image

20 May 2022 1:30 AM IST

Lifestyle

ഗൾഫ് വിപണി തേടി കേരളത്തിലെ സമുദ്രോത്പന്ന കയറ്റുമതിക്കാർ

James Paul

ഗൾഫ് വിപണി തേടി കേരളത്തിലെ സമുദ്രോത്പന്ന കയറ്റുമതിക്കാർ
X

Summary

കോവിഡിനെ തുടർന്ന് ചൈനയിലേക്കുള്ള സമുദ്രോത്പന്ന കയറ്റുമതി ഏതാണ്ട് പൂർണ്ണമായും നിലച്ചതോടെ, പ്രതിസന്ധിയാലായ കേരളത്തിലെ കയറ്റുമതിക്കാർ ഗൾഫ് രാജ്യങ്ങളിലേക്ക് തിരിയുന്നു. അടുത്തയിടെ നിലവിൽ വന്ന ഇന്ത്യോ-യുഎഇ വ്യാപാര കരാറും ഗൾഫിലേക്കുള്ള  കയറ്റുമതി വർദ്ധിക്കാൻ കാരണമായെന്ന് സീഫുഡ് എക്സ്പോർട്ട്സ് അസോസിയേഷൻ പറയുന്നു. ഇന്ത്യയുടെ മൊത്തം മത്സ്യ കയറ്റുമതി പ്രതിവർഷം ഏകദേശം 47,500 കോടി രൂപയാണ്. ആഗോള മത്സ്യ ഉൽപ്പാദനത്തിന്റെ ഏകദേശം 6% ഇന്ത്യയിലാണ്. ചെമ്മീൻ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നത് ഇന്ത്യയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 6.68 ബില്യൺ ഡോളറിന്റെ 12,89,651 […]


കോവിഡിനെ തുടർന്ന് ചൈനയിലേക്കുള്ള സമുദ്രോത്പന്ന കയറ്റുമതി ഏതാണ്ട് പൂർണ്ണമായും നിലച്ചതോടെ, പ്രതിസന്ധിയാലായ കേരളത്തിലെ കയറ്റുമതിക്കാർ ഗൾഫ് രാജ്യങ്ങളിലേക്ക് തിരിയുന്നു. അടുത്തയിടെ നിലവിൽ വന്ന ഇന്ത്യോ-യുഎഇ വ്യാപാര കരാറും ഗൾഫിലേക്കുള്ള കയറ്റുമതി വർദ്ധിക്കാൻ കാരണമായെന്ന് സീഫുഡ് എക്സ്പോർട്ട്സ് അസോസിയേഷൻ പറയുന്നു.

ഇന്ത്യയുടെ മൊത്തം മത്സ്യ കയറ്റുമതി പ്രതിവർഷം ഏകദേശം 47,500 കോടി രൂപയാണ്. ആഗോള മത്സ്യ ഉൽപ്പാദനത്തിന്റെ ഏകദേശം 6% ഇന്ത്യയിലാണ്. ചെമ്മീൻ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നത് ഇന്ത്യയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 6.68 ബില്യൺ ഡോളറിന്റെ 12,89,651 ടൺ സമുദ്രോത്പന്നമാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. അമേരിക്ക കഴിഞ്ഞാൽ ചൈനയാണ് ഇന്ത്യയിൽ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതിയുടെ ഏറ്റവും വലിയ വിപണി. 2019ൽ ചൈനയിലേക്ക് 7000 കോടിയിലധികം രൂപയുടെ സമുദ്രവിഭവങ്ങൾ കയറ്റുമതി ചെയ്തു. ചൈനയിലേക്കുള്ള ചെമ്മീനുകളുടെയും ഞണ്ടുകളുടെയും പ്രധാന കയറ്റുമതിക്കാരാണ് കേരളം. എന്നാൽ കോവിഡിനെ തുടർന്നുണ്ടായ നിയന്ത്രണങ്ങൾ മൂലം ചൈനയിലേക്കുള്ള കയറ്റുമതി ഏതാണ്ട് പൂർണ്ണമായും നിലച്ചു.

“ചൈനയിലേക്കുള്ള കയറ്റുമതി നിലച്ചതോടെ മറ്റ് രാജ്യങ്ങളിലേക്ക് തിരിയാൻ കയറ്റുമതിക്കാർ നിർബന്ധിതരായിരിക്കുകയാണ്. ഇന്ത്യോ-യുഎഇ വ്യാപാരകരാറിൻറെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വർദ്ധിപ്പിക്കാൻ ആലോചിക്കുന്നു. അതോടൊപ്പം തായ് ലണ്ട്, വിയറ്റ്നാം വിപണികളും ലക്ഷ്യമാക്കുന്നുണ്ട്, “സീഫുഡ് എക്സ്പോർട്ട്സ് അസോസിയേഷൻ കേരള ഘടകം പ്രസിഡൻറ് അലക്സ് കെ നൈനാൻ പറയുന്നു.

2020-21 ഏപ്രിൽ മുതൽ ജനുവരി വരെ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വോളിയത്തിൽ 20.54 ശതമാനം ഇടിവ് വന്നിട്ടുണ്ടെന്ന് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (MPEDA) കണക്കുകൾ സൂചിപ്പിക്കുന്നു.

“മൂല്യത്തിന്റെ അടിസ്ഥാനത്തിൽ , ചൈനയിലേക്കുള്ള കയറ്റുമതി 2021 സാമ്പത്തിക വർഷത്തിൽ, ഏപ്രിൽ-ഡിസംബർ കാലയളവിൽ 40% ഇടിവ് രേഖപ്പെടുത്തി. അതേസമയം അളവ് 36% കുറഞ്ഞു. ചൈനയിലെ സീഫുഡ് ഇൻവെന്ററി ലെവലുകൾ വളരെ ഉയർന്നതാണെന്നും അതിനാൽ പുതിയ പർച്ചേസ് ഓർഡറുകൾ നൽകുന്നില്ലെന്നും റിപ്പോർട്ടുണ്ട്. ലോക്കൽ ഗവേണൻസ് തലങ്ങളിൽ കർശനമായ കോവിഡ്-19 സൂക്ഷ്മപരിശോധനയും അധിക സൂക്ഷ്മപരിശോധനയും തുടരുകയാണ്. ഇത് കണ്ടെയ്‌നർ ചലനം മന്ദഗതിയിലാക്കാനും കയറ്റുമതിക്കാർക്ക് പണമടയ്ക്കാൻ കാലതാമസമുണ്ടാക്കാനും കാരണമായി. ഇറക്കുമതിക്കാർ നൽകുന്ന മുൻകൂർ പേയ്‌മെന്റ് കുറവാണ്, കോവിഡ്-19 ക്ലിയറൻസ് ടെസ്റ്റുകൾ പൂർത്തിയാക്കിയതിന് ശേഷം മാത്രമേ അന്തിമ പേയ്‌മെന്റ് നടത്തൂ,” എംപിഇഡിഎ വക്താവ് പറഞ്ഞു. കയറ്റുമതിക്കാരുടെ പ്രശ്നങ്ങൾ ഉചിതമായ തലത്തിൽ പരിഹരിക്കുന്നതിന് എംപിഇഡിഎ ഇടപെടൽ നടത്തും.

“ചൈന ഉൾപ്പെടെയുടെ രാജ്യങ്ങളിലെ നിരോധനം കാരണം കേരളത്തിലെ സമുദ്രോത്പന്ന കയറ്റുമതിക്കാർ പ്രതിസന്ധിയിലാണ്. വിയറ്റ്നാം ഇന്ത്യൻ സമുദ്രോത്പന്നങ്ങൾ നിയന്ത്രിത അളവിൽ വാങ്ങാൻ തുടങ്ങിയിട്ടുണ്ട്. വിയറ്റ്നാം , തായ് ലണ്ട് പോലുള്ള വിപണികളെ ആശ്രയിക്കുകയല്ലാതെ ഞങ്ങൾക്ക് മറ്റ് മാർഗ്ഗങ്ങളില്ല,” അലക്സ് കെ നൈനാൻ പറഞ്ഞു.