image

7 Feb 2024 4:45 PM IST

News

ആലുവ കെഎസ്ആര്‍ടിസി ടെര്‍മിനല്‍ ഉദ്ഘാടനം 10ന്

MyFin Desk

aluva ksrtc bus terminal inaugurated on 10
X

Summary

  • 18 ബസ് ബേകളടക്കം 30 ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള പാര്‍ക്കിങ്ങ് ഏരിയ പുതിയ ബസ് സ്‌റ്റേഷനിലുണ്ട്
  • എംഎല്‍എ ആസ്തി വികസന ഫണ്ടില്‍നിന്ന് രണ്ട് ഘട്ടങ്ങളിലായി 8 കോടി 64 ലക്ഷം രൂപ അനുവദിച്ചു
  • 30155 ചതുരശ്ര അടിയില്‍ രണ്ടു നിലയിലായാണ് പുതിയ ബസ് ടെര്‍മിനലിന്റെ നിര്‍മാണം


ആധുനിക സൗകര്യങ്ങളോടെ നിര്‍മാണം പൂര്‍ത്തിയായ ആലുവ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന്റെ ഉദ്ഘാടനം ഫെബ്രുവരി 10ന് വൈകിട്ട് അഞ്ചിന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ നിര്‍വഹിക്കും. എംപിമാരായ ബെന്നി ബഹനാന്‍, ജെബി മേത്തര്‍ എന്നിവര്‍ മുഖാതിഥികളാകും.

ബസ് സ്റ്റാന്‍ഡിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റിയാണ് ആധുനിക സൗകര്യങ്ങളോടെ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ ആന്‍ഡ് പാസഞ്ചര്‍ അമിനിറ്റി സെന്ററിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിരുന്നത്. 30155 ചതുരശ്ര അടിയില്‍ രണ്ടു നിലയിലായാണ് പുതിയ ബസ് ടെര്‍മിനലിന്റെ നിര്‍മാണം. താഴത്തെ നിലയില്‍ ടിക്കറ്റ് കൗണ്ടര്‍, സ്‌റ്റേഷന്‍ ഓഫീസ്, പോലീസ് എയ്ഡ് പോസ്റ്റ്, ആറ് സ്റ്റാളുകള്‍, 170 സീറ്റുകളുള്ള വെയിറ്റിങ്ങ് ഏരിയ, കാന്റീന്‍, ശുചിമുറി സൗകര്യങ്ങളോടെ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി പ്രത്യേകം വെയിറ്റിങ്ങ് റൂം, അംഗപരിമിതര്‍ക്ക് പ്രത്യേകം ശുചിമുറി തുടങ്ങിയ സൗകര്യങ്ങളാണുള്ളത്.

ഒന്നാം നിലയില്‍ അഞ്ച് ഓഫീസ് മുറികള്‍, 43 സീറ്റുകളുള്ള വെയിറ്റിങ്ങ് ഏരിയ, ശുചിമുറി സൗകര്യങ്ങളോടെ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി പ്രത്യേകം വെയിറ്റിങ്ങ് റൂം, അംഗപരിമിതര്‍ക്ക് പ്രത്യേകം ശുചിമുറി, ഒന്നാം നിലയിലേക്ക് കയറുവാന്‍ രണ്ടു ലിഫ്റ്റുകളും മൂന്ന് സ്‌റ്റെയര്‍ കേസുകളും, അഗ്‌നിശമന സാമഗ്രികള്‍ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

18 ബസ് ബേകളടക്കം 30 ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിനും ഇരുചക്ര വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ്ങ് ഏരിയയും പുതിയ ബസ് സ്‌റ്റേഷനിലുണ്ട്. മലിന ജലം ശുദ്ധീകരിക്കുവാന്‍ സ്വീവേജ് ട്രീറ്റ് മെന്റ് പ്ലാന്റ്. ഡീസല്‍, ഓയില്‍ എന്നിവ കലര്‍ന്ന വെള്ളം ശുദ്ധീകരിക്കുവാന്‍ എഫഌവന്റ് ട്രീറ്റ് മെന്റ് പ്ലാന്റും ഇതിനാവശ്യമായ അണ്ടര്‍ ഗ്രൗണ്ട് ടാങ്ക്, വെള്ളം ഒഴുകി പോകുന്നതിനുള്ള ഡ്രൈവ് വേ വിത്ത് ഡ്രെയിന്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

അന്‍വര്‍ സാദത്ത് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് രണ്ട് ഘട്ടങ്ങളിലായി 8 കോടി 64 ലക്ഷം രൂപ അനുവദിച്ചാണ് പുതിയ ബസ് സ്‌റ്റേഷന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ തനതു ഫണ്ടില്‍ നിന്നും ടൈല്‍ വിരിക്കുന്നതിനും പഴയ ഡീസല്‍ പമ്പ് മാറ്റി സ്ഥാപിക്കുന്നതിനും 5 കോടി 92 ലക്ഷം രൂപ അനുവദിച്ചിരുന്നു. സ്റ്റാന്‍ഡില്‍ മുഴുവന്‍ സ്ഥലത്തും ടൈല്‍ വിരിക്കുന്ന പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.