image

1 Jun 2022 4:04 AM GMT

Personal Identification

ആധാര്‍ പകര്‍പ്പ് എവിടെയൊക്കെ നൽകണം? തട്ടിപ്പിനിരയാകാതെ നോക്കാം

MyFin Desk

ആധാര്‍ പകര്‍പ്പ് എവിടെയൊക്കെ നൽകണം? തട്ടിപ്പിനിരയാകാതെ നോക്കാം
X

Summary

ആധാര്‍ കാര്‍ഡ് സംബന്ധിച്ച് കഴിഞ്ഞ ഏതാനും ദിവസത്തിനിടെ രണ്ട് അറിയിപ്പുകളാണ് വന്നത്. ഒന്ന് ആധാറിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി ഒരു സ്ഥാപനവുമായും പങ്കുവെക്കരുത് എന്നായിരുന്നുവെങ്കില്‍, രണ്ടാമത് വന്നത് ഈ വാര്‍ത്താ കുറിപ്പ് റദ്ദാക്കിയിരിക്കുന്നു എന്നാണ്. ആശയക്കുഴപ്പങ്ങള്‍ ഇപ്പോഴും നീങ്ങാത്ത ഒന്നാണ് ആധാര്‍ എന്നത്. ഉപയോഗവും സുരക്ഷയും സംബന്ധിച്ച് ഒട്ടേറെ ചര്‍ച്ചകളും ഇതിനോടകം ആധാറിനെ പറ്റി നടന്ന് കഴിഞ്ഞു. ഇപ്പോള്‍ മിക്ക ആവശ്യങ്ങള്‍ക്കും നാം ആധാര്‍ സമര്‍പ്പിക്കാറുണ്ട്. ഇത്തരത്തില്‍ നിങ്ങള്‍ ആധാര്‍ (കോപ്പി) സമര്‍പ്പിച്ചത് വഴി തട്ടിപ്പിന് ഇരയാകാന്‍ സാധ്യതയുണ്ടോ […]


ആധാര്‍ കാര്‍ഡ് സംബന്ധിച്ച് കഴിഞ്ഞ ഏതാനും ദിവസത്തിനിടെ രണ്ട് അറിയിപ്പുകളാണ് വന്നത്. ഒന്ന് ആധാറിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി ഒരു സ്ഥാപനവുമായും പങ്കുവെക്കരുത് എന്നായിരുന്നുവെങ്കില്‍, രണ്ടാമത് വന്നത് ഈ വാര്‍ത്താ കുറിപ്പ് റദ്ദാക്കിയിരിക്കുന്നു എന്നാണ്. ആശയക്കുഴപ്പങ്ങള്‍ ഇപ്പോഴും നീങ്ങാത്ത ഒന്നാണ് ആധാര്‍ എന്നത്. ഉപയോഗവും സുരക്ഷയും സംബന്ധിച്ച് ഒട്ടേറെ ചര്‍ച്ചകളും ഇതിനോടകം ആധാറിനെ പറ്റി നടന്ന് കഴിഞ്ഞു. ഇപ്പോള്‍ മിക്ക ആവശ്യങ്ങള്‍ക്കും നാം ആധാര്‍ സമര്‍പ്പിക്കാറുണ്ട്.

ഇത്തരത്തില്‍ നിങ്ങള്‍ ആധാര്‍ (കോപ്പി) സമര്‍പ്പിച്ചത് വഴി തട്ടിപ്പിന് ഇരയാകാന്‍ സാധ്യതയുണ്ടോ എന്നാണ് ഏവരിലും ഇപ്പോഴുള്ള ആശങ്ക. എന്നാല്‍ നിലവില്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഇറക്കിയിരിക്കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ തട്ടിപ്പില്‍ നിന്നും ഒരു പരിധി വരെ ഒഴിവാകാന്‍ സാധിക്കുമെന്നതാണ് സത്യം. ഒരു വ്യക്തിയുടെ വിരലടയാളം ഉള്‍പ്പടെയുള്ള ബയോമെട്രിക്ക് വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ആധാര്‍ സൃഷ്ടിച്ചിരിക്കുന്നത് എന്നതിനാല്‍ ഇവയില്‍ കൃത്യത ഉറപ്പാണ്.

സര്‍ക്കാര്‍ ഡാറ്റാ ബേസിലെ വിവരങ്ങളുമായി ഒത്തു നോക്കിയാല്‍ വ്യാജ ആധാറിന്റെ കള്ളി വെളിച്ചത്താകുമെന്നും വ്യക്തം. ഇത് കൃത്യമായി അറിയാത്തവരുടെ ഇടയിലാണ് വ്യാജ ആധാര്‍ വില്ലനായി അവതരിച്ചിരിക്കുന്നത്. എന്നിരുന്നിട്ടും സര്‍ക്കാര്‍ സൈറ്റുകളില്‍ നിന്നുള്‍പ്പടെ 13 കോടിയിലേറെ ആളുകളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്ത അടുത്തിടെ നാം നടുക്കത്തോടെയാണ് കേട്ടത്.

ആധാര്‍ കാര്‍ഡ് ദുരുപയോഗപ്പെടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ തന്നെ ഇവയുടെ പകര്‍പ്പ് നല്‍കരുതെന്നുമാണ് ബെംഗളൂരു ആധാര്‍ അതോറിറ്റി (യുഐഡിഎഐ) ഓഫിസില്‍ നിന്നും കുറച്ച് ദിവസം മുന്‍പ് മുന്നറിയിപ്പ് വന്നത്. അറിയിപ്പ് വന്ന് മൂന്നു ദിവസങ്ങള്‍ക്കകം കേന്ദ്ര സര്‍ക്കാര്‍ ഇത് പിന്‍വലിക്കുകയും ഉത്തരവ് തെറ്റായി വ്യാഖ്യാനിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.

ഫോട്ടോഷോപ്പ് ഉപയോഗിച്ച് വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മിക്കാന്‍ ശ്രമം നടന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു മുന്നറിയിപ്പെന്നും കേന്ദ്ര ഐടി മന്ത്രാലയം പ്രത്യേക അറിയിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാലിപ്പോള്‍ ഇത്തരത്തില്‍ ആധാര്‍ പകര്‍പ്പ് നല്‍കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും മാസ്‌ക്ഡ് ആധാര്‍ സമര്‍പ്പിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ആധാർ എവിടെയൊക്കെ നൽകണം?

ആധാര്‍ പകര്‍പ്പ് ഒരു സ്ഥാപനവുമായും പങ്കുവയ്ക്കരുതെന്നും ആവശ്യമെങ്കില്‍ നാലക്കം മാത്രം കാണിക്കുന്ന മാസ്‌ക്ഡ് ആധാര്‍ ഉപയോഗിക്കണമെന്നുമാണ് സര്‍ക്കാരിന്റെ പ്രധാന നിര്‍ദ്ദേശം. പൊതു സ്ഥലത്തുള്ള കമ്പ്യൂട്ടറുകളോ മറ്റ് ഗാഡ്ജറ്റുകളിലോ (ഇന്റര്‍നെറ്റ് കഫേ ഉള്‍പ്പടെ) നിന്ന് ആധാര്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നും അഥവാ അങ്ങനെ ചെയ്യേണ്ടി വന്നാല്‍ അത് ഉടന്‍ തന്നെ ഡീലീറ്റ് ചെയ്യണമെന്നും സര്‍ക്കാര്‍ പറയുന്നു.

തിരിച്ചറിയല്‍ രേഖയായി ആധാര്‍ ചോദിക്കുന്ന സ്ഥാപനങ്ങളുണ്ട്. എന്നാല്‍ യുഐഡിഎഐ യൂസര്‍ ലൈസന്‍സ് നല്‍കിയ സ്ഥാപനങ്ങള്‍ക്കു മാത്രമേ ഇതിന് അനുമതിയുള്ളൂ. സിനിമാ തിയേറ്റര്‍, ഹോട്ടലുകള്‍, ഉള്‍പ്പടെയുള്ള ലൈസന്‍സ് ഇല്ലാത്ത സ്വകാര്യസ്ഥാപനങ്ങള്‍ ആധാര്‍ ശേഖരിക്കുന്നത് 2016ലെ ആധാര്‍ നിയമത്തിന്റെ ലംഘനമാണ്.

ഇത്തരം സ്ഥാപനങ്ങള്‍ ആധാറിന്റെ ഫോട്ടോസ്റ്റാറ്റ് ചോദിച്ചാല്‍ യുഐഡിഎഐ ലൈസന്‍സ് ഉണ്ടോയെന്നു ചോദിച്ചറിയുക. ഉണ്ടെന്ന് രേഖാമൂലം മനസിലായാല്‍ മാത്രം ആധാര്‍ കോപ്പി നല്‍കുന്നതാണ് ഉചിതം. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാസ്‌ക്ഡ് ആധാറിന്റെ ഉപയോഗവും പ്രധാനമാണ്.

മാസ്ക്ഡ് ആധാർ നമ്പർ

പന്ത്രണ്ടക്ക ആധാര്‍ നമ്പറില്‍ അവസാന 4 അക്കങ്ങള്‍ മാത്രം കാണാവുന്ന ആധാര്‍ പകര്‍പ്പാണ് മാസ്‌ക്ഡ് ആധാര്‍. ചില അവസരങ്ങളില്‍ ആധാര്‍ നമ്പര്‍ പൂര്‍ണമായും നല്‍കേണ്ടി വരില്ല. അത്തരം സ്ഥലങ്ങളിള്‍ മാസ്‌ക്ഡ് ആധാര്‍ നല്‍കുന്നതാണ് നല്ലത്.

myaadhaar.uidai.gov.in എന്ന സൈറ്റ് ഓപ്പണ്‍ ചെയ്ത് ആധാര്‍ നമ്പര്‍ നല്‍കി ലോഗിന്‍ ചെയ്യുക. ഫോണിലെത്തുന്ന ഒടിപിയും നല്‍കി പ്രക്രിയ പൂര്‍ത്തിയാക്കുക. 'Download Aadhaar' എന്ന ഓപ്ഷന്‍ തുറക്കുക. 'Do you want a masked Aadhaar?' എന്ന ചോദ്യം ടിക് മാര്‍ക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം. ആധാര്‍ നമ്പര്‍ നല്‍കുന്നതിനുപകരം 16 അക്ക വെര്‍ച്വല്‍ ഐഡിയും ചിലയിടങ്ങളില്‍ നല്‍കാം.

ഇതുവഴി ആധാര്‍ പരസ്യമാക്കുന്നത് ഒഴിവാക്കാം. അതിനായി myaadhaar.uidai.gov.in എന്ന സൈറ്റ് തുറന്ന് ആധാര്‍ നമ്പര്‍ നല്‍കി ലോഗിന്‍ ചെയ്യുക. Generate Virtual ID എന്ന ഓപ്ഷനില്‍ പോയി Generate VID നല്‍കുക. തുടര്‍ന്ന് 16 അക്ക നമ്പര്‍ ലഭിക്കും. വെര്‍ച്വല്‍ ഐഡി കണ്ടെത്താന്‍ ഇതേ ഓപ്ഷനിലെ 'Retrieve VID' ഉപയോഗിക്കാം.

എം ആധാര്‍ ആപ്പ്

ആധാര്‍ സേവനങ്ങളെ വിരല്‍തുമ്പിലെത്തിക്കുന്ന എം ആധാര്‍ ആപ്പിന്റെ പുതുക്കിയ വേര്‍ഷന്‍ യുഐഡിഎഐ അടുത്തിടെ ഇറക്കിയിരുന്നു. ഇവ ആന്‍ഡ്രോയിഡിലും ഐഒഎസിലും ലഭ്യമാകുമെന്നും യുഐഡിഎഐ ട്വീറ്റ് വഴി അറിയിച്ചു. മുന്‍ വേര്‍ഷനെക്കാള്‍ മികച്ച പെര്‍ഫോമന്‍സുള്ള ആപ്പാണിതെന്നും ട്വീറ്റിലുണ്ട്. നേരത്തെ ഇറങ്ങിയ വേര്‍ഷന്‍ സംബന്ധിച്ച് പരാതികള്‍ ഉയരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

https://myaadhaar.uidai.gov.in/verifyAadhaarഎന്ന വെബ്‌സൈറ്റിലൂടെ ഉപയോക്താക്കള്‍ക്ക് ആധാറിലെ പ്രായം, ലിംഗം, സംസ്ഥാനം, ആധാര്‍ നമ്പറിന്റെ അവസാന മൂന്ന് അക്കങ്ങള്‍ എന്നിവ പരിശോധിക്കാന്‍ സാധിക്കും. എല്ലാ ആധാര്‍ കാര്‍ഡിലും, ഇ- ആധാറിലും ഒരു സുരക്ഷിത ക്യു.ആര്‍. കോഡ് പ്രിന്റ് ചെയ്തിട്ടുണ്ട്. ഇതില്‍ പേര്, ലിംഗഭേദം, ജനനത്തീയതി, വിലാസം എന്നിവയും ആധാര്‍ നമ്പറും ഉടമയുടെ ഫോട്ടോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റൊരാളുടെ ഫോട്ടോ മാറ്റി ഉപയോഗിച്ച് കാര്‍ഡില്‍ കൃത്രിമം നടത്തിയാലും യു.ഐ.ഡി.എ.ഐയുടെ ഡിജിറ്റല്‍ ഒപ്പോടു കൂടിയ ക്യു ആര്‍ കോഡിലെ വിവരങ്ങളില്‍ ഒരു മാറ്റവും വരുത്താന്‍ സാധിക്കില്ല.