image

14 July 2023 3:29 AM GMT

News

ഇനി ഫ്രാന്‍സിലും യുപിഐ ഉപയോഗിക്കാം

MyFin Desk

ഇനി ഫ്രാന്‍സിലും  യുപിഐ ഉപയോഗിക്കാം
X

Summary

  • ഇന്ത്യന്‍ നവീകരണത്തിന് വലിയ പുതിയ വിപണി തുറക്കുന്നു
  • രാജ്യത്ത് വലിയ തോതില്‍ നിക്ഷേപം നടത്താന്‍ ഇന്ത്യന്‍ സമൂഹത്തോട് മോദി
  • ഇന്ത്യ തിളക്കമുള്ള രാജ്യമാണെന്ന് പ്രധാനമന്ത്രി


യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഫ്രാന്‍സില്‍ ഉപയോഗിക്കാന്‍ ഇന്ത്യയും പാരീസും സമ്മതിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു, ഇത് ഇന്ത്യന്‍ നവീകരണത്തിന് വലിയ പുതിയ വിപണിയാണ് തുറക്കുന്നത്. സെയ്ന്‍ നദിയിലെ ഒരു ദ്വീപിലെ കലാ കേന്ദ്രമായ ലാ സീന്‍ മ്യൂസിക്കലില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മോദി.

ഈഫല്‍ ടവറിന് മുകളില്‍ നിന്ന് യുപിഐ ഉപയോഗിച്ച് ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് ഉടന്‍ തന്നെ രൂപ പേയ്മെന്റ് നടത്താനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഫ്രാന്‍സില്‍, ഇന്ത്യയുടെ യുപിഐ ഉപയോഗത്തിനായി ഒരു കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്...ഇത് ഈഫല്‍ ടവറില്‍ നിന്ന് ആരംഭിക്കും. ഇപ്പോള്‍ ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് യുപിഐ വഴി ഈഫല്‍ ടവറില്‍ നിന്ന് രൂപയില്‍ പണമടയ്ക്കാന്‍ കഴിയും,' പ്രധാനമന്ത്രി പറഞ്ഞു.

2022-ല്‍, യുപിഐ സേവനങ്ങള്‍ നല്‍കുന്ന നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ഫ്രാന്‍സിന്റെ വേഗമേറിയതും സുരക്ഷിതവുമായ ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനമായ ലൈറയുമായി ഒരു ധാരണാപത്രം ഒപ്പുവെച്ചിരുന്നു.

2023-ല്‍, യുപിഐയും സിംഗപ്പൂരിന്റെ പേയ്നൗവും ഒരു കരാറില്‍ ഒപ്പുവച്ചു. ഇരു രാജ്യങ്ങളിലെയും ഉപയോക്താക്കളെ അതിര്‍ത്തി കടന്നുള്ള ഇടപാടുകള്‍ നടത്താന്‍ ഇത് അനുവദിക്കുന്നു. യുഎഇ, ഭൂട്ടാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ ഇതിനകം യുപിഐ പേയ്മെന്റ് സംവിധാനം സ്വീകരിച്ചിട്ടുണ്ട്.

യുഎസ്, യൂറോപ്യന്‍ രാജ്യങ്ങള്‍, പശ്ചിമേഷ്യ എന്നിവിടങ്ങളില്‍ യുപിഐ സേവനങ്ങള്‍ വിപുലീകരിക്കാനുള്ള ചര്‍ച്ചയിലാണ് എന്‍പിസിഐ ഇന്റര്‍നാഷണല്‍.

ഉടന്‍തന്നെ മഹാനായ തമിഴ് തത്ത്വചിന്തകനായ തിരുവള്ളുവരുടെ പ്രതിമ സെര്‍ജി പ്രിഫെക്ചറില്‍ നിര്‍മ്മിക്കുമെന്നും മോദി പറഞ്ഞു.

ഫ്രാന്‍സില്‍ ബിരുദാനന്തര ബിരുദം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് വര്‍ഷത്തെ വിസ അനുവദിക്കാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ തീരുമാനിച്ചതായും മോദി വെളിപ്പെടുത്തി.

വികസിത രാഷ്ട്രമായി ഉയര്‍ന്നുവരാനുള്ള അതിവേഗ പുരോഗതി ഇന്ത്യയില്‍ നടന്നുവരികയാണ്. ഈ അവസരത്തില്‍ ഇന്ത്യയില്‍ വലിയ തോതില്‍ നിക്ഷേപം നടത്താനും പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.

'ഇന്ന് എല്ലാ റേറ്റിംഗ് ഏജന്‍സികളും പറയുന്നത് ഇന്ത്യ ഒരു തിളക്കമുള്ള സ്ഥലമാണെന്നാണ്. നിങ്ങള്‍ ഇപ്പോള്‍ ഇന്ത്യയില്‍ നിക്ഷേപിക്കൂ. ഇതാണ് അനുയോജ്യമായ സമയം. നേരത്തെ നിക്ഷേപിക്കുന്നവര്‍ക്ക് നേട്ടമുണ്ടാകും,' പ്രധാനമന്ത്രി പറഞ്ഞു.

1981-ല്‍ അഹമ്മദാബാദിലെ അലയന്‍സ് ഫ്രാങ്കെയ്സ് സെന്ററില്‍ നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അംഗമായപ്പോള്‍ തുടങ്ങിയഫ്രാന്‍സുമായുള്ള വ്യക്തിപരമായ ബന്ധവും മോദി അനുസ്മരിച്ചു.

'ഫ്രാന്‍സുമായുള്ള എന്റെ ബന്ധം വളരെ പഴയതാണ്, എനിക്കത് ഒരിക്കലും മറക്കാന്‍ കഴിയില്ല. ഏകദേശം 40 വര്‍ഷം മുമ്പ്, ഗുജറാത്തിലെ അഹമ്മദാബാദില്‍ ഫ്രാന്‍സിന്റെ ഒരു സാംസ്‌കാരിക കേന്ദ്രം ആരംഭിച്ചിരുന്നു. ആ കേന്ദ്രത്തിലെ ആദ്യത്തെ അംഗം ഇന്ന് നിങ്ങളോട് സംസാരിക്കുന്നു,' പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യ ജനാധിപത്യത്തിന്റെയും വൈവിധ്യങ്ങളുടെയും മാതാവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഇതാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി. ഇന്ത്യയില്‍ 100-ലധികം ഭാഷകളുണ്ട്, 1,000 ഭാഷാഭേദങ്ങളുമുണ്ട്. 32,000-ലധികം പത്രങ്ങള്‍ ഈ ഭാഷകളില്‍ പ്രതിദിനം പ്രസിദ്ധീകരിക്കുന്നു,' പ്രധാനമന്ത്രി വിശദീകരിച്ചു.