image

7 Dec 2022 9:05 AM GMT

Banking

എല്ലാ ബില്‍ അടവുകളും ഇനി ഭാരത് ബില്‍ പേയ്‌മെന്റ് വഴി നടത്താം: ആര്‍ബിഐ

MyFin Desk

bharat bill payment system rbi
X

Summary

  • റിക്കറിംഗ് പേയ്‌മെന്റുകള്‍ക്കാണ് നിലവില്‍ ബിബിപിഎസ് ഉപയോഗിച്ചിരുന്നത്.
  • പൊതുജനങ്ങള്‍ക്ക് ബില്‍ പേയ്‌മെന്റ് സംബന്ധിച്ച നൂലാമാലകള്‍ ഇതുവഴി ഒഴിവാക്കാം.


മുംബൈ: വ്യക്തികള്‍ക്ക് വാടക, സ്‌കൂള്‍ ഫീസ്, നികുതി, പ്രഫഷണല്‍ സേവനങ്ങള്‍ക്കുള്ള ഫീസ് എന്നിവയുടെ പേയ്‌മെന്റുകള്‍ ഭാരത് ബില്‍ പേയ്‌മെന്റ് സിസ്റ്റം (ബിബിപിഎസ്) വഴി അടയ്ക്കാന്‍ ഉടന്‍ അവസരമൊരുങ്ങും. നിലവില്‍ റിക്കറിംഗ് പേയ്‌മെന്റുകള്‍ക്കാണ് (നിശ്ചിത കാലാവധിയ്ക്കുള്ളില്‍ തുടര്‍ച്ചയായി പണമടയ്‌ക്കേണ്ട ഇടപാടുകള്‍) ബിബിപിഎസ് ഉപയോഗിക്കാന്‍ സാധിച്ചിരുന്നത്. ഇന്ന് നടന്ന ആര്‍ബിഐ പണനയ സമിതിയുടെ മീറ്റിംഗില്‍ ഗവര്‍ണര്‍ ശക്തികാന്തദാസാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പണമിടപാട് സംബന്ധിച്ച നടപടികള്‍ ലളിതമാക്കാന്‍ വേണ്ടിയാണ് നീക്കം. മാത്രമല്ല എല്ലാ വിഭാഗത്തിലും പെട്ട ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും ബിബിപിഎസ് സേവനം ഉപയോഗിക്കാന്‍ അവസരമൊരുക്കുമെന്നും ആര്‍ബിഐ അറിയിപ്പിലുണ്ട്. ലോകത്ത് എവിടെയിരുന്നും എപ്പോള്‍ വേണമെങ്കിലും ബില്‍ പേയ്‌മെന്റുകള്‍ എളുപ്പം നടത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചതാണ് ഭാരത് ബില്‍ പേയ്‌മെന്റ് സിസ്റ്റം. 2017ലാണ് ബിബിപിഎസിന്റെ തുടക്കം.

സുരക്ഷിതവും വിശ്വസ്തവുമായ ട്രാന്‍സാക്ഷന്‍ സാധ്യമാക്കുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ബിബിപിഎസ് ഇക്കോസിസ്റ്റത്തില്‍ വിവിധ പേയ്‌മെന്റ് മോഡുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡുകള്‍, നെഫ്റ്റ് ഇന്റര്‍നെറ്റ് ബാങ്കിംഗ്, യുപിഐ, വാലറ്റ്, ആധാര്‍ അധിഷ്ഠിത പേയ്‌മെന്റ് മുതലായ രീതിയിലൂടെയെല്ലാം ബിബിപിഎസ് വഴി പണമടയ്ക്കാം.