image

19 April 2022 4:18 AM GMT

Cryptocurrency

ക്രിപ്‌റ്റോ നിയന്ത്രണത്തിന് ആഗോളതലത്തില്‍ സംവിധാനം വേണം : ധനമന്ത്രി

MyFin Desk

ക്രിപ്‌റ്റോ നിയന്ത്രണത്തിന് ആഗോളതലത്തില്‍ സംവിധാനം വേണം : ധനമന്ത്രി
X

Summary

ഡെല്‍ഹി : ക്രിപ്‌റ്റോ കറന്‍സികള്‍ നിയന്ത്രിക്കുന്നതിനായി ആഗോളതലത്തില്‍ സംവിധാനം സൃഷ്ടിക്കണമെന്ന വാദവുമായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ഇത്തരം സംവിധാനം വരുന്നത് വഴി കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ഫണ്ടിംഗ് എന്നിവ മൂലമുള്ള അപകടസാധ്യത ലഘൂകരിക്കാന്‍ സാധിക്കുമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. ഐഎംഎഫ് സംഘടിപ്പിച്ച ഉന്നതതല പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഹോസ്റ്റ് ചെയ്യാത്ത ക്രിപ്‌റ്റോ വാലറ്റുകള്‍ ഉള്ളിടത്തോളം കാലം നിയന്ത്രണം വളരെ ബുദ്ധിമുട്ടായിരിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും, രാജ്യങ്ങള്‍ തമ്മിലുള്ള പേയ്മെന്റുകള്‍ ആര്‍ബിഐ നിയന്ത്രിക്കുന്ന ഡിജിറ്റല്‍ കറന്‍സികളിലൂടെ മികച്ച രീതിയില്‍ […]


ഡെല്‍ഹി : ക്രിപ്‌റ്റോ കറന്‍സികള്‍ നിയന്ത്രിക്കുന്നതിനായി ആഗോളതലത്തില്‍ സംവിധാനം സൃഷ്ടിക്കണമെന്ന വാദവുമായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ഇത്തരം സംവിധാനം വരുന്നത് വഴി കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ഫണ്ടിംഗ് എന്നിവ മൂലമുള്ള അപകടസാധ്യത ലഘൂകരിക്കാന്‍ സാധിക്കുമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. ഐഎംഎഫ് സംഘടിപ്പിച്ച ഉന്നതതല പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഹോസ്റ്റ് ചെയ്യാത്ത ക്രിപ്‌റ്റോ വാലറ്റുകള്‍ ഉള്ളിടത്തോളം കാലം നിയന്ത്രണം വളരെ ബുദ്ധിമുട്ടായിരിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്നിരുന്നാലും, രാജ്യങ്ങള്‍ തമ്മിലുള്ള പേയ്മെന്റുകള്‍ ആര്‍ബിഐ നിയന്ത്രിക്കുന്ന ഡിജിറ്റല്‍ കറന്‍സികളിലൂടെ മികച്ച രീതിയില്‍ നടത്താമെന്നും അവര്‍ വ്യക്തമാക്കി. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിയന്ത്രണം വളരെ സമര്‍ത്ഥവും വേഗതയുള്ളതുമായിരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ക്രിപ്‌റ്റോയുടെ ഉറവിടം ഏതെന്ന് അറിയുന്നതിനാണ് നികുതി ഈടാക്കുന്നതെന്നും മറിച്ച് ഇത് നിയമവിധേയമാക്കുന്നതിന് വേണ്ടിയല്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

ഡിജിറ്റല്‍ ആസ്തികള്‍ക്ക് മേല്‍ 30 ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്നാലെ ക്രിപ്റ്റോ കറന്‍സികള്‍ക്ക് ഇവ എങ്ങനെ ബാധകമാവും എന്നതും ഏറെ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ ജിഎസ്ടി നിയമത്തിന്റെ പരിധിയില്‍ ക്രിപ്‌റ്റോ കറന്‍സികളേയും കൊണ്ടു വന്നേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ ഇപ്പോള്‍ ഇതിന്റെ തുടര്‍ച്ചയെന്നോണം ബാങ്കുകളില്‍ നിന്നും ക്രിപ്‌റ്റോ ഏക്‌സ്‌ചേഞ്ചുകളില്‍ നിന്നും ഇടപാടുകള്‍ സംബന്ധിച്ച വാര്‍ഷിക ഇന്‍ഫോര്‍മേഷന്‍ സ്റ്റേറ്റ്‌മെന്റ് (എഐഎസ്) ആവശ്യപ്പെടുകയാണ് സര്‍ക്കാര്‍.

നിലവില്‍ സ്വയം വെളിപ്പെടുത്തല്‍ എന്ന നിലയിലാണ് ഇടപാട് വിവരങ്ങള്‍ സര്‍ക്കാരിന് കൈമാറുന്നത്. അതായത് അക്കൗണ്ടിംഗ് രേഖകള്‍ പോലുള്ളവയ്ക്ക് പകരം ബാങ്കുകളും ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളും നല്‍കുന്ന റിപ്പോര്‍ട്ട്. ഇവയ്ക്ക് ആധികാരികത ഉറപ്പ് പറയാനാകില്ല. അതിനാലാണ് ഇടപാടുകളുടെ സമഗ്ര വിവരങ്ങള്‍ അക്കൗണ്ടിംഗ് റിപ്പോര്‍ട്ടുകളും വ്യക്തിഗത ഇടപാട് രേഖകളും വഴി വിശദമായി അറിയാനുള്ള നീക്കത്തിന് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. ക്രിപ്‌റ്റോ ഇടപാടുകള്‍ക്ക് പഴുതില്ലാത്ത വിധം നികുതി ചുമത്താനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്.