21 March 2024 11:09 AM IST
Summary
- തവാങ്ങിലേക്ക് ഇന്ത്യ ടണല്‍ നിര്‍മ്മിച്ചത് ചൈനയെ പ്രകോപിപ്പിച്ചു
- ടണല്‍ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി അരുണാചലില്‍ എത്തിയിരുന്നു
- യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് കുറുകെയുള്ള ചൈനീസ് അവകാശവാദങ്ങളെയും യുഎസ് തള്ളി
അരുണാചല്‍പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടമാണെന്ന് യുഎസ് പ്രഖ്യാപിച്ചു. യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് കുറുകെയുള്ള പ്രാദേശിക അവകാശവാദങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ചൈനയുടെ അവകാശവാദങ്ങളെ അവര്‍ശക്തമായി എതിര്‍ക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അരുണാചല്‍ സന്ദര്‍ശനത്തിന് ശേഷം ചൈനീസ് സൈന്യം സംസ്ഥാനത്തിന് മേലുള്ള അവകാശവാദം ആവര്‍ത്തിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് യുഎസ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
'ഇന്ത്യ അനധികൃതമായി സ്ഥാപിച്ച അരുണാചല്‍ പ്രദേശിനെ' ചൈന ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്ന് അവരുടെ വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞിരുന്നു.. ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ലെന്നും ഈ പ്രദേശം ഏകപക്ഷീയമായി വികസിപ്പിക്കാന്‍ ഇന്ത്യക്ക് അവകാശമില്ലെന്നും വെന്‍ബിന്‍ പറഞ്ഞു. ഈ പ്രസ്താവന വിവാദമാകുകയും ചൈനീസ് നിലപാട് ഇന്ത്യ തള്ളിക്കളയുകയും ചെയ്തിരുന്നു.
അരുണാചല്‍ പ്രദേശിനെ തെക്കന്‍ ടിബറ്റായാണ് ചൈന അവകാശപ്പെടുന്നത്. തങ്ങളുടെ അവകാശവാദങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനായി ഇന്ത്യന്‍ നേതാക്കളുടെ സംസ്ഥാന സന്ദര്‍ശനത്തെ എന്നും എതിര്‍ക്കുന്നുണ്ട്. ബെയ്ജിംഗ് ഈ പ്രദേശത്തിന് സാങ്നാന്‍ എന്നും പേരിട്ടിട്ടുണ്ട്.
തന്ത്രപരമായി സ്ഥിതി ചെയ്യുന്ന തവാങ്ങിലേക്ക് എല്ലാ കാലാവസ്ഥയിലും കണക്റ്റിവിറ്റി നല്‍കുന്നതും അതിര്‍ത്തി മേഖലയില്‍ സൈനികരുടെ മികച്ച സഞ്ചാരം ഉറപ്പാക്കുന്നതിനുമായി അരുണാചല്‍ പ്രദേശില്‍ 13,000 അടി ഉയരത്തില്‍ നിര്‍മ്മിച്ച സെല ടണല്‍ മാര്‍ച്ച് 9 ന് പ്രധാനമന്ത്രി മോദി രാജ്യത്തിന് സമര്‍പ്പിച്ചിരുന്നു.അതിനെത്തുടര്‍ന്നാണ് ചൈന അവകാശവാദങ്ങള്‍ ആവര്‍ത്തിച്ചത്.
''അരുണാചല്‍ പ്രദേശിനെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഇന്ത്യന്‍ പ്രദേശമായി അംഗീകരിക്കുന്നു. നുഴഞ്ഞുകയറ്റത്തിലൂടെയോ കൈയേറ്റങ്ങളിലൂടെയോ ഏകപക്ഷീയമായ അവകാശവാദങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ഏതൊരു ശ്രമത്തെയും ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു',സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേല്‍ പറഞ്ഞു.
അരുണാചല്‍ പ്രദേശ് രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് പ്രസ്താവിച്ചുകൊണ്ട് ചൈനയുടെ പ്രാദേശിക അവകാശവാദങ്ങള്‍ ഇന്ത്യ ആവര്‍ത്തിച്ച് നിരസിച്ചു. ഈ പ്രദേശത്തിന് 'കണ്ടുപിടിച്ച' പേരുകള്‍ നല്‍കാനുള്ള ബെയ്ജിംഗിന്റെ നീക്കവും ന്യൂഡല്‍ഹി തള്ളിക്കളഞ്ഞു. ഇത് യാഥാര്‍ത്ഥ്യത്തിന് മാറ്റം വരുത്തില്ല. അരുണാചല്‍ പ്രദേശിന്മേല്‍ അസംബന്ധമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവിന്റെ ഏറ്റവും പുതിയ പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സംസ്ഥാനം 'ഇന്നും എന്നും ' ഇന്ത്യയുടെ അവിഭാജ്യമായ ഭാഗമാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
