26 March 2026 11:56 AM IST
Summary
റിലയൻസുമായി കടുത്ത മത്സരം. ആഗോള നിലവാരത്തിലെ ഡാറ്റ സെൻ്റർ നിർമിക്കാനൊരുങ്ങി അദാനി. മെറ്റ ഉൾപ്പെടെയുള്ള വൻകിട കമ്പനികളുമായി ചർച്ചകൾ തകൃതി.
വേഗത്തിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഡാറ്റ സെൻ്റർ ബിസിനസിനായി വമ്പൻമാരെ ഒപ്പം കൂട്ടാൻ അദാനി. ഗൂഗിളിന് പുറമെ മെറ്റയുൾപ്പെടെയുള്ള വൻകിട കമ്പനികളുമായി ചർച്ച നടത്തുകയാണ്. അദാനി എന്റർപ്രൈസസ് ലിമിറ്റഡും എഡ്ജ്കോണെക്സും തമ്മിലുള്ള സംയുക്ത സംരംഭമായ അദാനികോണെക്സ് ഒക്ടോബറിൽ വിശാഖപട്ടണത്ത് ഇന്ത്യയിലെ ഏറ്റവും വലിയ എഐ ഇൻഫ്രാസ്ട്രക്ചർ ഹബ് നിർമ്മിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഏകദേശം 15 ബില്യൺ ഡോളർ നിക്ഷേപത്തിലാണ് ഗൂഗിളുമായി പങ്കാളിത്തം പ്രഖ്യാപിച്ചത്. മെറ്റയുൾപ്പെടെയുള്ള ആഗോള വമ്പൻമാർ കൂടെ കൈകോർക്കുന്നതോടെ ഡാറ്റ സെൻ്റർ കൂടുതൽ ശ്രദ്ധയാകർഷിക്കുകയാണ്.
ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ രംഗത്ത് 10000 കോടി ഡോളറിന്റെ നിക്ഷേപമാണ് അദാനി നടത്തുന്നത്. ലോകമെമ്പാടുമുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസിനും ക്ലൗഡ് സേവനങ്ങൾക്കും നിർണായകമായ സംഭാവനകൾ നൽകുന്ന കേന്ദ്രം കൂടെയാണ് ലക്ഷ്യം. അദാനിയുടെ പുനരുപയോഗ ഊർജ്ജ ബിസിനസിനും കരുത്തേകുന്ന പദ്ധതികളും വിഭാവനം ചെയ്യുന്നുണ്ട്.
മത്സരം കടുക്കുന്നു
ഇന്ത്യയിലെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ രംഗത്ത് അംബാനിയും വലിയ നിക്ഷേപം നടത്തുന്നുണ്ട്. റിലയൻസ് പുതിയ സംരംഭത്തിലൂടെ, നവംബറിൽ വിശാഖപട്ടണത്ത് ഡാറ്റാ സെന്ററുകൾ നിർമ്മിക്കുന്നതിനായി 1100 കോടി ഡോളറിന്റെ കരാറിൽ ഒപ്പുവച്ചിരുന്നു. ടാറ്റ കൺസൾട്ടൻസി സർവീസസും ടിപിജി ഇൻകോർപ്പറേറ്റഡിൽ നിന്ന് 100 കോടി ഡോളർ നേടിയിട്ടുണ്ട്.
2030 വരെ ഇന്ത്യയിൽ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ രംഗത്ത് 1270 കോടി ഡോളർ നിക്ഷേപിക്കാൻ ആമസോണും പദ്ധതിയിടുന്നുണ്ട്. ഈ രംഗത്ത് കൂടുതൽ മത്സരം മുറുകുന്നതാണ് ഇപ്പോഴത്തെ കാഴ്ച.കെപിഎംജിയുടെ കണക്കനുസരിച്ച്, ഇന്ത്യയുടെ ഡാറ്റാ സെന്റർ ശേഷി 2030 ആകുമ്പോഴേക്കും അഞ്ചിരട്ടിയായി വർദ്ധിച്ച് 8 ഗിഗാവാട്ടിൽ കൂടുതലാകുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷം അവസാനത്തോടെയുള്ള റിപ്പോർട്ടിൽ ഡാറ്റ സെൻ്റർ വികസന രംഗത്തെ മൂലധനച്ചെലവിൽ 3000 കോടി ഡോളറിലധികം വർധനയുണ്ടാകുമെന്ന് സൂചിപ്പിച്ചിരുന്നു. മൊത്തം ചെലവ് ഇതിലും ഉയർന്നേക്കാം
പഠിക്കാം & സമ്പാദിക്കാം
Home
