image

6 Dec 2022 5:35 AM GMT

Banking

ഡിജിറ്റല്‍ ഇടപാടുകളില്‍ പണം നഷ്ടപ്പെടുന്നുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

Bureau

digital payment
X
digital payment

Summary

ഓണ്‍ലൈന്‍ ഇടപാടുകളിലൂടെ പണം നഷ്ടപ്പെടുന്നതില്‍ നിന്ന് എങ്ങനെ രക്ഷ നേടാമെന്ന് വിവരിക്കുകയാണ് ഫെഡറല്‍ ബാങ്കിന്റെ മുന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബാങ്കിങ് ധനകാര്യ വിദഗ്ധനുമാണ് ലേഖകന്‍



സാബുവിന് ഒരൊറ്റ കാര്യമേ ഓര്‍മയിലുള്ളൂ. ലക്ഷങ്ങള്‍ ലോട്ടറിയടിച്ചെന്ന് ഒരു മെസേജ് വന്നു. കിട്ടിയാല്‍ കിട്ടി എന്നൊരു ആഗ്രഹത്തോടെ താഴെ കൊടുത്ത ലിങ്കില്‍ ക്ലിക്ക് ചെയ്തു. പിന്നാലെ വരുന്നു, അതാ ഒരു ഒടിപി. അത് ചോദിച്ചുകൊണ്ട് ഒരാള്‍ ഫോണ്‍ ചെയ്യുന്നു. ലോട്ടറി ഉടനെ കിട്ടുമെന്ന് ധാരണയാള്‍ അത് പറഞ്ഞുകൊടുക്കുന്നു. ഒരു മെസേജ് കൂടി ഫോണിലെത്തുന്നു, നിങ്ങളുടെ അക്കൗണ്ടിലുള്ള പണം കാലിയായിരിക്കുന്നു.

ഇതൊരു സാബുവിന്റെ കഥയല്ല. നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ പല വകഭേദങ്ങളിലൊന്ന് മാത്രമാണ്. നൂറ്റൊന്ന് തട്ടിപ്പു കഥകള്‍ കേട്ടിട്ടുണ്ടാവുമെങ്കിലും നൂറ്റിരണ്ടാമതായി നമ്മളും തട്ടിപ്പിലേക്ക് ചെന്നുചാടുന്നു.

ലോകമെങ്ങും, പ്രത്യേകിച്ച് ഇന്ത്യയും ഡിജിറ്റല്‍, ഓണ്‍ലൈന്‍, ഇന്റര്‍നെറ്റ് ജീവിത രീതിയിലേക്ക് കൂടുതലായി കടന്നുകൊണ്ടിരിക്കുകയാണ്. ഡിസംബര്‍ ഒന്നാം തീയതി ഇന്ത്യ ഡിജിറ്റല്‍ റുപ്പി പരീക്ഷണാടിസ്ഥാനത്തില്‍ നാല് കേന്ദ്രങ്ങളില്‍ ഇറക്കിക്കഴിഞ്ഞു. അതുവഴി ഡിജിറ്റല്‍ കറന്‍സി കൊണ്ടുവന്ന ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യയും. നമുക്ക് അഭിമാനിക്കാം.

സാങ്കേതിക വിദ്യയുടെയും ഇന്റര്‍നെറ്റിന്റെയും അത്ഭുതകരമായ ഈ സാധ്യതകള്‍ ജീവിതത്തിന്റെ എല്ലാ തുറകളിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നുണ്ട്. പ്രത്യേകിച്ച് പണം കൈമാറ്റ രംഗത്ത്. ഡിജിറ്റല്‍ ബാങ്കിങ് സൗകര്യങ്ങള്‍ എത്തിയതോടെ പണം കൈമാറ്റ സംബന്ധമായ എല്ലാ കാര്യങ്ങളും ഇടപാടുകാര്‍ക്ക് തനിയെ ചെയ്യാന്‍ കഴിയും.

പണം കൈമാറാനുള്ള സൗകര്യങ്ങള്‍ ബാങ്കുകളോടൊപ്പം, ഒരുപക്ഷേ, അതിലധികവും ഇപ്പോള്‍ മറ്റു പ്ലാറ്റുഫോമുകളും നല്‍കുന്നുണ്ട്. ഫിന്‍ടെക്കുകളുടെ വരവോടെ എണ്ണമറ്റ നൂതന രീതികളാണ് ഈ രംഗത്ത് വന്നിട്ടുള്ളത്.

വളരെ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട ഒരു മേഖല ആയതിനാല്‍ ഈ കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരും കേന്ദ്ര ബാങ്കും നിരന്തര ശ്രദ്ധയും നിയന്ത്രണങ്ങളും കൊണ്ടുവന്നിട്ടുണ്ട്. ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും സുരക്ഷാ വലയങ്ങളും ഉള്ളവക്ക് മാത്രം പ്രവര്‍ത്തനാനുമതി നല്‍കുകയും ഇല്ലാത്ത പ്ലാറ്റുഫോമുകള്‍ നിര്‍ത്തലാക്കുകയും ചെയ്യുന്നു.

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയാന്‍ എന്തുവേണം?

ഇതെല്ലാം സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്ന നടപടികളിലാണ്. എന്നാല്‍ അതുകൊണ്ടു മാത്രം ഈ രംഗത്ത് അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന തട്ടിപ്പുകള്‍ തടയുവാന്‍ കഴിയില്ല. അതിന് ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന ആളുകളുടെ അറിവും ശ്രദ്ധയും കൂടി വേണം.

ഏതുസമയത്തും എവിടെ ഇരുന്നും പണമിടപാടുകള്‍ നടത്താം എന്ന വലിയ സൗകര്യവും ശക്തിയുമാണ് വന്നു ചേര്‍ന്നിരിക്കുന്നത്. അപ്പോള്‍ അതനുസരിച്ചുള്ള ഉത്തരവാദിത്തവും കാണിക്കേണ്ടതുണ്ട്. എളുപ്പവും വേഗതയും നല്ലതാണ്. എന്നാല്‍ അത് മാത്രം പോരാ. സുരക്ഷയും വേണം.

ഏറ്റവും പ്രധാനപ്പെട്ട കാര്യം, കഴിയുമെങ്കില്‍ ബാങ്കുകള്‍ നല്‍കുന്ന മൊബൈല്‍ ആപ്പുകള്‍, നെറ്റ് ബാങ്കിങ് സംവിധാനങ്ങള്‍ എന്നിവ ഉപയോഗിക്കുക എന്നതാണ്. അവിടെ തട്ടിപ്പുകാരുടെ നുഴഞ്ഞു കയറ്റം താരതമെന്യേ കുറവാണ്. മാത്രമല്ല, എന്തെങ്കിലും കുഴപ്പങ്ങള്‍ സംഭവിച്ചാല്‍ അതിനുള്ള പ്രതിവിധികളും ബാങ്ക് സംവിധാനങ്ങളില്‍ എളുപ്പമാണ്. ബാങ്കിതര സംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത കാണിക്കുക.

ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുമ്പോള്‍ ഏറ്റവും ശ്രദ്ധയോടെ ചെയ്യുക. ഡെബിറ്റ് കാര്‍ഡിന്റെയോ ക്രെഡിറ്റ് കാര്‍ഡിന്റെയോ നമ്പര്‍ പോലുള്ള വിവരങ്ങള്‍ ഓണ്‍ലൈന്‍ സൈറ്റില്‍ നല്‍കുമ്പോള്‍ അത്തരം സൈറ്റുകള്‍ ശരിയായ സൈറ്റുകള്‍ തന്നെയെന്ന് പലവട്ടം ഉറപ്പുവരുത്തുക. പാസ്സ്വേര്‍ഡ്, ഒടിപി എന്നിവ ഒരാള്‍ക്കും ഒരു കാരണവശാലും പറഞ്ഞു കൊടുക്കരുത്. പൂര്‍ണമായും ചെക്ക് ചെയ്തു ബോധ്യപ്പെടാതെ ക്യു.ആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യരുത്.

ആലോചിക്കുക, ലിങ്കില്‍ ക്ലിക്ക് ചെയ്യും മുമ്പ്

ആരെങ്കിലും എവിടെനിന്നെങ്കിലും അയച്ചുതരുന്ന ലിങ്കുകള്‍ വഴി ഒരു ആപ്പുകളും ഡൗണ്‍ലോഡ് ചെയ്യരുത്. ചില ലിങ്കുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ഫോണിലെ മുഴുവന്‍ വിവരങ്ങളും അപ്പുറത്ത് എത്തും. ചില ലിങ്കുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ഈ ഫോണിന്റെ സ്‌ക്രീന്‍ അങ്ങനെ തന്നെ അപ്പുറത്തു കിട്ടും. ഇവിടെ വരുന്ന മെസ്സേജുകളും ഒടിപിയുമെല്ലാം നേരെ അപ്പുറത്തു കിട്ടും. അപ്പോള്‍ പിന്നെ ഇവിടെ ഒന്നും ചെയ്യേണ്ട. ആവശ്യമുള്ളതെല്ലാം തട്ടിപ്പുകാര്‍ തന്നെ ചെയ്തുകൊള്ളും.

പരിചയമില്ലാത ഫോണ്‍വിളി വിട്ടേക്കൂ..

അറിയാത്ത ആളുകളോ ഓഫീസുകളോ വിളിക്കുന്ന ഫോണുകള്‍ എടുക്കാതിരിക്കുന്നതാണ് നല്ലത്. എടുത്താല്‍ തന്നെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ചോ, ആധാര്‍ സംബന്ധിച്ചോ, പാന്‍ കാര്‍ഡ് സംബന്ധിച്ചോ, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ സംബന്ധിച്ചോ ഉള്ള യാതൊരു വിവരങ്ങളും കൊടുക്കരുത്. ഇലക്ട്രിസിറ്റി ഓഫീസില്‍ നിന്നാണ് എന്ന് പറഞ്ഞു ധാരാളം തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. ഉടനെ പണം അടക്കണം, അല്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കും എന്നെല്ലാം പറയും.

അതൊഴിവാക്കാന്‍ അവര്‍ അയച്ചു തരുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു പണം അയക്കാന്‍ പറയും. നമ്മെ പരിഭ്രാന്തരാക്കും. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ നിന്നാണെന്നു പറഞ്ഞും ഇത്തരം ഫോണുകള്‍ വരും. ചിലപ്പോള്‍ സെര്‍ച്ച് എന്‍ജിനുകള്‍ തരുന്ന നമ്പറുകള്‍ തെറ്റാവാം. തട്ടിപ്പുകാര്‍ ആവാം അതിന്റെ പിന്നില്‍. ആ നമ്പറിലേക്കു വിളിച്ചാല്‍ സാധാരണ ആദ്യം എടുക്കില്ല. പിന്നെ തിരിച്ചു വിളിക്കും. തന്ത്രപൂര്‍വം സംസാരിച്ചു വിവരങ്ങള്‍ മനസ്സിലാക്കും. ഒടുവില്‍ പണം ഇടപാടുകളിലേക്കു എത്തിക്കും.

കാശ് കളയാതെ ഡിജിറ്റലാവാം

പ്യൂപ്പയില്‍ നിന്നും പൂമ്പാറ്റയിലേക്കുള്ള മാറ്റം പോലെയാണ് ഡിജിറ്റല്‍, ഓണ്‍ലൈന്‍, ഇന്റര്‍നെറ്റ് ലോകത്തേക്കുള്ള നമ്മുടെ യാത്ര. അതിന് ഒരു തിരിച്ചുപോക്കില്ല. അതിനാല്‍ ഇതൊന്നും വേണ്ടെന്നു വെച്ച് മുന്നോട്ടുപോകാന്‍ ആകില്ല. പുതിയ സൗകര്യങ്ങളും സംവിധാനങ്ങളും നല്ലതാണ്.

അതെല്ലാം ജീവിതം മെച്ചപ്പെടുത്തും. അതെല്ലാം സന്തോഷത്തോടെ ഉപയോഗിക്കുക. ഒരു കാര്യം എപ്പോഴും ഓര്‍ക്കുക. ഡിജിറ്റല്‍ പ്ലാറ്റുഫോമുകളില്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ ആവശ്യമില്ലാത്ത ധൃതി കാണിക്കരുത്. ശ്രദ്ധയോടെ, കാര്യങ്ങള്‍ മനസ്സിലാക്കി ചെയ്യുക. പണം പോകുന്നത് പോലെ എളുപ്പത്തില്‍ തിരിച്ചു കിട്ടിയെന്നു വരില്ല. അതിനാല്‍ ആവശ്യമായ ജാഗ്രത പുലര്‍ത്തുക.