image

16 March 2023 8:53 AM GMT

Banking

വിശ്വാസം വീണ്ടെടുക്കാൻ, 54 ബില്യൺ ഡോളർ വായ്പയെടുക്കുമെന്ന് ക്രെഡിറ്റ് സ്യൂസ്

MyFin Desk

credit suisse bank crisis loan restore trust
X

Summary

  • ക്രെഡിറ്റ് സ്യൂസ്സ്, 'സിസ്റ്റമാറ്റിക്കലി ഇമ്പോർട്ടന്റ് ബാങ്കുകളിൽ' ഉൾപ്പെടുന്നതിനാൽ ആവശ്യമെങ്കിൽ വായ്പ നല്കാൻ തയാറാണെന്ന് സെൻട്രൽ ബാങ്ക് പ്രസ്താവിച്ചിരുന്നു.
  • 2008 ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം, ആദ്യമായാണ് ഇത്തരത്തിൽ ഒരു ആഗോള ബാങ്കിന് വായ്പ സഹായം ലഭിക്കുന്നത്.


ആഗോള തലത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബാങ്കിങ് മേഖലയിൽ നിന്ന് അത്ര ശുഭകരമായ വാർത്തകളല്ല പുറത്തു വരുന്നത്. യു എസ് ആസ്ഥാനമായുള്ള പ്രമുഖ ആഗോള ബാങ്കായ സിലക്കൺ വാലി ബാങ്കിന്റെ തകർച്ച മുതൽ ക്രെഡിറ്റ് സ്യൂസ്സിന്റെ പതനം വരെ എത്തി നിൽക്കുമ്പോൾ ആഗോള വിപണികളെല്ലാം ബാങ്കിങ് പ്രതിസന്ധിയിൽ ആടിയുലയുകയാണ്. സിലിക്കൺ വാലി ബാങ്കും, തുടർന്ന് സിഗ്നേച്ചർ ബാങ്കും തകർന്നതിനു പിന്നാലെയാണ് സ്വിസ് സാമ്പത്തിക ഭീമൻ ക്രെഡിറ്റ് സ്യൂസും വീണ്ടും വിവാദങ്ങളിൽ നിറയുന്നത്. പ്രധാന നിക്ഷേപകരായ സൗദി നാഷണൽ ബാങ്ക്, ക്രെഡിറ്റ് സ്യൂസ്സിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിൽ ക്രമക്കേട് കണ്ടെത്തിയതിനാൽ ഭാവിയിൽ നിക്ഷേപം നടത്തില്ല എന്ന് പ്രഖ്യാപിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധികൾക്ക് തുടക്കമിട്ടത്.

പ്രശ്‍നം ഗുരുതരമായതിനാൽ, നിക്ഷേപകരുടെ വിശ്വാസം തിരിച്ചു പിടിക്കുന്നതിന് സ്വിസ് സെൻട്രൽ ബാങ്കിൽ നിന്ന് 54 ബില്യൺ ഡോളർ വായ്പ എടുക്കുമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് ക്രെഡിറ്റ് സ്യൂസ്സ്. ബാങ്കിന്റെ ഈ പ്രസ്താവന ഏഷ്യൻ വിപണികളിൽ അല്പം ആശ്വാസത്തിന് കാരണമായിട്ടുണ്ട്.

ക്രെഡിറ്റ് സ്യൂസ്സ്, 'സിസ്റ്റമാറ്റിക്കലി ഇമ്പോർട്ടന്റ് ബാങ്കുകളിൽ' ഉൾപ്പെടുന്നതിനാൽ ആവശ്യമെങ്കിൽ വായ്പ നല്കാൻ തയാറാണെന്ന് സെൻട്രൽ ബാങ്ക് പ്രസ്താവിച്ചിരുന്നു.

കോവിഡ് പ്രതിസന്ധി സമയത്ത് ബാങ്കുകളിലേക്ക് കേന്ദ്ര ബാങ്കുകൾ പണ ലഭ്യത വർധിപ്പിച്ചിട്ടുണ്ടെങ്കിലും 2008 ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം, ആദ്യമായാണ് ഇത്തരത്തിൽ ഒരു ആഗോള ബാങ്കിന് വായ്പ സഹായം ലഭിക്കുന്നത്.

ഉയർന്ന മൂല്യമുള്ള ആസ്തികൾ ഈടാക്കി വച്ചുകൊണ്ട് ഹ്രസ്വ കാല പണ ലഭ്യതയുടെ സൗകര്യത്തിനായാണ് ക്രെഡിറ്റ് സ്യൂസ്സ് വായ്പയെടുക്കുന്നത് .

ഈ അധിക പണ ലഭ്യത ക്രെഡിറ്റ് സ്യുസ്സിന്റെ പ്രധാന ബിസിനസുകളെയും, ക്ലയന്റുകളെയും പിന്തുണക്കുന്നതിനും, നിക്ഷേപകരുടെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും സഹായിക്കുമെന്ന് ബാങ്ക് വ്യക്തമാക്കുന്നു.

സെൻട്രൽ ബാങ്കുകളും മറ്റ് റെഗുലേറ്റർമാരും ബാങ്കിംഗ് സംവിധാനത്തിലുള്ള വിശ്വാസം പുനഃസ്ഥാപിക്കുന്നതിനായി സ്വീകരിക്കുന്ന നടപടികളിൽ നിക്ഷേപകർ ഉറ്റുനോക്കുന്നുണ്ട്.