image

31 Jan 2026 5:41 PM IST

Budget

Finance Minister Nirmala Sitharaman ; നി‍ർമല സീതാരാമൻ ഏറ്റവുമധികം ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയാകുമോ?

MyFin Desk

Finance Minister Nirmala Sitharaman ; നി‍ർമല സീതാരാമൻ ഏറ്റവുമധികം ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയാകുമോ?
X

Summary

അധികം വൈകാതെ നിർമല സീതാരാമൻ ഏറ്റവുമധികം ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയാകുമോ? തുടർച്ചയായ ഒൻപത് ബജറ്റുകളുമായി ഇപ്പോൾ മൊറാർജി ദേശായിയുടെ റെക്കോഡിന് തൊട്ടരികെ.


കേന്ദ്ര ധനമന്ത്രി നി‍ർമലാ സീതാരാമൻ തുടർച്ചയായ ഒൻപതാം ബജറ്റ് അവതരണത്തിന് ഒരുങ്ങുകയാണ്. ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോഡ് നിലവിൽ 10 ബജറ്റുകൾ അവതരിപ്പിച്ച ധനമന്ത്രി മൊറാർജി ദേശായിക്കാണ്. തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്തുള്ള നി‍ർമലാ സീതാരാമൻ എൻഡിഎ സ‍ർക്കാർ കാലാവധി പൂ‍ർത്തിയാക്കും മുമ്പ് ഈ റെക്കോഡ് മറികടന്നേക്കും.

സാമ്പത്തിക മേഖലയിലെ സമ്മർദ്ദ‌ങ്ങൾക്കിടയിലും ധനക്കമ്മി നിയന്ത്രിച്ച് നിർത്തുന്നതിനും സുതാര്യമായ അക്കൗണ്ടിങ് രീതികളിലൂടെ ബജറ്റ് സുതാര്യമാക്കുന്നതിനുമൊക്കെ ധനമന്ത്രി എന്ന നിലയിൽ സ്വീകരിച്ച നടപടികൾ ശ്രദ്ധേയമായിരുന്നു. , 2026 സാമ്പത്തിക വർഷത്തോടെ ധനകമ്മി ജിഡിപിയുടെ 4.5% ൽ താഴെയാക്കുകയാണ് ലക്ഷ്യം. അടിസ്ഥാന സൗകര്യ വികസന മേഖലയിൽ സ‍ർക്കാർ ചെലവഴിക്കൽ ഉയർത്തിയതും ബജറ്റിന് പുറത്തായിരുന്ന ചില ലോണുകൾ, സബ്സിഡികൾ എന്നിവയെയും ബാലൻസ് ഷീറ്റിലേക്ക് കൊണ്ടുവന്ന് ബജറ്റ് ശുദ്ധീകരിക്കാൻ ശ്രമിച്ചതുമൊക്കെ ശ്രദ്ധേയ നടപടികളാണ്.

ലോകമെമ്പാടും കൊവിഡ് പടർന്നു പിടിച്ചപ്പോൾ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും വളർച്ച നിലനിർത്താനും സ്വീകരിച്ച നടപടികളും ധനമന്ത്രിയുടെ മികവ് പ്രകടമാക്കിയിരുന്നു. കോർപ്പറേറ്റ് നികുതി കുറച്ചതും ആദായ നികുതി സ്ലാബ് പരിഷ്കരണവും പൊതുമേഖലാ ബാങ്കുകളുടെ നിഷ്ക്രിയാസ്തി കുറച്ചതുമൊക്കെ ശ്രദ്ധേയമായ ചില ഇടപെടലുകളാണ്.

സാമ്പത്തിക ശാസ്ത്രത്തിൽ മികവ്

സാമ്പത്തിക ശാസ്ത്രത്തിലെ ഉന്നത വിദ്യാഭ്യാസത്തിൻ്റെ മികവ് നയങ്ങളിലും വ്യക്തമാണ്.1959 ഓഗസ്റ്റ് 18 ന് തമിഴ്‌നാട്ടിലെ മധുരയിൽ ജനിച്ച നിർമ്മല സീതാരാമൻ തിരുച്ചിറപ്പള്ളിയിലെ സീതാലക്ഷ്മി രാമസ്വാമി കോളേജിൽ നിന്നാണ് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം പൂർത്തിയാക്കിയത്. ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും തുടർന്ന് എം.ഫിലും നേടി. സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്ഡിക്ക് ചേർന്നിരുന്നെങ്കിലും, ഭർത്താവിന് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്‌സിൽ സ്‌കോളർഷിപ്പ് ലഭിച്ചപ്പോൾ പഠനം ഉപേക്ഷിച്ച് ലണ്ടനിലേക്ക് താമസം മാറുകയായിരുന്നു. 1991ലാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത്. 2003 മുതലാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്.