image

16 April 2025 3:25 PM IST

News

പറന്നുയരാൻ 'എയർ കേരള'; ആദ്യ സർവീസ് ജൂണിൽ

MyFin Desk

air kerala
X

കേരളത്തിൽ നിന്നുള്ള ആദ്യ വിമാന കമ്പനിയായ എയർ കേരളയുടെ കോർപ്പറേറ്റ് ഓഫീസ് കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു. ആലുവ മെട്രോ സ്റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന കോർപറേറ്റ് ഓഫീസിന്റെ ഉദ്ഘാടനം വ്യവസായ മന്ത്രി പി രാജീവ് നിർവഹിച്ചു. മൂന്ന് നിലകളിലായി വ്യാപിച്ചുകിടക്കുന്ന അത്യാധുനിക പരിശീലന സൗകര്യങ്ങളുള്ള വിശാലമായ സമുച്ചയമാണ് കോർപ്പറേറ്റ് ഓഫീസ്. ഒരേ സമയം 200-ലധികം വ്യോമയാന മേഖലയിലെ വിദഗ്ധർക്ക് ജോലി ചെയ്യാൻ കഴിയുന്ന തരത്തിലാണ് ഓഫീസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ 750 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് എയർ കേരള ലക്ഷ്യമിടുന്നത്.

എയർ കേരളയുടെ ആദ്യ വിമാനം 2025 ജൂണിൽ കൊച്ചിയിൽ നിന്ന് പുറപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ചെയർമാൻ അഫി അഹമ്മദ് അറിയിച്ചു. എയർ കേരള കുറഞ്ഞ നിരക്കിൽ വിമാന സർവീസ് നടത്താനാണ് ലക്ഷ്യമിടുന്നത്. തുടക്കത്തിൽ അഞ്ച് വിമാനങ്ങൾ പാട്ടത്തിന് വാങ്ങുന്നതിന് എയർലൈൻ ഐറിഷ് കമ്പനിയുമായി കരാർ ഒപ്പിട്ടു. കൂടാതെ ഭാവിയിൽ സ്വന്തമായി വിമാനം വാങ്ങാൻ പദ്ധതിയിടുന്നതായും അദ്ദേഹം അറിയിച്ചു.

ദക്ഷിണ- മധ്യേന്ത്യയിലെ ചെറുപട്ടണങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് എയർ കേരള സർവീസ്. 72 സീറ്റർ ഇക്കോണമി ക്ലാസ്സ് എടിആർ വിമാനങ്ങളായിരിക്കും എയർലൈൻ ഉപയോഗിക്കുകയെന്നു അധികൃതർ അറിയിച്ചു.