image

12 Aug 2022 11:17 AM IST

Lifestyle

അന്താരാഷ്ട്ര സമുദ്രോത്പന്ന ഭക്ഷ്യമേള ഫെബ്രുവരിയില്‍

MyFin Desk

അന്താരാഷ്ട്ര സമുദ്രോത്പന്ന ഭക്ഷ്യമേള  ഫെബ്രുവരിയില്‍
X

Summary

  23-ാമത് അന്താരാഷ്ട്ര സമുദ്രോത്പന്ന മേള (ഇന്ത്യ ഇന്‍റര്‍നാഷണല്‍ സീഫുഡ് ഷോ-ഐഐഎസ്എസ്) 2023 ഫെബ്രുവരിയില്‍ കൊല്‍ക്കത്തയില്‍ നടക്കും. സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി(എംപിഇഡിഎ) സീഫുഡ് എക്സപോര്‍ട്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ(സിഇഎഐ)യുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഐഐഎസ്എസ് കൊല്‍ക്കത്തയിലെ ബിശ്വ ബംഗള മേള പ്രാംഗനിലാണ് നടക്കുന്നതെന്ന് എംപിഇഡിഎ ചെയര്‍മാന്‍ ഡോ. കെ എന്‍ രാഘവന്‍ പറഞ്ഞു. വിദേശത്തെ ഇറക്കുമതിക്കാരും ഇന്ത്യന്‍ കയറ്റുമതി സമൂഹവും തമ്മിലുള്ള ക്രിയാത്മകമായ ആശയവിനിമയത്തിന് ഐഐഎസ്എസ് വേദിയാകും. സംസ്ക്കരണം, പാക്കേജിംഗ്, ശീതീകരണ […]


23-ാമത് അന്താരാഷ്ട്ര സമുദ്രോത്പന്ന മേള (ഇന്ത്യ ഇന്‍റര്‍നാഷണല്‍ സീഫുഡ് ഷോ-ഐഐഎസ്എസ്) 2023 ഫെബ്രുവരിയില്‍ കൊല്‍ക്കത്തയില്‍ നടക്കും. സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി(എംപിഇഡിഎ) സീഫുഡ് എക്സപോര്‍ട്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ(സിഇഎഐ)യുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഐഐഎസ്എസ് കൊല്‍ക്കത്തയിലെ ബിശ്വ ബംഗള മേള പ്രാംഗനിലാണ് നടക്കുന്നതെന്ന് എംപിഇഡിഎ ചെയര്‍മാന്‍ ഡോ. കെ എന്‍ രാഘവന്‍ പറഞ്ഞു. വിദേശത്തെ ഇറക്കുമതിക്കാരും ഇന്ത്യന്‍ കയറ്റുമതി സമൂഹവും തമ്മിലുള്ള ക്രിയാത്മകമായ ആശയവിനിമയത്തിന് ഐഐഎസ്എസ് വേദിയാകും.

സംസ്ക്കരണം, പാക്കേജിംഗ്, ശീതീകരണ സംവിധാനം മുതലായ മേഖലയകളിലെ യന്ത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനും അതുവഴി വാണിജ്യ കരാറുകള്‍ നേടാനുമുള്ള അവസരം ഐഐഎസ്എസ് നല്‍കുന്നു. ലോജിസ്റ്റിക്സ്, സര്‍ട്ടിഫൈയിംഗ്, പരിശോധനകള്‍ എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വഴിതുറക്കുമെന്നും ഡോ. രാഘവന്‍ ചൂണ്ടിക്കാട്ടി.
ഏഴായിരം ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ 350 സ്റ്റാളുകള്‍ ഉള്‍പ്പെട്ടതാണ് ഐഐഎസ്എസ് വേദി. ഐടി അധിഷ്ഠിതവും ഓട്ടോമേഷന്‍, മൂല്യവര്‍ധനം എന്നിവയ്ക്കുള്ള നവീന സാങ്കേതികവിദ്യ അധിഷ്ഠിതമായ നിരവധി ഉത്പന്നങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കും. രാജ്യത്ത് നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതിയിലെ വിവിധ വിഷയങ്ങളെക്കുറിച്ച് ദേശീയ-അന്തര്‍ദേശീയ വിദഗ്ധര്‍ പങ്കെടുക്കുന്ന പ്രഭാഷണങ്ങളും ചര്‍ച്ചകളും ഐഐഎസ്എസില്‍ നടക്കും.
സമുദ്രോത്പന്ന സംസ്ക്കരണം, വാണിജ്യപങ്കാളിത്തം എന്നീ മേഖകളില്‍ നിന്ന് വിദേശത്തു നിന്നും സ്വദേശത്തു നിന്നുമുള്ള പ്രതിനിധികള്‍ മേളയില്‍ പങ്കെടുക്കും.മൂല്യവര്‍ധനം, സംസ്ക്കരണം എന്നീ മേഖലകളില്‍ നിന്നുള്ള ഉഭയകക്ഷി ധാരണ പ്രകാരം സമുദ്രോത്പന്ന ഇറക്കുമതിക്കാരും വിവിധ രാജ്യങ്ങളില്‍ നിന്നെത്തും.
പോയ സാമ്പത്തിക വര്‍ഷം(2021-22) 13,69,264 ടണ്‍ സമുദ്രോത്പന്നമാണ് രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്തത്. 776 കോടി അമേരിക്കന്‍ ഡോളര്‍ മൂല്യമുള്ളതാണ് ഈ കയറ്റുമതി. മൂല്യത്തിലെ ഏറ്റവും വലിയ വരുമാനമാണ് പോയവര്‍ഷം ഉണ്ടായത്. ചെമ്മീന്‍ ഉത്പാദനം 10 ലക്ഷം ടണ്‍ കടന്നു. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 1500 കോടി അമേരിക്കന്‍ ഡോളറിന്‍റെ വരുമാനമാണ് സമുദ്രോത്പന്ന മേഖലയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. സുസ്ഥിര മത്സബന്ധന രീതികള്‍, മൂല്യവര്‍ധനം, മത്സ്യകൃഷിയുടെ വ്യാപനം എന്നിവ ഈ ലക്ഷ്യം നേടാന്‍ കയറ്റുമതി മേഖലയ്ക്ക് സഹായകരമാകും.
ഐഐഎസ്എസിനായി www.indianseafoodexpo.com എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് എംപിഇഡിഎയുടെ കൊച്ചി പനമ്പിള്ളി നഗറിലെ മാര്‍ക്കറ്റ് പ്രമോഷന്‍ വിഭാഗവുമായോ അല്ലെങ്കില്‍ +914842321722 എന്ന നമ്പറിലോ, iiss@mpeda.gov.in, pub@mpeda.gov.in എന്നീ ഇ മെയില്‍ വിലാസങ്ങളിലോ ബന്ധപ്പെടുക.