image

20 Feb 2023 8:28 AM GMT

Fixed Deposit

രാജ്യത്തെ ബാങ്കുകളുടെ അറ്റപലിശ വരുമാനത്തിൽ 25 ശതമാനത്തിന്റെ വർധന

MyFin Desk

increase in total interest income of banks
X

Summary

  • ബാങ്കുകളുടെ അറ്റ പലിശ വരുമാനം വാർഷികാടിസ്ഥാനത്തിൽ 25.5 ശതമാനം വർധിച്ച് 1.78 ലക്ഷം കോടി രൂപയായി
  • നിലവിലുള്ള വായ്പകളുടെയും പുതിയ വായ്പകളുടെയും നിരക്കുകൾ വർദ്ധനവോടെ പുതുക്കുകയും, നിക്ഷേപങ്ങളുടെ നിരക്കുകൾ മാറ്റം വരുത്താതെ തുടരുകയും ചെയ്തു
  • വായ്പകളിൽ 18.5 ശതമാനത്തിന്റെ വർധനവാണ് ബാങ്കുകൾക്ക് ഇത്തവണ ഉണ്ടായത്


മുംബൈ: നടപ്പു സാമ്പത്തിക വർഷത്തിലെ ഡിസംബർ പാദത്തിൽ രാജ്യത്തെ ബാങ്കുകളുടെ അറ്റ പലിശ വരുമാനം വാർഷികാടിസ്ഥാനത്തിൽ 25.5 ശതമാനം വർധിച്ച് 1.78 ലക്ഷം കോടി രൂപയായെന്ന് കെയർ റേറ്റിങ്ങിന്റെ റിപ്പോർട്ട്. വായ്പകളുടെ എണ്ണത്തിലുണ്ടായ വർധനവാണ് ഇതിന് പിന്നിലെ പ്രധാന ഘടകം. കൂടാതെ വായ്പയിൽ നിന്നുള്ള വരുമാനവും ഈ പാദത്തിൽ വർധിച്ചിട്ടുണ്ട്.

ബാങ്കുകളുടെ ലാഭക്ഷമതയുടെ പ്രധാന അളവ് കോലായ അറ്റ പലിശ മാർജിൻ 17 ബേസിസ് പോയിന്റ് വർധിച്ച് 3.28 ശതമാനമായി. ഇത് വായ്പയിൽ നിന്നുള്ള വരുമാനം വർധിക്കുന്നതിന് സഹായിച്ചു. ബാങ്കുകൾ നിലവിലുള്ള വായ്പകളുടെയും പുതിയ വായ്പകളുടെയും നിരക്കുകൾ വർദ്ധനവോടെ പുതുക്കുകയും, നിക്ഷേപങ്ങളുടെ നിരക്കുകൾ മാറ്റം വരുത്താതെ തുടരുകയും ചെയ്തത് അനുകൂലമായെന്ന് കെയർ റേറ്റിംഗ്സിന്റെ സീനിയർ ഡയറക്ടർ സഞ്ജയ് അഗർവാൾ പറഞ്ഞു.

അറ്റ പലിശ വരുമാനത്തിന്റെ വർധനവിൽ പ്രധാന പങ്ക് സ്വകാര്യ ബാങ്കുകൾക്കാണ്. വാർഷികാടിസ്ഥാനത്തിൽ 15 ബേസിസ് പോയിന്റ് വർധിച്ച് 4.03 ശതമാനമായി. പൊതു മേഖല ബാങ്കുകൾ 17 ബേസിസ് പോയിന്റ് വർധിച്ച് 2.85 ശതമാനമായി.

ബാങ്കുകളെ സംബന്ധിച്ച് അറ്റ പലിശ വരുമാനം പ്രധാന വരുമാന സ്രോതസ്സുകളിലൊന്നാണ്. വായ്പകളിൽ നിന്ന് ലഭിച്ച പലിശയും, നിക്ഷേപങ്ങൾക്ക് ബാങ്ക് നൽകുന്ന പലിശയും തമ്മിലുള്ള വ്യത്യാസമാണ് അറ്റ പലിശ വരുമാനം.

ഭാവിയിലും അറ്റ പലിശ മാർജിൻ ശക്തമായി തുടരുമെന്നാണ് അഗർവാൾ കണക്കാക്കുന്നത്. വായ്പകൾക്ക് മേലുള്ള പലിശ നിരക്ക് ഇരട്ട അക്കത്തിൽ ഉയർന്നു തന്നെ തുടരുന്നതിനാൽ, പല പ്രമുഖ ബാങ്കുകളും നിക്ഷേപത്തിനും ഉയർന്ന നിരക്കുകൾ വാഗ്ദാനം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.

ഡിസംബർ പാദത്തിൽ ആർ ബി ഐ റിപ്പോ നിരക്ക് 60 ബേസിസ് പോയിന്റാണ് വർധിപ്പിച്ചത്. ഒക്ടോബറിൽ 35 ബേസിസ് പോയിന്റ് , ഡിസംബറിൽ 25 ബേസിസ് പോയിന്റ് എന്നിങ്ങനെയാണ് നിരക്കുയർത്തിയത്. ബാങ്കുകൾ ഈ നിരക്ക് വർധന ഉടൻ തന്നെ വായ്പകളിലേക്കും നടപ്പിലാക്കിയിരുന്നു. പണപ്പെരുപ്പം ബാങ്കിന്റെ സഹന പരിധിയായ 6 ശതമാനത്തിനു മുകളിൽ തന്നെ തുടരുന്നതിനാൽ 2022 മെയ് മാസത്തിനു ശേഷം ആർ ബി ഐ, റിപ്പോ നിരക്ക് 250 ബേസിസ് പോയിന്റ് ആണ് വർധിപ്പിച്ചത്.

തൊട്ടു മുൻപുള്ള സെപ്റ്റംബർ പാദത്തിൽ ബാങ്കുകളുടെ അറ്റ പലിശ മാർജിൻ 3.11 ശതമാനമായിരുന്നു. ഇതിൽ പൊതു മേഖല ബാങ്കുകളുടെ അറ്റ പലിശ മാർജിൻ 2.67 ശതമാനവും, സ്വകാര്യ ബാങ്കുകളുടെ അറ്റ പലിശ മാർജിൻ 3.88 ശതമാനവുമായിരുന്നു. 2021 ശേഷം ഉണ്ടായ ഏറ്റവും ഉയർന്ന് നിറക്കാൻ ഇപ്പോഴുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വായ്പകളിൽ 18.5 ശതമാനത്തിന്റെ വർധനവാണ് ബാങ്കുകൾക്ക് ഇത്തവണ ഉണ്ടായത്. ഇതിൽ സ്വകാര്യ ബാങ്കുകളുടെ അറ്റ വായ്പ വളർച്ച 17.9 ശതമാനവും, പൊതു മേഖല ബാങ്കുകളുടെ വായ്പ വളർച്ച 18.9 ശതമാനവുമായി.

മൊത്ത പലിശ ചെലവ് 24.2 ശതമാനം വർധിച്ചു. ഇതിൽ സ്വകാര്യ ബാങ്കുകൾ 27.3 ശതമാനത്തിന്റെയും, പൊതു മേഖല ബാങ്കുകൾ 22.6 ശതമാനത്തിന്റെയും വർദ്ധനവ് രേഖപ്പെടുത്തി.

പുതിയ വായ്പകൾക്കുള്ള ശരാശരി വായ്പ നിരക്ക് 2021 ഡിസംബർ മുതൽ 2022 ഡിസംബർ വരെയുള്ള കാലയളവിൽ 120 ബേസിസ് പോയിന്റ് വർധിച്ച് 8.9 ശതമാനമായി. കുടിശികയുള്ള വായ്പകളുടെ പലിശ നിരക്ക് 66 ബേസിസ് പോയിന്റ് വർധിച്ച് 9.52 ശതമാനമായി. അതെ സമയം, ഈ കാലയളവിൽ ആഭ്യന്തര നിക്ഷേപങ്ങളുടെ നിരക്ക് 74 ബേസിസ് പോയിന്റാണ് വർധിച്ചത്.