image

1 Sept 2023 10:58 AM IST

News

കയറ്റുമതി കൂട്ടാന്‍ ആമസോണ്‍ ഇന്ത്യ പോസ്റ്റുമായി കൈകോര്‍ക്കും

MyFin Desk

amazon to tie up with india post to boost exports
X

Summary

  • സൂക്ഷ്മ, ചെറുകിട, ഇടത്തരംസംരംഭങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന പദ്ധതിയാണിത്.
  • വില്‍പനക്കാര്‍ക്ക് സഹായകമാകുന്ന എഐ പദ്ധതിയും 'ആമസോണ്‍ സഹ്-എഐ'
  • സംഭവ്23 എന്ന പേരില്‍ സ്റ്റാമ്പ് പുറത്തിറക്കി


കൊച്ചി: ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്ഘടനയും കയറ്റുമതിയും മെച്ചപ്പെടുത്തുന്നെതിനായി ആമസോണ്‍, ഇന്ത്യ പോസ്റ്റ്, ഇന്ത്യന്‍ റെയില്‍വേ എന്നിവയുമായി കൈകോര്‍ക്കും.

ന്യൂഡല്‍ഹിയില്‍ നടന്ന ആമസോണ്‍ സംഭവ് സമ്മിറ്റിന്റെ നാലാം പതിപ്പിലാണ് ഇതു സംബന്ധിച്ച് ആമസോണും ഇന്ത്യ പോസ്റ്റും തമ്മില്‍ ധാരണാ പത്രം ഒപ്പിട്ടത്.

സൂക്ഷ്മ, ചെറുകിട, ഇടത്തരംസംരംഭങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന രീതിയിലുള്ള പദ്ധതികളാണ് ആമസോണ്‍ തയാറാക്കിയിട്ടുള്ളതെന്ന് ഇതു സംബന്ധിച്ച ചടങ്ങില്‍ പ്രഖ്യാപനം നടത്തിയ ആമസോണ്‍ ഇന്ത്യ എസ്‌വിപി ആന്‍ഡ് എമര്‍ജിങ് മാര്‍ക്കറ്റ്‌സ് അമിത് അഗര്‍വാള്‍ പറഞ്ഞു. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ വളര്‍ച്ചയില്‍ ആമസോണും പങ്കാളിയാകുമെന്ന് അമിത് അഗര്‍വാള്‍ വ്യക്തമാക്കി.

ഇന്ത്യാ പോസ്റ്റ്, ഇന്ത്യന്‍ റെയില്‍വേ എന്നിവയുമായുള്ള സഹകരണം രാജ്യമെമ്പാടുമുള്ള സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഇ-കൊമേഴ്‌സ് കയറ്റുമതിക്ക് കൂടുതല്‍ അവസരം സൃഷ്ടിക്കും. കൂടാതെ ഇന്ത്യന്‍ റെയില്‍വേയുടെ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോര്‍ കോര്‍പ്പറേഷ ഓഫ് ഇന്ത്യ (ഡിഎഫ്‌സി)യുമായി സഹകരിക്കുന്നതോടെ രാജ്യമെമ്പാടുമുള്ള വില്‍പനക്കാര്‍ക്ക് സാധനങ്ങള്‍ വളരെ വേഗത്തില്‍ ഉപയോക്താക്കള്‍ക്ക് എത്തിച്ചുകൊടുക്കാന്‍ സാധിക്കുമെന്ന് അഗര്‍വാള്‍ പറഞ്ഞു.

വില്‍പനക്കാര്‍ക്ക് സഹായകമാകുന്ന രീതിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി 'ആമസോണ്‍ സഹ്-എഐ' എന്നൊരു പദ്ധതികൂടി ആരംഭിക്കും. ഇത് ഡയറക്ട് ടു കസ്റ്റമര്‍ (ഡി2സി) സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തും.

ഇന്ത്യ പോസ്റ്റുമായുള്ള സഹകരണത്തിന്റെ സ്മരണാര്‍ഥം സംഭവ്23 എന്ന പേരില്‍ സ്റ്റാമ്പും പുറത്തിറക്കിയിട്ടണ്ട്.

2030 വരെ ഇന്ത്യയില്‍ 1500 കോടി ഡോളറിന്റെ മുതല്‍ മുടക്കു നടത്തുമെന്ന് ആമസോണ്‍ ഈയിടെ പ്രഖ്യാപിച്ചിരുന്നു. പത്തു ദശലക്ഷം എംഎസ്എംഇകളെ ഡിജിറ്റൈസ് ചെയ്യുന്നതിനും രണ്ടു ദശലക്ഷം തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും 2025-ഓടെ ഇന്ത്യയില്‍ നിന്നുള്ള ഇ-കൊമേഴ്‌സ് കയറ്റുമതിയില്‍ 2000 കോടി ഡോളര്‍ വര്‍ദ്ധിപ്പിക്കുന്നതിനുമാണ്‌ ആമസോണ്‍ ലക്ഷ്യമിടുന്നത്.

ഇന്ത്യയിലുടനീളമുള്ള ലക്ഷക്കണക്കിന് ചെറുകിട ബിസിനസുകള്‍ക്ക്, ഡിജിറ്റൈസേഷനിലൂടെ സാമ്പത്തിക വളര്‍ച്ച, വിശാലമായ ഉപഭോക്തൃ വ്യാപ്തി, കുറഞ്ഞ വിപണന, വിതരണ ചെലവുകള്‍, വിദേശ വിപണികളിലേക്കുള്ള പ്രവേശനം എന്നിവ ലഭ്യമാക്കാന്‍ കഴിയുമെന്ന് ചടങ്ങില്‍ പങ്കെടുത്ത കേന്ദ്ര പേഴ്‌സണല്‍, പബ്‌ളിക് ഗ്രീവന്‍സസ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു.

തപാല്‍ വകുപ്പ് സെക്രട്ടറിയും തപാല്‍ സര്‍വീസ് ബോര്‍ഡ് ചെയര്‍മാനുമായ വിനീത് പാണ്ഡെ, ഇന്ത്യന്‍ റെയില്‍വേ ബോര്‍ഡ് ഓപ്പറേഷന്‍സ് ആന്‍ഡ് ബിസിനസ് ഡെവലപ്‌മെന്റ് അംഗം ജയ വര്‍മ സിന്‍ഹ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.