image

28 April 2025 6:38 PM IST

News

മേയ് ഒന്നു മുതല്‍ എടിഎം ഫീ വര്‍ധിക്കും; പുതിയ നിരക്ക് ഇങ്ങനെ

MyFin Desk

atm transactions will cost more
X

മേയ് ഒന്നു മുതല്‍ എടിഎം ഫീസ് വര്‍ധിക്കും. സൗജന്യ പരിധി കഴിഞ്ഞാൽ ഓരോ ഇടപാടിനും രണ്ട് രൂപ അധികം ഈടാക്കാൻ ആർബിഐ അനുമതി നൽകി. പതിവായി എടിഎം ഉപയോഗിക്കുന്നവർക്ക് തിരിച്ചടിയാണ് റിസർവ് ബാങ്കിന്ർറെ പുതിയ തീരുമാനം. പുതിയ നിരക്ക് വര്‍ദ്ധന മേയ് ഒന്നു മുതല്‍ പ്രാബല്യത്തില്‍വരും. എടിഎം പരിപാലിക്കുന്നതിനും പ്രവര്‍ത്തനസജ്ജമാക്കുന്നതിനുമുള്ള ചെലവും ബാങ്ക് ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിനുള്ള ചെലവും എടിഎം നിരക്കില്‍ഉള്‍പ്പെടും.

നിലവില്‍ 21 രൂപയാണ് സൗജന്യ പ്രതിമാസ പരിധി കവിഞ്ഞുള്ള എടിഎം ഇടപാടുകള്‍ക്ക് ഈടാക്കുന്നത്. നിരക്ക് വര്‍ദ്ധന നടപ്പാക്കുന്നതോടെ സൗജന്യ പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും 23 രൂപ നല്‍കണം.നിരക്ക് വര്‍ദ്ധനയ്ക്ക് അനുമതി നല്‍കികൊണ്ടുള്ള വിജ്ഞാപനം ആര്‍ബിഐ പുറത്തിറക്കി. അതേസമയം സൗജന്യ എടിഎം ഇടപാട് പരിധികളില്‍ മാറ്റമില്ലെന്നും ആര്‍ബിഐ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാബാങ്കുകളുടെയും സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് ഇത് ബാധകമാണ്. നിലവില്‍, സൗജന്യ പരിധി കവിഞ്ഞുള്ള ഓരോ എടിഎം ഇടപാടിനും ഉപഭോക്താവില്‍ നിന്ന് ഈടാക്കുന്നത് 21 രൂപയാണ്. 2022 മുതലാണ് ഈ നിരക്ക് ഈടാക്കി തുടങ്ങിയത്. മെട്രോ നഗരങ്ങളില്‍ മറ്റ് ബാങ്കുകളുടെ എടിഎമ്മില്‍ നിന്നും പ്രതിമാസം മൂന്ന് തവണയും മെട്രോഇതര നഗരങ്ങളില്‍ അഞ്ച് തവണയും സൗജന്യമായി ഉപഭോക്താക്കള്‍ക്ക് പണം പിന്‍വലിക്കാം.

നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍സിപിഐ) ശുപാര്‍ശകളെ തുടര്‍ന്നുള്ള ആര്‍ബിഐ പരിഷ്‌കരണത്തിന്റെ ഭാഗമായാണ് എടിഎം നിരക്ക് വര്‍ദ്ധന നടപ്പാക്കുന്നത്. എടിഎം പരിപാലനത്തിനുള്ള വര്‍ദ്ധിച്ച ചെലവ് നികത്തുന്നതിന് ബാങ്കുകളും എടിഎം ഓപ്പറേറ്റര്‍മാരും നിരക്ക് വര്‍ദ്ധനയ്ക്കുവേണ്ടി ആവശ്യമുന്നയിച്ചിരുന്നു. അതേസമയം ചെറുകിട ബാങ്കുകളെ എടിഎം നിരക്ക് വര്‍ദ്ധനവ് സാരമായി ബാധിച്ചേക്കും.