image

3 Feb 2023 9:03 AM GMT

Banking

ക്രെഡിറ്റ് സൂയിസിന് പിന്നാലെ സിറ്റി ഗ്രൂപ്പും അദാനി ഷെയറുകളുടെ ഈട് മൂല്യം പൂജ്യമാക്കി

MyFin Desk

ക്രെഡിറ്റ് സൂയിസിന് പിന്നാലെ സിറ്റി ഗ്രൂപ്പും അദാനി ഷെയറുകളുടെ ഈട് മൂല്യം പൂജ്യമാക്കി
X




പ്രമുഖ ഇന്‍വെസ്റ്റ്മെന്റ് ബാങ്കായ സിറ്റി ഗ്രൂപ്പും അദാനി കമ്പനികളുടെ സെക്യുരിറ്റി ഈടായി സ്വീകരിച്ചു കൊണ്ട് മാര്‍ജിന്‍ വായ്പകള്‍ നല്‍കുന്നത് നിര്‍ത്തിയതായി ബ്ലൂം ബര്‍ഗിന്റെ റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി സിറ്റി ഗ്രൂപ്പിന്റെ വെല്‍ത്ത് യുണിറ്റ് അദാനി ഗ്രൂപ്പിന്റെ സെക്യുരിറ്റികളുടെ വായ്പ മൂല്യം പൂജ്യമാക്കി കുറച്ചു. ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്നാണ് സിറ്റി ഗ്രൂപ്പും പിന്‍മാറുന്നത്.

സ്വിറ്റ്‌സര്‍ലാന്‍ഡ് ആസ്ഥാനമായുള്ള മറ്റൊരു ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനമായ ക്രെഡിറ്റ് സൂയിസും കഴിഞ്ഞ ദിവസം അദാനി ഗ്രൂപ്പ് കമ്പനികളുടെ ബോണ്ടുകള്‍ മാര്‍ജിന്‍ ലോണുകള്‍ക്കുള്ള ഈടായി സ്വീകരിക്കുന്നത് നിര്‍ത്തിയിരുന്നു. കമ്പനി അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ഇലക്ട്രിസിറ്റി മുംബൈ ലിമിറ്റഡ് മുതലായ കമ്പനികള്‍ക്ക് ബാങ്ക് വായ്പ മൂല്യം പൂജ്യമാക്കി.

സ്റ്റോക്ക് കൃത്രിമത്വം, അക്കൗണ്ട് തട്ടിപ്പ് മുതലായ ആരോപണങ്ങള്‍ ചൂണ്ടി കാണിച്ചുകൊണ്ടുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസേര്‍ച്ചിന്റെ റിപ്പോര്‍ട്ടിന് പിന്നാലെ ദിനം പ്രതി അദാനി സാമ്രാജ്യത്തിന്റെ പുതിയ നഷ്ടങ്ങളുടെയും തകര്‍ച്ചയുടെയും കണക്കുകളാണ് വാര്‍ത്തകളില്‍ നിറയുന്നത്. 20,000 കോടി രൂപ സമാഹരിക്കുന്നതിനുള്ള എഫ് പിഒ പ്രഖ്യാപനത്തിനു പിന്നാലെയാണ് റിപ്പോര്‍ട്ടുമായി ഹിന്‍ഡന്‍ബര്‍ഗ് രംഗത്തെത്തിയത്.

തുടര്‍ന്ന് എഫ് പിഒയുമായി അദാനി എന്റര്‍പ്രൈസ് മുന്നോട്ടു പോയെങ്കിലും പൂര്‍ത്തിയാക്കിയ എഫ് പിഒ റദ്ദാക്കിയതായി ഗൗതം അദാനി പ്രഖ്യാപിച്ചു. ഒരു വശത്ത് റിപ്പോര്‍ട്ടിന്റെ വസ്തുതയുമായി ബന്ധപെട്ടു കമ്പനികളും, ബാങ്കുകളും, സെബി അടക്കമുള്ള റെഗുലേറ്ററിയും പല തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുമ്പോള്‍, മറു വശത്ത് അദാനി ഗ്രൂപ്പ് പ്രതിസന്ധികളെ നേരിടുന്നതിനുള്ള മാര്‍ഗങ്ങളും സ്വീകരിക്കുന്നുണ്ട്.