image

12 Dec 2022 3:15 PM GMT

Banking

എൻബിഎഫ്‌സി-കൾക്ക് ഭീഷണിയുമായ് സ്വർണ്ണ വായ്പ മേഖല കയ്യടക്കി ബാങ്കുകൾ

C L Jose

gold loan banks nbfc
X

Summary

  • മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ് എന്നിവയുൾപ്പെടെ ഒട്ടുമിക്ക എൻബിഎഫ്‌സികളുടെയും സ്വർണ വായ്പാ പോർട്ട്‌ഫോളിയോ കഴിഞ്ഞ ഏതാനും പാദങ്ങളിൽ വളർന്നിട്ടില്ല.
  • കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, സിഎസ്‌ബി ബാങ്ക് എന്നിവ തങ്ങളുടെ സ്വർണ്ണ വായ്പാ പോർട്ട്‌ഫോളിയോ നിർമ്മിക്കുന്നതിൽ ഉത്സാഹം കാണിക്കുന്നു.


കൊച്ചി: സ്വർണവായ്പകളോടുള്ള ബാങ്കുകളുടെ പുതുതായി തുടങ്ങിയ പ്രണയം നോൺ ബാങ്കിങ് ഫിനാൻസ് കമ്പനികളുടെ (എൻ ബി എഫ് സി) സ്വൈര വിഹാരത്തിനു തടസ്സം സൃഷ്ടിക്കുന്നതാണ് ഇപ്പോൾ കണ്ടുവരുന്നത്.

പ്രധാനമായും, ഗോൾഡ് ലോൺ എൻബിഎഫ്‌സി-കൾ ഭരിച്ചുകൊണ്ടിരുന്ന ലാഭകരമായ സ്വർണ്ണവായ്പ ബിസിനസിന് ബാങ്കുകൾ കൂടുതൽ ഊന്നൽ നൽകുന്നത് മുൻനിര സ്വർണ്ണവായ്പ കമ്പനികളുടെ വളർച്ചക്ക് തടസ്സമുണ്ടാക്കുന്നതായി പറയപ്പെടുന്നു.

മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ് എന്നിവയുൾപ്പെടെ ഒട്ടുമിക്ക എൻബിഎഫ്‌സികളുടെയും സ്വർണ വായ്പാ പോർട്ട്‌ഫോളിയോ കഴിഞ്ഞ ഏതാനും പാദങ്ങളിൽ വളർന്നിട്ടില്ലെന്ന് ഗോൾഡ് ലോൺ മേഖലയിലെ പ്രമുഖ കമ്പനികളുടെ അസറ്റ് അണ്ടർ മാനേജ്‌മെന്റ് (എയുഎം) വിശകലനം ചെയ്‌താൽ മനസ്സിലാവും.

കൂടുതൽ ഗൗരവമായി നോക്കിയാൽ, രണ്ട് വർഷക്കാലത്തെ വർദ്ധിച്ചുവന്ന ആവശ്യം മൂലം കഴിഞ്ഞ രണ്ട് പാദങ്ങളിലായി ബാങ്ക് ക്രെഡിറ്റിലുണ്ടായ ശക്തമായ വളർച്ച, ഈ സ്വർണ്ണ വായ്പ കമ്പനികൾക്ക് ബാങ്കുകളിൽ നിന്ന് ലഭിച്ചുകൊണ്ടിരുന്ന വായ്പയെ സമ്മർദ്ദത്തിലാക്കി.

കാലാകാലങ്ങളായി ഈ സ്വർണ്ണ വായ്പ കമ്പനികൾക്ക് ഏറ്റവും വലിയ ധന സ്രോതസ്സായിരുന്നു ബാങ്ക് ഫിനാൻസ്, എന്നിരുന്നാലും ഇതിനൊരു പോംവഴയെന്നവണ്ണം ഇവർ അടുത്തകാലത്തായി എൻസിഡികളെ ആശ്രയിക്കുന്ന പ്രവണതയും വർദ്ധിച്ചുവരികയാണ്.

രാജ്യത്തെ ഏറ്റവും വലിയ സ്വർണ്ണ വായ്പ കമ്പനിയായ മുത്തൂറ്റ് ഫിനാൻസിന്റെ സ്വർണ്ണ വായ്പാ പോർട്ട്‌ഫോളിയോ ഈ സാമ്പത്തിക വർഷത്തിൽ സമ്മർദ്ദത്തിലായി; അവരുടെ മൊത്തം സ്വർണ വായ്പ ആസ്തി (Gold AUM) മാർച്ച് 31, 2022-ലെ 58,053.2 കോടി രൂപയിൽ നിന്ന് സെപ്റ്റംബർ 30-ൽ 1.42 ശതമാനം ഇടിഞ്ഞ് 57,230.3 കോടി രൂപയായി.

എന്നിരുന്നാലും, മുത്തൂറ്റിന്റെ സ്വർണ്ണ വായ്പ 2021 സെപ്റ്റംബറിനെ അപേക്ഷിച്ച് 2022 സെപ്റ്റംബറിൽ 4 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.

മണപ്പുറം ഫിനാൻസിന്റെ കാര്യത്തിലും,2022 ജൂണിൽ അവസാനിച്ച ആദ്യ പാദത്തെ അപേക്ഷിച്ച് നടപ്പുവർഷത്തിന്റെ രണ്ടാം പാദത്തിൽ (FY23) സ്വർണവായ്പ പോർട്ട്‌ഫോളിയോ 6.3 ശതമാനം കുറഞ്ഞു, അതായത് 20,500 കോടി രൂപയിൽ നിന്ന് 19,200 കോടി രൂപയായി.

കൗതുകകരമെന്നു പറയട്ടെ, 2021 സെപ്റ്റംബർ അവസാനത്തിലും 2022 സെപ്റ്റംബർ അവസാനത്തിലും മണപ്പുറത്തിന്റെ സ്വർണ്ണ വായ്പ പോർട്ട്‌ഫോളിയോ അതേപടി തുടരുന്നു, 18,700 കോടി രൂപ.

ബാങ്കുകൾക്ക് സ്വർണവായ്പയിൽ താൽപര്യം

അതേസമയം, കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി കേരളത്തിലെ ബാങ്കുകളായ ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, സിഎസ്‌ബി ബാങ്ക് എന്നിവ തങ്ങളുടെ സ്വർണ്ണ വായ്പാ പോർട്ട്‌ഫോളിയോ ഉയർത്തുന്നതിൽ വളരെ ഉത്സാഹം കാണിക്കുന്നതായി അവരുടെ സ്വർണ്ണ വായ്പാ പുസ്തകങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ വ്യക്തമാകും.

ബാങ്കുകൾക്കിടയിൽ സ്വർണവായ്പകളോടുള്ള പുതിയ താൽപ്പര്യത്തിന് നേതൃത്വം നൽകിയ സിഎസ്ബി ബാങ്ക്, കഴിഞ്ഞ വർഷം മാത്രം 47 ശതമാനം വളർച്ച നേടി; ഇക്കാലയളവിൽ സ്വർണ വായ്പ 5,460 കോടി രൂപയിൽ നിന്ന് 8,036 കോടി രൂപയായി.

2022 സെപ്റ്റംബർ അവസാനം വരെ (Q2), CSB ബാങ്കിന്റെ മൊത്തം അഡ്വാൻസുകളുടെ 37 ശതമാനവും സ്വർണ്ണവായ്പകളാണ്.

2022 സെപ്റ്റംബർ 30-ന് അവസാനിച്ച ആദ്യ പകുതിയിൽ സൗത്ത് ഇന്ത്യൻ ബാങ്ക് 5,746 കോടി രൂപയുടെ സ്വർണ്ണ വായ്പകൾ വിതരണം ചെയ്തു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ, 2021 സെപ്തംബർ മുതൽ, SIB-യുടെ സ്വർണ്ണ വായ്പ 9,470 കോടി രൂപയിൽ നിന്ന് 30 ശതമാനം വർധിച്ച് 12,913 കോടി രൂപയായി.

2022 സെപ്തംബർ 30 വരെ 3,50,386 കോടി രൂപ മൊത്തം ബിസിനസ്സുള്ള വളരെ വലിയ ബാങ്കായ ഫെഡറൽ ബാങ്കും സ്വർണ്ണ വായ്പ ബാൻഡ്‌വാഗണിലേക്ക് കുതിച്ചു, ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, അവരുടെ സ്വർണ്ണ.വായ്പ ആസ്തിയുടെ വലുപ്പം 19,300 കോടി രൂപയാണ്.

ഈ കലണ്ടർ വർഷത്തിന്റെ പ്രാരംഭത്തിൽ, ബാങ്കുകളും സ്വർണ്ണ വായ്പാ കമ്പനികളും ഒരു 'അപ്രഖ്യാപിത നിരക്ക് യുദ്ധ'ത്തിലായിരുന്നു, അതുമൂലം നിരക്ക് 7 ശതമാനമായി കുറഞ്ഞു, എന്നിരുന്നാലും ഈ 'സന്തോഷ സമയം' അധികകാലം നീണ്ടുനിന്നില്ല. ലോൺ കമ്പനികൾ 'ഏറ്റവും കുറഞ്ഞ നിരക്ക്' ഓഫറുകൾ ക്രമേണ പിൻവലിച്ചു.

ബാങ്കുകളെ സംബന്ധിച്ചിടത്തോളം, സ്വർണ്ണ വായ്പ ലാഭകരമായ വരുമാനം വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല, അതേ സമയം, ഒരു അസറ്റ് ക്ലാസെന്ന നിലയിൽ സ്വർണ്ണം ഏറ്റവും കുറഞ്ഞ റിസ്ക് വെയ്റ്റിംഗ് വഹിക്കുന്നതിനാൽ ഈ വിഭാഗത്തിലുള്ള ബിസിനസ്സ് മൂലധന ആവശ്യകതയിൽ ഒട്ടും സമ്മർദ്ദം ചെലുത്തുന്നുമില്ല.