image

13 Sept 2023 11:42 AM IST

News

അക്കൗണ്ട് തുറക്കുമ്പോള്‍ നോമിനി വിവരങ്ങള്‍ നിര്‍ബന്ധമായും നല്‍കണം, അവകാശികളില്ലാത്ത 35,000 കോടി ആർ ബി ഐ ക്കു കൈമാറി

MyFin Desk

nominee information must be provided at the time of account opening
X

Summary

  • ഓഗസ്റ്റ് പതിനേഴിനാണ് ആര്‍ബിഐ ഉദ്ഗം പോര്‍ട്ടല്‍ എന്ന പേരില്‍ അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ കണ്ടെത്താന്‍ പോര്‍ട്ടല്‍ ആരംഭിച്ചത്
  • 35,000 കോടി രൂപയുടെ നിക്ഷേപമാണ് അവകാശികളില്ലാതെ ആര്‍ബിഐയിലേക്ക് കൈമാറ്റം ചെയ്തത്.


അവകാശികളില്ലാത്ത നിക്ഷേപം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ എല്ലാ അക്കൗണ്ട് ഉടമകളുടെയും നോമിനേഷന്‍ വിവരങ്ങള്‍ നിര്‍ബന്ധമായും ശേഖരിക്കണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ധനകാര്യ സ്ഥാപനങ്ങൾക്ക് നിർദേശ൦ നൽകി. 2023 ഫെബ്രുവരിയിലെ കണക്കുകളനുസരിച്ച് 35,000 കോടി രൂപയുടെ നിക്ഷേപമാണ് അവകാശികളില്ലാത്തതിനാൽ ആര്‍ബിഐയിലേക്ക് കൈമാറ്റം ചെയ്തത്. സമാന രീതിയില്‍ ഏകദേശം 40,000 കോടി രൂപ മൂല്യം വരുന്ന 117 കോടി ഓഹരികള്‍ ഇന്‍വെസ്റ്റര്‍ എജ്യുക്കേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഫണ്ടിലും ഉണ്ടായിരുന്നു. എല്ലാ വര്‍ഷവും അവകാശികളില്ലാത്ത നിക്ഷേപം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ധനമന്ത്രിയുടെ ഈ അഭിപ്രായം. അടുത്തിടെ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങളുണ്ടോ എന്ന് കണ്ടെത്താന്‍ ഒരു പോര്‍ട്ടല്‍ ആര്‍ബിഐ ആരംഭിച്ചിരുന്നു.

ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും ഇടപാടുകള്‍ക്കായി ഉപഭോക്താക്കള്‍ സമീപിക്കുമ്പോള്‍ ഭാവിയെക്കുറിച്ചുള്ള പരിഗണന കൂടി നല്‍കി വേണം ഉപഭോക്താവില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍. ഉപഭോക്താക്കള്‍ക്ക് എത്ര തവണ വേണമെങ്കിലും നോമിനിയെ മാറ്റാന്‍ അവസരമുണ്ട്. എന്നാല്‍, സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണ് നോമിനിയുടെ വിവരങ്ങള്‍ ഉപഭോക്താവ് തന്നിട്ടുണ്ടോ എന്ന് ഉറപ്പാക്കുക എന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഓഗസ്റ്റ് പതിനേഴിനാണ് ആര്‍ബിഐ ഉദ്ഗം പോര്‍ട്ടല്‍ എന്ന പേരില്‍ അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ കണ്ടെത്താന്‍ പോര്‍ട്ടല്‍ ആരംഭിച്ചത്. എസ്ബിഐ, പിഎന്‍ബി, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ധനലക്ഷമി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഡിഎസ് ബാങ്ക്, സിറ്റി ബാങ്ക് എന്നിവയാണ് ഈ സേവനം നിലവില്‍ ലഭ്യമാക്കുന്നത്.

ഉദ്ഗം പോര്‍ട്ടലില്‍ എങ്ങനെ അവകാശികളില്ലാത്ത നിക്ഷേപം കണ്ടെത്താം എന്നു നോക്കാം.

udgam.rbi.org.in എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാം. രജിസ്റ്റര്‍ ഐക്കണ്‍ ക്ലിക്ക് ചെയ്്ത് അതില്‍ മൊബൈല്‍ നമ്പര്‍, പേര്, പാസ് വേഡ് എന്നിവ നല്‍കണം. രജിസ്റ്റര്‍ ചെയ്തതിനുശേഷം ലോഗിന്‍ ചെയ്യാനുള്ള വിവരങ്ങള്‍ നല്‍കി ലോഗിന്‍ ചെയ്യാം. അതിനുശേഷം പാന്‍ നമ്പര്‍, വോട്ടര്‍ ഐഡി വിവരങ്ങള്‍, ആധാര്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കി ക്ലെയിം ചെയ്യാത്ത നിക്ഷേപമുണ്ടോയെന്ന് കണ്ടെത്താം. . ഉണ്ടെങ്കില്‍ ക്ലെയിം ചെയ്യാനുള്ള ഓപ്ഷന്‍ നല്‍കിയാല്‍ നിലവില്‍ ആക്ടീവായിട്ടുള്ള അക്കൗണ്ടിലേക്ക് പണം എത്തും. നിലവില്‍ ഈ സേവനം ലഭ്യമാക്കാത്ത ബാങ്കുകള്‍ 2023 ഒക്ടോബര്‍ 15 ഓടു കൂടി ഈ സേവനം ലഭ്യമാക്കി തുടങ്ങുമെന്നാണ് ആര്‍ബിഐ അറിയിച്ചിട്ടുണ്ട്