image

12 Sept 2026 4:00 PM IST

News

രണ്ട് പതിറ്റാണ്ടിലെത്തിയ ബ്രിക്‌സ്; ഇനി വേണ്ടത് വന്‍ കുതിപ്പിന് കര്‍മ്മപദ്ധതിയെന്ന് മോദി

MyFin Desk

രണ്ട് പതിറ്റാണ്ടിലെത്തിയ ബ്രിക്‌സ്; ഇനി വേണ്ടത്   വന്‍ കുതിപ്പിന് കര്‍മ്മപദ്ധതിയെന്ന് മോദി
X

Summary

30 നഗരങ്ങളിലായി 350-ലധികം യോഗങ്ങള്‍ സംഘടിപ്പിച്ചാണ് ഇന്ത്യ ഈ ഉച്ചകോടിക്ക് വേദിയൊരുക്കിയത്


ബ്രിക്‌സ് ഉച്ചകോടിക്ക്് ഡെല്‍ഹിയില്‍ തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ബ്രിക്‌സ് 20-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വര്‍ഷം ഒരു ചരിത്ര നാഴികക്കല്ലാണെന്ന് മോദി പറഞ്ഞു. ഇരുപത് വയസ്സ് പക്വതയുടെയും ഉത്തരവാദിത്തത്തിന്റെയും തുടക്കമാണെന്നും ബ്രിക്‌സും ഇപ്പോള്‍ ആ ഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ അധ്യക്ഷത ജനകേന്ദ്രീകൃതവും മാനവികതയ്ക്ക് പ്രഥമ പരിഗണന നല്‍കുന്നതുമാണെന്ന് മോദി വ്യക്തമാക്കി. പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവയാണ് ഇന്ത്യയുടെ മുന്‍ഗണന. 30 നഗരങ്ങളിലായി 350-ലധികം യോഗങ്ങള്‍ സംഘടിപ്പിച്ചാണ് ഇന്ത്യ ഈ ഉച്ചകോടിക്ക് വേദിയൊരുക്കിയത്. പരസ്പരം കാഴ്ചപ്പാടുകളെ ബഹുമാനിച്ച് സമവായത്തിലൂടെ മുന്നോട്ട് പോകണമെന്നും ആരെയും എതിര്‍ക്കുകയല്ല എല്ലാവരെയും കൂടെ കൊണ്ടുപോകുകയാണ് ലക്ഷ്യമെന്നും മോദി പറഞ്ഞു.

അടുത്ത 20 വര്‍ഷത്തേക്ക് പുതിയ അജണ്ട വേണമെന്നും മോദി ആഹ്വാനം ചെയ്തു. ഇതിനായി 'ബ്രിക്‌സ് തുടര്‍ച്ചയും നടപ്പാക്കല്‍ സംവിധാനവും' സ്ഥാപിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. ട്രോയിക്ക മാതൃകയില്‍ തീരുമാനങ്ങളുടെ നടപ്പാക്കല്‍ ഉറപ്പാക്കാനും സുരക്ഷിത ഡിജിറ്റല്‍ ശേഖരം ഉണ്ടാക്കാനുമാണ് ആശയം. ആഗോള ഭരണ സംവിധാനം ഒരു പിരമിഡ് പോലെയാണെന്നും അധികാരം മുകളില്‍ കേന്ദ്രീകരിക്കുന്നത് മാറണമെന്നും മോദി വിമര്‍ശിച്ചു.

ഇതിനിടെ വലിയ നയതന്ത്ര വിജയവും ഇന്ത്യ സ്വന്തമാക്കി. ശനിയാഴ്ച പുലര്‍ച്ചെ 4 മണി വരെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ബ്രിക്‌സ് രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ സമവായത്തിലെത്തി. ഇറാന്‍, സൗദി അറേബ്യ, യുഎഇ പോലെ പശ്ചിമേഷ്യയില്‍ എതിര്‍ചേരിയിലുള്ള രാജ്യങ്ങള്‍ ഒരേ വേദിയിലുള്ളപ്പോള്‍ സമവായം ഉണ്ടാക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. നിരന്തര കൂടിയാലോചനകളിലൂടെയാണ് ഇന്ത്യ അത് സാധ്യമാക്കിയെന്നാണ് വിലയിരുത്തല്‍.