14 Aug 2023 1:14 PM IST
Summary
- തക്കാളി മെഗാ സെയിൽ നടന്നത് തലസ്ഥാനത്ത്
- കിലോഗ്രാമിന് 70 രൂപയ്ക്കാണ് തക്കാളി വില്പന നടന്നത്
- കുത്തനെയുള്ള തക്കാളി വിലവർധനയിൽ ജനങ്ങൾക്ക് ആശ്വാസം ലക്‌ഷ്യം
കുതിച്ചുയരുന്ന തക്കാളി വില സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ മുന്നോടിയായി രാജ്യ തലസ്ഥാനത്തെങ്കിലും പിടിച്ചു നിർത്താൻ കേന്ദ്ര സർക്കാർ കഴിഞ്ഞ രണ്ട് ദിവസ൦ സബ്സിഡി നിരക്കിൽ നടത്തിയ വില്പനയിൽ 71500 കിലോ തക്കാളി വിറ്റഴിച്ചതായി നാഷണൽ കോ ഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു . ഡൽഹിയിലെ സീലംപൂർ, ആർകെ പുരം തുടങ്ങി 70 സ്ഥലങ്ങളിലാണ് വില്പന നടന്നത്.
ഓഗസ്ററ് 12 നു നടന്ന വില്പനയിൽ 36500 കിലോ വിറ്റഴിച്ചപ്പോൾ തൊട്ടടുത്ത ദിവസം 35000 കിലോഗ്രാം ആണ് വില്പന നടന്നത് . കിലോഗ്രാമിന് 70 രൂപ നിരക്കിൽ ആണ് തക്കാളി വിറ്റത്. തക്കാളിയുടെ ആഭ്യന്തര ലഭ്യത വർധിപ്പിക്കുന്നതിനും വില നിയന്ത്രിക്കുന്നതിനുമായാണ് ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന് വേണ്ടി എൻസിസിഎഫ് ജൂലൈ 11 മുതൽ കുറഞ്ഞ നിരക്കിൽ തക്കാളി വില്പന ആരംഭിച്ചിരുന്നു .
തക്കാളിയുടെ വില പിടിച്ചു നിർത്തുന്നതിനായുള്ള കേന്ദ്ര സർക്കാരിന്റെ നടപടികളുടെ ഭാഗമായാണ് ഈ നീക്കം. തക്കാളി വില കുത്തനെ വർധിച്ച് കിലോക്ക് 250 - 260 രൂപ വരെ ഉയർന്നു. വില പിടിച്ചു നിർത്താനുള്ള നടപടിയുടെ ഭാഗമായി നേപ്പാളിൽ നിന്ന് തക്കാളി ഇറക്കുമതി നടത്താനും സർക്കാർ തീരുമാനിച്ചിരുന്നു.
ചില്ലറ വില്പന കുതിച്ചുയർന്ന സാഹചര്യത്തിൽ ആന്ധ്രാ പ്രദേശ് , കർണാടകം മഹാരാഷ്ട്ര എന്നിവിടങ്ങളിലെ മണ്ടികളിൽ (Mandis ) നിന്ന് തക്കാളി സംഭരിക്കാൻ ഉപഭോക്തൃ വകുപ്പ് നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു.
മുൻ വർഷത്തെ അപേക്ഷിച്ച് തക്കാളി ഉത്പാദനത്തിൽ വലിയ ഇടിവാണ് നേരിട്ടത്. ഇന്ത്യയിൽ പല സ്ഥലങ്ങളിലും കാലാവസ്ഥ വ്യതിയാനം മൂലം തക്കാളി ഉത്പാദനം ഭാഗികമായി നശിച്ചു. വൈറസ് ബാധയും തക്കാളി ഉത്പാദനത്തെ കാര്യമായി ബാധിച്ചിരുന്നു. സാധാരണ ഗതിയിൽ തക്കാളിവിലയിൽ വൻ വർധനവ് രേഖപ്പെടുത്താറുണ്ടെങ്കിലും ദിവസങ്ങൾക്കുള്ളിൽ തന്നെ വില പൂർവ സ്ഥിതിയിൽ എത്തും. നിസാരവിലയ്ക്ക് കിലോക്കണക്കിനു തക്കാളി വിറ്റഴിക്കുന്ന സാഹചര്യവും നിരന്തരമായി ഉണ്ടാവാറുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചു കാലമായി തക്കാളിയെ കുറിച്ചുള്ള വാർത്തകളും ട്രോളുകളും സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ നിറയുകയായിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
