image

23 Dec 2025 7:01 PM IST

News

Bird Flu : സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; ജാഗ്രത മുഖ്യം

MyFin Desk

price of broiler chicken in the state has come down sharply
X

Summary

കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില ഭാഗങ്ങളിലാണ് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തത്


ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില ഭാഗങ്ങളിലാണ് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. ഈ സാഹചര്യത്തില്‍ ഫീല്‍ഡ് തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയതിനുശേഷമാണ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചത്. പരിശീലനം സിദ്ധിച്ച വണ്‍ ഹെല്‍ത്ത് കമ്മ്യൂണിറ്റി വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ സാമൂഹിക അവബോധം ശക്തിപ്പെടുത്താനും പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാതല കണ്‍ട്രോള്‍ റൂം സ്ഥാപിച്ചിട്ടുണ്ട്. മരുന്നുകളും പിപിഇ കിറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ സാമഗ്രികളും ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി. രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിയും മറ്റ് രോഗലക്ഷണങ്ങളും ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷണം നടത്തി വരികയാണ്.

പക്ഷികളെ ബാധിക്കുന്നതും അവയില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനും സാധ്യതയുള്ള വൈറസ് രോഗമാണ് പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്ളുവന്‍സ. കോഴി, താറാവ്, കാട, വാത്ത, ടര്‍ക്കി തുടങ്ങിയ എല്ലാ പക്ഷികളെയും രോഗം ബാധിക്കാം. കേരളത്തില്‍ പക്ഷിപ്പനി ഇതുവരെ മനുഷ്യരെ ബാധിച്ചിട്ടില്ലെങ്കിലും മുന്‍ കരുതലുകള്‍ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.

പക്ഷികളുടെ ഇറച്ചി നന്നായി വേവിച്ച് കഴിക്കാവുന്നതാണ്, മുട്ട പുഴുങ്ങിയും കഴിക്കാം. എന്നാല്‍ പകുതി പുഴുങ്ങി കഴിക്കുന്നത് ഒഴിവാക്കണം


പക്ഷികളിലെ രോഗലക്ഷണങ്ങള്‍

കൂടുതലായി തൂവല്‍ കൊഴിയുക, കട്ടി കുറഞ്ഞ തോടോടുകൂടിയ മുട്ട ഇടുക, ഇടുന്ന മുട്ടകളുടെ എണ്ണം കുറയുക, മന്ദത, തീറ്റ കഴിക്കാന്‍ മടികാണിക്കുക, പൂവ്, കൊക്ക്, ആട തുടങ്ങിയ ഇടങ്ങളില്‍ നീല നിറം കാണുക, വയറിളക്കം, കണ്‍പോളകളിലും തലയിലും നീര്‍ക്കെട്ടുണ്ടാവുക, മൂക്കില്‍നിന്ന് രക്തം കലര്‍ന്ന സ്രവം വരിക, ശ്വാസതടസ്സം, നടക്കാനും നില്‍ക്കാനുമുള്ള ബുദ്ധിമുട്ട്, ശരീരത്തില്‍ സൂചിപ്പാടുകള്‍ പോലുള്ള രക്തസ്രാവം, ശ്വാസം മുട്ടല്‍ എന്നിവയാണ് രോഗലക്ഷണങ്ങള്‍.

മനുഷ്യരിലെ പ്രതിരോധമാര്‍ഗങ്ങള്‍

രോഗബാധയുണ്ടെന്നു സംശയിക്കുന്ന പക്ഷികളെ കൈകാര്യം ചെയ്യുന്നവര്‍ കയ്യുറ, മാസ്‌ക്, എന്നിവ ധരിക്കുകയും കൈകള്‍ കൃത്യമായി സോപ്പും വെള്ളവും ഉപയോഗിച്ച് അടിക്കടി കഴുകുകയും ചെയ്യണം.

പനി ബാധിച്ചാല്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കുകയും വിദഗ്ധ ചികിത്സ തേടുകയും ചെയ്യണം.