image

22 Jun 2022 5:20 AM GMT

Banking

സമ്പദ് വ്യവസ്ഥ തകര്‍ന്നു, എണ്ണ വാങ്ങാൻ കാശില്ല: ലങ്കൻ പ്രധാന മന്ത്രി

MyFin Desk

സമ്പദ് വ്യവസ്ഥ തകര്‍ന്നു, എണ്ണ വാങ്ങാൻ കാശില്ല: ലങ്കൻ പ്രധാന മന്ത്രി
X

Summary

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇന്ത്യയുടെ അയല്‍രാജ്യമായ ശ്രീലങ്ക സാമ്പത്തികമായി തകര്‍ന്നുവെന്നും എണ്ണവാങ്ങാന്‍ പണമില്ലെന്നും പ്രധാനമന്ത്രി റെനില്‍ വിക്രമ സിംഗെ. മാസങ്ങളായി അതിഗുരുതര പ്രതിസന്ധിയിലകപ്പെട്ട ഈ ദക്ഷിണേഷ്യന്‍ ദ്വീപ് രാഷ്ട്രം, ഭക്ഷണം, ഇന്ധനം, വൈദ്യുതി എന്നിവയുടെ കടുത്ത ക്ഷാമം മൂലം നട്ടം തിരിയുകയാണ്. രാജ്യം ഏറ്റവും ഗൗരവമേറിയ ഘട്ടമാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നതെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. കനത്ത കടബാധ്യതയില്‍ തളര്‍ന്ന സമ്പദ് വ്യവസ്ഥയെ സുസ്ഥിരമാക്കാനുള്ള ചുമതല ധനമന്ത്രി കൂടിയായ വിക്രമ സിംഗെയ്ക്കാണ്. ഭാരിച്ചകട ബാധ്യതകള്‍, ടൂറിസം വരുമാനത്തിലെ ഇടിവ്, […]


കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇന്ത്യയുടെ അയല്‍രാജ്യമായ ശ്രീലങ്ക സാമ്പത്തികമായി തകര്‍ന്നുവെന്നും എണ്ണവാങ്ങാന്‍ പണമില്ലെന്നും പ്രധാനമന്ത്രി റെനില്‍ വിക്രമ സിംഗെ. മാസങ്ങളായി അതിഗുരുതര പ്രതിസന്ധിയിലകപ്പെട്ട ഈ ദക്ഷിണേഷ്യന്‍ ദ്വീപ് രാഷ്ട്രം, ഭക്ഷണം, ഇന്ധനം, വൈദ്യുതി എന്നിവയുടെ കടുത്ത ക്ഷാമം മൂലം നട്ടം തിരിയുകയാണ്.
രാജ്യം ഏറ്റവും ഗൗരവമേറിയ ഘട്ടമാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നതെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
കനത്ത കടബാധ്യതയില്‍ തളര്‍ന്ന സമ്പദ് വ്യവസ്ഥയെ സുസ്ഥിരമാക്കാനുള്ള ചുമതല ധനമന്ത്രി കൂടിയായ വിക്രമ സിംഗെയ്ക്കാണ്. ഭാരിച്ചകട ബാധ്യതകള്‍, ടൂറിസം വരുമാനത്തിലെ ഇടിവ്, കോവിഡ് മൂലമുള്ള മറ്റ് നഷ്ടങ്ങള്‍, ചരക്കുകളുടെ വിലക്കയറ്റം എന്നിവയില്‍ നിന്നു കരകയറാനാകാതെ നില്‍ക്കുകയാണിപ്പോൾ ശ്രീലങ്ക.
'നിലവില്‍, സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷന് 700 മില്യണ്‍ ഡോളര്‍ കടബാധ്യതയാണുള്ളത്. ഇതിന്റെ ഫലമായി, ലോകത്തിലെ ഒരു രാജ്യമോ സംഘടനയോ ഞങ്ങള്‍ക്ക് ഇന്ധനം നല്‍കാന്‍ തയ്യാറല്ല. പണം കൊടുത്ത് പോലും ഇന്ധനം നല്‍കാന്‍ അവര്‍ വിമുഖത കാണിക്കുന്നു', അദ്ദേഹം പറഞ്ഞു.
ശ്രീലങ്കയുടെ കരുതല്‍ ശേഖരം കുറഞ്ഞതോടെ സ്ഥിതിഗതികള്‍ നേരെയാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി റെനില്‍ വിക്രമസിംഗെ അഭിപ്രായപ്പെട്ടു.
'സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയെ മന്ദഗതിയിലാക്കാനുള്ള നടപടികളെങ്കിലും തുടക്കത്തിലേ സ്വീകരിച്ചിരുന്നെങ്കില്‍ ഇന്ന് ഈ ദുഷ്‌കരമായ സാഹചര്യം ശ്രീലങ്ക അഭിമുഖീകരിക്കുമായിരുന്നില്ല. എന്നാല്‍ ഈ അവസരം ഞങ്ങള്‍ നഷ്ടപ്പെടുത്തി. നിലംപരിശാകാനുള്ള സാധ്യത ഞങ്ങള്‍ ഇപ്പോള്‍ കാണുന്നുണ്ട്', അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം തിരിച്ചടയ്ക്കാനുള്ള ഏഴ് ബില്യണ്‍ ഡോളര്‍ വിദേശ കടത്തിന്റെ തിരിച്ചടവ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് ശ്രീലങ്ക ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു റെസ്‌ക്യൂ പാക്കേജ് സംബന്ധിച്ച് അന്താരാഷ്ട്ര നാണയ നിധിയുമായുള്ള ചര്‍ച്ചകളുടെ ഫലം കാത്തിരിക്കുകയാണ് രാജ്യം. 2026 വരെ പ്രതിവര്‍ഷം ഏതാണ്ട് ശരാശരി അഞ്ച് ബില്യണ്‍ ഡോളര്‍ നല്‍കേണ്ടതുണ്ട്.
നിലവില്‍ ഇന്ധന ക്ഷാമവും, ഭക്ഷണവും മരുന്നും ആവശ്യത്തിന് പോലും കിട്ടാത്ത അവസ്ഥയാണ് രാജ്യത്ത്. പെട്രോള്‍ പമ്പിനും കടകള്‍ക്കും മുന്നില്‍ ആളുകളുടെ നീണ്ട നിരയാണ്.