image

9 Jun 2023 12:11 PM GMT

News

സോഷ്യല്‍ മീഡിയയില്‍നിന്ന് ഇടവേളയെടുത്ത് കാജോള്‍

MyFin Desk

kajol took a break from social media
X

Summary

  • വിശദാംശങ്ങളൊന്നും നല്‍കാതെയാണ് സോഷ്യല്‍മീഡിയയില്‍ നിന്ന് പിന്മാറുകയാണെന്ന് കാജോള്‍ പ്രഖ്യാപിച്ചത്
  • താരത്തിന്റെ പ്രഖ്യാപനം നെറ്റിസണ്‍സില്‍ ചിലരില്‍ ഞെട്ടലുണ്ടാക്കി
  • നായിക വേഷങ്ങളിലൂടെ ജനഹൃദയങ്ങളില്‍ ഇടം നേടിയ അഭിനേത്രിയാണ് കാജോള്‍


നവമാധ്യമങ്ങളില്‍നിന്ന് ഇടവേളയെടുക്കുകയാണെന്ന് ബോളിവുഡ് താരം കാജോള്‍. ജൂണ്‍ ഒന്‍പതാം തീയതി ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നീ പ്ലാറ്റ്‌ഫോമുകളിലെ അക്കൗണ്ടുകളിലൂടെയാണ് കാജോള്‍ ഇക്കാര്യം അറിയിച്ചത്. ഇന്‍സ്റ്റാഗ്രാമിലെ എല്ലാ പോസ്റ്റുകളും കാജോള്‍ ഡിലീറ്റ് ചെയ്തു. എന്നാല്‍ ട്വിറ്ററില്‍ മുന്‍കാല പോസ്റ്റുകള്‍ ഉണ്ട്.

കൂടുതല്‍ വിശദാംശങ്ങളൊന്നും നല്‍കാതെയാണ് കാജോള്‍ ഇന്‍സ്റ്റാഗ്രാമിലും ട്വിറ്ററിലും സോഷ്യല്‍മീഡിയയില്‍ നിന്ന് താല്‍ക്കാലികമായി പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചത്.

' എന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ പരീക്ഷണങ്ങളിലൊന്ന് അഭിമുഖീകരിക്കുകയാണ് ' (Facing one of the toughest trials of my life) -താരം കുറിച്ചു.

താരത്തിന്റെ പ്രഖ്യാപനം നെറ്റിസണ്‍സില്‍ ചിലരില്‍ ഞെട്ടലുണ്ടാക്കി. നിരവധി പേര്‍ കമന്റുകളുമായി രംഗത്തും വന്നു. ' എല്ലാം ശരിയാകും വരെ കാത്തിരിക്കൂ ' , ' കാര്യങ്ങള്‍ സമയമെടുത്ത് തീരുമാനിക്കൂ ' എന്നൊക്കെയുള്ള കമന്റുകളുമായി ആരാധകര്‍ രംഗത്തുവന്നു.

അതേസമയം കാജോള്‍ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സോഷ്യല്‍മീഡിയയില്‍ കുറിച്ചതാകാമെന്നും കമന്റിട്ടു.

2022-ല്‍ റിലീസ് ചെയ്ത രേവതി സംവിധാനം ചെയ്ത സലാം വെങ്കിയെന്ന ചിത്രത്തിലാണ് കാജോള്‍ അവസാനമായി അഭിനയിച്ചത്. ഈ മാസം 29-ന് റിലീസ് ചെയ്യാനിരിക്കുന്ന ലസ്റ്റ് സ്റ്റോറി-2 ലും കാജോള്‍ പ്രധാന വേഷത്തിലുണ്ട്. നെറ്റ്ഫ്‌ളിക്‌സിലാണ് ഇത് റിലീസ് ചെയ്യുന്നത്. ദ് ഗുഡ് വൈഫ് എന്നൊരു വെബ് സീരിസിലും കാജോള്‍ അഭിനയിക്കുന്നുണ്ട്. ഇതിന്റെ റിലീസ് ഉടന്‍ ഹോട്ട്സ്റ്റാറിലുണ്ടാകും.

1990-കളില്‍ ബോളിവുഡില്‍ നായിക വേഷങ്ങളിലൂടെ ജനഹൃദയങ്ങളില്‍ ഇടം നേടിയ അഭിനേത്രിയാണ് കാജോള്‍. ഷാരൂഖ് ഖാനുമൊത്ത് അഭിനയിച്ച നിരവധി ചിത്രങ്ങള്‍ ശ്രദ്ധയാകര്‍ഷിച്ചു. ദില്‍വാലേ ദുല്‍ഹനിയ ലേജായേംഗേ, ടര്‍, ബാസിഗര്‍, ദില്‍ തോ പാഗല്‍ ഹേ, കുച്ച് കുച്ച് ഹോതാ ഹേ തുടങ്ങിയ ചിത്രങ്ങളെല്ലാം വന്‍ വിജയം നേടിയവയാണ്. 1999-ല്‍ ബോളിവുഡ് താരമായ അജയ് ദേവഗണിനെ വിവാഹം കഴിച്ചു. ഈ താരദമ്പതികള്‍ക്ക് രണ്ട് മക്കളാണുള്ളത്.