8 May 2026 9:39 PM IST
ബംഗാളില്‍ ചരിത്രം വഴിമാറുന്നു; രാഷ്ട്രീയ ഭൂപടം മാറ്റിമറിച്ച് സുവേന്ദു അധികാരത്തിലേക്ക്
MyFin Desk
Summary
ഒന്നരപ്പതിറ്റാണ്ട് നീണ്ടുനിന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആധിപത്യത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു മെയ് 9ന് സത്യപ്രതിജ്ഞ ചെയ്യും
പശ്ചിമ ബംഗാളിൻ്റെ രാഷ്ട്രീയ മണ്ണില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് സുവേന്ദു അധികാരി അധികാരത്തിലേക്ക്. ഒന്നരപ്പതിറ്റാണ്ട് നീണ്ടുനിന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആധിപത്യത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു മെയ് 9ന് സത്യപ്രതിജ്ഞ ചെയ്യും. കൊല്‍ക്കത്തയിലെ രാജ്ഭവനില്‍ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചതോടെ ബംഗാള്‍ ചരിത്രത്തിലെ പുതിയൊരു സുവര്‍ണ്ണ അധ്യായത്തിനാണ് തുടക്കമാകുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷി യോഗമാണ് സുവേന്ദു അധികാരിയെ തങ്ങളുടെ നായകനായി തിരഞ്ഞെടുത്തത്. 294 അംഗ നിയമസഭയില്‍ 207 സീറ്റുകളുടെ വമ്പൻ ഭൂരിപക്ഷം നേടിയാണ് ബിജെപി അധികാരത്തിലേറുന്നത്. മമത ബാനര്‍ജിയുടെ ഉറച്ച തട്ടകമായ ഭവാനിപൂരില്‍ അവരെ നേരിട്ട് പരാജയപ്പെടുത്തിക്കൊണ്ടുള്ള സുവേന്ദുവിന്റെ മുന്നേറ്റം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ എക്കാലത്തെയും വലിയ അട്ടിമറികളിലൊന്നായി മാറി.
ബംഗാളിൻ്റെ മുഖമായി സുവേന്ദു അധികാരി
നന്ദിഗ്രാമിലെ പോരാട്ടത്തിലൂടെ ബംഗാളിന്റെ വികാരമായി മാറിയ സുവേന്ദു അധികാരി, തൃണമൂല്‍ കോണ്‍ഗ്രസിന്റെ 15 വര്‍ഷത്തെ ഭരണതുടര്‍ച്ചയ്ക്കാണ് തിരശ്ശീലയിട്ടത്. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കേവലം 80 സീറ്റുകളിലേക്ക് തൃണമൂല്‍ ഒതുക്കപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, വിവിധ എന്‍ഡിഎ മുഖ്യമന്ത്രിമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന വമ്പിച്ച ചടങ്ങിലാകും ശനിയാഴ്ച പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുക.
തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളും സുവേന്ദുവിന്റെ സഹായിയുടെ കൊലപാതകവും ബംഗാളിനെ കലുഷിതമാക്കിയിരുന്നുവെങ്കിലും ജനവിധി മാനിച്ചുകൊണ്ട് സമാധാനപരമായ വികസന യുഗത്തിലേക്ക് സംസ്ഥാനത്തെ നയിക്കുമെന്ന് സുവേന്ദു ഉറപ്പുനല്‍കി. പശ്ചിമ ബംഗാളിലെ ഈ വമ്പന്‍ രാഷ്ട്രീയ മാറ്റം ദേശീയ തലത്തില്‍ തന്നെ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. തമിഴ്നാട്ടില്‍ വിജയ്യുടെ ടിവികെ തരംഗം സൃഷ്ടിച്ചതുപോലെ, കിഴക്കന്‍ ഇന്ത്യയില്‍ ബിജെപി നേടിയ ഈ വിജയം നിര്‍ണ്ണായകമാണ്.
ബംഗാളിന്റെ മണ്ണില്‍ ബിജെപി അധികാരത്തിലെത്തുമ്പോള്‍ സാധാരണക്കാരുടെ സുരക്ഷയ്ക്കും സമഗ്ര വികസനത്തിനുമായിരിക്കും പ്രഥമ പരിഗണനയെന്ന് സുവേന്ദു വ്യക്തമാക്കി. ബംഗാള്‍ രാഷ്ട്രീയത്തിലെ ഈ വിപ്ലവകരമായ മാറ്റം ദേശീയ രാഷ്ട്രീയത്തിലും നിര്‍ണ്ണായക സ്വാധീനം ചെലുത്തുമെന്ന് നിരീക്ഷകര്‍ കരുതുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
