായത്. നികുതി വര്‍ധനയിലൂടെ പ്രതിവര്‍ഷം 60 കോടി രൂപയുടെ വരുമാനം നേടാനാകുമെന്നാണ് പ്രതീക്ഷ. പഴയ വാഹനങ്ങള്‍ക്ക് 50 ശതമാനം ഹരിത നികുതി കൂട്ടുമെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. മോട്ടോര്‍ സൈക്കിളുകളെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

നിലവിലുള്ള കണക്കുകള്‍ നോക്കിയാല്‍ ഒരു ലക്ഷം രൂപ വരെ വിലമതിക്കുന്ന വാഹനങ്ങള്‍ക്ക് 10 ശതമാനവും, രണ്ട് ലക്ഷം രൂപ വരെയുള്ളവയ്ക്ക് 12 ശതമാനവുമാണ് നികുതി. 21 ശതമാനം നികുതിയാണ് രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള വാഹനങ്ങള്‍ക്ക് അടയ്ക്കേണ്ടത്. 15 വര്‍ഷത്തില്‍ ഏറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടെ കേന്ദ്ര സ്‌ക്രാപ്പിംഗ് നയത്തിന് ചുവടു പിടിച്ച് സംസ്ഥാനവും മുന്നോട്ട് പോകുന്നുവെന്നാണ് ബജറ്റ് സൂചിപ്പിക്കുന്നത്. ഇത്തരം വാഹനങ്ങള്‍ ഉണ്ടാക്കുന്ന പരിസ്ഥിതി മലിനീകരണം നേരിടാന്‍ ഏര്‍പ്പെടുത്തിയ ഹരിത നികുതി 50 ശതമാനമാണ് പുതിയ ബജറ്റില്‍ കൂട്ടുന്നത്.

ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുകയും വൈദ്യുത വാഹനങ്ങളിലേക്ക് ആളുകളെ കൂടുതലായി എത്തിക്കുന്നതിനും വേണ്ടിയാണ് ഹരിത നികുതി ഏര്‍പ്പെടുത്തുന്നത്. അതേസമയം ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കാര്യമായ ഒരു ആനുകൂല്യവും ബജറ്റില്‍ ഇല്ല എന്നത് പോരായ്കയായി അവശേഷിക്കുന്നു.

കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്‌ക്രാപ്പ് പോളിസിയും ഇത് തന്നെയാണ് ലക്ഷ്യമിടുന്നത്. ഹെവി വാഹനങ്ങള്‍ ഉള്‍പ്പടെയുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് മേല്‍ ഹരിത നികുതി ഈടാക്കുന്നതോടെ 10 കോടിയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ മോട്ടോര്‍ വാഹന കുടിശ്ശിക അടയ്ക്കുന്ന പദ്ധതി ഈ വര്‍ഷവും തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഏകദേശം 2 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.