5 April 2026 9:59 AM IST
നരകവാതില്‍ നിങ്ങള്‍ക്കായി തുറക്കുമെന്ന് ട്രംപ്; 48 മണിക്കൂറുകള്‍, ഇറാനില്‍ എന്തുസംഭവിക്കും?
MyFin Desk
Summary
കുവൈറ്റിലെയും യുഎഇയിലെയും അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. ലോകം മറ്റൊരു വന്‍ യുദ്ധത്തിന്റെ വക്കിലാണെന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ 48 മണിക്കൂര്‍ അന്ത്യശാസനത്തെ തള്ളി ഇറാന്‍. നിശ്ചിത സമയത്തിനുള്ളില്‍ ചര്‍ച്ചകള്‍ക്ക് വഴങ്ങുകയോ ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുക്കുകയോ ചെയ്തില്ലെങ്കില്‍ ഇറാന്‍ നരകതുല്യമായ ആക്രമണം നേരിടേണ്ടി വരുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. എന്നാല്‍, ട്രംപിന്റേത് വെറും 'വിഭ്രാന്തി' മാത്രമാണെന്നും ഭീഷണിക്ക് വഴങ്ങുന്ന പ്രശ്‌നമില്ലെന്നും ഇറാന്‍ സൈനിക നേതൃത്വം വ്യക്തമാക്കി.
ട്രംപിന്റെ പ്രസ്താവനയെ 'അസന്തുലിതവും വിവേകശൂന്യവും' എന്നാണ് ഇറാന്റെ സെന്‍ട്രല്‍ മിലിട്ടറി കമാന്‍ഡ് വിശേഷിപ്പിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഉപയോഗിച്ച അതേ ഭാഷയില്‍ മറുപടി നല്‍കിയ ഇറാന്‍ ജനറല്‍ അലി അബ്ദുള്ളാഹി അലിയാബാദി, 'ഈ സന്ദേശത്തിന്റെ ലളിതമായ അര്‍ത്ഥം നരകത്തിന്റെ വാതിലുകള്‍ നിങ്ങള്‍ക്കായി തുറക്കപ്പെടും എന്നാണ്' എന്ന് തിരിച്ചടിച്ചു. ഇതോടെ പശ്ചിമേഷ്യയില്‍ യുദ്ധഭീതി അതിന്റെ പരമാവധിയില്‍ എത്തിയിരിക്കുകയാണ്.
അന്ത്യശാസനത്തിന്റെ കാലാവധി അവസാനിക്കാനിരിക്കെ ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ടെഹ്റാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി ട്രംപ് അവകാശപ്പെട്ടു. ഇതിനു പിന്നാലെ കുവൈറ്റിലെയും യുഎഇയിലെയും അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി.
ആഗോള എണ്ണക്കടത്തിന്റെ സിരയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചിട്ടതോടെ ലോകമെമ്പാടും ഇന്ധനവില കുതിച്ചുയരുകയാണ്. ഏപ്രില്‍ 6-നകം കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ്ജ നിലയങ്ങള്‍ തകര്‍ക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ബുഷെഹര്‍ ആണവനിലയത്തിന് സമീപം നടന്ന ആക്രമണങ്ങള്‍ റേഡിയോ ആക്ടീവ് മലിനീകരണത്തിന് കാരണമാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ലോകം മറ്റൊരു വന്‍ യുദ്ധത്തിന്റെ വക്കിലാണെന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.
പഠിക്കാം & സമ്പാദിക്കാം
Home
