image

15 March 2023 4:41 AM GMT

Banking

ഡിജിറ്റൽ വായ്പ കുതിച്ചുയർന്നു ,എടുക്കും മുമ്പ് ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

MyFin Desk

digital lending has boomed
X

Summary

മൂന്നാം പാദത്തിൽ ആർബിഐ നടപ്പിലാക്കിയ പുതിയ മാർഗ നിർദേശങ്ങൾ ബിസിനസ് മുന്നോട്ടുള്ള വളർച്ചയെ മന്ദഗതിയിലാക്കുമെന്ന് വിദഗ്‌ധർ അഭിപ്രായപ്പെട്ടു.


നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ഡിജിറ്റൽ പ്ലാറ്റ് ഫോമുകളിലെ വായ്പ ദാതാക്കൾ നൽകുന്ന വായ്പകളുടെ എണ്ണത്തിൽ ഇരട്ടി വർധനെയെന്ന് റിപ്പോർട്ട്. ഈ കാലയളവിൽ ഡിജിറ്റൽ ധനകാര്യ സേവനങ്ങൾ നൽകുന്ന വായ്പ ദാതാക്കൾ 18,537 കോടി രൂപയുടെ വായ്പകളാണ് നൽകിയത്.വായ്പകളുടെ തോതിൽ 147 ശതമാനത്തിന്റെ വർധനവും, മൂല്യത്തിൽ 118 ശതമാനത്തിന്റെയും വർധനവാണ് ഉണ്ടായതെന്ന് ഫിൻ ടെക്ക് അസോസിയേഷൻ ഫോർ കൺസ്യൂമർ എംപവർമെന്റ് (ഫേസ്)പുറത്തു വിട്ട കണക്കിൽ വ്യക്തമാക്കുന്നു.


രാജ്യത്തെ മതിയായ സേവനം ലഭിക്കാത്തതും, സേവനം കുറച്ചു മാത്രം ലഭിക്കുന്നതുമായ എല്ലാ മേഖലകളിലേക്കും വായ്പ വിപുലീകരിക്കുന്നതിനു ഫിൻ ടെക്ക് സ്ഥാപനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്നും, ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കുന്നതിനും, വായ്പ ആവശ്യങ്ങൾ ഡിജിറ്റൽ വായ്പാ മാർഗ നിർദേശങ്ങൾക്കനുസരിച്ച് പൂർത്തീകരിച്ചു കൊടുക്കുന്നതിനും ഫിൻ ടെക്ക് സ്ഥാപനകൾക് കഴിയുന്നുണ്ടെന്നും ഫേസിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ സുഗന്ധ സക്‌സേന അഭിപ്രായപ്പെട്ടു.

ശരാശരി നോക്കിയാൽ, കമ്പനികൾ വായ്പകളുടെ പ്രോസസ്സിംഗ് ഫീസിനത്തിൽ ഏറ്റവും കുറഞ്ഞത് 1.6 ശതമാനം മുതൽ 6.2 ശതമാനം വരെയാണ് ഈടാക്കുന്നത്. പലിശ നിരക്ക് 15.2 ശതമാനം മുതൽ 37 ശതമാനം വരെയും ഈടാക്കുന്നുണ്ട്. ഫണ്ടിന്റെ ചെലവ്, ഉപഭോക്താക്കളുടെ പ്രൊഫൈൽ മുതലായ ഒട്ടേറെ ഘടകങ്ങൾ വില നിർണയത്തെ സ്വാധീനിക്കുന്നുണ്ടെന്ന് ഫേസ് റിപ്പോർട്ടിൽ പറയുന്നു.

വളരെ കുറഞ്ഞ സമയത്തിനുള്ളിൽ, ഒരുപാട് രേഖകൾ സമർപ്പിക്കുന്നതിന്റെ നൂലാമാല ഇല്ലാതെ ലഭിക്കുന്ന ഇത്തരം വായ്പകൾ എടുക്കുമ്പോൾ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. സാധാരണയായി ഒരു ബാങ്ക് വായ്പ നൽകുമ്പോൾ പ്രഥമ കാര്യമായി പരിഗണിക്കുന്നത് ഉപഭോക്താവിന്റെ തിരിച്ചടക്കാനുള്ള ശേഷി തന്നെയാണ്. ഇത്തരം ഫിൻ ടെക്ക് സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ വല്ലാതെ കടും പിടിത്തം എടുക്കുന്നില്ല എന്നതാണ് ഇത്തരം വായ്പകളിലേക്ക് ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കുന്നത്. ഒപ്പം ഒരു അത്യാവശ്യ സമയത്ത് പെട്ടന്ന് ഇത്തരം വായ്പകൾ അനുവദിച്ചു കിട്ടുന്നു എന്നതും ആകർഷകമായ കാര്യമാണ്.

എന്നാൽ സാധാരണ ബാങ്ക് വാങ്ങുന്നതിനേക്കാൾ അധിക പലിശക്കാണ് ഇത്തരം സ്ഥാപനങ്ങൾ വായ്പ അനുവദിക്കുന്നത് എന്ന കാര്യം ഓർക്കേണ്ടതുണ്ട്. അതിനാൽ പ്രധാനമായും പലിശ നിരക്ക് ശ്രദ്ധിക്കേണ്ടതുണ്ട്. അടവ് മുടങ്ങിയാൽ വലിയ തോതിലുള്ള ചാർജുകൾ അടക്കം പലിശയോടൊപ്പം ഇത്തരം കമ്പനികൾ ഈടാക്കുന്നുണ്ട് എന്നതും ഓർക്കാതെ പോകരുത്.

വായ്പ നൽകുന്ന കമ്പനിയുടെ വിശ്വാസ്യതയാണ് മറ്റൊരു ഒഴിച്ച് കൂടാനാവാത്ത ഘടകം. ഇന്ന് ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ ധാരാളം സ്വകാര്യ കമ്പനികൾ ഇത്തരത്തിൽ ധനകാര്യ സേവനങ്ങൾ നൽകുന്നുണ്ട്. എല്ലാ കമ്പനികളും വിശ്വാസ്യ യോഗ്യമല്ലാത്തതിനാൽ സ്വയം വഞ്ചിതരാവാതിരിക്കുക.

മറ്റൊരു കാര്യം ബാങ്കിന്റെ വ്യവസ്ഥകൾ നന്നായി മനസിലാക്കുക എന്നതാണ്. ഭൂരിഭാഗം ഉപഭോക്താക്കളും ബാങ്ക് പറയുന്ന വ്യവസ്ഥകൾ ശ്രദ്ധിക്കാറില്ല എന്നത് തന്നെയാണ് വാസ്തവം. പ്രത്യേകിച്ചും ഇന്ന് ഓൺലൈൻ വഴിയും ഇതിന്റെ നടപടികൾ പൂർത്തിയാക്കാൻ കഴിയും എന്നതിനാൽ ഇതിലൊന്നും അത്ര പ്രാധാന്യം നമ്മൾ നൽകാറില്ല. എന്നാൽ വായ്പയുമായി ബന്ധപ്പെട്ട എന്തെലാം വ്യവസ്ഥകളാണ് കമ്പനി മുന്നോട്ട് വക്കുന്നതെന്ന് പൂർണമായും നമ്മൾ മനസിലാക്കേണ്ടതുണ്ട്.