image

1 April 2022 12:28 PM IST

Banking

24,000 കോടി വരുമാനം നേടി എച്ച്എഎല്‍

MyFin Desk

24,000 കോടി വരുമാനം നേടി എച്ച്എഎല്‍
X

Summary

ബെംഗളൂരു: 2022 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 24,000 കോടി രൂപയിലധികം (താല്‍ക്കാലികവും ഓഡിറ്റ് ചെയ്യപ്പെടാത്തതുമായ) വരുമാനം രേഖപ്പെടുത്തിയതായി ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍) വെള്ളിയാഴ്ച അറിയിച്ചു. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ ആറ് ശതമാനം അധിക വളര്‍ച്ച രേഖപ്പെടുത്തി. മുന്‍ വര്‍ഷം 22,755 കോടി രൂപയായിരുന്നു ലാഭം. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ വെല്ലുവിളികളും അതിനെ തുടര്‍ന്നുള്ള ഉത്പാദന നഷ്ടവും ഉണ്ടായിരുന്നിട്ടും, മെച്ചപ്പെട്ട പ്രകടനം കൈവരിക്കാനായെന്ന് എച്ച്എഎല്‍ സിഎംഡി, ആര്‍. […]


ബെംഗളൂരു: 2022 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 24,000 കോടി രൂപയിലധികം (താല്‍ക്കാലികവും ഓഡിറ്റ് ചെയ്യപ്പെടാത്തതുമായ) വരുമാനം രേഖപ്പെടുത്തിയതായി ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍) വെള്ളിയാഴ്ച അറിയിച്ചു.
മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ ആറ് ശതമാനം അധിക വളര്‍ച്ച രേഖപ്പെടുത്തി. മുന്‍ വര്‍ഷം 22,755 കോടി രൂപയായിരുന്നു ലാഭം.
സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ വെല്ലുവിളികളും അതിനെ തുടര്‍ന്നുള്ള ഉത്പാദന നഷ്ടവും ഉണ്ടായിരുന്നിട്ടും, മെച്ചപ്പെട്ട പ്രകടനം കൈവരിക്കാനായെന്ന് എച്ച്എഎല്‍ സിഎംഡി, ആര്‍. മാധവന്‍ പറഞ്ഞു.
കൊവിഡിന്റെ രണ്ടാം തരംഗം 2021 ഏപ്രില്‍, മെയ് മാസങ്ങളില്‍ വിവിധ ഡിവിഷനുകളില്‍ ഘട്ടം ഘട്ടമായുള്ള ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചതായി എച്ച്എഎല്‍ പ്രസ്താവനയില്‍ പറഞ്ഞു. ലോക്ക്ഡൗണിനെ തുടര്‍ന്നുള്ള നഷ്ടം നികത്താന്‍ 2021 ജൂണ്‍, ജൂലൈ മാസങ്ങളില്‍ ജീവനക്കാര്‍ അധിക സമയം നീക്കിവെച്ചിരുന്നു.
കൂടാതെ, മെച്ചപ്പെട്ട സാമ്പത്തിക പ്രകടനവും പണമൊഴുക്കും അടിസ്ഥാനമാക്കി, ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളായ കെയര്‍ റേറ്റിംഗും ഇക്ര ലിമിറ്റഡും (ഐസിആര്‍എ) 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ക്രെഡിറ്റ് റേറ്റിംഗ് എഎ+ ല്‍ നിന്ന് എഎഎ/സ്റ്റേബിളിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്.
44 പുതിയ ഹെലികോപ്റ്ററുകള്‍/വിമാനങ്ങള്‍, 84 പുതിയ എഞ്ചിനുകള്‍ എന്നിവ നിര്‍മ്മിക്കുകയും 203 വിമാനങ്ങള്‍/ഹെലികോപ്റ്ററുകള്‍, 478 എഞ്ചിനുകള്‍ എന്നിവ അറ്റകുറ്റപണി നടത്തുകയും ചെയ്തുകൊണ്ട് റെക്കോഡ് വരുമാനം നേടിയതായി എച്ച്എഎല്‍ അറിയിച്ചു.
അടുത്തിടെ, 15 ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകള്‍ (എല്‍സിഎച്ച്) നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ എച്ച്എഎല്‍ നേടിയിരുന്നു. ഐഎഎഫിന് പത്ത്, ഇന്ത്യന്‍ സൈന്യത്തിന് അഞ്ച് എന്നിങ്ങനെ 3,887 കോടി രൂപയുടെ കരാറിലാണേര്‍പ്പെട്ടിരിക്കുന്നത്.