image

26 Nov 2025 7:05 PM IST

News

റെയര്‍ എര്‍ത്തിനായി വന്‍ പദ്ധതി; റഡാറിലേക്ക് ഈ ഓഹരികള്‍

MyFin Desk

റെയര്‍ എര്‍ത്തിനായി വന്‍ പദ്ധതി;   റഡാറിലേക്ക് ഈ ഓഹരികള്‍
X

Summary

ലക്ഷ്യം ഇന്ത്യയുടെ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കല്‍


അപൂര്‍വ്വ ധാതുക്കളുടെ ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ 7,280 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കി കാബിനറ്റ്. ലക്ഷ്യം ഇന്ത്യയുടെ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കല്‍.

ഏഴ് വര്‍ഷത്തെ കാലാവധിയുള്ള പ്രോത്സാഹന പദ്ധതിയ്ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. പദ്ധതിയിലൂടെ, ഏകദേശം 6,000 ടണ്‍ അപൂര്‍വധാതുക്കളുടെ ഉത്പാദന ശേഷി രാജ്യത്ത് സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷ. ആദ്യത്തെ 2 വര്‍ഷം ധാതു നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ഗവേഷണ കാലയളവാണ്. തുടര്‍ന്നുള്ള 5 വര്‍ഷം, ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ പ്രോത്സാഹന ധനം വിതരണം ചെയ്യും. ധനമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ്,കാബിനറ്റ് പദ്ധതി അംഗീകരിച്ചത്.

നിയോഡൈമിയം പോലുള്ള അപൂര്‍വ ഭൗമ മൂലകങ്ങള്‍ ഖനനം ചെയ്യാനും സംസ്‌കരിക്കാനുമുള്ള ശ്രമങ്ങള്‍ നടത്തുന്ന ഹിന്ദുസ്ഥാന്‍ സിങ്ക്, അപൂര്‍വ ഭൗമ മൂലകങ്ങളുടെ ഉത്പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഗുജറാത്ത് മിനറല്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍, അപൂര്‍വ ധാതുക്കളുടെ പ്രധാന ഘടകമായ ഗാലിയം ഉത്പാദിപ്പിക്കാന്‍ പദ്ധതിയിടുന്ന നാല്‍കോ എന്നീ സ്റ്റോക്കുകളിലും വാര്‍ത്തയുടെ പ്രതിഫലനം പ്രതീക്ഷിക്കാം. അതേസമയം സര്‍ക്കാരിന്റെ ഈ നീക്കം, ക്രിട്ടിക്കല്‍ മിനറല്‍ സപ്ലൈ ചെയിനുകള്‍ സുരക്ഷിതമാക്കാനും, രാജ്യത്തിന്റെ സാങ്കേതിക സ്വാശ്രയത്വം വര്‍ദ്ധിപ്പിക്കാനുമുള്ള സര്‍ക്കാരിന്റെ അജണ്ടയുമായി യോജിക്കുന്നതാണ്.

ഖനനം ചെയ്ത അപൂര്‍വ ഭൗമ ധാതുക്കള്‍ പ്രാഥമിക രൂപത്തില്‍ കയറ്റി അയയ്ക്കുന്നതിനു പകരം, അവ രാജ്യത്തിനകത്ത് തന്നെ റിഫൈന്‍ ചെയ്യാനും, കാന്തങ്ങളാക്കി മാറ്റാനും സാധിക്കുന്നത് സമ്പദ് വ്യവസ്ഥയില്‍ ഉയര്‍ന്ന മൂല്യവര്‍ദ്ധനവ് ഉറപ്പാക്കുന്നു. ഇത് ഉയര്‍ന്ന ലാഭമാര്‍ജിനുകളിലേക്ക് നയിക്കുകയും വ്യവസായ ശൃംഖലയെ ശക്തിപ്പെടുത്തുകയും ചെയ്യും.

അതേസമയം ഈ ഇന്‍സെന്റീവ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കള്‍, 6,000 എംടിപിഎ ഉത്പാദന ശേഷിയില്‍ പങ്കുചേരുന്ന കമ്പനികളായിരിക്കും.

സോന കോംസ്റ്റാര്‍- അപൂര്‍വ ഭൗമ കാന്തങ്ങള്‍ ഇറക്കുമതി ചെയ്യുന്ന വലിയ ഇന്ത്യന്‍ കമ്പനികളില്‍ ഒന്നാണിത്. പദ്ധതി പ്രഖ്യാപനത്തിന് പിന്നാലെ ഇവര്‍ ആഭ്യന്തര ഉത്പാദനം ആരംഭിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇവി കോമ്പോണന്റ് കമ്പനി എന്ന നിലയില്‍, ഇവരുടെ സപ്ലൈ ചെയിനിന് ഇത് വലിയ നേട്ടമാകും.

ഒവൈസ് മെറ്റല്‍സ്-: അപൂര്‍വ ഭൗമ ധാതുക്കളുടെ പുനരുപയോഗത്തിലും ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനിയാണിത്.

ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് ലിമിറ്റഡ്- ഇന്ത്യാ ഗവണ്‍മെന്റിന്റെ കീഴിലുള്ള ഒരു പൊതുമേഖലാ സ്ഥാപനമാണിത്. അപൂര്‍വ ഭൗമ ധാതുക്കള്‍ ഖനനം ചെയ്യുകയും സംസ്‌കരിക്കുകയും ചെയ്യുന്നതില്‍ ഇവര്‍ക്ക് മുന്‍പരിചയമുണ്ട്. ഈ പദ്ധതിയുടെ കീഴില്‍ ഇവര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മാഗ്നറ്റ് നിര്‍മ്മാണത്തിലേക്ക് വികസിപ്പിക്കാന്‍ കഴിയും.

ചൈനയ്ക്ക് പുറത്തുള്ള പ്രമുഖ അപൂര്‍വ ഭൗമ കാന്ത നിര്‍മ്മാതാക്കളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ ഈ ഇന്‍സെന്റീവ് പദ്ധതി സഹായിക്കും. ഇതിലൂടെ വിപുലമായ സാങ്കേതികവിദ്യ രാജ്യത്തേക്ക് കൊണ്ടുവരാനും കഴിയും.